ആരോപണങ്ങൾക്ക് മറുപടിയുണ്ട്; പക്ഷേ പറയുന്നില്ല
text_fieldsഞങ്ങൾ വളയം പിടിക്കുന്ന കമ്പനിയാണ്. വളയമാണ് അന്നം. വളയത്തിെൻറ പുറത്തുചാടാൻ ഡ്രൈവർക്ക് കഴിയില്ല, എം.ഡിയായ എനിക്കും. കഴിഞ്ഞദിവസം വളരെ മോശം ഭാഷയിൽ പ്രസംഗിച്ച നേതാവിെൻറ ഒാരോ ആരോപണത്തിനും അക്കമിട്ട് പറയാൻ മറുപടിയുണ്ട്. ഭംഗിയായ ഭാഷയിൽ ഉപമകളും ഉദാഹരണങ്ങളും ഉപയോഗിച്ച് വിമർശിക്കാനും മറുപടി പറയാനുമുള്ള കഴിവും ഉണ്ട്. അതേസമയം, ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്. എനിക്ക് ചില നിയന്ത്രണങ്ങളുണ്ട്. ഇത്തരത്തിൽ നിയന്ത്രണങ്ങളുള്ള ഉദ്യോഗസ്ഥനെ കുറിച്ചാണ്, മറുപടി പറയാൻ ഒൗദ്യോഗിക പരിമിതികളുണ്ട് എന്ന് അറിഞ്ഞ് ഇത്തരം മുതിർന്ന നേതാക്കൾ മോശവും വ്യക്തിപരവുമായ പരാമർശങ്ങൾ ഉന്നയിക്കുന്നത്. അദ്ദേഹം ഉപയോഗിച്ച പദങ്ങൾ വളരെയധികം വേദനിപ്പിച്ചു. അതേ മുനയിൽ മറുപടി പറയരുതെന്ന് പലയിടങ്ങളിൽനിന്നും നിർദേശങ്ങൾ ലഭിച്ചിരുന്നു. ഞാനായിട്ട് മറുപടി പറയരുതെന്നും അസ്ഥാനത്തായിപ്പോകുമെന്നുമായിരുന്നു ഉപദേശം. അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നെങ്കിൽ മോശമാകുമായിരുന്നു. നേതൃത്വത്തിലുള്ളവരും സർക്കാറിലെ ഉത്തരവാദെപ്പട്ടവരും വിളിച്ച് വിഷമം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നാണ് അവർ എന്നോട് പറഞ്ഞത്.വേണ്ടപ്പെട്ടവർ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് വിശ്വാസം.
ആരാധ്യനായ നേതാവാണ് അദ്ദേഹം. എന്ത് അർഥത്തിലാണ് അങ്ങനെ പറഞ്ഞത് എന്നത് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, ആവേശത്തിെൻറ പുറത്ത് പറഞ്ഞതാകാം. ഏതായാലും എെൻറ ഒാഫിസിെൻറ താെഴവന്ന് ആദരിക്കേണ്ട സ്ഥാപനമേധാവിയെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് തൊഴിലാളികൾ മേധാവിയെ ധിക്കരിക്കാൻ ഇടയാക്കും. ഇതെല്ലാം തൊഴിലാളി സംസ്കാരത്തിെൻറ ഭാഗമെന്നാണ് പറയുന്നത്. എല്ലാ രംഗത്തും സംസ്കാരങ്ങൾക്ക് മാറ്റം വന്നു. പണ്ടൊക്കെ നോക്കുകൂലി തൊഴിലാളി സംസ്കാരത്തിെൻറ ഭാഗമായി അംഗീകരിച്ചിരുന്നു. ഏതാണ്ട് അതുപോലെയുള്ള സമ്പ്രദായമാണ് വരിസംഖ്യ പിരിക്കലും. വരിസംഖ്യ ശരിയാണെന്ന് എല്ലാ സംഘടനകളും വിശ്വസിക്കുന്നു. പക്ഷേ, കൊടുക്കുന്നവർ പറയുന്നത് ഭയത്തിെൻറ പേരിലാണ് നൽകുന്നത് എന്നാണ്. നോക്കൂകൂലിക്ക് സമാന സ്ഥിതി. ആരോപണങ്ങൾക്കെല്ലാമുള്ള മറുപടി നല്ല പ്രവർത്തനങ്ങൾ വഴി നേട്ടങ്ങളിലൂടെ കാണിച്ചുകൊടുക്കും. ഇതേ ആളുകൾതന്നെ അപ്പോൾ പുകഴ്ത്തുമെന്നാണ് വിശ്വാസം.
െക.എസ്.ആർ.ടി.സിയിൽ പൊതുവിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വിഘടിച്ചു നിന്ന യൂനിയനുകൾ ഒന്നായി എന്നാണ് സമീപകാല സാക്ഷ്യം. കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ പോകുേമ്പാൾ ‘ചിലത്’ ലാഭത്തിലായിരുന്നു. ഒരിക്കലും നഷ്ടത്തിലോടാത്ത ചില ‘സംഭവ’ങ്ങളുണ്ട്. കെ.എസ്.ആർ.ടി.സി ലാഭത്തിലേക്ക് പോകുേമ്പാൾ അത് നഷ്ടത്തിലേക്ക് പോകും. കെ.എസ്.ആർ.ടി.സി മികവിലേക്ക് കുതിക്കുന്നു എന്നതിെൻറ അടയാളമാണ് സംയുക്ത പ്രതിഷേധങ്ങൾ. ഇൗ അടയാളങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ അസ്വസ്ഥനായേനെ.
കൗടില്യൻ പ്രസ്താവിച്ച ഒരു കാര്യമുണ്ട്. ‘ഏതെങ്കിലും രാജ്യത്ത് സദ്ഭരണമുണ്ടാകുേമ്പാൾ രണ്ട് ജീവികൾ അവിടെ അസ്വസ്ഥരാകും. ഒന്ന് കപട ബുദ്ധിജീവികൾ, രണ്ട് കള്ളന്മാർ.’ കാലത്തിന് അനുസരിച്ചുള്ള മാറ്റം യൂനിയനുകളിലുണ്ടായില്ല. അവരിപ്പോഴും പഴയ ശൈലിയിലാണ്. മാറിയ കാലത്ത് അവരുടെ ശൈലിയും മാറണം. ആ ശൈലിയുടെ തിക്താനുഭവങ്ങളാണ് ഞങ്ങളെപ്പോലുള്ളവർ അനുഭവിക്കുന്നത്. യൂനിയൻ നേതാക്കൾക്ക് എപ്പോഴും വരാം, എം.ഡിയുമായി സംസാരിക്കാം. തൊഴിലാളികൾ എനിക്കെതിരെ സമരം നടത്തുേമ്പാൾ ഉള്ളിെൻറയുള്ളിൽ എനിക്കവർ പ്രിയപ്പെട്ടവരാണ്. കെ.എസ്.ആർ.ടി.സി മൊത്തത്തിൽ വീണു കിടക്കുകയാണ്. വലിയ കിണറ്റിൽ കിടക്കുന്നവർ പരസ്പരം മല്ലടിക്കാനല്ല ശ്രമിക്കുക. ഒരുമിച്ച് നിന്നാലേ മുകളിലേക്ക് പോകാനാകൂവെന്ന് എല്ലാവർക്കുമറിയാം. തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനാണ് ഞാൻ ഗാരേജ് മീറ്റിങ്ങുകൾ വെച്ചത്. തൊഴിലാളികളുമായുള്ള എെൻറ ബന്ധം നേരിട്ടായപ്പോൾ ഇടനിലക്കാർക്ക് ഇടം നഷ്ടപ്പെട്ടു. അതാണ് പല ബഹളങ്ങൾക്കും കാരണം.
മേഖലാവത്കരണം കെ.എസ്.ആർ.ടി.സിയെ കൂടുതൽ കാര്യക്ഷമമാക്കും. കെ.എസ്.ആർ.ടി.സി മൂന്ന് സ്വതന്ത്ര കോർപറേഷനുകളാക്കണം എന്നതാണ് ലക്ഷ്യമിടുന്ന ആശയം. പ്രഫ. സുശീൽഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇൗ നടപടികെളല്ലാം. ബ്രിട്ടീഷുകാർ അനുവർത്തിച്ചിരുന്ന കേന്ദ്രീകൃത സ്വഭാവത്തിലുള്ള ഘടനയും സംവിധാനവുമാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. ഇൗ സംവിധാനത്തിൽ മാറ്റംവേണമെന്നും അത് സ്ഥാപനത്തിന് ഗുണകരമാകുമെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് വിഭജിച്ചത്. കൂടുതലും തെക്കൻ മേഖല കേന്ദ്രീകരിച്ചുള്ള സർവിസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. 60 ശതമാനം ബസുകളും തിരുവനന്തപുരത്താണ്. ഉത്തര കേരളത്തിൽ സാന്നിധ്യം 10 ശതമാനം മാത്രം. ഇൗ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് പൊതുഗതാഗത സംവിധാനത്തെ വികേന്ദ്രീകരിച്ച് ബസുകളുടെ സാന്ദ്രത വർധിപ്പിക്കുക എന്നതാണ് മാർഗം. 10 ശതമാനം ബസുകളുള്ള മേഖലയിലേക്ക് ഒരു എക്സിക്യൂട്ടിവ് ഡയറക്ടറെയും സൂപ്രണ്ടുമാരെയും അക്കൗണ്ട് ഒാഫിസറെയും ക്ലർക്കുമാരെയുമെല്ലാം വിന്യസിക്കുേമ്പാൾ സ്വാഭാവികമായും ബസ് വിഹിതം കൂടാൻ ഇവരിൽനിന്ന് തന്നെ ആവശ്യവും ഇടപെടലുമുണ്ടാകും. ഇൗ പ്രവണത തുടർന്നാൽ ക്രമേണ ബസ് സാന്ദ്രത വർധിക്കും. ഇത്തരം വിശാല ലക്ഷ്യങ്ങളിലേക്കുള്ള തുടക്കമാണ് മേഖലാവത്കരണം. ഒാരോ മേഖലകളും ലാഭകേന്ദ്രങ്ങളാക്കണമെന്നതാണ് ലക്ഷ്യം. ചാർേട്ടഡ് അക്കൗണ്ടൻറുമാരെ മേഖലകളിലേക്ക് ജനറൽ മനേജർമാരായി നിയോഗിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ ചുമതലകൾ താൽക്കാലികമാണ്.
ബസുകളുടെ വിന്യാസം, സാധ്യതക്കനുസരിച്ച് സർവിസുകൾ അയക്കൽ, താൽക്കാലിക സ്ഥലംമാറ്റങ്ങളിലൂടെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് പരിഹരിക്കൽ, എന്നിവ മേഖലാവത്കരണത്തിലൂടെ കൂടുതൽ കാര്യക്ഷമമാക്കാനാവും. മാത്രമല്ല, ഭാഗികമായ സാമ്പത്തികാധികാരവും ലഘുവായ അച്ചടക്ക നടപടികൾക്കുള്ള അനുമതിയും മേഖലകൾക്കുണ്ടാകും. എല്ലാ മേഖലകളും സി.എം.ഡിയുടെ മേൽനോട്ടത്തിലായിരിക്കും. സി.എം.ഡിക്ക് ഏത് ഘട്ടത്തിലും വിഷയത്തിലും മേഖലകളിലും ഇടപെടാം. സ്വന്തമായി പരിഷ്കാരങ്ങൾ ഏർപ്പെടുത്താം. പക്ഷേ, അവ സി.എം.ഡിയുടെ ഒാഫിസിനെ അറിയിക്കണം.
എല്ലാ സംസ്ഥാനങ്ങളിലും വാടകക്കരാർ ബസുകൾ ഒാടുന്നുണ്ട്. അതാണ് നമുക്കും ലാഭകരം. സ്വകാര്യമേഖലയുടെ സഹായം സ്വീകരിച്ച് സർവിസ് ഒാപറേറ്റ് ചെയ്യാനായാൽ അത് ഗുണകരമായിരിക്കും. സർക്കാർ നയപരമായെടുക്കേണ്ട തീരുമാനമാണിത്. ദീർഘദൂര സർവിസുകളിലും ഹൈ ക്ലാസ് സർവിസുകളിലും വാടകക്കരാർ സൗകര്യം സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ, മൊത്തം ഒാപറേഷെൻറ 10 ശതമാനം പോലും ദീർഘദൂര-സൂപ്പർക്ലാസ് സർവിസുകളില്ല. ഒാർഡിനറി ബസുകളിൽ കൂടി ഇൗ സംവിധാനം വരാതെ അടിസ്ഥാനപരമായ മാറ്റം വരില്ല. ആകെയുള്ള 6400 ബസുകളിൽ 4000വും ഒാർഡിനറി യാണ്. ഇവിടെയാണ് അടിസ്ഥാനപരമായ മാറ്റം വരേണ്ടത്. ഇപ്പോൾ 71 ദേശസാത്കൃത റൂട്ടുകളുണ്ടെങ്കിലും 40 റൂട്ടുകളിൽ മാത്രമേ ഒാടാൻ കഴിയുന്നുള്ളൂ. ബസുകളുടെ കുറവാണ് കാരണം. മറ്റ് ദേശസാത്കൃത റൂട്ടുകളിൽ ബസുമായി കെ.എസ്.ആർ.ടി.സി ചെന്നാൽ റൂട്ട് വിട്ടു തരണമെന്നാണ് വ്യവസ്ഥ. അതിനും സാധിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പെർമിറ്റിന് നികുതി അടക്കുന്നുണ്ടെങ്കിലും ബസില്ലാത്തതിനാൽ സർവിസ് നടത്താനാകുന്നില്ല. അതേസമയം, വാടകബസുകൾ സ്വകാര്യവത്കരണമെന്ന് പറഞ്ഞാണ് യൂനിയനുകൾ പ്രചരിപ്പിക്കുന്നത്. സ്വകാര്യബസുകൾ ഞാൻ ഏെറ്റടുക്കുന്നത് എങ്ങനെ സ്വകാര്യവത്കരണമാകും. അത് ദേശസാത്കരണമല്ലേ.
കെ.എസ്.ആർ.ടി.സിയിൽ കൃത്യം എത്ര തൊഴിലാളികളുണ്ടെന്ന് ഇന്നും അറിയില്ല. ഒാരോ പ്രാവശ്യം ചോദിക്കുേമ്പാഴും ഒാരോ കണക്കാണ് കിട്ടുന്നത്. എത്ര വണ്ടിയുണ്ടെന്നോ, എത്ര കൊടുക്കാനുണ്ടെന്നോ, എത്ര കിട്ടാനുണ്ടെന്നോ കണക്കില്ല. വലിയൊരു അരാജകത്വമാണ്. കണക്കുകളുണ്ടാക്കുക എന്നതാണ് സുപ്രധാന കാര്യം. ഇപ്പോൾ കണക്കെടുപ്പ് നടക്കുകയാണ്. ഇത് മാറ്റിയാൽ മാത്രമേ സ്ഥാപനം രക്ഷപ്പെടൂ. 4000 കോടി ടേൺ ഒാവറുള്ള സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. അതും നിർമാണമേഖലയല്ല, സേവനമേഖലയാണെന്നത് പ്രത്യേകം കാണണം. കമ്പ്യൂട്ടർവത്കരണം വളരെ പിന്നിലാണ്. ഇപ്പോഴും കൈകൊണ്ട് പേപ്പറിലാണ് ജീവനക്കാരുടെ ശമ്പളവിവരങ്ങൾ എഴുതുന്നത്.
തൊഴിലാളികൾക്ക് ലഭിക്കേണ്ട പണം കെ.എസ്.ആർ.ടി.സിയിൽ കിട്ടുന്നില്ല. ആറു വർഷം മുമ്പ് കൊടുക്കേണ്ട വേതനമാണ് ഇപ്പോഴുള്ളത്. അവർക്ക് അർഹമായ വേതനം കൊടുക്കണം. എെൻറ കാലയളവിൽതന്നെ സമാനസ്വഭാവത്തിലുള്ള സ്ഥാപനങ്ങളിേലതുപോലെ ശമ്പള പരിഷ്കരണം നടത്തി തൊഴിലാളികൾക്ക് അർഹമായ വേതനം നൽകും. ഭൂരിപക്ഷത്തിലധികവും നന്നായി ജോലിയെടുക്കുന്നവരാണ്. എന്നാൽ, ചെറിയ ഒരു വിഭാഗം രാവിലെ വന്ന് ഏതെങ്കിലും കൗണ്ടറുകളിലിരുന്ന് വൈകുന്നേരം ഡ്യൂട്ടി ചെയ്തുെവന്ന ധാരണയിൽ മടങ്ങുന്നു. നേരത്തേ പറഞ്ഞപോലെ കെ.എസ്.ആർ.ടി.സി ഒരു വണ്ടിക്കമ്പനിയാണ്. ഇവിടെ ബസ് ഒാടിക്കാനുള്ള ആളുകളെയാണ് വേണ്ടത്. എന്നാൽ, വണ്ടിയോടിക്കാൻ ആളെ കിട്ടുന്നില്ല. പക്ഷേ, മേൽനോട്ടക്കാർ ഒത്തിരിയാണ്. സീനിയറായുള്ള ക്ലറിക്കൽ സ്റ്റാഫുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇവരെ പിരിച്ചുവിടാനാവില്ല, എടുത്തു പോയി.
സത്യം പറഞ്ഞാൽ തൊഴിൽദാതാവ് എന്നനിലയിലുള്ള വേഷമാണ് കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ തള്ളിയത്. ഒരു സേവനദാതാവ് എന്ന റോളാണ് ശരിക്കും വേണ്ടത്. ഇന്നുവരെ ഇവിടെ നടന്ന ചർച്ചയിൽ ഒരു യാത്രക്കാരനുവേണ്ടി ഒരാളു പോലും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. എന്തു വിലകൊടുത്തും കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്തും. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ജനങ്ങൾ ഏറ്റവും ഇഷ്ടെപ്പടുന്ന സ്ഥാപനമാണിത്. കെ.എസ്.ഇ.ബിയും ജല അതോറിറ്റിയുമെല്ലാം പിന്നീടേയുള്ളൂ. ആനവണ്ടിയെ വിട്ടിട്ടുള്ള ഒരു കളിക്കും കേരളത്തിലെ ജനങ്ങളുണ്ടാകില്ല. ഡ്യൂട്ടി പാറ്റേൺ ഉടൻ മാറും. എല്ലാം സിംഗ്ൾ ഡ്യൂട്ടിയിലേക്ക് വരും. ഹൈകോടതി നിർദേശമാണ്. നഷ്ടം കുറക്കണമെങ്കിൽ തൊഴിലാളികളുടെ സഹകരണം വേണം. കെ.എസ്.ആർ.ടി.സി നന്നാകണം. നന്നാവും. നന്നായേ പറ്റൂ. ഇതിന് ഉറച്ച സർക്കാർ പിന്തുണവേണം.
തയാറാക്കിയത്: എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.