ബി.ജെ.പിക്ക് കാറ്റുവീഴ്ച
text_fieldsലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഉത്തർപ്രദേശിൽ കണ്ട ഭാരതീയ ജനതാ പാർട്ടിയുടെ കാറ്റുവീഴ്ച രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുകയാണോ? നൽകുന്ന ചികിത്സ ഒന്നുമേൽക്കാതെ ഇത് വ്യാപിക്കുകയാണെന്ന് വ്യക്തമാക്കുന്നു ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയേറ്റുവാങ്ങിയ തോൽവി. 13ൽ ലഭിച്ചതാകെ രണ്ട് സീറ്റുകൾ. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് തടുക്കാൻ ബി.ജെ.പിക്ക് ആവുന്നില്ലെന്ന് വോട്ടിങ്...
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഉത്തർപ്രദേശിൽ കണ്ട ഭാരതീയ ജനതാ പാർട്ടിയുടെ കാറ്റുവീഴ്ച രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുകയാണോ? നൽകുന്ന ചികിത്സ ഒന്നുമേൽക്കാതെ ഇത് വ്യാപിക്കുകയാണെന്ന് വ്യക്തമാക്കുന്നു ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയേറ്റുവാങ്ങിയ തോൽവി. 13ൽ ലഭിച്ചതാകെ രണ്ട് സീറ്റുകൾ.
സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് തടുക്കാൻ ബി.ജെ.പിക്ക് ആവുന്നില്ലെന്ന് വോട്ടിങ് പ്രവണതകൾ വ്യക്തമാക്കുന്നു. മറുഭാഗത്ത് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കോൺഗ്രസും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിൽ ഡി.എം.കെയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയും നേടിയ ജയം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ‘ഇൻഡ്യ’ കൂടുതൽ കരുത്താർജിക്കുന്ന സൂചനയാണ് നൽകുന്നത്.
‘രാമ ഭഗവാന് പിന്നാലെ ബദ്രീ നാരായണനും ബി.ജെ.പിയെ കൈവിട്ടു’ എന്നതായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശനിയാഴ്ച സമൂഹമാധ്യമങ്ങളിലെ മുഖ്യവർത്തമാനം. ഹിന്ദു വോട്ടുബാങ്ക് ബി.ജെ.പിക്കുള്ള ബ്ലാങ്ക് ചെക്കല്ലെന്ന് പൊതുതെരഞ്ഞെടുപ്പിൽ അയോധ്യ നൽകിയ സന്ദേശം ഉപതെരഞ്ഞെടുപ്പിൽ ബദ്രീനാഥിലും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും സംസ്ഥാനങ്ങളിലും ഇനി ബി.ജെ.പിക്കേ ജയിക്കാനാവൂ എന്ന നരേറ്റീവിനെ പൊളിക്കുന്നതാണ് ദേവഭൂമിയിലെ തോൽവി.
ബി.ജെ.പി നെയ്തുണ്ടാക്കിയ ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും വല ഭേദിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഏകാധിപത്യത്തെ സമൂലം പിഴുതെറിഞ്ഞ് നീതിയുടെ വാഴ്ച സ്ഥാപിക്കണമെന്ന് കർഷകരും യുവജനങ്ങളും തൊഴിലാളികളും വ്യവസായികളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ആഗ്രഹിക്കുന്നുവെന്നും ജീവിതം മെച്ചപ്പെടുത്താനും ഭരണഘടന സംരക്ഷിക്കാനും പൊതുജനം ‘ഇൻഡ്യ’ മുന്നണിക്കൊപ്പം നിൽക്കുകയാണെന്നും രാഹുൽ ഫലത്തെ വിലയിരുത്തുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ആറിലും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ മത്സരമായിരുന്നു. അതിൽ നാലും കോൺഗ്രസ് നേടി.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ എം.എൽ.എമാർ കൂറുമാറി വോട്ടുചെയ്തതിന്റെ പിറ്റേന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. സ്വന്തം സർക്കാറിനെ വീഴ്ത്താൻ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്ക് മുന്നിൽ സ്വയം വിൽപനക്ക് വെച്ച സംസ്ഥാനമായിരുന്നു ഹിമാചൽ പ്രദേശ്. എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച് കോൺഗ്രസ് ഭരണം അട്ടിമറിക്കാൻ വേണ്ടതിലധികം പണവും അധ്വാനവും ചെലവിട്ടു ബി.ജെ.പി ഇവിടെ.
ഏതാനും മാസങ്ങൾ മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അഭിഷേക് മനു സിങ്വിയെ തോൽപിക്കാൻ ആറ് കോൺഗ്രസ് എം.എൽ.എമാർ കൂറുമാറി ബി.ജെ.പിക്ക് വോട്ടു ചെയ്തതും ഇവിടെയാണ്. ചാക്കിട്ടുപിടിച്ചവരെ കൊണ്ട് രാജ്യസഭാ സീറ്റ് പിടിച്ചെടുക്കാനായെങ്കിലും കോൺഗ്രസ് ഭരണം മറിച്ചിടാൻ ബി.ജെ.പിക്കായില്ല. സ്വന്തം നേതാക്കളുടെ വിശ്വാസ വഞ്ചനയിലൂടെ നിയമസഭയിലെ കക്ഷിനില 40ൽനിന്ന് 34ലെത്തിയ കോൺഗ്രസ് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 68 അംഗ നിയമസഭയിൽ 40 സീറ്റുമായി വീണ്ടും നില ഭദ്രമാക്കി.
ഹിമാചൽ പ്രദേശിലെ ദെഹ്റ മണ്ഡലത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിന്റെ ഭാര്യ കമലേശ് ഠാക്കൂർ ബി.ജെ.പിയുടെ ഹോഷിയാർ സിങ്ങിനെ 9399 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നലഗഡിൽ കോൺഗ്രസിലെ ഹർദീപ് സിങ് ബാവ ബി.ജെ.പി സ്ഥാനാർഥി കെ.എൽ. ഠാകൂറിനെ തോൽപിച്ചത് 25,618 വോട്ടുകൾക്കാണ്. അതേസമയം ഹാമിർപൂരിൽ ബി.ജെ.പിയുടെ ആശിഷ് ശർമ കോൺഗ്രസിന്റെ പുഷ്പീന്ദർ വർമക്കുമേൽ ജയം നേടിയത് കേവലം 1500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ആപ് വിട്ട് ബി.ജെ.പിയിലേക്ക് പോയ സിറ്റിങ് എം.എൽ.എ ശീതൾ അങ്കുരാൾ 37,325 വോട്ടുകൾക്കാണ് പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആം ആദ്മി പാർട്ടിയുടെ മൊഹീന്ദർ ഭഗതിനോട് തോറ്റത്.
ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന് കരുതിയ മധ്യപ്രദേശിൽപോലും 3027 വോട്ടിന്റെ ഭൂരിപക്ഷമേ ബി.ജെ.പിക്ക് നേടാനായുള്ളൂ. സ്വന്തം നിലക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ ബി.ജെ.പി ഒപ്പം കൂട്ടിയ സഖ്യകക്ഷി സ്ഥാനാർഥികളും തോറ്റമ്പി. തമിഴ്നാട്ടിൽ വന്നിയർ സമുദായത്തിന്റെ രാഷ്ട്രീയ ശക്തിയായ പട്ടാളി മക്കൾ കച്ചി (പി.എം.കെ)യുടെ ഉപാധ്യക്ഷൻ സി. അമ്പുമണിയായിരുന്നു ആ സമുദായത്തിന്റെ വോട്ടുകൾ നിർണായകമായ വിക്കിരവാണ്ടി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി. ഡി.എം.കെ എം.എൽ.എയുടെ മരണത്തെതുടർന്ന് വേണ്ടിവന്ന ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മത്സരിക്കാതെ വിട്ടുനിന്നത് എൻ.ഡി.എ സ്ഥാനാർഥിയെ ജയിപ്പിക്കാനാണെന്ന ആക്ഷേപവുമുണ്ടായിരുന്നു. എന്നാൽ, അണ്ണാ ഡി.എം.കെയുടെ വോട്ടുകളും പിടിച്ച് ഡി.എം.കെയുടെ അണ്ണിയൂർ ശിവ കൊടിയ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.
ഭരണവിരുദ്ധ വികാരം പാരമ്യത്തിൽ നിൽക്കെ ആരെ സ്ഥാനാർഥിയാക്കിയാലും ജനം വോട്ടുചെയ്തോളുമെന്ന് കരുതരുതെന്ന പാഠം ഈ ഉപതെരഞ്ഞടുപ്പ് ഇൻഡ്യ മുന്നണിക്കും നൽകുന്നുണ്ട്. ബിഹാറിൽ എൻ.ഡി.എ സർക്കാറിന്റെ അഴിമതിയുടെ പാലങ്ങൾ ഒന്നിന് പിറകെയൊന്നായി തകർന്നുവീണുകൊണ്ടിരിക്കേ നടന്ന ഉപതെരഞ്ഞെടുപ്പിലും രൂപൗലി മണ്ഡലത്തിൽ ആർ.ജെ.ഡി സ്ഥാനാർഥി ബീമ ഭാരതിയെ ജയിപ്പിക്കാൻ ഇൻഡ്യക്കായില്ല. പൂർണിയ ലോക്സഭാ മണ്ഡലത്തിൽ ഇരുമുന്നണികളെയും തോൽപിച്ച് പപ്പു യാദവ് നേടിയ ജയത്തെ ഓർമിപ്പിക്കുന്നതാണ് എണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്വതന്ത്ര സ്ഥാനാർഥി ശങ്കർ സിങ് നേടിയ വിജയം.
അതേസമയം ജനം ബി.ജെ.പിക്ക് ഒരു ബദൽ തേടുന്നുണ്ട്. സ്വന്തം നേതാക്കൾക്ക് വേണ്ടെങ്കിൽപോലും ശക്തമായ ഒരു പ്രതിപക്ഷത്തെ അവർ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. നീറ്റ് മുതൽ അഗ്നിവീർവരെ കത്തിനിൽക്കുന്ന സമയത്ത് 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25നെ ‘സംവിധാൻ ഹത്യാ ദിവസ്’ ആയി പ്രഖ്യാപിച്ചത് കൊണ്ട് മുന്നിലുള്ള യാഥാർഥ്യങ്ങൾക്കുനേരെ ജനം കണ്ണടക്കില്ല. മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായി അഭിപ്രായപ്പെട്ടതുപോലെ 70 ശതമാനം ജനങ്ങളും 70കൾക്ക് ശേഷം ജനിച്ച ഒരു രാജ്യത്ത് ഇന്നത്തെ വിഷയങ്ങൾ സംസാരിക്കുന്ന നേതാക്കളെയാണ് ഇന്നത്തെ ഇന്ത്യ ആഗ്രഹിക്കുന്നതെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.