അളന്നുവസിക്കുന്ന മനുഷ്യൻ
text_fieldsമനുഷ്യൻ വസിക്കുന്നത് അളന്നാണ്. തീയിൽനിന്നും വെള്ളത്തിൽനിന്നും എത്ര അകലം, അടുപ്പം? അന്യനിൽനിന്നും അമ്മയിൽനിന്നും എത്ര അകലം? ഈ അളവ് നഷ്ടപ്പെട്ട ഒരു സമൂഹത്തിെൻറ പ്രളയാനുഭവമാണ് നോഹയുടെ കഥയിൽ പറയുന്നത്. സകല മനുഷ്യരും ജന്തുക്കളും ജലപ്രളയത്തിൽ നശിച്ചു. ഈ നാശവർഷത്തിൽനിന്നും അതിന്റെ ദുരന്തത്തിൽനിന്നും ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തേയും ദൈവം സംരക്ഷിക്കുന്നു. കാരണം, അയാൾ നീതിമാനായിരുന്നു; നീതിയുടെ അളവുകൾ കാത്തുനടന്നവൻ. അളവുകൾ തകിടംമറിഞ്ഞ ഒരു ലോകത്തിൽനിന്നാണ് നോഹയും കുടുംബവും രക്ഷപ്രാപിക്കുന്നത്. അവനെ രക്ഷിക്കാൻ ദൈവം നോഹയോടു പറയുന്നതു ഒരുയാനപാത്രം പണിയാനാണ്. വരാൻപോകുന്ന ദുരന്തത്തിൽനിന്ന് രക്ഷിക്കുന്ന പേടകം പണിയാൻ നോഹിന് അറിയാമോ?
ഭാവി അളക്കാൻ കിട്ടില്ലല്ലോ. അതുകൊണ്ട്, ഭാവിയുടെ യാനപാത്രത്തിന്റെ അളവാണ് ദൈവം പറഞ്ഞുകൊടുക്കുന്നത്. മഴയുടെ ഒരു ലക്ഷണവും പ്രകടമാകാത്ത കടുത്ത ഉണക്കിന്റെ കാലങ്ങളിൽ പെട്ടകം പണിയാനിറങ്ങിയ നോഹക്ക് ഭ്രാന്താണെന്ന് നാട്ടുകാർ പരിഹസിച്ചു. അതു വകവെക്കാതെ ദൈവം നൽകിയ നിർദേശവും അളവും പാലിച്ച് അദ്ദേഹം പെട്ടകം പണിതു.
മനുഷ്യൻ അളന്നുവസിക്കണമെന്നു പറഞ്ഞതു കവി ഹെൽഡർലിൻ ആണ്. പക്ഷേ, ഈ ആശയത്തിെൻറ തുടക്കക്കാരൻ ഹെൽഡർലിനല്ല. അദ്ദേഹത്തിനു മുമ്പ് മനുഷ്യവാസത്തിെൻറ അളവിനെക്കുറിച്ച് ആകുലപ്പെട്ടവർ ഗ്രീക്കുസംസ്കാരത്തിൽ പലരുണ്ടായിരുന്നു. മനുഷ്യൻ അളന്നു വസിക്കണമെന്നതിൽ സംശയമുണ്ടായിരുന്നില്ല. പേക്ഷ, എന്താണ് മനുഷ്യ െൻറ അളവ് എന്നതിൽ വിവാദമുണ്ടായി. മനുഷ്യെൻറ അളവ് മനുഷ്യൻ തന്നെയാണ് എന്നു ചിന്തിച്ചവരുണ്ടായിരുന്നു. ‘‘ധർമമാണ് മനുഷ്യന്റെ വിധി’’ എന്നു ഹെരാക്ലീറ്റസ് എഴുതി. അവിടെ ധർമം എന്നതു വ്യക്തമാകാതെ കിടന്നു.
ഹെരാക്ലീറ്റസ് പറഞ്ഞ മനുഷ്യധർമം എന്തു എന്നു പറയാനാണ് സോഫോക്ലീസ് ‘‘ആന്റിഗണി’’ നാടകം രചിച്ചത് എന്നാണ് ഹൈഡഗർ പറയുന്നത്. അവിടെ ആന്റിഗണി രാജാവിനെ എതിർത്തു തനിക്കുള്ളിലെ ദൈവികതയിൽ നങ്കൂരമിട്ട് ധർമത്തിൽ വീടണയുന്നു എന്നാണ് നാടകം പറയുന്നത്. അവിടെ അളവിന്റെ കണക്ക് ആന്തരികതയിലെ രഹസ്യത്തിന്റെ പിടിയിലാണ് നടക്കുന്നത്. ഇതു തന്നെയാണ് പ്ലേറ്റോ വീടണയുന്നതിനെക്കുറിച്ച് അടിസ്ഥാനമാക്കിയതും. അദ്ദേഹത്തിനു മനുഷ്യവാസത്തിന്റെ അളവിന്റെ മാനദണ്ഡം മനുഷ്യനല്ല ദൈവമാണ്. ഈ അളന്നുവാസത്തെക്കുറിച്ചും അളവിനെക്കുറിച്ചുമാണ് എല്ലാമതങ്ങളും പഠിപ്പിക്കുന്നത്. ഇവിടെയൊക്കെ വെളിപാടിനെക്കുറിച്ചാണ് പ്രവാചകരും പ്രബോധകരും കവികളും പറയുന്നത്. യഹൂദ പാരമ്പര്യത്തിൽ മോസസാണ് അതിന്റെ സ്ഥാപകൻ. മോസസ് അഥവാ മൂസാ പ്രവാചകൻ സീനാ മലയിൽ ദൈവവുമായി സംഭാഷണം നടത്തിയ വർത്തമാനം ഖുർആനിലുമുണ്ട്. അദ്ദേഹം മലമുകളിലേക്കു പോയപ്പോൾ ജനം താഴെകാത്തുനിന്നു. മോസസിനോട് ദൈവം സംസാരിച്ചു. പക്ഷേ, അത് ജനം കേട്ടതും കണ്ടതും ഇടിമിന്നലും ഇടിവെട്ടുമായാണെന്ന് പുറപ്പാട് പുസ്തകം പറയുന്നു.
മോസസ് ഇതു തർജമ്മ ചെയ്തു ജനങ്ങൾക്കുകൊടുത്തത് 10 വാക്കുകളായിരുന്നു- പത്തു കല്പനകൾ. ഇതു മനുഷ്യവാസത്തിന്റെ അളവുകളായിരുന്നു. അത് ധർമമായിരുന്നു. ഈ ധർമത്തിലാണ് മനുഷ്യൻ വസിക്കേണ്ടത്. ഇതുപോലുള്ള ഒരു സന്ദർഭം ബ്രഹ്ദാരണിക ഉപനിഷത്തിലും കാണാം. ഇടിവെട്ടിന്റെ വേദമായി ഉപനിഷദ് പറയുന്നതു മൂന്നു ‘ദ’ ശബ്ദത്തിൽതുടങ്ങുന്ന വാക്കുകളാണ്, ദത്ത, ദയത്വം, ദമ്യത (ദാനം ചെയ്യുക, ദയകാണിക്കുക, സംയമനം പാലിക്കുക).
ഹെൽഡർലിൻ കവികളോടു പറഞ്ഞു: ‘‘ഇടിവെട്ടുമ്പോൾ ആകാശത്തിനും ഭൂമിക്കുമിടയിൽ ശിരോകവചമില്ലാതെ നിൽക്കുക. ഇടിമിന്നലിനെ കൈകളിൽ പിടിച്ചെടുത്തു വാക്കിൽ പൊതിഞ്ഞ് ജനങ്ങൾക്ക് കൊടുക്കുക’’ -കവികൾ പാലിക്കേണ്ട ദൗത്യമാണ് ഈ ജർമൻ കവി വ്യക്തമാക്കിയത്.
12 ശാപങ്ങൾ 12 ഗോത്രങ്ങൾക്ക് ഗോത്രത്തലവന്മാരുടെ സാന്നിധ്യത്തിൽ കൊടുക്കുന്നത് ആവർത്തനപ്പുസ്തകം 27ാം അധ്യായത്തിൽ പറയുന്നു. ഓരോ ശാപവും ഉച്ഛരിച്ചുകഴിയുമ്പോൾ ജനം ആമ്മേൻ പറയണം - ആമ്മേൻ, അങ്ങനെ ആകട്ടെ എന്ന സമ്മതം. ഈ ശാപങ്ങൾ എല്ലാം ജീവിതത്തിന്റെ അളവ്തെറ്റിച്ച ഭീകരതകളായിരുന്നു. ലോകത്തിൽ കലികാലം പിറക്കാതിരിക്കാൻ, ആസക്തികളുടെ പെരുങ്കാലം ഉണ്ടാകാതിരിക്കാൻ മഴക്കു തീപിടിക്കുന്ന അവസ്ഥ വന്നുചേരാതിരിക്കാൻ ഈ വിശുദ്ധമായ അളവുകൾ പാലിച്ചുജീവിക്കുക. അങ്ങനെ ധർമത്തിൽവസിക്കുന്ന മനുഷ്യരുടെ സമൂഹം ഉണ്ടാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.