വഴി തടഞ്ഞു കൂട്ടപരിശോധനയുമായി വീണ്ടും സൈന്യം; പഴയ കാല ഓർമകളുടെ ആധിയിൽ കശ്മീരികൾ
text_fieldsകശ്മീരികൾക്ക്, കൈകൾ ആകാശത്തേക്കുയർത്തി സൈനിക പരിശോധനക്കായി വരിയിൽ കാത്തുകെട്ടി കിടക്കുന്നത് ദിനചര്യകളിലൊന്നായിരുന്നു. ചെറിയ ഇടവേളയിൽ അത് അവസാനിച്ചതാണ്, ശ്രീനഗറിലെങ്കിലും. പക്ഷേ, പ്രായവും തരവും നോക്കാതെ ശ്രീനഗറിലെ ലാൽ ചൗകിൽ ആളുകളെ കൂട്ടമായി നിർത്തി പരിശോധന നടത്തുന്ന പതിവ് ഫെബ്രുവരി 22ന് തിരികെയെത്തിയിരിക്കുന്നു.
1990കളിലെ സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും ചോരയുടെ നനവുള്ള ഓർമകൾ ഇപ്പോഴുമുണ്ട് കശ്മീരി മനസ്സിൽ. പിന്നെ പിറന്നവർ പോലും ആ കഥകൾ കേട്ട് പലവട്ടം ഞെട്ടിയവരാണ്.
തിങ്കളാഴ്ച ഉച്ചക്കു ശേഷം 3.30ന് സുരക്ഷാ സേനാംഗങ്ങൾ കൂട്ടമായിറങ്ങി -പട്ടണത്തിൽ പതിറ്റാണ്ടുകളായി ഓരോ അഞ്ചു മീറ്ററിലും അവരുണ്ടാകും- പെട്ടെന്ന് തിരക്കു പിടിച്ച ലാൽ ചൗകിലെ അമീറ കഡാലിൽ എല്ലാവരെയും നിർബന്ധിച്ച് വരിയിൽ നിർത്തുന്നു. പുറത്തുകടക്കാനുള്ള എല്ലാ വഴികളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതവും മുടക്കി.
ഞങ്ങൾ കരുതിയത് പതിവു സേനാവലയമാകുമെന്നാണ്. പക്ഷേ, കടകളിലെ ജീവനക്കാരെ കൂടി വിളിച്ചുവരുത്തി പരിശോധന തുടങ്ങിയതോടെ മനസ്സിലായി, ഇത് 1990കളിലെ വേട്ടയാടലിെൻറ ആവർത്തനമാണെന്ന്''- പറയുന്നത് അമീറ കഡാലിലെ കടയുടമ ജാവേദ് ഖാൻ.
ശ്രീനഗർ ഡൗൺടൗണിലെ താമസക്കാരനാണ് 43കാരനായ ഖാൻ. അന്ന് സൈനികർ നടത്തിയ വേട്ടയുടെ ഓർമകൾ ഇപ്പോഴുമുണ്ട് അയാളുടെ മനസ്സിൽ. വീടുകളിൽനിന്ന് കുട്ടികളും സ്ത്രീകളുമുൾപെടെ എല്ലാവരെയും സൈനികർ പുറത്തേക്കു വിളിച്ചുവരുത്തി പരിശോധന നടത്തും. വെളിയിൽ അവരെ നിർത്തി വീടകവും പരിശോധിക്കും, അതും മണിക്കുറുകളോളം. ''ഇത് ഞങ്ങൾക്ക് പുതിയതൊന്നുമല്ല. ഇത്തരം സംഭവങ്ങൾ പലതു കണ്ട് വളർന്നവരാണ്. പതിവു സംഭവം മാത്രം. പക്ഷേ, അന്നില്ലാത്ത ഇളമുറക്കാർ ഭീതിയുടെ മുനയിലാകും'' വയർ ഓൺലൈൻ പോർട്ടലിനോട് ഖാൻ പറയുന്നു.
ദീർഘമായ പരിശോധനക്കിടെ സൈനികർ ആളുകളുടെ തിരിച്ചറിയൽ കാർഡ്, ബാഗുകൾ എന്നിവ പ്രത്യേകം നോക്കുന്നുണ്ട്. മാർക്കറ്റിൽ ഈ സമയം എന്തിനു വന്നു എന്നും അവർക്ക് അറിയണം. ''കശ്മീരികളുടെ സ്വന്തം വസ്ത്രമായ ഫിരാൻ അണിഞ്ഞവരെ പ്രത്യേകം നിർത്തി കൂടുതൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ചിലരോട് അത് അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നു. ഒരു വൃദ്ധന് എളുപ്പം അഴിച്ചുമാറ്റാനാകാതെ വന്നതോടെ സൈനികർ വലിച്ചുകീറുന്നതും കണ്ടു''- ഖാെൻറ വാക്കുകൾ.
''കുഞ്ഞുകുട്ടികളെയും തല മുതൽ കാൽവിരലറ്റം വരെ പരിശോധിക്കുന്നുണ്ട്. അവരുടെ ബാഗുകളിലും സൈനിക നിരീക്ഷണം സൂക്ഷ്മമാണ്''.
രണ്ടു ദിവസം മുമ്പാണ് ശ്രീനഗറിലെ ഭഗത്തിൽ തീവ്രവാദികൾ പൊലീസുകാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ അക്രമി, തണുപ്പുകാലത്ത് കശ്മീരികളുടെ ഇഷ്ട വേഷമായ ഫിരാൻ ധരിച്ചാണ് എത്തിയത്. വസ്ത്രത്തിൽ ഒളിപ്പിച്ച യന്ത്രത്തോക്ക് പുറത്തെടുക്കുന്നതും പൊലീസുകാർക്കു നേരെ വെടിയുതിർക്കുന്നതും കാണാം. ഇയാൾ പിന്നീട് ഓടിപ്പോകുന്നതാണ് വിഡിയോയിൽ.
കശ്മീരിൽ ഇനിയുമവസാനിക്കാത്ത അക്രമ സംഭവങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതൽ ഉത്കണ്ഠാഭരിതരാക്കുന്നുണ്ട്. നാട്ടുകാരെ സംശയ മുനയിൽ നിർത്താനും ഇത് കാരണമാകുന്നു.
ഫെബ്രുവരി 20ന് കശ്മീരിലെ പൊലീസ് മേധാവി വിജയ് കുമാർ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരിശോധന ഊർജിതമാക്കാൻ തീരുമാനിച്ചിരുന്നു.
പക്ഷേ, കശ്മീരിലെ തടഞ്ഞുനിർത്തിയുള്ള പരിശോധന ജനങ്ങളുടെ ജീവൻ കൂടുതൽ അപായപ്പെടുത്തുന്നുവെന്ന് മാത്രമല്ല, ബിസിനസ് മേഖലയെയും ബാധിക്കുകയാണ്.
'പുതിയ കശ്മീർ?''
370ാം വകുപ്പ് നൽകിയ പ്രത്യേക പദവി 2019ൽ എടുത്തുകളഞ്ഞ ശേഷം കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ തീരുമാനം ഏകപക്ഷീയമാണെന്ന വിമർശനങ്ങളെ തള്ളിയിരുന്നു. ഇനി 'പുതിയ കശ്മീരി'െൻറ പിറവിയാണ് കശ്മീരികൾ കാണാനിരിക്കുന്നതെന്നായിരുന്നു വാഗ്ദാനം.
പക്ഷേ, മേഖലയുടെ നിലവിലെ ചിത്രം അക്ഷരാർഥത്തിൽ 'പഴയ കശ്മീരി'ലേക്കുള്ള തിരിച്ചുപോക്കാണ് വിളിച്ചുപറയുന്നത്. അതിക്രമവും അസ്വസ്ഥതകളും പുകയുേമ്പാൾ കശ്മീർ മടങ്ങുന്നത് അതിഭീകരമായ സ്ഥിതിയിലേക്കെന്നു പറയേണ്ടിവരും.
''കുറച്ചു ദിവസം മുമ്പ്, വിദേശ പ്രതിനിധികൾ താഴ്വര സന്ദർശനത്തിനെത്തിയപ്പോൾ, നിരവധി സൈനിക ബങ്കറുകൾ അധികൃതർ നീക്കം ചെയ്തിരുന്നു. 2019 ആഗസ്റ്റ് അഞ്ചിന് സ്ഥാപിച്ചതായിരുന്നു അവ''- ലാൽ ചൗകിലെ ഒരു തെരുവു കച്ചവടക്കാരെൻറ വാക്കുകൾ.
തിങ്കളാഴ്ച സൈനികരുടെ പ്രവൃത്തി താഴ്വരയിൽ സ്ഥിരത നഷ്ടമായതിെൻറ സൂചനയാണ്. ''വിനോദ സഞ്ചാരികൾ താഴ്വരയിലേക്ക് ഒഴുകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. നടുവെയിലിൽ നിർത്തി ഇങ്ങനെ വേട്ടയാടുേമ്പാൾ അവരെങ്ങനെ വരാനാണ്''- അദ്ദേഹം ചോദിക്കുന്നു.
അധിക സേനാ വിന്യാസം സ്ത്രീകളുടെ സുരക്ഷിതത്വവും അപായപ്പെടുത്തുന്നുവെന്ന് വസീമിന് ചാരെ നിന്ന മറ്റൊരാളുടെ വാക്കുകൾ.
''ദിവസങ്ങൾക്ക് മുമ്പ് ഒരു സൈനികനുമായി വാഗ്വാദത്തിലേർപെടേണ്ടിവന്നു. സമീപത്തെ സ്ത്രീയെതന്നെ ഏറെ നേരം തുറിച്ചുനോക്കുന്നത് കണ്ട് സ്ത്രീകളെ ഉപദ്രവിക്കാതെ പണിയെടുക്കാൻ പറയുകയായിരുന്നു ഞാൻ''- പേരു പറയരുതെന്ന് ആവശ്യപ്പെട്ട് അയാൾ പറഞ്ഞു.
വിദേശ പ്രതിനിധികളുടെ വരവ് മുൻനിർത്തി ബങ്കറുകൾ നീക്കിയത് വന്നയാളുകളിൽ സാധാരണത്വം തോന്നിച്ചിട്ടുണ്ടാകാമെങ്കിലും ''ലാൽ ചൗകിൽ കഴിഞ്ഞ ദിവസം നടന്നതാണ് പുതിയ സാധാരണത്വമെന്ന് വ്യക്തമാക്കുന്നു, മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ജൗഹർ ഗീലാനി.
കശ്മീരിലെ വേട്ടയുമായി ബന്ധപ്പെട്ട് ഒരു പ്രശസ്ത നാടകം ഗീലാനി ഓർക്കുന്നു: ''മുഹമ്മദ് അമീൻ ഭട്ട് സംവിധാനം ചെയ്ത ഒരു നാടകമാണത്. 'ശനക്തി കാർഡ് കശ്മീർ ഓർ ഡ്രാമ' എന്നായിരുന്നു പേര്. അതിലെ ഇതിവൃത്തം ''കശ്മീരിൽ ജീവിതം സുരക്ഷിതമാക്കണോ, നിങ്ങൾ എപ്പോഴും തിരിച്ചറിയൽ കാർഡ് കരുതണം'' എന്നാണ്.
കശ്മീരിൽ എല്ലാം സാധാരണ ഗതിയിലാണെന്ന അധികൃതരുടെ വാദം ഗീലാനി തള്ളുന്നു. ''നുഴഞ്ഞുകയറ്റം പൂജ്യത്തിലേക്ക് താഴ്ന്നുവെന്നും കഴിഞ്ഞ വർഷം എണ്ണമറ്റ ഭീകരരെ കൊന്നുവെന്നും പറയുന്നത് സാധാരണത്വം പുനഃസ്ഥാപിച്ചതിന് തെളിവാകുന്നില്ല. കശ്മീരിലെ ഓരോ തെരുവിലെയും യഥാർഥ സ്ഥിതി എന്തെന്ന് കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിക്കും''.
തിങ്കളാഴ്ചത്തെ വിഷയത്തിൽ, കശ്മീർ പൊലീസ് ഇൻസ്പെക്ടർ ജനറലുടെ പ്രതികരണം തേടിയെങ്കിലും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.