അവരുടെ മനസ്സിലുയരും മൂവർണം...
text_fieldsഅവർ എന്നും സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു; ഇന്ത്യ എന്ന ആശയം നിലനിൽക്കണമെന്ന് വാദിച്ചു. സഹജീവികളുടെ ജീവനും അവകാശങ്ങൾക്കും വേണ്ടി നിർഭയം പറഞ്ഞുകൊണ്ടേയിരുന്നു. പിറന്ന നാടിന്റെ മോചനത്തിനായി പൊരുതി ജീവൻ നൽകേണ്ടി വന്നവരെപ്പോലെ, സ്വാതന്ത്ര്യപ്പുലരിയിൽ തടവറയിൽ ഉണരേണ്ടി വന്നവരെപ്പോലെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ75ാം വാർഷികം ആഘോഷിക്കുമ്പോൾ അവരിൽ പലർക്കും അതിലൊന്നും പങ്കുചേരാനാവില്ല,അവർക്ക് അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ അവരുടെ ചിത്രത്തിനൊപ്പം ത്രിവർണം ചേർക്കാനാവില്ല... ചിലർ ഈ ലോകം തന്നെ വിട്ടുപോയി. നീതിക്കുവേണ്ടി ജീവിക്കുന്ന, ജീവിച്ച അവർക്ക് സ്വാതന്ത്ര്യം ആഘോഷിക്കാൻ അർഹതയുണ്ട്, നീതിയുടെ മുഖത്തു പൗഡറിട്ട പുറംലോകത്തോളം തന്നെ. അവർക്കു വേണ്ടി ഒരു സ്വാതന്ത്ര്യ പ്രൈാഫൈൽ ഞങ്ങൾ തയാറാക്കുന്നു; ത്രിവർണം ചാർത്തുന്നു...
ആർ.ബി. ശ്രീകുമാർ
ജനങ്ങൾക്കും രാജ്യത്തിനുംവേണ്ടി ജീവിച്ചു. പ്രതിബദ്ധത ഭരണഘടനയോടും ഈശ്വരനോടും മാത്രമാണെന്ന് ഉറച്ചുപറഞ്ഞു.സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴും ആലുവ യു.സി കോളജിൽ അധ്യാപകനായിരിക്കുമ്പോഴും ഇന്ത്യൻ പൊലീസ് സർവിസിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും വിരമിച്ച ശേഷവും എല്ലാ ദേശീയാഘോഷ ദിന പ്രഭാതങ്ങളിലും മൂവർണപതാക ഉയർത്തുമായിരുന്നു. ഗുജറാത്ത് വംശഹത്യാ ഇരകൾക്കായി നടത്തിയ ഇടപെടലുകളുടെ പേരിൽ ജയിലിലടക്കപ്പെട്ടതിനാൽ പതിറ്റാണ്ടുകൾക്കുശേഷം ഇതാദ്യമായി സ്വാതന്ത്ര്യദിന പതാക ഉയർത്താൻ അദ്ദേഹത്തിനായെന്നുവരില്ല.
സിദ്ദീഖ് കാപ്പൻ
നാട്ടിലുള്ളപ്പോൾ പൂച്ചോലമാടിലെ കുട്ടികളെ ഒരുമിച്ചുചേർത്ത് ഓരോ ആഗസ്റ്റ് 15നും പതാക ഉയർത്തുമായിരുന്നു. വിക്കിപീഡിയയിൽ നാടിനെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങൾ എഴുതിച്ചേർത്തു. ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ മുഖ്യ ഉത്സാഹക്കാരനായിരുന്നു. ബലാത്സംഗക്കൊലക്കിരയാക്കപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാൻ ഹാഥ്റസിലേക്ക് പുറപ്പെടവേ അറസ്റ്റുചെയ്ത് രണ്ടര വർഷമായി ജയിലിലടച്ചിരിക്കുന്നതിനാൽ ഇക്കുറി ആഘോഷങ്ങൾക്കുണ്ടാവില്ല. ഫേസ്ബുക്കിലെ പ്രൊഫൈലിൽ പതാക പറത്താനുമാവില്ല.
പ്രഫ. ഹാനി ബാബു
കാമ്പസിനകത്തും പുറത്തും എന്നും സാമൂഹിക നീതിക്കുവേണ്ടി വാദിച്ചു; അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മനുഷ്യരെയോർത്ത് വേദനിച്ചു. ഏറ്റവും പിറകിൽ നിൽക്കുന്ന വിദ്യാർഥിയും മുൻനിരയിലെത്തി വിജയിയായി പുഞ്ചിരിക്കുമ്പോഴാണ് യഥാർഥ വിമോചനമെന്ന ആപ്തവാക്യം സാധ്യമാക്കണമെന്ന് കാണുന്ന ഓരോ വ്യക്തിയോടും പറഞ്ഞുകൊണ്ടിരുന്നു. ഭിമാ കൊറേഗാവ് കേസിൽ കുരുക്കി. രണ്ടു വർഷമായി ജയിലിലടച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് ഏതു പാതിരാവിലും കയറിച്ചെല്ലാനാവുംവിധം എപ്പോഴും തുറന്നിട്ടിരുന്ന വീട്ടിലിരുന്ന് സാമൂഹിക നീതിയുടെയും ബഹുസ്വരതയുടെയും സൗന്ദര്യത്തെക്കുറിച്ച് പറയാൻ ഇക്കുറി പ്രഫസർക്കാവില്ല.
സക്കരിയ
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ, കുടുംബത്തിലെ വല്ലായ്മകൾ തീർക്കാൻ ചെറുപ്രായത്തിലേ ജോലിക്കിറങ്ങുന്ന ഇന്ത്യൻ യുവാക്കളുടെ പ്രതിനിധികളിലൊരാൾ എന്നായിരുന്നു 13 വർഷം മുമ്പുവരെ വിലാസം.ചെയ്ത തെറ്റ് എന്താണെന്ന് പോലുമറിയാതെ തടവറകളിൽ തള്ളപ്പെട്ട ആയിരക്കണക്കിന് ഇന്ത്യൻ യുവജനങ്ങളുടെ പ്രതിനിധി. പരപ്പന അഗ്രഹാര ജയിൽ എന്നാണ് 2009 ഫെബ്രുവരി അഞ്ചുമുതൽ വിലാസം. സ്വാതന്ത്ര്യദിനം എന്നു കേൾക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ മനസ്സിൽ ഓർമവരുക ഏതു ചിത്രമായിരിക്കുമെന്ന് ഇന്നാർക്കുമറിഞ്ഞുകൂടാ.
ടീസ്റ്റ സെറ്റൽവാദ്
വേദനിക്കുന്നവരുടെ പക്ഷം ചേരുന്ന നിർഭയ യുവ മാധ്യമ പ്രവർത്തകരുടെ മാതൃകയായിരുന്നു. വെറുപ്പിന്റെ രാജ്യതന്ത്രത്തെ ചെറുക്കാത്തപക്ഷം ഇന്ത്യ എന്ന പൂന്തോപ്പ് ദുരിതങ്ങളിലേക്ക് നീങ്ങുമെന്ന് വർഷങ്ങൾക്കുമുമ്പേ മുന്നറിയിപ്പു നൽകി. വേട്ടയാടപ്പെട്ട മനുഷ്യർക്കുവേണ്ടി വാദിച്ചതിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെട്ടു.നിങ്ങളുടെ കൈയിൽ ഗുജറാത്ത് വംശഹത്യയുടെ രക്തക്കറയുണ്ട് എന്ന് വിളിച്ചുപറഞ്ഞ 'കുറ്റ'ത്തിന് ജയിലിലുമായി. രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച മാധ്യമ-മനുഷ്യാവകാശപ്പോരാളി ഇത്തവണ ജയിലഴികളിലൂടെ അരിച്ചെത്തുന്ന ദേശീയഗാനത്തിന് കാതോർത്തിരിക്കും.
ഷക്കീല ബീഗം
ചിനാർ മരങ്ങളും നിറഞ്ഞു തൂങ്ങിയ ആപ്പിൾതോട്ടങ്ങളും ശാന്തമായൊഴുകുന്ന നദികളും നിറഞ്ഞ കശ്മീരിലെ ശീരി സ്വദേശി. അശാന്തിയുടെ വാർത്തകൾക്കു നടുവിലും പുഞ്ചിരിക്കുന്ന പ്രകൃതിയും കുഞ്ഞുങ്ങളും മനസ്സു നിറച്ചിരുന്നു.അതെല്ലാം ഭൂതകാല ചിത്രങ്ങളാണിന്ന്. 2016ൽ പെല്ലറ്റുകളാൽ കാഴ്ച നഷ്ടമായി. ചുറ്റിലും ഇരുൾ മാത്രമാണിപ്പോൾ. വീടിനടുത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് അവരെ ആരാണ് കൈപിടിച്ചു കൊണ്ടുപോവുക?
ഉമർ ഖാലിദ്
നാം ജീവിക്കുന്ന കാലത്തെ ഏറ്റവും രാഷ്ട്രീയ ബോധമുള്ള വിദ്യാർഥി നേതാവ്. അനീതികൾക്കെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തി കൊണ്ടിരിക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടത്തിൽ സജീവമായി പങ്കുചേർന്നു. വിദ്വേഷത്തിന്റെ അജണ്ടയെ ചോദ്യം ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റു ചെയ്തു. ഡൽഹി വംശഹത്യ കേസിൽ പ്രതിചേർത്തു. വൈരം പരത്തുന്നവർ സ്വതന്ത്രരായി വിഹരിച്ചു നടക്കവെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണമെന്ന് വാദിച്ച യുവാവ് രണ്ടുവർഷത്തിലേറെയായി തിഹാർ ജയിലിൽ.
ജാവേദ് മുഹമ്മദ്
പ്രയാഗ് രാജ് എന്ന് പേരുമാറ്റിയ അലഹാബാദിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ. അക്രമങ്ങളിൽ പങ്കുചേരരുതെന്ന് ജനങ്ങളെ ഉൽബോധിപ്പിച്ച് എഴുതിയ പോസ്റ്റിനു ശേഷം ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്യാനായിട്ടില്ല. ബി.ജെ.പി നേതാവ് നുപുർ ശർമ നടത്തിയ പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് ഉണ്ടായ അക്രമ സംഭവങ്ങളുടെ സൂത്രധാരൻ എന്ന ചാപ്പ ചാർത്തി ജയിലിലടച്ചിരിക്കുന്നു. ഇക്കുറി നാട്ടിലെ പതാക ഉയർത്തൽ ചടങ്ങിനുണ്ടാവില്ല. കോവിഡ് ദുരിതകാലത്ത് പട്ടിണിയിലായ മനുഷ്യർക്ക് ഭക്ഷണം വിളമ്പിയിരുന്ന വീട് ബുൾഡോസർ കയറ്റി തകർത്തു കളഞ്ഞതിനാൽ ആ വീട്ടിലും പതാക ഉയർത്തൽ ചടങ്ങുണ്ടാവില്ല.
ഡോ. ജി.എൻ. സായിബാബ
ഡൽഹി സർവകലാശാലയിലെ ഏറ്റവും ഊർജസ്വലനായ അധ്യാപകനായിരുന്നു. ഭീമ കോറേഗാവ് കേസിൽ ജയിലിലടക്കപ്പെട്ടതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. കോഴിമുട്ടയുടെ ആകൃതിയിലുള്ള അണ്ഡാസെല്ലിൽ ഏറെക്കാലം തടവിൽ കിടന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഏറെ പെരുകിയിരിക്കുന്നു. ചക്രക്കസേരയിൽ സഞ്ചരിക്കുന്ന, മറ്റൊരാളുടെ സഹായമില്ലാതെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് നീങ്ങാൻ കഴിയാത്ത ഈ അധ്യാപകനെ ഭരണകൂടം ഇത്രമാത്രം ഭയക്കുന്നത് എന്തുകൊണ്ടാണ്? അനീതിക്കെതിരെ അദ്ദേഹമുയർത്തിയ ചോദ്യങ്ങൾ അത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടാവുമവരെ.
ഫാ. സ്റ്റാൻ സ്വാമി
ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ആദിവാസി ജനതയെ പഠിപ്പിച്ചു, അവരുടെ അവകാശപ്പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ചു. ഈ അപരാധത്തിന്റെ പേരിൽ ഭീമ കൊറേഗാവ് കേസിൽ പെടുത്തി ജയിലിലടച്ചു. അവിടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിച്ചു.വൈകി മാത്രം ലഭിച്ച ചികിത്സക്കിടയിൽ രക്തസാക്ഷിത്വം വരിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും വാദിച്ച ഫാദർ മൂവർണക്കൊടിയുയർത്താൻ ഇനിയൊരിക്കലും വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.