എച്ച്.എസ്. ദൊരെസ്വാമി: പോരാട്ടം ജീവവായുവായ ഗാന്ധിയൻ
text_fieldsകർണാടകയിൽ മതേതരത്വ^ജനാധിപത്യ^മനുഷ്യാവകാശ പോരാളികളുടെ ഉൗർജമായിരുന്നു ബുധനാഴ്ച 103ാം വയസ്സിൽ അന്തരിച്ച പ്രമുഖ ഗാന്ധിയനും ആക്ടിവിസ്റ്റുമായ എച്ച്.എസ്. ദൊരെസ്വാമി. യൗവനകാലത്ത് മഹാത്മാഗാന്ധിയുടെ ആഹ്വാനംകേട്ട് സ്വാതന്ത്ര്യ സമരത്തിന്റെ കനൽവഴികളിലേക്കിറങ്ങിയ അദ്ദേഹത്തിന്‍റെ അവസാനകാല ജീവിതം 'സമരോത്സുക വാർധക്യം' എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതായിരുന്നു. ജനാധിപത്യ ധ്വംസനങ്ങൾക്കും മതേതരത്വത്തിനെതിരായ ഫാഷിസ്റ്റ് നടപടികൾക്കുമെതിരെ സമരവേദികളിൽ നിന്ന് സമരവേദികളിലേക്ക് അദ്ദേഹം നടന്നുകയറി. പോരാട്ടങ്ങളുടെ മുന്നണിയിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യം തന്നെ സംഘ്പരിവാറിനെ വിറളി പിടിപ്പിച്ചു. ഹിന്ദുത്വ തീവ്രവാദികൾ മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ വെടിവെച്ചു കൊന്നതിന് പിന്നാലെ ബംഗളൂരുവിൽ അരങ്ങേറിയ പ്രതിഷേധത്തിരകളുടെ മുന്നണിയിൽ അദ്ദേഹം നിന്നു.
'പാക് ഏജന്‍റായ' സ്വാതന്ത്ര്യ സമരസേനാനി
2020 ഫെബ്രുവരിയിൽ പൗരത്വ ഭേഗതി നിയമത്തിനെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ 'ഭരണഘടനയെ സംരക്ഷിക്കുക' എന്ന തലക്കെട്ടിൽ നടന്ന സത്യഗ്രഹസമരത്തിൽ തുടർച്ചയായ അഞ്ചുദിവസം ദൊരെസ്വാമി പങ്കെടുത്തു. സ്വാതന്ത്ര്യ സമരസേനാനിയായി ജയിൽവാസമനുഷ്ഠിച്ച ദൊരെസ്വാമിയെ പൗരത്വ സമരത്തിന്റെ പേരിൽ 'പാക് ഏജന്‍റ്' എന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ വിളിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിഷയം കർണാടക നിയമസഭയിലെത്തി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചെങ്കിലും എം.എൽ.എ മാപ്പുപറഞ്ഞില്ല. ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടുമില്ല. മോദി സർക്കാറിന്‍റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം പ്രക്ഷോഭത്തിലമർന്നപ്പോൾ കർഷകർക്ക് പിന്തുണയുമായി 103 ാം വയസ്സിലും അദ്ദേഹമെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രെറ്റ തുൻബർഗ് ടൂൾ കിറ്റ് കേസിൽ കാലാവസ്ഥ ആക്ടിവിസ്റ്റ് ദിശ രവിയെ ഭരണകൂടം വേട്ടയാടിയപ്പോൾ ദൊരെസ്വാമി, 'ശക്തയായിരിക്കൂ...' എന്ന സന്ദേശമാണ് ദിശക്ക് കൈമാറിയത്.
മൈസൂരിലെ ബോംബ് ഒാപറേഷനും മിൽ സമരവും
1918 ഏപ്രിൽ 10ന് രാമനഗര ഹാരോഹള്ളിയിൽ ജനിച്ച ദൊരെസ്വാമി അഞ്ചാം വയസിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ മുത്തച്ഛന്റെയും മുത്തശ്ശിയുെടയും തണലിലാണ് വളർന്നത്. ബംഗളൂരു സെൻട്രൽ കോളജിൽനിന്ന് സയൻസിൽ ബിരുദം നേടിയ ശേഷം ഫിസിക്സ്, കണക്ക് അധ്യാപകനായി. ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിൽ പങ്കെടുത്ത അദ്ദേഹം, മൈസൂരുവിൽ തപാൽ ബോക്സുകളിലും റെക്കോഡ് റൂമുകളിലും ചെറിയ ബോംബുകൾ െവച്ച് ബ്രിട്ടീഷുകാരുടെ രേഖകൾ നശിപ്പിക്കുന്ന ഉദ്യമത്തിൽ പങ്കാളിയായി.
1943 മുതൽ 1944 വരെ 14 മാസം ജയിൽവാസം അനുഭവിച്ചു. 'പൗരവാണി' എന്ന പേരിൽ പത്രവും 'സാഹിത്യ മന്ദിര' എന്ന പേരിൽ പ്രസാധനവും ആരംഭിച്ച അദ്ദേഹം, പ്രശസ്തമായ രാംനാഥ് ഗോയങ്ക അവാർഡ് ജേതാവ് കൂടിയാണ്. സ്വാതന്ത്ര്യ സമരകാലത്ത് മൈസൂർ മേഖലയിൽ ഒളിവിൽ കഴിയുന്ന നേതാക്കളെ സഹായിക്കലായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ചുമതലകളിലൊന്ന്. പട്ടാളക്കാരുടെയും പൊലീസിന്റെയും കണ്ണിൽപെടാതെ ഒളിവിൽ കഴിയുന്നവരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റണം. തങ്ങൾ അക്കാര്യത്തിൽ വിജയിച്ചിരുന്നെന്ന് പിന്നീട് നൽകിയ അഭിമുഖത്തിൽ ദൊരെസ്വാമി ഒാർത്തെടുക്കുന്നുണ്ട്.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം കൊടുമ്പിരി കൊണ്ട കാലത്താണ് ദൊരെസ്വാമിയടക്കമുള്ളവരുടെ നേതൃത്വത്തിൽ മൈസൂർ മിൽ സമരം നടക്കുന്നത്. മൂന്ന് പ്രധാന തുണിമില്ലുകളിൽ 8,000 തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരം രണ്ടാഴ്ചയിലേറെ നീണ്ടു നിന്നത് ചരിത്രമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള യൂനിയനായിരുന്നു തൊഴിലാളികൾക്ക് നേതൃത്വം നൽകിയിരുന്നത്. കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന എൻ.ഡി. ശങ്കറിനൊപ്പമായിരുന്നു അദ്ദേഹം സമരം നയിച്ചത്. എച്ച്.എസ്. ദൊരെസ്വാമിയുടെ സഹോദരൻ സീതാറാമും സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ കിടന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലം ബംഗളൂരു മേയറായിരുന്നു സീതാറാം.
സമരമുഖങ്ങളിലെ ജീവിതം
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യാ രാജ്യത്തിന്റെ ഭാഗമാകാൻ മൈസൂരുവിലെ രാജഭരണകൂടത്തിൽ സമ്മർദം ചെലുത്താൻ നടത്തിയ 'മൈസൂരു ചലോ' മുന്നേറ്റത്തിലും പങ്കെടുത്തു. ഭൂദാന പ്രസ്ഥാനത്തിലും െഎക്യകർണാടക പ്രക്ഷോഭത്തിലും അടിയന്തരാവസ്ഥെക്കതിരായി ജയപ്രകാശ് നാരായണൻ രൂപം നൽകിയ മുന്നേറ്റത്തിലും പങ്കാളിയായി. അഴിമതിക്കും ഭൂമി ൈകയേറ്റത്തിനും കുടകിലെ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയുമടക്കം ചെറുതും വലുതുമായ നിരവധി സമരങ്ങളിലൂടെയാണ് അദ്ദേഹത്തിന്‍റെ ജീവിതം കടന്നുപോയത്. ഉത്തരകന്നട ജില്ലയിലെ കൈഗ ആണവനിലയത്തിനായി കുടിയൊഴിപ്പിച്ചതിനെ തുടർന്ന് ഭൂരഹിതരായ കർഷകർക്കായി ശബ്ദമുയർത്തുന്നതിനും അദ്ദേഹം സമരമുഖത്തുണ്ടായിരുന്നു.
ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മൂവ്മെന്റിലും സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയതിന്റെ പേരിലും ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. ബംഗളൂരുവിലെ തടാക കൈയേറ്റങ്ങൾക്കെതിരെയും അദ്ദേഹം സമരം നയിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭൂരഹിതതരും ഭവനരഹിതരും ബംഗളൂരുവിലെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുേമ്പാൾ അവർക്കൊപ്പവും അദ്ദേഹമിരുന്നു. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെയും അരികുവൽകരിക്കപ്പെട്ടവരുടെയും അസംഘഘടിതരുടെയും നാവായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു നിയോഗം പോലെ അദ്ദേഹം അത്തരം ആ സമരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
അവസാനശ്വാസം വരെയും മനുഷ്യസ്നേഹി
മരണത്തോടടുത്ത നാളുകളിലും മനുഷ്യസ്നേഹമായിരുന്നു ആ മനസ്സ് നിറെയ. മേയ് ആദ്യവാരത്തിൽ കോവിഡ് ചികിത്സക്കായി എത്തി വീട്ടിലേക്ക് മടങ്ങിയശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മേയ് 14ന് വീണ്ടും ജയദേവ ആശുപത്രിയിലെത്തിച്ചപ്പോൾ ബംഗളൂരുവിലെ ജയദേവ ആശുപത്രി ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥിനോട് അദ്ദേഹം പറഞ്ഞ വാക്കുകൾ അത് ബോധ്യപ്പെടുത്തും.
ഇത്രയും പ്രായമായ തന്നെ എന്തിനാണ് ഇനി ചികിത്സിക്കുന്നതെന്നും തെൻറ ബെഡ് മറ്റൊരു രോഗിക്ക് നൽകാനുമായിരുന്നു ദൊരെസ്വാമി ഡോക്ടറോട് ആവശ്യപ്പെട്ടത്. തന്നെ വീട്ടിലേക്ക് തിരിച്ചയക്കാൻ വീണ്ടും വീണ്ടും അദ്ദേഹം നിർബന്ധിച്ചതായി ഡോ. സി.എൻ. മഞ്ജുനാഥ് വെളിപ്പെടുത്തി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻകൂടിയായ ഹൃദ്രോഗ വിദഗ്ധനായ ഡോ. സി.എൻ. മഞ്ജുനാഥ്. രോഗശയ്യയിലും സമൂഹത്തിൽ തനിക്കുചുറ്റും കഴിയുന്ന മനുഷ്യരുടെ സങ്കടങ്ങളെ കുറിച്ചായിരുന്നു ദൊരെസ്വാമിയുടെ ആവലാതിയെന്നാണ് ഇൗ സംഭവം തെളിയിക്കുന്നത്.
103 വയസ്സുള്ള ദൊരെസ്വാമി ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് മുക്തനായെന്ന ശുഭവാർത്ത കർണാടക സന്തോഷത്തോടെയാണ് ശ്രവിച്ചത്. കോവിഡിെനതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കടക്കം ഉൗർജം പകരുന്നതായിരുന്നു അത്. എന്നാൽ, കോവിഡാനന്തര അസുഖങ്ങൾ അദ്ദേഹത്തെ വലച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. സമരവേദികളിലും ചർച്ചാവേദികളിലും ഒരു പോലെ സജീവമായിരുന്ന, ജനാധിപത്യ വിശ്വാസികൾക്ക് ഉൗർജ പ്രഭാവലയമായിരുന്ന അപൂർവ വ്യക്തിത്വം കൂടെയാണ് ദൊരെസ്വാമിയുടെ മരണത്തോടെ കടന്നുപോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.