പ്രളയത്തിനും വൈരത്തിനും നടുവിൽ
text_fieldsകഴുത്തറ്റം വെള്ളത്തിൽ മുങ്ങിയ തലസ്ഥാന നഗരിയിലിരുന്നാണ് ഈ കുറിപ്പ്. അടുത്ത കാലങ്ങളിലൊന്നും ഇത്ര വ്യാപകമായ രീതിയിൽ വെള്ളപ്പൊക്ക ദുരിതം ഡൽഹിയെ അലട്ടിയിട്ടുണ്ടാവില്ല. യമുന നദിയുടെ ജലനിരപ്പ് ഇനിയുമുയരല്ലേ എന്ന് പ്രാർഥിച്ച് കനിവിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ജനം.
നമ്മുടെ ഭരണാധികാരികളും ആസൂത്രകരും പൊതുപ്രവർത്തകരുമെല്ലാം സദാ സംസാരിക്കാറ് വികസനത്തെക്കുറിച്ചാണ്. ജനങ്ങളുടെ സംരക്ഷണം, സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യാൻ ഇവർക്കാർക്കും ഒരു ലോഭവുമില്ല, പക്ഷേ അതു വല്ലതും പ്രയോഗവത്കരിക്കപ്പെടുന്നുണ്ടോ? എല്ലാ വർഷവും ഓവുചാലുകൾ വൃത്തിയാക്കാനും റോഡുകളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണി ചെയ്യാനും വലിയ തുകയാണ് തദ്ദേശ ഭരണസ്ഥാപനങ്ങൾ വകയിരുത്തുന്നത്.
എന്നിട്ടെന്ത് സംഭവിച്ചു? ഒന്നുകിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല, അല്ലെങ്കിൽ തുടക്കത്തിലെ ഒച്ചപ്പാടും ബഹളങ്ങളുമെല്ലാം കഴിഞ്ഞ് ശ്രദ്ധമായുന്നതോടെ പണികൾ പാതിവഴിയിൽ മുടങ്ങുന്നു. എന്തെങ്കിലും പ്രശ്നങ്ങളും ദുരന്തങ്ങളും സംഭവിക്കുവോളം ഇത്തരം ഉത്തരവാദിത്തമില്ലായ്മ ചർച്ചപോലുമാവുന്നത് കുറവാണ്.
നിയമപ്രകാരം നടത്തിയിരിക്കേണ്ട പ്രവൃത്തികൾ ചെയ്യുന്നില്ല എന്നതുപോലെ നിയമവിരുദ്ധമായി ചെയ്തുകൂട്ടുന്ന നിർമാണ പ്രവൃത്തികളാണ് മറ്റൊരു ദുരന്തഹേതു.
മലയോര നഗരങ്ങളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ മാത്രം ശ്രദ്ധിച്ചാൽതന്നെ അതിന്റെ ഭയാനകത വ്യക്തമാവും. ഹോട്ടലുകളും മോട്ടലുകളും ലോഡ്ജുകളുമെല്ലാമുൾപ്പെടെ താങ്ങാൻ കഴിയുന്നതിനപ്പുറമുള്ള നിർമാണങ്ങൾ കൊണ്ട് അതിപ്രതാപികളായ പർവതങ്ങൾക്ക് താളംതെറ്റുന്ന സ്ഥിതിയാണ്.
ആരാണ് ഇത്തരം നിർമാണങ്ങൾക്ക് അനുമതി നൽകുന്നത്? ആരുതന്നെയായാലും മുറിവേൽക്കുന്നത് ഭൂമിക്കാണ്, ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. പ്രളയക്കെടുതിയിലും മലയിടിച്ചിലിലും ഇരയാക്കപ്പെടുന്ന മനുഷ്യർ തികഞ്ഞ ഭയാശങ്കയോടെയാണ് നാളെയെക്കുറിച്ച് ചിന്തിക്കുന്നത്. ഡൽഹിയിൽ വെള്ളപ്പൊക്കം ശമിച്ചു കഴിഞ്ഞാലും രോഗാണു ബാധകൾക്കും ഡെങ്കി, മലേറിയ, വൈറൽ പനി പോലുള്ളവയുടെ പകർച്ചക്ക് സാധ്യതയേറെയാണ്. സഹജീവികൾ ഭയന്നു വിറച്ച് നിലകൊള്ളുമ്പോഴും മഹത്തായ വികസനയുഗത്തിലാണ് ജീവിക്കുന്നത് എന്ന് സ്വയം ഊറ്റം കൊള്ളുന്നു നമ്മൾ.
●●●
തക്കാളി വില വർധന വലിയ വാർത്ത തലക്കെട്ടും ചർച്ചയുമൊക്കെയാവുന്നുണ്ട്. ചർച്ചകളുടെ ഗതി കണ്ടാൽ മറ്റെല്ലാ സാമഗ്രികളും വിലക്കുറവിൽ ലഭിക്കുന്നുണ്ടെന്ന് തോന്നിപ്പോകും. പച്ചക്കറികൾക്കും പയർ വർഗങ്ങൾക്കും പഴങ്ങൾക്കുമെല്ലാം വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്ര വേഗത്തിൽ രാജ്യത്ത് കുതിച്ചുയരുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അത് കുറ്റകൃത്യങ്ങളുടെ ഗ്രാഫ് മാത്രമാണ്. കൈയേറ്റങ്ങൾ, അതിക്രമങ്ങൾ, കൊലപാതകങ്ങൾ... ഇവ സംബന്ധിച്ച പല രൂപത്തിൽ പല ദേശങ്ങളിൽനിന്ന് വന്നുകൊണ്ടിരിക്കുന്നു.
പ്രണയിതാക്കളുടെയും ലിവ് ഇൻ പാർട്ണർമാരുടെയും ഇടയിലെ അക്രമങ്ങളാണ് ഈയിടെയായി നിരന്തരം കേൾക്കുന്ന കുറ്റവാർത്ത. ഒരുമിച്ച് ജീവിക്കുന്നതിനായി മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ചവരാണ് പിണങ്ങുകയും അതിന്റെ പകയിൽ ജീവന്റെ ജീവനായി കരുതിയിരുന്നവരുടെ ജീവനെടുക്കാനും ഒരുമ്പെടുന്നത്.
അത്തരം കൊലപാതകങ്ങൾക്കുശേഷം അതീവ നിഷ്ഠുരരൂപത്തിൽ ശരീരം കീറിമുറിക്കുകയും ചെയ്യുന്നു. പ്രണയബന്ധങ്ങളും അവയുടെ തളർച്ചയും തകർച്ചയുമെല്ലാം മനുഷ്യജീവന്റെ പ്രാരംഭകാലം മുതൽക്കു തന്നെയുണ്ട്. പണ്ട് ഇഷ്ടമുള്ളവർ തമ്മിൽ വേർപ്പെടേണ്ടി വന്നാൽ കരച്ചിലും തേങ്ങലും വിഷാദപർവത്തിലേക്ക് നീങ്ങലുമൊക്കെയായിരുന്നു രീതി. ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാൻ കെൽപ്പുള്ള ആധുനിക ലോകത്തെ പ്രജകളാണെന്ന് വീമ്പ് പറയുന്നവർ പക്ഷേ വൈകൃതം നിറഞ്ഞ ഉന്മാദവഴികളാണ് തിരഞ്ഞെടുക്കുന്നത്.
●●●
കുടുസ്സായ സാമുദായിക ചിന്തയുടെയും അസഹിഷ്ണുതയുടെയും പിടിയിൽനിന്ന് എന്നാണ് ഒരു മോചനമുണ്ടാവുക? കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ തൊപ്പി അഴിപ്പിക്കുന്ന വിഡിയോ കാണാത്തവരായി ഒരുപക്ഷേ, അധികമാരും ഉണ്ടാവില്ല. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിൽ തൊപ്പിധരിച്ച് ജോലി നിർവഹിച്ചുകൊണ്ടിരുന്ന കണ്ടക്ടറെ ചോദ്യംചെയ്ത് ഒരു യാത്രക്കാരി അദ്ദേഹത്തെ തൊപ്പി അഴിച്ചു മാറ്റാൻ നിർബന്ധിതനാക്കുന്നു. ഒരുപക്ഷേ അനിഷ്ടകരമായ രംഗം സൃഷ്ടിക്കേണ്ട എന്നു കരുതി കണ്ടക്ടർ പക്വമായ നിലപാട് സ്വീകരിച്ചതാവാം.
പക്ഷേ തൊപ്പിയോ തലപ്പാവോ തട്ടമോ അധികാരപൂർവം അഴിപ്പിക്കാൻ ആരാണ് അനുമതിയും ധൈര്യവും നൽകുന്നത്? വർഗീയ പ്രേരിതമായ ആ ചോദ്യം ചെയ്യലും പരസ്യമായ അവഹേളനവും നടത്തിയ യാത്രക്കാരിയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. അല്ലാത്ത പക്ഷം ഇതും ഒരു ട്രെൻഡ് ആയി മാറുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കപ്പെടുകയും ചെയ്യും.
ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരായി നടന്നുവരുന്ന കൈയേറ്റങ്ങൾ നടുക്കുന്ന രീതിയിൽ വർധിക്കുകയാണെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്) എന്ന കൂട്ടായ്മ സമാഹരിച്ച കണക്കുകളിൽ നിന്ന് വെളിപ്പെടുന്നു. 2023ന്റെ പാതിനാളുകൾ പിന്നിടുമ്പോഴേക്ക് രാജ്യമൊട്ടുക്ക് 400 ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളാണ് നടമാടിയിരിക്കുന്നത്. അത്തരം155 സംഭവങ്ങൾ അരങ്ങേറിയ യു.പിയാണ് അതിൽ ഒന്നാമത്. മണിപ്പൂരിൽ തുടർന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്കിടയിൽ ഏറ്റവുമധികം നശിപ്പിക്കപ്പെട്ട വസ്തുവകകളിലൊന്ന് ചർച്ചുകളായിരുന്നുവെന്നത് ആകുലത വർധിപ്പിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.