ഇന്ത്യ-കാനഡ തർക്കത്തിന്റെ കാതൽ
text_fieldsഉറ്റസുഹൃത്തുക്കൾ എന്നറിയപ്പെട്ടിരുന്ന രണ്ടു രാജ്യങ്ങൾ, ലോകത്ത് ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യവും കുടിയേറ്റജനതയുടെ പറുദീസയുമായ കാനഡയും തമ്മിൽ ഉടലെടുത്തിരിക്കുന്ന നയതന്ത്ര യുദ്ധം ഏവരെയും നടുക്കിയിരിക്കുന്നു.
ഇന്ത്യക്കു പുറത്ത് ഏറ്റവുമധികം സിഖ് സമൂഹം താമസിക്കുന്ന രാജ്യമായ കാനഡയിൽ ഖാലിസ്താൻ അനുകൂല ഉഗ്രവാദ സംഘടനകൾക്ക് ഭരണകൂട പിന്തുണ ലഭിക്കുന്നതാണ് ഇന്ത്യയെ ആകുലപ്പെടുത്തുന്നത്.
ഖാലിസ്താൻ വിഘടനവാദികളുടെ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഖ്യഹേതു. സംഭവത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപണമുന്നയിച്ചു; തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ‘റോ’യുടെ കാനഡയിലെ സ്റ്റേഷൻ മേധാവി പവൻ കുമാർ റായിയെ അവർ പുറത്താക്കി.
മറുപടിയായി ന്യൂഡൽഹിയിലെ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി മേധാവി ഒലിവിയർ സിൽവെസ്റ്ററെ ഇന്ത്യയും പുറത്താക്കി. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് കാനഡ പിന്മാറി. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന നിജ്ജാർ (45) ജൂൺ 18ന് വാൻകൂവറിലെ ഗുരുദ്വാരയുടെ മുറ്റത്ത് വാഹനത്തിലിരിക്കെ രണ്ടുപേർ മോട്ടോർ സൈക്കിളിലെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു.
ഇതിൽ ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാർക്ക് ബന്ധമുണ്ടെന്നും കാനഡയുടെ മണ്ണിൽ കനേഡിയൻ പൗരനെ കൊന്നത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരോട് കാനഡ അനുതാപപൂർവമായി പെരുമാറുന്ന കാര്യം ഇന്ത്യ അടുത്ത കാലത്ത് ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നതിലെ ആശങ്ക പുതിയ പ്രസ്താവനയിലും വിദേശമന്ത്രാലയം ചൂണ്ടിക്കാട്ടി.
അതിനിടെയാണ് ഖാലിസ്താൻ വാദികളില്‍ പ്രധാനിയായ സുഖ ദുനേക (സുഖ്ദൂൽ സിങ്) സെപ്റ്റംബർ 20ന് കാനഡയിൽ കൊല്ലപ്പെട്ട റിപ്പോർട്ട് വന്നത്. വിന്നിപെഗിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം വിദ്യാർഥികൾ ഉൾപ്പെടെ കാനഡയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. സെപ്റ്റംബർ 25ന് കാനഡയിൽ ഖാലിസ്താൻ അനുകൂല ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളും നടക്കുന്ന മേഖലകളിലേക്ക് പോകരുതെന്ന ഇന്ത്യയുടെ മുന്നറിയിപ്പിനോടും കാനഡ പ്രതികരിച്ചു. ഏറ്റവും സുരക്ഷിതമായ രാജ്യമാണ് തങ്ങളുടേതെന്നാണ് പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് റോയിട്ടേഴ്സിനോട് പറഞ്ഞത്.
ഇതിനിടെ, കാനഡയോട് കൂറില്ലാത്ത ഹിന്ദുമതസ്ഥർ ഇന്ത്യയിലേക്കു മടങ്ങണമെന്ന് നിരോധിത ഖാലിസ്താൻവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് തീട്ടൂരമിറക്കി. സിഖ് സമുദായാംഗങ്ങൾ ഒക്ടോബർ 29ന് വാൻകൂവറിൽ ഒത്തു കൂടണമെന്നും ഇന്ത്യൻ ഹൈകമീഷറാണോ നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിലെന്ന കാര്യത്തിൽ റഫറണ്ടം തയാറാക്കി വോട്ട് രേഖപ്പെടുത്തണമെന്നും സംഘടന ആഹ്വാനംചെയ്തു.
കാനഡയും ഇന്ത്യയും മുമ്പും ഇടഞ്ഞിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ശത്രുരാജ്യങ്ങളെന്നമട്ടിൽ പെരുമാറുന്നതും നയതന്ത്രജ്ഞരെ പുറത്താക്കുന്ന തലംവരെയെത്തിയതും. ഖാലിസ്താൻ തീവ്രവാദത്തിന്റെ പേരിൽ ഒരു പതിറ്റാണ്ട് സമാധാനരാഹിത്യം അനുഭവിച്ച രാജ്യമാണ് ഇന്ത്യ, ഒരു പ്രധാനമന്ത്രിയുടെ ജീവൻതന്നെ ഈ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ബലിനൽകേണ്ടിവന്നു.
ചൈനയും പാകിസ്താനും കൈകോർത്ത് ഖാലിസ്താൻ വാദം പുനരുജ്ജീവിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇന്ത്യക്ക് അതിജാഗ്രത പുലർത്താതെവയ്യ. 2023 ജൂൺ ആറിന്, ഓപറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികത്തിൽ ഇന്ദിര ഗാന്ധിയെ വധിക്കുന്ന ദൃശ്യം കാനഡയിലെ ഖാലിസ്താൻ അനുകൂലികൾ ഒരു ടാബ്ലോയിലൂടെ അവതരിപ്പിച്ചിരുന്നു.
അതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറവിൽ ശരിവെക്കുകയാണ് ആ രാഷ്ട്രത്തെ അധികാരികൾ ചെയ്തത്. ഖാലിസ്താൻ അനുകൂലികളോടുള്ള കാനഡയുടെ തുറന്ന സമീപനം വ്യക്തമാകുന്ന മറ്റൊരു സാഹചര്യം സിഖ്സ് ഫോർ ജസ്റ്റിസ് നടത്താനിരിക്കുന്ന റഫറണ്ടത്തോടുള്ള സർക്കാറിന്റെ സമീപനമാണ്. റഫറണ്ടം മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ രാജ്യം അംഗീകരിക്കില്ലെന്നാണ് കനേഡിയൻ വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്.
കാനഡ ഇന്ത്യയുമായി ബന്ധം പുതുക്കാൻ ശ്രമിക്കുമ്പോഴെല്ലാം, ഖാലിസ്താനി പ്രവർത്തനം ബന്ധങ്ങൾക്ക് തുരങ്കം സൃഷ്ടിക്കുന്നു എന്നതാണ് മറ്റൊരു സത്യം. 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് കാനഡയിലുള്ളത്. മലയാളികളടക്കം ലക്ഷക്കണക്കിന് വിദ്യാർഥികൾ ഓരോ വർഷവും കാനഡയിലേക്ക് കുടിയേറുന്നു.
കാനഡയുടെ പത്താമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. 2022-23ൽ മാത്രം 816 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടന്നു. കഴിഞ്ഞവർഷം ഇന്ത്യയിൽ 4500 കോടി ഡോളറിന്റെ നിക്ഷേപവും നടത്തി. നയതന്ത്രബന്ധം വഷളാകുന്നത് വ്യാപാര-നിക്ഷേപ കരാറുകളെ അവതാളത്തിലാക്കുമെന്നതിനൊപ്പം വിദ്യാർഥികളും ജോലിക്കാരുമായ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെയും പ്രതികൂലമായി ബാധിക്കും.
ആൾശേഷിയിൽ മികച്ചുനിൽക്കുന്ന ഇന്ത്യൻ വംശജരുടെയും പ്രവാസികളുടെയും പിന്തുണയില്ലാതെ വന്നാൽ അത് കാനഡയെയും ചെറുതല്ലാത്ത വിധത്തിൽ പ്രയാസത്തിലാക്കും. 2022ൽ മാത്രം, 2,26,450 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠിക്കാൻ പോയത്. കാനഡയുടെ വിദേശനാണ്യ സമ്പാദനത്തിൽ ഇന്ത്യൻ വിദ്യാർഥികളുടെ ഗണ്യമായ സംഭാവനയുമുണ്ട്.
ലോകോത്തര സർവകലാശാലകളും പെർമനന്റ് റെസിഡൻസി സ്റ്റാറ്റസും തൊഴിലവസരങ്ങളും സ്കോളർഷിപ്പുകളും ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങളാണ് കാനഡയിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്. കാനഡയുമായുള്ള നയതന്ത്ര സൗഹൃദത്തിനേൽക്കുന്ന ഓരോ ആഘാതവും ചെന്നുപതിക്കുന്നത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കനേഡിയന്‍ സ്വപ്നങ്ങള്‍ കാണുന്ന യുവതലമുറയുടെ നെഞ്ചിലേക്കാണ്.
സിഖ് സമൂഹവും കാനഡയും
ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം സിഖ് ജനതയുള്ള രാജ്യമാണ് കാനഡ. 7,70,000 സിഖുകാരാണ് അവിടെയുള്ളത്; അതായത്, ആകെ ജനസംഖ്യയുടെ 2.1 ശതമാനം പേർ. ഈ കുടിയേറ്റത്തിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന സിഖ് പട്ടാളക്കാർ ബ്രിട്ടീഷ് കൊളംബിയ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ഈ സ്ഥലം ശ്രദ്ധിക്കുന്നതും കുടിയേറിയതും. 1897ല്‍ തടിമില്ലുകളിലും ഖനികളിലും തൊഴിലാളികളായി കൂടുതല്‍ പേരെത്തി.
കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാരിലേറെയും സിഖുകാരാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തെത്തുടര്‍ന്നും സിഖുകാര്‍ കാനഡയിലേക്ക് ധാരാളമായി ഒഴുകി. ഇന്ത്യയിൽ ഖാലിസ്താൻ വാദം ശക്തിപ്പെട്ട വേളയിൽ സ്വന്തം രാജ്യത്ത് തങ്ങൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടൽ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി സിഖുകാർ കാനഡയോട് അഭയാർഥി പരിഗണന ആവശ്യപ്പെട്ടു.
കാനഡ സർക്കാർ അതംഗീകരിച്ച് അവർക്ക് സംരക്ഷണമൊരുക്കി. ഖാലിസ്താൻ വാദം ഇന്ത്യയിലെ സിഖ് ജനത ഏതാണ്ട് പൂർണമായി കൈയൊഴിഞ്ഞെങ്കിലും കാനഡയിലുള്ള സമൂഹം അതിപ്പോഴും നെഞ്ചിലേറ്റിനടക്കുന്നു. അത് ഇന്ത്യക്ക് സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല.
അന്ന് പിയറി ട്രൂഡോ; ഇന്ന് മകൻ
ലോകസമാധാനത്തിനായി എന്നും നിലകൊണ്ട നമ്മുടെ രാജ്യത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ കൊലപാതക ആരോപണം ഉയരുന്നത് ആദ്യമായാണ്. അതൽപം കടന്ന പറച്ചിലായിപ്പോയി എന്ന് ബോധ്യമുള്ളതുകൊണ്ടാവണം നാറ്റോ, ജി7, ആസ്ട്രേലിയ, ന്യൂസിലൻഡ്, യു.കെ, യു.എസ് എന്നിവർക്കൊപ്പമുള്ള ഫൈവ് ഐസ് തുടങ്ങിയ കൂട്ടായ്മകളിലെല്ലാം ട്രൂഡോ ആരോപണമുന്നയിച്ചെങ്കിലും സംഭവത്തെ അപലപിക്കുകയല്ലാതെ ഇതിലൊരു രാജ്യംപോലും ഇന്ത്യക്കെതിരെ കടുത്ത പ്രസ്താവനക്ക് മുതിരാഞ്ഞത്.
കാനഡയും ഇന്ത്യയും തമ്മിലെ നയതന്ത്രബന്ധം ആദ്യമായി വഷളാവുന്നത് 1976ൽ ഇന്ത്യ പൊഖ്റാനിൽ ആണവപരീക്ഷണം നടത്തിയ ഘട്ടത്തിലാണ്. ഇന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയായിരുന്നു അന്നവിടെ പ്രധാനമന്ത്രി. കാനഡ നൽകുന്ന റിയാക്ടറുകൾ ക്രമസമാധാനം തകർക്കുന്നതിനായി ഇന്ത്യ ഉപയോഗിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
(പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റിയിലെ സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ- santhoshveranani@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.