സഭയുടെ മഹത്ത്വമെങ്കിലും അവർ ഓർത്തിരുന്നെങ്കിൽ
text_fieldsബാനർ ഉയർത്തി കാഴ്ചമറച്ചപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അംഗങ്ങളുടെ പേര് പറഞ്ഞ് സ്പീക്കർ പ്രവചിച്ചത് കടന്ന പ്രയോഗമായി. ഒരുവേള താൻ ഇരിക്കുന്ന സ്ഥാനമേതെന്ന് അദ്ദേഹം മറന്നതായി തോന്നി. ഈ സംഭവങ്ങൾ അരങ്ങേറിയതിന് തൊട്ടടുത്ത ദിവസമാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്
പാർലമെന്ററി ജനാധിപത്യത്തിലെ നെടുന്തൂണുകളിലൊന്നാണ് നിയമനിർമാണ സഭ. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നാണ് നിയമനിർമാണ സഭകളെ പൊതുവെ വിശേഷിപ്പിക്കുന്നത്. അതിനാൽതന്നെ നമ്മുടെ രാജ്യത്തെ പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും പ്രാധാന്യം വ്യക്തം. സൂര്യനു കീഴിലെ ഏത് വിഷയവും അവിടെ ചർച്ചചെയ്യാനാകും. നിയമനിർമാണ സഭയിലെ ഏതൊരംഗത്തിനും ഭയരഹിതമായി ഏത് വിഷയവും സഭയിൽ ഉന്നയിക്കാൻ അവകാശമുണ്ട്. അത് അംഗങ്ങളുടെ അവകാശം എന്നതിനൊപ്പം അവർക്ക് ലഭിക്കുന്ന പ്രത്യേക സംരക്ഷണവുമാണ്. സഭയിൽ അംഗങ്ങൾ സംസാരിക്കുമ്പോൾ പരസ്പര ബഹുമാനം പുലർത്തുകയും സഭ്യമായ ഭാഷ ഉപയോഗിക്കുകയും വേണം. എന്നാൽ, പലപ്പോഴും അത് ലംഘിക്കപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. സഭയുടെ സുഗമ പ്രവർത്തനത്തിന് തയാറാക്കിയിട്ടുള്ള ചട്ടങ്ങൾപോലും അപ്രസക്തമാക്കുന്ന അത്തരം സാഹചര്യങ്ങൾ മിക്കപ്പോഴും സഭയെ സംഘർഷത്തിലേക്കാവും എത്തിക്കുക.
ജനവികാരം പ്രകടിപ്പിക്കുന്ന ഇടമെന്ന നിലയിൽ നിയമനിർമാണ സഭകളിൽ എതിർശബ്ദത്തിനും പ്രാധാന്യമുണ്ട്. നിയമനിർമാണത്തിലെ പാളിച്ചകൾ ഒഴിവാക്കാനും ഭരണകർത്താക്കൾക്ക് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും അതിലൂടെ സാധിക്കും. ഏത് വിഷയത്തിലാണെങ്കിലും സ്വന്തം നിലപാട് വ്യക്തമാക്കാൻ ഭരണ-പ്രതിപക്ഷാംഗങ്ങൾക്ക് ലഭിക്കുന്ന വേദി കൂടിയാണ് നിയമനിർമാണ സഭകൾ. അതിനാൽതന്നെ അവിടെ നടക്കുന്ന ഏതൊരു കാര്യത്തിലും ജനങ്ങൾ കൂടുതൽ ശ്രദ്ധകാട്ടുമെന്നത് യാഥാർഥ്യവുമാണ്. ജനവികാരം പ്രകടമാകേണ്ട നിയമനിർമാണസഭകൾ സംഘർഷഭൂമിയും ജനാധിപത്യ അവകാശങ്ങളുടെ ലംഘനകേന്ദ്രവുമായി മാറിയാൽ അത് നമ്മുടെ നാടിന് തന്നെ അപമാനകരമാണെന്ന് മാത്രമല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് അയക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയുമായിരിക്കും.
രാജ്യത്തെ മറ്റ് സംസ്ഥാന നിയമസഭകൾക്കും എന്തിനേറെ ഇന്ത്യൻ പാർലമെന്റിനും പലപ്പോഴും മാതൃകയാണ് കേരള നിയമസഭ. നിരവധി പ്രഗത്ഭരാണ് നമ്മുടെ നിയമസഭയിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയമായി ഭിന്നചേരിയിൽ നിൽക്കുമ്പോഴും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിൽ അവർ കാട്ടിയ കുലീനത്വം വിസ്മരിക്കാവുന്നതല്ല. നിയമനിർമാണ പ്രക്രിയയിൽ അവർ കാട്ടിയ ജാഗ്രതയും പരസ്പരം പുലർത്തിയ വിട്ടുവീഴ്ച മനോഭാവവും അവരുടെ മാത്രമല്ല നമ്മുടെ നിയമസഭയുടെയും ഔന്നത്യം വർധിപ്പിച്ചുവെന്നത് വസ്തുതയാണ്. ആ സാഹചര്യത്തിനാണ് ക്രമേണ മാറ്റംവന്നുകൊണ്ടിരിക്കുന്നത്. വാക്പ്പോരും കടന്ന് കായികബലം കാട്ടാനുള്ള വേദിയായി നിയമസഭയെ മാറ്റിയെടുത്തിരിക്കുന്നു. സഭയുടെ അന്തസ്സ് പോലും മാനിക്കാതെയുള്ള ഈ മാറ്റം ജനാധിപത്യത്തിന് കളങ്കം തന്നെയാണ്. 2015ൽ കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ നമ്മുടെ നിയമസഭയുടെ എക്കാലത്തെയും തീരാകളങ്കമാണ്. അന്നത്തെ നാണക്കേടിന്റെ ഓർമ വിട്ടുമാറുംമുമ്പാണ് നമ്മുടെ നിയമസഭ വീണ്ടും ഇപ്പോൾ സംഘർഷഭൂമിയായി മാറിയിരിക്കുന്നത്.
എട്ട് വർഷം മുമ്പ് ബജറ്റ് പ്രസംഗത്തിനിടെ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ അത്രത്തോളം എത്തിയില്ലെങ്കിലും സംസ്ഥാന നിയമസഭക്ക് ഒരിക്കൽകൂടി നാണക്കേടുണ്ടാക്കിയ സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസങ്ങളിലും ഉണ്ടായത്. ബജറ്റ് അവതരണത്തിനിടെയുള്ള അനിഷ്ട സംഭവങ്ങൾ സഭക്കുള്ളിലായിരുന്നുവെങ്കിൽ ഇപ്പോൾ സഭക്ക് പുറത്ത് സഭാമന്ദിരത്തിലായിരുന്നുവെന്ന വ്യത്യാസം മാത്രം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് തുടർച്ചയായി പരിഗണനക്കെടുക്കാൻ സ്പീക്കർ തയാറാകാത്തതിനെ തുടർന്ന് സഭക്കുള്ളിൽ ഉടലെടുത്ത തർക്കമാണ് പുറത്തേക്കും പടർന്നത്. സഭയിൽ നിന്ന് പ്രതിഷേധിച്ചിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിന് മുന്നിൽ ഉപരോധം തീർത്തതോടെ വാച്ച് ആൻഡ് വാർഡുമാരും ഭരണപക്ഷാംഗങ്ങളും നേരിടാൻ ശ്രമിച്ചതാണ് അസാധാരണ സംഘർഷത്തിന് വഴിവെച്ചത്. കാര്യങ്ങൾ കൈവിട്ടുപോയതോടെ നിയമസഭ മന്ദിരത്തിലെ ഇടനാഴിയിൽ നടന്ന സംഘർഷം ഒരിക്കൽകൂടി രാഷ്ട്രീയ വിവാദത്തോടൊപ്പം പൊലീസ് കേസിലേക്കും എത്തിയിരിക്കുകയാണ്.
അടിയന്തരപ്രമേയത്തിന് അനുമതി തേടലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും മാറിമാറി വന്ന പ്രതിപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശമാണ്. ആ അവകാശം തുടർച്ചയായി നിഷേധിക്കുന്നുവെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനമേറ്റശേഷം നിഷ്പക്ഷമായാണ് കാര്യങ്ങൾ ചെയ്തിരുന്നതെങ്കിലും ലൈഫ് മിഷൻ വിഷയത്തിൽ മുഖ്യമന്ത്രിയെ സഭക്കുള്ളിൽ കടന്നാക്രമിക്കാൻ മാത്യു കുഴൽനാടന് അവസരം കിട്ടിയശേഷം അതിനു മാറ്റംവന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്ന നോട്ടീസ് പരിഗണിക്കുന്ന കാര്യത്തിൽപോലും സ്പീക്കർ നിലപാട് കടുപ്പിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സഭാ ചരിത്രത്തിനെ ഇതാദ്യമായി സഭയുടെ നടുത്തളത്തിൽ സമാന്തരസഭ ചേരുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചു. ബാനർ ഉയർത്തി കാഴ്ചമറച്ചപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അംഗങ്ങളുടെ പേര്പറഞ്ഞ് സ്പീക്കർ പ്രവചിച്ചത് കടന്ന പ്രയോഗമായി.
ഒരുവേള താൻ ഇരിക്കുന്ന സ്ഥാനമേതെന്ന് അദ്ദേഹം മറന്നതായി തോന്നി. ഈ സംഭവങ്ങൾ അരങ്ങേറിയതിന് തൊട്ടടുത്ത ദിവസമാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്. സ്പീക്കർ നിഷ്പക്ഷനല്ലെന്ന ആക്ഷേപം ഉയർത്തുമ്പോഴും അതിന്റെ ഉത്തരവാദിയായി മുഖ്യമന്ത്രിയിലേക്കാണ് പ്രതിപക്ഷം വിരൽചൂണ്ടുന്നത്. മൈക്ക് ഓഫാക്കിയും പുറത്താക്കിയും കേന്ദ്രസർക്കാർ സ്വീകരിച്ചു പോരുന്ന ഇതേ സമീപനത്തിനെതിരെ പാർലമെന്റിൽ ഒന്നിച്ചുനിന്ന് പോരാടുന്നവരാണ് കേരളത്തിലെത്തുമ്പോൾ അതേകാര്യത്തിൽ പോരടിക്കുന്നതെന്നതാണ് സങ്കടകരം.
അടിയന്തര പ്രമേയത്തിന്റെ കാര്യത്തിൽ കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശം സര്‍ക്കാറിന് മുന്നില്‍ പണയപ്പെടുത്താനാവില്ലെന്ന പ്രതിപക്ഷ നിലപാടിൽ കഴമ്പുണ്ട്. സർക്കാറിന് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വിമർശനങ്ങള്‍ നടത്തുന്നുവെന്ന പേരിൽ നിഷേധിക്കേണ്ടതല്ല പ്രതിപക്ഷത്തിന്റെ അവകാശം. അതേസമയം, ഈ അവകാശം എതിരാളിയെ അടച്ചാക്ഷേപിക്കാനുള്ള അവസരമാക്കാനും പാടില്ല. പ്രതിഷേധം അറിയിക്കാനുള്ള വ്യവസ്ഥാപിത മാർഗങ്ങൾക്ക് പകരം സഭയുടെ അന്തസ്സ് കെടുത്തുന്ന നടപടികളുമല്ല ഉണ്ടാകേണ്ടത്. നിയമസഭയുടെ ഔന്നത്യം ഉയർത്തിപ്പിടിക്കുന്നതിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉണ്ടായാൽ മാത്രമേ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന വിശേഷണം അന്വർഥമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.