ഷീയിൽ നിന്ന് മോദി പഠിക്കേണ്ട പാഠങ്ങൾ
text_fieldsസമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് ലോകരാജ്യങ്ങളിൽ സൃഷ്ടിച്ചത്. രണ്ടാം ലോകമഹായുദ്ധാനന്തരം ഇത്തരമൊരു പ്രതിസന്ധി ലോകം കണ്ടിട്ടില്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അത്രമേൽ ആഴത്തിൽ ലോകസമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധി പിടിമുറുക്കുകയാണ്. ഒരു രാജ്യത്തിനും ഇതിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനോ രക്ഷപ്പെടാനോ കഴിയാത്ത സാഹചര്യവുമാണ്. കോവിഡ് പ്രതിരോധത്തിനായി രാജ്യങ്ങൾ അടച്ചിടേണ്ടി വന്നതോടെയാണ് സമ്പദ്വ്യവസ്ഥകൾ ഐ.സി.യു.വിലായത്. പക്ഷേ എല്ലാക്കാലത്തും അടച്ചിടൽ തുടരാനാവില്ലെന്നതിനാൽ, കോവിഡ് ഭീതിയൊഴിഞ്ഞിട്ടില്ലെങ്കിലും പതിയെ രാജ്യങ്ങൾ സമ്പദ്വ്യവസ്ഥകൾ തുറക്കുകയാണ്. ഈ ഘട്ടത്തിൽ പ്രധാനമായും ഉയരുന്ന ചോദ്യം കോവിഡാനന്തരം സമ്പദ്വ്യവസ്ഥെയ എങ്ങനെ കരകയറ്റാം എന്നതാണ്.
ലോകസമ്പദ്വ്യവസ്ഥയിലെ നായകസ്ഥാനം ഇപ്പോഴും അമേരിക്കക്ക് സ്വന്തമാണെങ്കിലും പുതിയ ചില ശക്തികളുടെ ഉദയവും 90കൾക്ക് ശേഷം കണ്ടു. വികസ്വര രാജ്യങ്ങളായ ഇന്ത്യയും ചൈനയും ഇന്ന് ആഗോളസമ്പദ്വ്യവസ്ഥയിൽ നിർണായക സ്ഥാനം വഹിക്കുന്നുണ്ട്. ചൈന കോവിഡിൽ നിന്ന് മുക്തമായി സമ്പദ്വ്യവസ്ഥ പൂർണമായും തുറന്ന് കൊടുത്തപ്പോൾ ഭീതിയൊഴിഞ്ഞിട്ടില്ലാത്ത ഇന്ത്യ ഇളവുകൾ മാത്രമാണ് നൽകിയിരിക്കുന്നത്. എന്നാൽ, കോവിഡിന് ശേഷം സമ്പദ്വ്യവസ്ഥ എത് രീതിയിലാവും കരകയറ്റുകയെന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും സൂചനകൾ നൽകി കഴിഞ്ഞു. ഇതിനായി രക്ഷാപാക്കേജുകളും ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപാക്കേജുകളിൽ ചൈനയിൽ നിന്ന് ചില നിർണായക പാഠങ്ങൾ ഇന്ത്യ പഠിക്കേണ്ടതുണ്ട്.
ചൈനീസ് മാതൃക
കോവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി 365.97 ബില്യൺ ഡോളറിെൻറ പാക്കേജാണ് ചൈന നടപ്പാക്കുന്നതെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകും. മേയ് 14നായിരുന്നു പാക്കേജ് പ്രഖ്യാപനം. അധിക വായ്പ അനുവദിച്ചതിന് പുറമേ നികുതി, വൈദ്യുതി ചാർജ്, ഇൻഷൂറൻസ് തുടങ്ങി ബ്രോഡ്ബാൻഡ് നിരക്കിൽ വരെ ചൈന ഇളവനുവദിച്ചു. ഇങ്ങനെ സാധാരണക്കാരായ ജനങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളാണ് ചൈനീസ് സർക്കാർ നടത്തിയത്. ഏറ്റവും അവസാനമായി 4.22 ബില്യൺ ഡോളർ മൂല്യം വരുന്ന ഷോപ്പിങ് വൗച്ചറുകൾ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. കോവിഡ് മൂലം ഇടിവ് രേഖപ്പെടുത്തിയ രാജ്യത്തെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാനാണ് നടപടി. ഇതിനൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങൾക്ക് ഇതുകൊണ്ട് പരിഹാരം കാണാൻ സാധിക്കുമെന്നാണ് ചൈനീസ് ഭരണകൂടത്തിെൻറ കണക്കുകൂട്ടൽ
കോവിഡ് മൂലം സമ്പദ്വ്യവസ്ഥകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഉപഭോഗത്തിലുണ്ടാവുന്ന കുറവാണ്. മാസങ്ങൾ ലോക്ഡൗണിലായ ജനത സമ്പദ്വ്യവസ്ഥ തുറക്കുേമ്പാൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാനായി മാർക്കറ്റുകളിലെത്തില്ല. അതിനുള്ള പണം അവരുടെ കൈവശമില്ലെന്നത് തന്നെയാണ് പ്രധാനകാരണം. ജനങ്ങളുടെ ഉപഭോഗം പഴയനിലയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാവും സമ്പദ്വ്യവസ്ഥകൾ അഭിമുഖീകരിക്കേണ്ടി വരിക. ജനങ്ങൾക്ക് പണമെത്തിക്കാൻ വലിയ ഇളവുകൾ നൽകിയും അവരെ ഷോപ്പിങ് കേന്ദ്രങ്ങളിലെത്തിക്കാൻ വൗച്ചറുകൾ അനുവദിച്ചുമെല്ലാം ചൈന ഈ നടപടികളിൽ ബഹുദൂരം മുന്നിലേറി. ഭാവിയെ കൂടി മുന്നിൽ കണ്ട് 5ജി ഇൻറർനെറ്റിൽ തുടങ്ങി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ വലിയ പദ്ധതികൾക്ക് കോവിഡ് പാക്കേജിെൻറ ഭാഗമായി ചൈന തുടക്കം കുറിച്ചു. സമ്പദ്വ്യവസ്ഥയിൽ തൊഴിൽ നൽകാൻ സാധിക്കുന്നതിനൊപ്പം ഭാവിയിൽ ഈ വികസനപദ്ധതികൾ സാമ്പത്തിക മേഖലക്ക് വലിയ മുതൽക്കൂട്ടാവുമെന്നതും കാണാതെ പോകരുത്.
രക്ഷാപാക്കേജ് എന്നാൽ വായ്പ പദ്ധതിയല്ല
ഇന്ത്യയിൽ കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുേമ്പാൾ സമ്പദ്വ്യവസ്ഥയിൽ നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ബഹുമുഖമായ പ്രതിസന്ധികളെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പരിഷ്കാരങ്ങൾ മൂലം സമ്പദ്വ്യവസ്ഥയിലെ ഉപഭോഗത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി ജനങ്ങളുടെ കൈയിലേക്ക് പണമെത്തിക്കുന്ന പദ്ധതി എല്ലാവരും പ്രതീക്ഷിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഗുണകരമാവുന്ന രീതിയിൽ അത്തരമൊരു പദ്ധതി അവതരിപ്പിച്ചിരുന്നുവെങ്കിൽ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് വേഗം കൂടിയേനേ. പക്ഷേ വായ്പകളിലൂടെ പ്രതിസന്ധി മറികടക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിച്ചത്. വായ്പ, സ്വകാര്യവത്കരണം എന്നീ രണ്ട് നയത്തിലൂന്നിയായിരുന്നു ഇന്ത്യയുടെ രക്ഷാപാക്കേജ്.
രാജ്യത്തെ എല്ലാവിഭാഗങ്ങൾക്കും വായ്പ ലഭ്യമാക്കി പ്രതിസന്ധി മറികടക്കുകയെന്ന ലളിത യുക്തിയാണ് മോദി സർക്കാർ തേടിയത്. തിരിച്ചടവ് ശേഷി പോലും പരിഗണിക്കാതെ വായ്പകൾ നൽകിയാൽ അത് ധനകാര്യസ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന വസ്തുത കേന്ദ്രസർക്കാർ പരിഗണിച്ചില്ല. ജീവിതത്തിൽ ഇനിയെന്തെ് എന്ന അനിശ്ചിതത്വം നിലനിൽക്കുന്ന ഭൂരിപക്ഷം ജനങ്ങളിൽ എത്രപേർ വായ്പക്കായി ബാങ്കുകളെ സമീപിക്കുമെന്ന ചോദ്യവും അവഗണിച്ചു. ഇതിന് പുറമേ സമ്പദ്വ്യവസ്ഥയുടെ പല മേഖലകളിൽ നിന്നും സർക്കാർ പിന്മാറി ആ സ്ഥാനത്തേക്ക് സ്വകാര്യമേഖലക്ക് പരവതാനി വിരിക്കുന്നതും സാമ്പത്തിക പാക്കേജിെൻറ ഭാഗമായി കണ്ടു.
സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ പൂർണ്ണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ നരേന്ദ്രമോദി സർക്കാർ എത്രത്തോളം വിജയിച്ചുവെന്നത് ഉയരുന്ന ചോദ്യമാണ്. ഒരു ചെറിയ വിഭാഗമൊഴികെ കോവിഡ് പാക്കേജ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരിലും സ്വാധീനിക്കാനിടയില്ല എന്നത് തന്നെയാണ് ആദ്യ വിലയിരുത്തൽ. ഇതിെൻറ ഭാഗമായി നടപ്പാക്കിയ സ്വകാര്യവത്കരണം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ചൈനയെ പിന്തള്ളി ആ സ്ഥാനത്തേക്ക് കടന്നു കയറാനുള്ള വ്യഗ്രതയിലാണ് ഇന്ത്യ. ഇതിനായി ചൈനയിൽ പ്രവർത്തിക്കുന്ന പല കമ്പനികളേയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പക്ഷേ ഇതിനുമപ്പുറം സമ്പദ്വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കാൻ പ്രായോഗികമായ നടപടികളിലേക്ക് രാജ്യം കടക്കുകയാണ് വേണ്ടത്. ഇതിനായി ചില പാഠങ്ങളെല്ലാം ഇന്ത്യക്ക് ചൈനയിൽ നിന്നു പഠിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.