ആഫ്രിക്ക കോവിഡിനെ എങ്ങനെ തടയും?
text_fieldsഅത്യാധുനികരും പരിഷ്കൃതരും അധിവസിക്കുന്നുവെന്ന് 'അവകാശപ്പെടുന്ന' യൂറോപ്പിനെയും അമേരിക്കയെയുമെല്ലാം കോവ ിഡ് കീഴ്പ്പെടുത്തിയപ്പോള്‍ സ്വഭാവികമായും ഉയരുന്ന ചോദ്യമാണ് ആഫ്രിക്കയില്‍ എന്തു സംഭവിക്കുന്നുവെന്നത്? ആഫ്രിക്കയെ കോവിഡ് കീഴ്പ്പെടുത്തിയോ? അതോ ആഫ്രിക്ക കോവിഡിനെ പ്രതിരോധിച്ചുവോ?
ഏകദേശം 54 രാജ്യങ്ങളുള്ള, ലോകത്ത് ജനസംഖ്യയിലും വലിപ്പത്തിലും രണ്ടാംസ്ഥാനമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കോവിഡിനെ പ്രതിരോധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എബോളയെയും എയ്ഡിസിനെയും പ്രതിരോധിച്ച അനുഭവങ്ങളില്‍ നിന്ന് ആഫ്രിക്കയ്ക്ക് കോവിഡിനെയും പ്രതിരോധിക്കാനായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് ആഫ്രിക്കയെ ബാധിക്കാതിരുന്നിട്ടില്ല. പക്ഷേ, വ്യാപനവും രോഗബാധിതരുടെ എണ്ണവും വളരെ കുറവണ്. ആഫ്രിക്കയില്‍ 20 ലക്ഷം ചൈനക്കാര്‍ ജോലിയെടുക്കുകയോ താമസിക്കുകയോ ചെയ്യുന്നുണ്ട്. അതനുസരിച്ച് വലിയ ദുരന്തം ആഫ്രിക്കയെ ബാധിക്കേണ്ടതായിരുന്നു. ലോകാരോഗ്യ സംഘടന അപകട സൂചന നല്‍കിയ ഉടനെ, ജനുവരി 30 ന് തന്നെ 'അപരിഷ്കൃത' ആഫ്രിക്ക പ്രതിരോധ നടപടി സീകരിച്ചുതുടങ്ങി.
സെനഗലും ദക്ഷിണാഫ്രിക്കയും പെട്ടന്ന് തന്നെ വൈറസ് പരിശോധനാ ലാബുകള്‍ രാജ്യത്ത് പലയിടത്തും സ്ഥാപിച്ചു. കൊറോണ വൈറസ് വ്യാപനം തുടങ്ങുമ്പോള്‍ സെനഗലില്‍ പ്രസിദ്ധമായ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യട്ട് മാത്രമാണുണ്ടായിരുന്നത്. വളരെ പെട്ടന്ന് രാജ്യത്ത് 16 ലാബുകള്‍ അവര്‍ പരിശോധനക്കായി സ്ഥാപിച്ചു. മാര്‍ച്ച് രണ്ടാം വാരമായപ്പോഴേക്കും നൈജീരിയ, കാമറൂണ്‍, എത്തോപ്യ, കെനിയ, സാംബിയ ഉള്‍പ്പടെ 19 ആഫ്രിക്കന്‍ രാജ്യങ്ങള്‍ കോവിഡ് പരിശോധനക്ക് ലാബുകള്‍ തുറന്നു. രോഗവ്യാപനത്തിന്‍റെ ആദ്യ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ സെനഗലില്‍ പന്ത്രണ്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലെ വൈദ്യ സംഘം ഒരുമിച്ചിരുന്ന് പ്രശ്നം ചര്‍ച്ച ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ എല്ലാം പെട്ടന്ന് തന്നെ വിമാനത്താവളങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. വിദേശത്തുനിന്ന് വന്നവര്‍ക്കെല്ലാം കര്‍ശനമായ ക്വാറന്‍റീന്‍ നിശ്ചയിച്ചു.
ദക്ഷിണാഫ്രിക്ക മാര്‍ച്ച് 15 ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അന്ന് തന്നെ വലിയ യോഗങ്ങള്‍ നിരോധിച്ചു. മാര്‍ച്ച് 18ന് സ്കൂളുകള്‍ അടച്ചു. മാര്‍ച്ച് രണ്ടാം വാരത്തോടെ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ഈജിപ്തിലാണ്. അതാകട്ടെ ഭരണതലത്തില്‍ വന്ന ചില നടപടികളുടെ വീഴ്ച മൂലം സംഭവിച്ചതുമാണ്.
യൂറോപ്പിനെയും ഏഷ്യയെയും പോലെ ആഫ്രിക്കയെ കൊറോണ ബാധിക്കാത്തതിന് വിദഗ്ധര്‍ നിരത്തുന്നത് പല കാരണങ്ങളും ന്യായീകരണങ്ങളും ഇതാണ്:
1. ആഫ്രിക്കയിലേക്ക് വിനോദസഞ്ചാരികളുടെയും ചൈനീസ് വംശജരുടെയും യാത്ര താരതമ്യേന കുറവാണ്
2. ആഫ്രിക്ക പെട്ടന്ന് തന്നെ രോഗത്തിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു
3. ആഫ്രിക്കയിലെ കാലാവസ്ഥ. 4. ആഫ്രിക്കന്‍ സമൂഹങ്ങള്‍ പാലിക്കുന്ന ശാരീരീക അകലം
5. യാത്രാവിലക്കുകളും ലോക്ക്ഡൗണുകളും പ്രഖ്യാപിച്ചത്
6. മെഡിക്കല്‍ ക്ലിയറന്‍സില്ലാത്ത ഏത്തുന്ന വിദേശിയെയും ഉടനെ പുറത്താക്കുന്ന തരത്തില്‍ സിംബാബ്വെയും മറ്റും എടുത്ത കര്‍ശന നടപടികള്‍
6. വൈറസ് പരിശോധനക്ക് വളരെ വേഗം ഏര്‍പ്പെടുത്തിയ ലാബ് സൗകര്യങ്ങള്‍
7. എബോളയെയും എയ്ഡ്സിനെയും പ്രതിരോധിച്ചതുവഴി ആര്‍ജിച്ച അനുഭവ കരുത്ത്.
അതേസമയം, ആഫ്രിക്കയെയാവും ഏറ്റവുമധികം കോവിഡ് ബാധിക്കുക എന്ന് പല വൈദ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയുടെ ചില വിഭാഗങ്ങളും സൂചിപ്പിക്കുന്നു. പരിശോധനാ സൗകര്യം കുറവായതും വാര്‍ത്തകള്‍ പുറത്തുവരുന്നതും കുറവായതുകൊണ്ടാണത്രെ ആഫ്രിക്കയില്‍ കോവിഡ് ബാധ കുറവായി തോന്നുന്നത് എന്നാണ് അവര്‍ വാദിക്കുന്നത്. അതിന്‍റെ സത്യാവസ്ഥ വരും ദിനങ്ങള്‍ ബോധ്യപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.