ഇന്ത്യ: ജാതി സെൻസസിന് മുമ്പും ശേഷവും
text_fieldsജാതിസെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം പാർശ്വവത്കൃതർക്കിടയിൽ സൃഷ്ടിക്കുന്ന പുതിയ ഐക്യബോധം ഹിന്ദുത്വ ഏകീകരണ പദ്ധതികൾക്ക് പൂർണവിരാമമിടാൻ കെൽപ്പുള്ള രാഷ്ട്രീയ സാധ്യതയാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന കീഴാളജനവിഭാഗങ്ങൾക്ക്, നൂറ്റാണ്ടുകളുടെ ജാത്യാടിമത്ത സാംസ്കാരിക ഭീകരതക്കെതിരായും, കൃത്യമായ ഡേറ്റ അനുസരിച്ചുള്ള തങ്ങളുടെ mസാമൂഹികക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടിയും വോട്ടുചെയ്യാൻ സാധ്യത തുറക്കുന്ന തെരഞ്ഞെടുപ്പാണ് 2024ൽ നടക്കാൻ പോകുന്നത്
സവർണ യാഥാസ്ഥിതികത്വത്തിനുമേൽ ഒരു അശനിപാതം പോലെയാണ് ബിഹാറിലെ ജാതിസെൻസസ് നിപതിച്ചതെന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. 2011ൽ യു.പി.എ സർക്കാർ ജാതിസെൻസസ് നടത്തിയിരുന്നു. അതിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നതാണ്. അതിനുമുമ്പ് ജാതിസെൻസസ് നടന്നിട്ടുള്ളത് ബ്രിട്ടീഷ് ഭരണകാലത്താണ്. അതും 1881ലും 1931ലും മാത്രം. ജാതിസെൻസസ് ഇന്ത്യയിൽ യാഥാർഥ്യമാകുന്നതിനുപിന്നിൽ ഡോ. ബി.ആർ. അംബേദ്കറുടെ ദീർഘദർശനമാണെന്നത് മറക്കാൻ കഴിയില്ല.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 340, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകൾ പഠിക്കുന്നതിന് കമീഷൻ ഏർപ്പെടുത്താനും അതിലെ നിഗമനങ്ങൾ പാർലമെന്റിന് കൈമാറാനും ഇന്ത്യൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്നുണ്ട്. കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെപ്പറ്റി പഠിക്കുന്നതിനുള്ള നിയമപരമായ സാധുതയാണ് പരോക്ഷമായെങ്കിലും ഈ അനുച്ഛേദത്തിലൂടെ നിലവിൽവന്നത്. ജാതി സെൻസസ് കോടതികളിൽ ചോദ്യംചെയ്യപ്പെടുമ്പോൾ, അനുച്ഛേദം 340 അതിനു മറുപടിയാവുന്നത് ഡോ. അംബേദ്കറുടെ ദീർഘവീക്ഷണത്തിനുള്ള മറ്റൊരു ഉദാഹരണമാവുന്നു.
സാമൂഹികാവസ്ഥയുടെ നേർക്കണ്ണാടി
ബിഹാറിലെ ജാതിസെൻസസ് പുറത്തുകൊണ്ടുവന്ന വിവരങ്ങൾ അപ്രതീക്ഷിതമല്ല. ഇന്ത്യയിലെ സവർണ ന്യൂനപക്ഷമാണ് ജാതിവ്യവസ്ഥയുടെയും ചാതുർവർണ്യത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന അവർണ ജാതിസമൂഹങ്ങളെ അടിച്ചമർത്തി ഭരിക്കുന്നതെന്ന, സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്ന യാഥാർഥ്യത്തിലേക്ക് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ് ജാതിസെൻസസ്. ഇതിലെ വിവരങ്ങളുടെ അപ്രതീക്ഷിതത്വമല്ല, മറിച്ച്, പ്രതീക്ഷിതമായ വിവരങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കാത്ത ബ്രാഹ്മണ്യ ഭരണകൂടത്തിനും അതിന്റെ ഭരണയുക്തിക്കും എല്ലാ സാധൂകരണവും നഷ്ടപ്പെടുന്നു എന്നതാണ് ജാതിസെൻസസ് ഏൽപിക്കുന്ന ഏറ്റവും കനത്ത രാഷ്ട്രീയ പ്രഹരം.
13 കോടിവരുന്ന സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനത്തിലധികം പട്ടികജാതിക്കാരാണ്. പട്ടികവർഗക്കാർ 1.68 ശതമാനമാണ്. ജനസംഖ്യയുടെ 27 ശതമാനം പിന്നാക്ക വിഭാഗവും 36 ശതമാനം അതിപിന്നാക്ക വിഭാഗവുമാണെന്ന് സർവേ വെളിപ്പെടുത്തുന്നുണ്ട്. അതായത്, 63 ശതമാനം പിന്നാക്കക്കാരും 21 ശതമാനം ദലിതരുമടക്കം 84 ശതമാനംപേരും അവർണരും, കേവലം 15.50 ശതമാനം മാത്രം സവർണരുമെന്നതാണ് ബിഹാറിന്റെ ജാതിഘടന.
ഇന്ത്യൻ ജാതിവ്യവസ്ഥയുടെ അധികാര സ്വരൂപങ്ങളായ ബ്രാഹ്മണർ 3.66 ശതമാനവും രജപുത്രർ മൂന്നു ശതമാനവും ഭൂമിഹാറുകൾ 2.87 ശതമാനവുമാണ്. ഈ സെൻസസ് വിവരങ്ങൾ അപ്രതീക്ഷിതമല്ലാത്തതുപോലെ, ഇതിന്റെ ഇനിയും പുറത്തുവന്നിട്ടില്ലാത്ത വിഭവ ഉടമസ്ഥതയുടെയും ജോലികളുടെയും വിവരങ്ങളും ആരെയും അത്ഭുതപ്പെടുത്തില്ല. സവർണർ സമ്മതിക്കില്ലെങ്കിലും, പൊതുവിൽ എല്ലാവർക്കും അറിയാവുന്നതുപോലെ ഇതിന്റെ ഭൂരിപക്ഷവും കൈയടക്കിയിട്ടുണ്ടാവുക ജനസംഖ്യാനുപാതങ്ങൾക്കു വിപരീതമായി സവർണർതന്നെ ആയിരിക്കും.
ജാതിക്കണക്കിനേക്കാൾ ഇന്ത്യയിലെ ജാതി യാഥാസ്ഥിതികർ കൂടുതൽ ഞെട്ടിവിറക്കുക വിഭവാധികാരത്തെക്കുറിച്ചുള്ള ആധികാരികമായ അത്തരം വിവരങ്ങൾകൂടി പുറത്തുവരുമ്പോഴായിരിക്കും. സംവരണംമൂലം ജോലിയും വിദ്യാഭ്യാസ പ്രവേശനവും ലഭിക്കാതെപോയ ദശലക്ഷക്കണക്കായ സവർണജീവിതങ്ങളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കെട്ടുകഥകളാണ് ആവിയാകാൻ പോകുന്നത്.
ഡോ. അംബേദ്കർ വിഭാവനംചെയ്ത ഭരണഘടനാപരമായ കടമയുടെ അടിസ്ഥാനത്തിൽ പിന്നാക്ക സമുദായങ്ങളുടെയും ദലിതരുടെയും ആദിവാസികളുടെയും ഉന്നമനം, ക്ഷേമപദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ജാതിസെൻസസ് ആരംഭിച്ചത്. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന് സർവേ നിർണായകമാണെന്ന് ബിഹാർ സർക്കാർ നിലപാടെടുത്തപ്പോൾ, നിയമപരമായ വെല്ലുവിളികളും സവർണ യാഥാസ്ഥിതികത്വത്തിന്റെ ശക്തമായ എതിർപ്പുകളും നേരിടേണ്ടിവന്നിരുന്നു.
ബിഹാർ സർക്കാർ ഭരണഘടനാപരമായ അധികാരപരിധി ലംഘിച്ചുവെന്നാരോപിച്ച് സർവേ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടെങ്കിലും ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും ജാതിസർവേ വിലക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു. സവർണ യാഥാസ്ഥിതികത്വം ഏറ്റവും കൂടുതൽ ഭയക്കുന്നത് ജാതിപരമായ ജനസംഖ്യാ വിതരണത്തിന്റെ കണക്കുകളെയാണ്. തങ്ങളുടെ മതഭൂരിപക്ഷ സാംസ്കാരിക ദേശീയതാവാദത്തെയും അതിന്റെ മുഖ്യ ഉറവിടമായ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെയും ജാതിതിരിച്ചുള്ള ജനസംഖ്യാ കണക്കുകൾ പ്രതിരോധത്തിലാക്കും എന്നതാണ് ഈ ഭീതിയുടെയും അസഹിഷ്ണുതയുടെയും അടിസ്ഥാനം.
പുതിയ രാഷ്ട്രീയ സാധ്യതകൾ
ബിഹാറിൽ ജാതിസെൻസസ് പൂർത്തിയായതോടെ കോൺഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് രാജ്യവ്യാപകമായ ജാതിസെൻസസ് എന്ന ആവശ്യം പൂർവാധികം ശക്തിയോടെ ഉയർന്നുവന്നിട്ടുണ്ട്. കർണാടകയിലെ കോൺഗ്രസ് സർക്കാർ 2015ലെ ജാതിസെൻസസ് ഫലങ്ങൾ പുറത്തുവിടുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ജാതിസെൻസസ് നടത്താൻ ഒരുങ്ങുകയാണെന്ന് അശോക് ഗഹ്ലോത് പ്രഖ്യാപിച്ചുകഴിഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഛത്തിസ്ഗഢിലും മധ്യപ്രദേശിലും ജാതിസെൻസസ് ഉണ്ടാവുമെന്ന് പ്രിയങ്കയും പ്രഖ്യാപിച്ചിട്ടുണ്ട്. പവാറും സ്റ്റാലിനും ജാതിസെൻസസിനെ അനുകൂലിക്കുന്നു. കഴിഞ്ഞമാസം ഛത്തിസ്ഗഢിൽ കോൺഗ്രസിന്റെ ബഹുജന റാലിയിൽ രാഹുൽ ഗാന്ധി ജാതിസെൻസസ് ആവശ്യപ്പെട്ടുകൊണ്ട് പ്രസ്താവിച്ചത് ‘ജാതി സെൻസസ് ഇന്ത്യയുടെ എക്സ്-റേയാണ്’ എന്നായിരുന്നു.
ഇത്തരമൊരു നടപടി ഒ.ബി.സി, ദലിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ അധികാരത്തിലുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിനു അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. യു.പി.എ അധികാരത്തിലിരുന്നപ്പോൾ നടത്തിയ ജാതിസെൻസസിന്റെ കണക്കുകൾ പൂർത്തിയായിവരുമ്പോഴാണ് ആ സർക്കാർ അധികാരഭ്രഷ്ടമായത്. തുടർന്നുവന്ന ബി.ജെ.പി സർക്കാർ അത് പുറത്തുവിടാൻ വിസമ്മതിച്ചു.
ബിഹാറിലും മറ്റിടങ്ങളിലും ഒ.ബി.സി ജനസംഖ്യയുടെ പങ്ക് 27 ശതമാനം മാത്രമാണെന്ന ധാരണയാണ് നിലനിന്നിരുന്നത്. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും ലഭിക്കുന്ന സംവരണത്തിന്റെ അളവ് ഇതിനു ആനുപാതികമാണെന്ന ധാരണക്ക് ഇളക്കം തട്ടാതിരിക്കാനാണ് ജാതിസെൻസസ് നടപ്പാക്കുന്നതിനെ സവർണ യാഥാസ്ഥിതികത്വം തടഞ്ഞുകൊണ്ടിരുന്നത്. 1980ൽ മണ്ഡൽ കമീഷൻ, രാജ്യത്തെ ഒ.ബി.സി ജനസംഖ്യയുടെ വിഹിതം 52 ശതമാനമായി കണക്കാക്കിയിരുന്നു. എന്നാൽ, ബിഹാറിലെങ്കിലും ഇത് 63 ശതമാനമാണെന്ന വസ്തുത ജാതിസെൻസസ് പുറത്തുകൊണ്ടുവന്നിരിക്കുന്നു. സംവരണമുണ്ടായിട്ടും, തങ്ങളുടെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, സർക്കാർ ജോലികളുടെ ആനുപാതികമല്ലാത്ത വലിയ വിഹിതം സവർണർ കൈവശപ്പെടുത്തുകയാണെന്ന യാഥാർഥ്യം മറനീക്കി പുറത്തുവരുമെന്നതാണ് ഇതിന്റെ അടുത്തഘട്ടം.
കശ്മീരിനും പൗരത്വ നിയമത്തിനുംശേഷം വരുന്ന തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനമെന്ന അജണ്ട കൊഴുപ്പിക്കാൻ ബി.ജെ.പി ഏകീകൃത സിവിൽ കോഡിന്റെ പുകമറ ഉയർത്തുന്ന സമയത്താണ് സാമൂഹിക നീതിയുടെ അംബേദ്കർ രാഷ്ട്രീയവും അവസര സമത്വത്തിന്റെ നെഹ്റുവിയൻ രാഷ്ട്രീയവും ഒരുപോലെ പ്രസക്തമാവുന്ന ജാതിസെൻസസ് എന്ന മുദ്രാവാക്യം പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവെച്ചിരിക്കുന്നത്. മതപരവും വംശീയവുമായ രീതിയിൽ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്ന അജണ്ടയുടെ ഭാഗമായി, ജാതിവൈരുധ്യങ്ങളുടെ അധികാര വ്യവസ്ഥയെ മറച്ചുവെച്ചുകൊണ്ട് ഏകീകൃത ഹിന്ദുസ്വത്വത്തിനുള്ള പിന്തുണ സമാഹരിച്ച് അധികാരത്തിൽ വീണ്ടുമെത്തുക എന്ന ബി.ജെ.പിയുടെ പ്രതീക്ഷക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല, ജാതിസെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം പാർശ്വവത്കൃതർക്കിടയിൽ സൃഷ്ടിക്കുന്ന പുതിയ ഐക്യബോധം ഹിന്ദുത്വ ഏകീകരണ പദ്ധതികൾക്ക് പൂർണവിരാമമിടാൻ കെൽപ്പുള്ള രാഷ്ട്രീയ സാധ്യതയാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന കീഴാള ജനവിഭാഗങ്ങൾക്ക്, നൂറ്റാണ്ടുകളുടെ ജാത്യാടിമത്ത സാംസ്കാരിക ഭീകരതക്കെതിരായും, കൃത്യമായ ഡേറ്റ അനുസരിച്ചുള്ള തങ്ങളുടെ സാമൂഹികക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടിയും വോട്ടുചെയ്യാൻ സാധ്യത തുറക്കുന്ന തെരഞ്ഞെടുപ്പാണ് 2024ൽ നടക്കാൻ പോകുന്നത്.
സാമൂഹികശാസ്ത്രപരമായ പ്രാധാന്യം
215 ജാതി-ഉപജാതി വിഭാഗങ്ങളാണ് സെൻസസിൽ ഉൾപ്പെട്ടിരിക്കുന്നത്. സെൻസസിന്റെ സാമൂഹികശാസ്ത്രപരമായ പ്രാധാന്യം ഇതിൽനിന്നു സുവ്യക്തമാണ്. പിന്നാക്ക വിഭാഗത്തിൽപെട്ട യാദവർ കഴിഞ്ഞാൽ (14 ശതമാനം) മറ്റുള്ളവർ കൂടുതലും മൂന്നുശതമാനത്തിൽ താഴെവരുന്ന (കുശ് വാഹ ഒഴിച്ച്, നാല് ശതമാനം) ചെറിയ ജാതിസമൂഹങ്ങളാണ്. അതിപിന്നാക്ക വിഭാഗത്തിലാവട്ടെ മൂന്നുശതമാനം ജനസംഖ്യയുള്ള ജാതികളേയില്ല. പട്ടികജാതി സമൂഹങ്ങളിൽ ചാമർ-ധാരി വിഭാഗങ്ങളൊഴിച്ചാൽ (അഞ്ചു ശതമാനം വീതം) മറ്റെല്ലാവരും നന്നേ ചെറിയ ശതമാനത്തിൽ ഒതുങ്ങുന്നവരാണ്. ഈ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിഭിന്നങ്ങളായിരിക്കും.
മുസ്ലിം ജനസംഖ്യ 18 ശതമാനമാണ്. ചെറുതെങ്കിലും ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, ജൈന സമൂഹങ്ങൾക്കും ജനസംഖ്യയിൽ പ്രതിനിധാനമുണ്ട്. ഏക സിവിൽകോഡ് പോലുള്ള ഭരണകൂട ഇടപെടലുകൾ എത്ര വലിയ സാംസ്കാരികാഘാതമാണ് സൃഷ്ടിക്കുക എന്നതിന്റെ ഉദാഹരണം കൂടിയാകുന്നുണ്ട് ഈ ജാതിസെൻസസ്. തനതായ സ്വത്വങ്ങൾ അടയാളപ്പെടുത്തപ്പെടേണ്ടത് പ്രധാനമായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയമായി ഒരുമിക്കുക എന്നത് അടിയന്തരമായ കർത്തവ്യമാണ്.
മാത്രമല്ല, ശുദ്ധാശുദ്ധബദ്ധമായ ജാതിശ്രേണികളെക്കുറിച്ചും ജാതിപാരസ്പര്യങ്ങളെക്കുറിച്ചും ജാത്യാധികാരത്തിന്റെ പരിണാമങ്ങളെക്കുറിച്ചും അതിന്റെ സമകാലിക ബോധരൂപങ്ങളെക്കുറിച്ചും സാമൂഹികശാസ്ത്രപരമായ പുതിയ അന്വേഷണങ്ങൾക്കുള്ള സാധ്യതകൂടിയാണ് ബിഹാർ ജാതിസെൻസസ് തുറന്നുതരുന്നത്. ജാതിയും സോഷ്യൽ മൊബിലിറ്റിയും (സാമൂഹികവും സാമ്പത്തികവുമായ ഉന്നതിസാധ്യതകൾ) തമ്മിലുള്ള ബന്ധത്തിന്റെ യഥാർഥ ചിത്രങ്ങൾ സമഗ്രമായ അർഥത്തിൽ മനസ്സിലാക്കപ്പെടാനും പോവുകയാണ്. ജാതിസെൻസസ് ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയാണ്. സവർണ യാഥാസ്ഥിതികത്വം സൃഷ്ടിച്ച എല്ലാ പുകമറക്കുമപ്പുറം, ജാതിവ്യവസ്ഥയുടെ യഥാർഥ ഉള്ളടക്കം ഏവർക്കും സുതാര്യമാവുന്ന സന്ദർഭംകൂടിയായി ജാതിസെൻസസ് മാറിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.