'എന്നെ ഭയപ്പെടുത്താനാകില്ല. വിലക്കെടുക്കാനുമാകില്ല' കർഷക സമരത്തെ നയിക്കുന്ന ധീരവനിതകൾക്ക് പറയാനുള്ളത്
text_fields
വനിതകൾക്കുള്ള സന്ദേശം ലളിതം- നിങ്ങൾ വീട്ടിലേക്ക് മടങ്ങണം. സ്വന്തം ഉപജീവനം മുട്ടിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി നവംബർ മുതൽ ഇന്ത്യൻ തലസ്ഥാന നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിൽ സമരജ്വാല തീർത്ത് ലക്ഷക്കണക്കിന് കർഷകരുണ്ട്. ജനുവരിയിൽ ന്യൂഡൽഹി കൊടും ശൈത്യത്തിലേക്ക് ചുവടുവെച്ച സമയത്ത്, സുപ്രീം കോടതി ഇടെപട്ട് പ്രായം ചെന്നവരോടും പെണ്ണുങ്ങളോടും വീട്ടിലേക്ക് മടങ്ങാൻ പ്രേരണ ചെലുത്താൻ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. വന്നവരിലേറെയും പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ളവർ. പലരും സ്റ്റേജുകളിൽ തട്ടിപ്പിടച്ച് കയറി ൈമക്രോഫോണുകളെടുത്ത് തൊണ്ടപൊട്ടുമാർ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ട്- ''അനുവദിക്കില്ല''എന്ന്.
'സ്ത്രീകളോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യെപടുന്നത് കേട്ടപ്പോൾ എന്തോ വല്ലാതെ പിടച്ചു''- പടിഞ്ഞാറൻ യു.പിയിലെ രാംപൂരിൽനിന്നുള്ള 74 കാരിയായ കർഷക ജസ്ബീർ കൗറിന്‍റെ വാക്കുകൾ. ഫെബ്രുവരി അവസാന സമയമാണ്. മൂന്നു മാസമായി കൗർ ഗാസിപൂരിലെ പ്രതിഷേധത്തെരുവിലുണ്ട്. ഒറ്റത്തവണ മാത്രമാണ് വീട്ടിൽ പോയത്. വനിതകൾ പാചകം ചെയ്തും ശുചിത്വ ജോലികൾ നിർവഹിച്ചും ഇവിടെ സഹായികൾ മാത്രമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്- കോടതി പറഞ്ഞ ചില ജോലികൾ കൗറും ചെയ്യുന്നുണ്ട്. ''ഞങ്ങൾ എന്തിന് മടങ്ങണം? ഇത് പുരുഷൻമാരുടെ സമരം മാത്രമല്ല. ആണുങ്ങൾക്കൊപ്പം വയലിൽ പണിയെടുക്കുന്നവരാണ് ഞങ്ങൾ. കർഷകർ അല്ലെങ്കിൽ പിന്നെ ആരാണ് ഞങ്ങൾ?''.
കൗറിനെ പോലുള്ളവരുടെ ഈ ചോദ്യം ചോദിക്കാൻ ധീരത കാണിക്കുന്നവർ കുറവായിരുന്നു. വീട്ടുജോലി മാത്രമെന്നു വരുത്തി കാർഷിക വൃത്തിയിലെ തങ്ങളുടെ സംഭാവനകൾ കാണാതെ പോകുന്നത് ഏറെയായി അവർ അനുഭവിക്കുന്നതാണ്. ഇത്തവണ പക്ഷേ, പുതിയ പ്രക്ഷോഭത്തിരയിൽ- ലോകത്തെ ഏറ്റവും വലിയ തുടർ പ്രക്ഷോഭം ഇതാകാം, മനുഷ്യ ചരിത്രത്തിൽ തന്നെ ചിലപ്പോൾ ഏറ്റവും വലുത്- ആയിരങ്ങൾ തങ്ങളുടെ ശബ്ദം ലോകത്തെ കേൾപിച്ചുതുടങ്ങിയിട്ടുണ്ട്. പ്രായവും ലിംഗവും ജാതിയും മതവുമില്ലാതെ എല്ലാ വിഭാഗക്കാരുമായ ഇന്ത്യക്കാർ ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചിരിക്കുന്നു: 'മോദി സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക'. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി ഇടപെട്ട് തത്കാലം നീട്ടിവെച്ച -പക്ഷേ പിൻവലിച്ചിട്ടില്ല- നിയമങ്ങൾ പ്രകാരം സ്വകാര്യ കോർപറേറ്റുകൾക്ക് കർഷകരിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാം. നിലവിലുള്ള മൊത്ത വിൽപന വിപണിയായ മണ്ഡികൾ അതോടെ ഓർമയാകും. ഇവയാണ് ചില വിളകൾക്ക് തറവില ഉറപ്പുനൽകിയിരുന്നത്.
ഇന്ത്യൻ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലായ വനിതകളാകും കോർപറേറ്റ് കൊടും ചൂഷണത്തിന് ഏറ്റവും എളുപ്പത്തിൽ ഇരയാകുക. ഓക്സ്ഫാം ഇന്ത്യ കണക്കുകൾ പ്രകാരം, 85 ശതമാനം ഗ്രാമീണ വനിതകളും കാർഷിക മേഖലയിലാണ്. ഇതിൽ 13 ശതമാനത്തിന് മാത്രമാണ് സ്വന്തം ഭൂമിയുള്ളത്. ''വനിതകളെ കർഷകരായി കാണാറില്ല. ജോലി ഭാരം ഏറെ കൂടുതലാണെങ്കിലും ആരുടെയും കണ്ണിൽ പെടുന്നില്ല''- പഞ്ചാബ് കിസാൻ യൂനിയൻ അംഗം ജസ്ബീർ കൗർ നാഥ് പറയുന്നു. ഹരിയാന, ഡൽഹി അതിർത്തിയായ തിക്രിയിൽ പ്രക്ഷോഭം നയിക്കുന്നത് ഈ സംഘടനയാണ്.
''ഇൗ നിയമം ഞങ്ങളെ വധിച്ചുകളയും. ആകെയുള്ള ചെറിയ സമ്പാദ്യം തുടച്ചുനീക്കും''- പഞ്ചാബിലെ തൽവണ്ടിയിൽനിന്നുള്ള കർഷക അമൻദീപ് കൗറിന്‍റെ വാക്കുകൾ. കൃഷി നശിച്ച് അഞ്ചു ലക്ഷം രൂപ കടക്കെണിയിലായതിനെ തുടർന്ന് ഇവരുടെ ഭർത്താവ് അഞ്ചു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കൃഷിക്കു പുറമെ കമ്യൂണിറ്റി ആരോഗ്യ പ്രവർത്തകയായും ജോലി ചെയ്തുവരുന്നു കൗർ. കർഷകർ ആത്മഹത്യ ചെയ്താൽ കേന്ദ്ര സർക്കാർ നൽകുന്ന സഹായം പോലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് രേഖപ്പെടുത്താത്തതിനാൽ ഇവർക്ക് നഷ്ടമായതു വേറെ കാര്യം. ''ഭർത്താവിന്‍റെ നഷ്ടത്തിന് സർക്കാർ സാമ്പത്തിക സഹായം ചോദിക്കേണ്ട നടപടിക്രമങ്ങൾ പോലും ഞാനറിഞ്ഞില്ല''- അവർ പറയുന്നു. ''ഇനി വ്യവസായികൾ വന്നാൽ, അവരോടെങ്ങനെ ചർച്ച നടത്തി കാര്യങ്ങൾ നേടിയെടുക്കാനാണ്?''.
കൃഷി രംഗത്തെ ലിംഗ വ്യത്യാസം പരിഹരിക്കാൻ നടപടി വേണമെന്ന് യു.എൻ ഭക്ഷ്യ, കൃഷി സംഘടന നിർദേശിക്കുന്നുണ്ട്. എന്നുവെച്ചാൽ, സ്ത്രീകളെയും തുല്യ പങ്കാളികളായി കാണണമെന്നു സാരം. അതുവഴി കാർഷിക വികസനം മാത്രമല്ല, ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കാമെന്ന് യു.എൻ പറയുന്നു. ഇന്ത്യയിലിപ്പോൾ ശക്തിയാർജിച്ച സമരമുഖത്ത് പെണ്ണുങ്ങൾ ഉറക്കെ സംസാരിക്കുന്നുണ്ട്. അതിനു മുമ്പുവരെ, ചില സ്ത്രീകൾ ഒരിക്കലും മുഖാവരണമില്ലാതെ വീടുവിട്ടിറങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ, വേദിയിൽ ആയിരങ്ങൾക്ക് മുമ്പിലും അവർ സംസാരിക്കാനുണ്ടായില്ല. ഇവിടെ പക്ഷേ, ട്രാക്ടറുകളിലേറി നിരവധി പേർ എത്തുന്നു- മുമ്പ് പുരുഷന്മാർ മാത്രമായിരുന്നു- കാർഷിക വൃത്തിയിൽ തങ്ങൾ എന്തുചെയ്യുന്നുവെന്ന് അവർ പറയുകയും ചെയ്യുന്നു. ''ഇവിടെ സ്ത്രീകൾ സ്ത്രീകളെ തന്നെ പരിവർത്തിപ്പിക്കുകയാണ്''- വനിതകൾ കാണിക്കുന്ന ആത്മവീര്യത്തെ പ്രശംസിച്ച് നാഥ് പറയുന്നു. ''അവരും കർഷകരെന്ന സ്വത്വം വീണ്ടെടുക്കുകയാണ്''.
പുരുഷ മേൽക്കോയ്മക്കു പേരുകേട്ട ഉത്തർ പ്രദേശിലും പഞ്ചാബിലും ഹരിയാനയിലുമാണ് ഇതെല്ലാം സംഭവിക്കുന്നതെന്നത് അതിലേറെ കൗതുകം. സ്ത്രീഹത്യയും ലൈംഗിക പീഡനവും ലിംഗ വിവേചനവും വലിയ വെല്ലുവിളിയായി നിന്ന സംസ്ഥാനങ്ങളിലാണ് ഈ മനംമാറ്റം. ''ഈ പ്രദേശങ്ങളിൽ ലിംഗ സമത്വം പ്രയോഗത്തിൽവരുത്താൻ ഏറെയായി ഞങ്ങൾ ശ്രമം തുടരുകയായിരുന്നു- പക്ഷേ, മന്ദഗതിയിലായിരുന്നു കാര്യങ്ങൾ''- വനിത സന്നദ്ധ പ്രവർത്തക സുധേഷ് ഗോയാട്ടിന്‍റെ വാക്കുകൾ. തിക്രിയിലെ പ്രതിഷേധത്തിന്‍റെ ആദ്യ നാളുകളിൽ അവിടെ ഉണ്ടായിരുന്ന ഏക വനിത താനായിരുന്നുവെന്നും സുധേഷ് പറയുന്നു. പക്ഷേ, സ്ത്രീകൾ വിട്ടുപോകണമെന്ന് കോടതി തിട്ടൂരമിറക്കിയതോടെ ''അവരുടെ ഒഴുക്ക് തുടങ്ങി. കുടുംബ സമേതമായിരുന്നു വരവ്. മറ്റു വനിതകളെ കൂടി അവർ കൂടെ കൂട്ടി. ചിലർ ഒറ്റക്കു വന്നു. എല്ലാം അദ്ഭുതമെന്നല്ലാതെ എന്തു പറയാൻ''- അവരുടെ വാക്കുകൾ.
ഇന്ത്യൻ സമൂഹത്തിൽ ലിംഗ അസമത്വം അഭിമുഖീകരിക്കാൻ ഇത് അസുലഭ അവസരമാണെന്ന് പറയുന്നു, പഞ്ചാബ് കിസാൻ യൂനിയൻ സംസ്ഥാന സെക്രട്ടറി ഗുർണാം സിങ്. പ്രക്ഷോഭ മണ്ണിൽ വ്യത്യസ്ത സംസ്കാരങ്ങൾ പേറുന്ന പുരുഷൻമാരും സ്ത്രീകളും ഇടകലർന്നു ജീവിക്കുന്നു, സ്വകാര്യതകൾ മറന്ന്, കടുത്ത ജീവിത പ്രാരാബ്ധങ്ങളോട് മല്ലിട്ട്.
ഇത് അവസരമായി കണ്ട്, സന്നദ്ധ പ്രവർത്തകർ സ്ത്രീകളുടെ തൊഴിലും ഗ്രാമീണ സമ്പദ്വ്യവസ്ഥക്ക് അവരുടെ സംഭാവനകളും ചർച്ചയാക്കാനുള്ള ശ്രമത്തിലാണ്. സ്ത്രീകളെ തുല്യമായി പരിഗണിക്കാനാവശ്യപ്പെട്ട് സമരഭൂമികളിൽ പലപ്പോഴായി കാഹളമുയരും. ''എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്''- ദുബൈയിൽ മികച്ച ജോലി കളഞ്ഞ് സമരമുഖത്തിറങ്ങിയ ഐ.ടി എഞ്ചിനിയർ ഹർഷരൺ കൗർ പറയുന്നു.
ഗാസിപൂർ സമരമണ്ണിൽ ബംഗളൂരുവിൽനിന്നുള്ള നിയമ വിദ്യാർഥിനി രവ്നീത് കൗർ രാജ്യത്ത് ഇതുവരെയും വിലക്കപ്പെട്ട വിഷയമായിരുന്ന ആർത്തവത്തെ കുറിച്ച സംവാദങ്ങൾ സംഘടിപ്പിക്കുന്നു. വനിത പ്രക്ഷോഭകരുടെ സഹായത്തോടെ സാനിറ്ററി നാപ്കിനുകൾ ഉൾപെടെ വിൽപന നടത്തുന്ന ഒരു സ്റ്റോർ ഇവിടെ അവർ തുറന്നിട്ടുണ്ട്.
ഇത്തരം സംവാദങ്ങൾക്ക് പ്രക്ഷോഭം കഴിഞ്ഞും ആയുസ്സ് ബാക്കി കാണുമോ എന്ന് ഉറപ്പില്ല. പക്ഷേ, വനിത കർഷകരെ കേൾക്കാനും കാണാനും അംഗീകാരം നൽകാനും ഇപ്പോൾ താൽപര്യമുള്ളവരുണ്ട്. ''അവെര ഇതുവരെയും മാതാവായും പെങ്ങൻമാരായും ഭാര്യമാരായും മാത്രമേ കണ്ടിരുന്നുള്ളൂ, ഇപ്പോൾ മറ്റൊരു തലത്തിലും കാണാനാകുന്നുണ്ട്''- പറയുന്നത് പഞാബിൽനിന്നുള്ള യുവ കർഷകൻ സുഖ് ദീപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.