അവസാനിക്കുമോ വാർത്തയിലെ വർഗീയ വിഷം കലക്കൽ
text_fieldsമാധ്യമ പ്രവർത്തനമെന്നത് ഒരുകാലത്ത് ഏറ്റവും ഉത്തരവാദപ്പെട്ട സേവനമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. വർഗീയ അജണ്ടകൾ നടപ്പിലാക്കാനും കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനും വാർത്തകൾ വളച്ചൊടിക്കുകയും വർഗീയ വിഷം കലർത്തുകയും ചെയ്യുന്നത് നിർബാധം തുടരുന്നതിനിടെ എൻ.ബി.ഡി.എസ്.എ നടത്തിയ ഇടപെടൽ എന്തുകൊണ്ടും ആശ്വാസകരമാണ്...
വർഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്തതിന് ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ് 18 എന്നീ മൂന്ന് ദേശീയചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർസ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ) ശാസിച്ചിരിക്കുന്നു. ഏറെ വൈകിപ്പോയെങ്കിലും സ്വാഗതാർഹമായ നടപടിയെന്നുതന്നെ വിശേഷിപ്പിക്കണമിതിനെ. പുണെയിൽ നടത്തിയ പ്രകടനത്തിൽ പി.എഫ്.ഐ പ്രവർത്തകർ പാകിസ്താന് സിന്ദാബാദ് വിളിച്ചുവെന്ന വ്യാജ വാർത്തയാണ് ടൈംസ് നൗവിനെതിരായ ശാസനക്ക് വഴിവെച്ചത്. ഫ്രീലാൻസ് റിപ്പോർട്ടർമാരെയും എ.എൻ.ഐ, പി.ടി.ഐ എന്നീ വാർത്ത ഏജൻസികളെയും അവലംബിച്ചാണ് വാർത്ത സംപ്രേക്ഷണം ചെയ്തത് എന്ന ടൈംസ് നൗ വിന്റെ അവകാശവാദം മുഖവിലക്കെടുക്കാൻ അതോറിറ്റി കൂട്ടാക്കിയില്ല. പല വസ്തുതാ പരിശോധന വെബ്സൈറ്റുകളും ഈ വാർത്ത പരിശോധന വിധേയമാക്കി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഞങ്ങൾ പുറത്തുവിടുന്ന ബ്രേക്കിങ് ന്യൂസ് എന്ന അവകാശവാദത്തോടെയാണ് നിങ്ങളീ വാർത്ത സംപ്രേക്ഷണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ റിട്ട. ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലെ സമിതി വ്യാജ വാർത്തയുടെ വിഡിയോ ലിങ്കുകൾ പൂർണമായും നീക്കം ചെയ്യാൻ നിർദേശിച്ചു.
ജനസംഖ്യാ വർധന സംബന്ധിച്ച ചർച്ച വർഗീയനിറം നൽകി സംപ്രേക്ഷണം ചെയ്തതാണ് സീ ന്യൂസിനെതിരായ പരാതി. 2022 ജൂലൈ 12ന് ഒരു ടി.വി ചർച്ച, മുസ്ലിംകളാണ് രാജ്യത്തെ ജനസംഖ്യാ വർധനയുടെ ഉത്തരവാദികൾ എന്ന മട്ടിലാണ് മുന്നോട്ടുപോയതെന്ന് വസ്തുതകൾ പരിശോധിച്ചശേഷം അതോറിറ്റി ചൂണ്ടിക്കാട്ടി. ആ ചർച്ച സംപ്രേക്ഷണ ചട്ടങ്ങളും നിലവാരവും ലംഘിച്ചിരിക്കുന്നുവെന്ന് പരസ്യപ്പെടുത്തണമെന്ന് നിർദേശിച്ചതിനു പുറമെ ഭാവിയിൽ ഇത്തരം റിപ്പോർട്ടുകൾ നൽകരുതെന്നും ചാനലിന് താക്കീതുണ്ട്.
മുസ്ലിംകൾക്കെതിരെ ആക്ഷേപ പരാമർശങ്ങൾ നടത്തിയ ന്യൂസ് 18 ഹിന്ദി ചാനലിന് പിഴ ചുമത്താനും അതോറിറ്റി നിർദേശിച്ചു. അമൻ ചോപ്ര അവതരിപ്പിച്ച നാല് പരിപാടികളാണ് ഈ നടപടിക്ക് കാരണം.
മുസ്ലിംകളെ തൂണിൽ കെട്ടിയിട്ട് അടിക്കുന്നതിനെ പ്രകീർത്തിക്കുകയും മുസ്ലിം ജനസംഖ്യ വർധന സംബന്ധിച്ച് തെറ്റായ കണക്കുകൾ അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്നവയായിരുന്നു മേൽചൊന്ന പരിപാടികൾ. രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കൾക്കെതിരെ 20 ശതമാനം ആളുകൾ സംഘടിക്കുന്നു എന്ന ധ്വനിയിലാണ് 18 ജനുവരി 2022 സംപ്രേക്ഷണം ചെയ്ത സംവാദം ആരംഭിക്കുന്നതുതന്നെ. അത് തികച്ചും അനുചിതമായ, വർഗീയ സ്വഭാവമുള്ള പരാമർശമാണെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
വാർത്താ റിപ്പോർട്ടിങ്ങിൽ അവശ്യം പാലിച്ചിരിക്കേണ്ട അടിസ്ഥാന തത്ത്വങ്ങളായ നിഷ്പക്ഷത, വസ്തുനിഷ്ഠത, സമഭാവം എന്നിവയുടെ ലംഘനമാണിതെന്ന് ജസ്റ്റിസ് സിക്രി വ്യക്തമാക്കുന്നു. ഹിന്ദു ജനതക്കിടയിൽ മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷം ജനിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് തികച്ചും മുസ്ലിം വിരുദ്ധ പരാമർശങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ആ പരിപാടിയെന്ന് ചാനലിനെതിരെ പരാതി നൽകിയ അൻജു ദുബേ ആരോപിച്ചിരുന്നു.
പരിപാടിയിലുടനീളം അവതാരകൻ മുസ്ലിംകളോട് വംശീയമായ നിലപാടാണ് കൈക്കൊണ്ടത്. പിഴയടക്കുന്നതിനുപുറമെ വെബ്സൈറ്റിൽനിന്നും യൂട്യുബിൽനിന്നും ഈ ചർച്ചയുടെ വിഡിയോകൾ നീക്കണമെന്ന് ജസ്റ്റിസ് സിക്രി ഫെബ്രുവരി 27ന് പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
സംപ്രേക്ഷണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന കാര്യം മാർച്ച് ആറ്, ഏഴ് തീയതികളിൽ ഓരോ മണിക്കൂർ ഇടവിട്ട് എഴുതിക്കാണിക്കാനും അവരോട് ആവശ്യപ്പെട്ടിരിക്കുന്നു.
2022 ഒക്ടോബർ നാലിനാണ് നടപടിക്കാസ്പദമായ മറ്റൊരു ചർച്ച സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ഗുജറാത്തിലെ ഖേദ ജില്ലയിൽ ഒരു പള്ളിക്കുസമീപം ഗർബാ ചടങ്ങുകൾ നടക്കുന്ന പന്തലിലേക്ക് കല്ലെറിഞ്ഞുവെന്നാരോപിച്ച് അഞ്ച് മുസ്ലിം പുരുഷന്മാരെ പോസ്റ്റിൽ കെട്ടിയിട്ട് പൊലീസ് പ്രഹരിച്ച സംഭവത്തെ അധികരിച്ചായിരുന്നു ഇത്. ആൾക്കൂട്ടം ആർപ്പുവിളി മുഴക്കവേ പൊലീസ് നടത്തിയ ഈ നിയമബാഹ്യ പ്രവർത്തനത്തെ ആഘോഷമാക്കി റിപ്പോർട്ട് ചെയ്തതിനെ ഇന്ദ്രജീത് ഘോർപാഡെയാണ് അതോറിറ്റിക്കുമുന്നിൽ ചോദ്യം ചെയ്തത്. മുസ്ലിംകൾ ചെയ്യുന്ന ജിഹാദ് ആണിതെന്ന് ആരോപിച്ചും പൊലീസിന്റെ മനുഷ്യത്വ രഹിതമായ നിയമലംഘനത്തെ പ്രകീർത്തിച്ചും മുസ്ലിംവിരുദ്ധ വികാരം സൃഷ്ടിക്കുകയായിരുന്നു ചാനലിന്റെ ലക്ഷ്യമെന്ന പരാതിക്കാരന്റെ ആരോപണത്തെ ചാനൽ അധികൃതർ നിഷേധിച്ചെങ്കിലും അത് സ്വീകാര്യമായില്ല. ഏതാനും കുബുദ്ധികളുടെ ചെയ്തിയുടെ പേരിൽ മുസ്ലിം സമുദായത്തെ ഉന്നമിട്ട്, അപകീർത്തിപ്പെടുത്തുകയും പഴിക്കുകയും ചെയ്ത ചാനൽ പിഴയടക്കുകയും വിഡിയോകൾ നീക്കം ചെയ്യുകയും വേണമെന്ന് അതോറിറ്റി നിർദേശിക്കുന്നു.
കർണാടകയിലെ ബി.ജെ.പി യുവനേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2022 ജൂലൈ 28ന് അമൻ ചോപ്ര നയിച്ച ചർച്ചയാണ് നടപടിക്ക് കാരണമായ മറ്റൊരു പരിപാടി. 2022 ജൂലൈ 19നും 28നുമിടയിൽ ദക്ഷിണ കർണാടകയിൽ മൂന്ന് വർഗീയ കൊലപാതകങ്ങൾ അരങ്ങേറിയിട്ടും നെട്ടാരുവിന്റെ വധം മാത്രമാണ് ചാനൽ ചർച്ചക്കെടുത്തതെന്നും മറ്റ് രണ്ട് സംഭവങ്ങളിൽ കൊല്ലപ്പെട്ടത് മുസ്ലിംകളായിരുന്നുവെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
ധാർമിക നിയമങ്ങളും ബ്രോഡ്കാസ്റ്റിങ് മാനദണ്ഡങ്ങളും വംശീയ-മത ഐക്യത്തിന് വിഘാതം വരാതിരിക്കാനുള്ള റിപ്പോർട്ടിങ് സംബന്ധിച്ച മാർഗനിർദേശങ്ങളും ചാനൽ ലംഘിച്ചതായി ജസ്റ്റിസ് സിക്രി നിരീക്ഷിച്ചു.
യു.പിയിലും ബംഗ്ലാദേശ്, നേപ്പാൾ അതിർത്തിയിലെ ജില്ലകളിലും മുസ്ലിം ജനസംഖ്യ കുത്തനെ വർധിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന് പൊലീസ് നൽകിയ റിപ്പോർട്ടിനെ അധികരിച്ച് എന്ന പേരിൽ നടത്തിയ ചർച്ചയാണ് മറ്റൊന്ന്.
പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ ജനസംഖ്യാ പട്ടികയെയും പിന്തുണച്ചു കൊണ്ട് മുസ്ലിംകളെ മോശമായി ചിത്രീകരിക്കാനും ആ ജനവിഭാഗത്തിനെതിരെ വിദ്വേഷം ജനിപ്പിക്കാനുമായി കരുതിക്കൂട്ടി നടത്തിയ ചർച്ചയായിരുന്നു അതെന്ന് അവയിൽ ഉപയോഗിച്ച ഹാഷ് ടാഗുകളും പരാമർശങ്ങളും വ്യക്തമാക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു.
വിഷയത്തെ വർഗീയവത്കരിച്ച ചാനൽ, മുസ്ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്നും ജനസംഖ്യ വർധിപ്പിക്കാനായി നുഴഞ്ഞു കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമുള്ള ധ്വനിയാണ് നൽകുന്നതെന്ന് വ്യക്തമാക്കിയ അതോറിറ്റി പിഴ ചുമത്തുകയും ഇത്തരം ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിരുത്തരവാദപരമായ വർഗീയ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്ന് അവതാരകനോട് ആവശ്യപ്പെടുകയും ചെയ്തു.
മാധ്യമ പ്രവർത്തനമെന്നത് ഒരുകാലത്ത് ഏറ്റവും ഉത്തരവാദപ്പെട്ട സേവനമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. വർഗീയ അജണ്ടകൾ നടപ്പിലാക്കാനും കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനും വാർത്തകൾ വളച്ചൊടിക്കുകയും വർഗീയ വിഷം കലർത്തുകയും ചെയ്യുന്നത് നിർബാധം തുടരുന്നതിനിടെ എൻ.ബി.ഡി.എസ്.എ നടത്തിയ ഇടപെടൽ എന്തുകൊണ്ടും ആശ്വാസകരമാണ്. മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷാ ചാനലുകളും തെറ്റായ, അതിലേറെ ആപത്കരവും ജനവിരുദ്ധവുമായ വാർത്താ സംപ്രേക്ഷണ ശൈലി പിൻപറ്റാൻ മുതിരുന്നുവെന്നത് പതിറ്റാണ്ടുകളോളം മാധ്യമ പ്രവർത്തനം നടത്തിയ വ്യക്തി എന്ന നിലയിൽ എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.