Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജനാധിപത്യത്തിലെ...

ജനാധിപത്യത്തിലെ വ്യത്യസ്​തത

text_fields
bookmark_border
ജനാധിപത്യത്തിലെ വ്യത്യസ്​തത
cancel

കോടതിവിധികൾ ചിലപ്പോൾ ചരിത്രത്തിലെ നാഴികക്കല്ലുകളാകും. പരസ്​പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധി അക്കൂട്ടത്തിൽപ്പെടുന്നു. ശിക്ഷാനിയമത്തിലെ വകുപ്പ് 377 ഭാഗികമായി റദ്ദാക്കിയ എൻ.എസ്​. ജൗഹർ കേസിലെ വിധി ലൈംഗികബന്ധങ്ങളിലെ വ്യത്യസ്​തതകളെ അംഗീകരിക്കുന്നതുകൊണ്ടു മാത്രമല്ല ശ്രദ്ധേയമാകുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്നതും നിലനിർത്തേണ്ടതുമായ എല്ലാ വ്യത്യസ്​തതകൾക്കുമുള്ള അംഗീകാരമാണ് സുപ്രീംകോടതി നൽകിയത്. ന്യൂനപക്ഷങ്ങളുടെ നാടായ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുള്ള അംഗീകാരമാണിത്. ലിംഗഭേദമില്ലാതെയുള്ള തുല്യതയുടെ പ്രഖ്യാപനമാണിത്. ഭരണഘടനയിൽനിന്നല്ല, മാനവികതയുടെ പാലാഴിയിൽനിന്ന് കടഞ്ഞെടുത്ത വിധിയാണിത്. ആ അഞ്ച് ന്യായാധിപർ ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ സ്വാതന്ത്ര്യത്തി​​​െൻറ നവവീഥിയിലെത്തിച്ചിരിക്കുന്നു.

ദീപക് മിശ്രയാണ് ഇന്നത്തെ ഹീറോ. ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം വില്ലനായിരുന്നു. ഇംപീച്ച്മ​​​െൻറി​​​െൻറ വക്കോളമെത്തി അപമാനിതനായിനിന്ന ദീപക് മിശ്ര ഒക്ടോബർ രണ്ടിന് വിരമിക്കുന്നത് ചരിത്രത്തിലെ അവിസ്​മരണീയരായ ചീഫ് ജസ്​റ്റിസുമാരുടെ കൂട്ടത്തിൽ ഇടം പിടിച്ചുകൊണ്ടാണ്. തനിക്കെതിരെ കലാപമുയർത്തിയ നാൽവരിൽ ഒരാളായിരുന്നിട്ടും രഞ്ജൻ ​െഗാഗോയിയെ അടുത്ത ചീഫ് ജസ്​റ്റിസായി ശിപാർശ ചെയ്യുന്നതിനുള്ള മഹാമനസ്​കത അദ്ദേഹം കാണിച്ചു. ജനാധിപത്യത്തെ അപകടത്തിലാക്കിയ ആൾ എന്നാണ് നാൽവർ സംഘം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇന്ന് ജനാധിപത്യത്തെ സംരക്ഷിച്ച ആൾ എന്ന സ്​തുതിവചനത്തിൽ അദ്ദേഹം അഭിരമിക്കുന്നു.


കോടതിവിധികൾ ഉൗഹത്തിനും പ്രവചനത്തിനും അതീതമാണ്. അതേസമയം, കോടതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ചില സൂചനകൾ ലഭിക്കും. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച ജസ്​റ്റിസ്​ കെ.എസ്​. പുട്ടസ്വാമി കേസിലെ വിധി ഒരു തുടക്കമായിരുന്നു. അതിനുമുമ്പേ ട്രാൻസ്​ജെൻഡറുകൾക്കെതിരെ വിവേചനം പാടില്ലെന്ന വിധി 2014ലെ നാഷനൽ ലീഗൽ സർവിസസ്​ അതോറിറ്റി കേസിലുണ്ടായി. ഹാദിയയെ ഇഷ്​ടപ്പെട്ട പുരുഷനുമായി ചേർക്കുന്ന വിധി പുട്ടസ്വാമി കേസിനു ശേഷമുണ്ടായി. പത്മാവതും മീശയും നിരോധിക്കാൻ സുപ്രീംകോടതി കൂട്ടാക്കിയില്ല. െട്രൻഡ് ഇതേപടി നിലനിൽക്കുകയാണെങ്കിൽ ആധാർ കേസിലും വ്യഭിചാരക്കേസിലും ശബരിമലയിലെ സ്​ത്രീപ്രവേശനക്കേസിലും എന്താണ് സംഭവിക്കുകയെന്ന് നമുക്ക് ഏതാണ്ട് ഉൗഹിക്കാം. പൂർണമായും പ്രവചനാതീതമാകാതിരിക്കുകയെന്നത് ജുഡീഷ്യറിയുടെ നല്ല ഗുണങ്ങളിൽ ഒന്നാണ്.

19ാം നൂറ്റാണ്ടിലെ യാഥാസ്​ഥിതിക വിക്​ടോറിയൻ സദാചാരത്തിൽ അധിഷ്ഠിതമായി 158 വർഷം മുമ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ മെക്കാളെ ഉൾപ്പെടുത്തിയ വകുപ്പിനെ കേവലം കൊളോണിയൽ എന്ന് മുദ്രകുത്തി തള്ളുന്നത് ശരിയല്ല. സെമിറ്റിക് മതങ്ങളുടെ അനുശാസനയും അതുതന്നെയായിരുന്നു. ലൈംഗികബന്ധത്തിലെ വിശുദ്ധിയും പങ്കാളിയോടുള്ള വിശ്വസ്​തതയും മതങ്ങളുടെ നിഷ്കർഷയാണ്. സദാചാരബോധത്തിലും ധാർമികചിന്തയിലും മതവീക്ഷണം സനാതനമായിരിക്കുമ്പോഴും സമൂഹത്തി​​​െൻറ വീക്ഷണത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. 21ാം നൂറ്റാണ്ടിലെ മനുഷ്യാവകാശചിന്ത നിയമനിർമാണത്തിലും വ്യാഖ്യാനത്തിലും പുതിയ സമീപനങ്ങൾ ആവശ്യപ്പെടുന്നു. സമൂഹത്തി​​​െൻറ സദാചാരവും ഭരണഘടനാധിഷ്ഠിത സദാചാരവും ഒരേ നിലവാരത്തിൽ എത്താതിരിക്കുമ്പോൾ കോടതിക്ക് ഭരണഘടനയെ ഉയർത്തിപ്പിടിക്കേണ്ടിവരും. ചലനാത്മകമായ ജൈവരേഖയാണ് ഭരണഘടന. അത് നിഷ്ക്രിയമാകാൻ പാടില്ല. ഭരണഘടനയുടെ പുനർവായനയിൽ പുതിയ അർഥങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.

ഘട്ടംഘട്ടമായുള്ള പുരോഗതിയാണ് എൻ.എസ്​. ജൗഹർ കേസിലേക്ക് സുപ്രീംകോടതിയെ എത്തിച്ചത്. ജസ്​റ്റിസ്​ എ.പി. ഷായുടെ നേതൃത്വത്തിൽ 2009ൽ ഡൽഹി ഹൈകോടതി നടത്തിയ തിരുത്ത് സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാർ സുരേഷ്കുമാർ കൗശൽ കേസിൽ 2013ൽ തിരുത്തി. ആയിരക്കണക്കിന് ആളുകളെ കുറ്റവാളികളാക്കുന്ന തെറ്റായ വിധിയാണ് ഇപ്പോൾ അഞ്ചംഗ ഭരണഘടന ബെഞ്ച് ആർജവത്തോടെ തിരുത്തിയത്. സ്വാതന്ത്ര്യത്തി​​​െൻറ അതിരുകൾ വിസ്​തൃതമാവുകയും വ്യക്​തിയുടെ അവകാശങ്ങളെ സമൂഹത്തി​​​െൻറ സമ്മർദത്തിൽനിന്ന് മുക്​തമാക്കുകയും ചെയ്തിരിക്കുന്നു. ലൈംഗികമായ സ്വാതന്ത്ര്യം അതി​​​െൻറ അവഗണിക്കാവുന്ന ഭാഗംമാത്രമാണ്. കോടതിവിധിയുടെ അടിസ്​ഥാനത്തിൽ ആരും സ്വവർഗരതിയിലേക്ക് തിരിയില്ല. വ്യത്യസ്​തമായ ലൈംഗികാഭിമുഖ്യം കുറ്റമല്ലാതായിരിക്കുന്നു എന്നു മാത്രം. സമസ്​ത വ്യത്യസ്​തതകളും അംഗീകരിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളുടെ രക്ഷക്ക്​ പുറത്തേക്ക് വ്യാപ്തിയും പ്രാധാന്യവുമുള്ളതാണ് ഈ പ്രഖ്യാപനം.

ഇതവർ പൊരുതിനേടിയ സ്വാതന്ത്ര്യമാണ്. ബ്രിട്ടനിൽ സ്വവർഗരതി കുറ്റമല്ലാതായത് പാർലമ​​​െൻറ് പാസാക്കിയ നിയമം വഴിയായിരുന്നു. ഇന്ത്യയിൽ കോടതി നിർദേശിച്ചിട്ടും പാർലമ​​​െൻറ് ആ ചുമതല ഏൽക്കാൻ തയാറായില്ല. വിവേചനത്തിന് വിധേയരായവർക്ക് സുദീർഘമായ വ്യവഹാരയുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നു. കോടതിയിൽ കേന്ദ്ര സർക്കാർ മൗനംപാലിച്ചു. തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടുകൊടുക്കപ്പെട്ടു. സി.പി.എം ഒഴികെ ഒരു രാഷ്​ട്രീയപാർട്ടിയും നിലപാട് വ്യക്​തമാക്കിയില്ല. ലൈംഗികതയെ സംബന്ധിച്ച കാര്യങ്ങളിൽ സ്വാഭാവികമായുണ്ടാകുന്ന ലജ്ജ ലിബറൽ ബുദ്ധിജീവികളെയും ബാധിച്ചു.

അഞ്ചംഗ ബെഞ്ചി​​​െൻറ ഏകാഭിപ്രായത്തിലുള്ള വിധികൾക്ക് കേസിൽ ചർച്ച ചെയ്യപ്പെട്ട വിഷയത്തേക്കാൾ പ്രാധാന്യമുണ്ട്. മതപരവും ഭാഷാപരവും ലിംഗപരവുമായ ന്യൂനപക്ഷങ്ങൾക്ക് ലഭിച്ചിരിക്കുന്ന അംഗീകാരമാണിത്. ന്യൂനപക്ഷത്തി​​​െൻറ അവകാശങ്ങൾ ഭൂരിപക്ഷത്തി​​​െൻറ ഹിതത്തിനും അംഗീകാരത്തിനും വിധേയമല്ലാതായിരിക്കുന്നു. ആയിരിക്കുന്നതെന്തോ അതാണ് ഞാൻ; അതായിത്തന്നെ എന്നെ സ്വീകരിക്കുക എന്ന ജർമൻ ദാർശനികൻ ആർതർ ഷോപ്പൻഹോവറുടെ അർഥഗർഭമായ വാക്കുകൾ ചീഫ് ജസ്​റ്റിസി​​​െൻറ കോടതിയിൽനിന്ന് കുലംകുത്തിയൊഴുകി ആര്യാവർത്തം മുഴുവൻ വ്യാപിച്ചിരിക്കുന്നു. എ​​​െൻറ വിശ്വാസം, എ​​​െൻറ ശീലങ്ങൾ, എ​​​െൻറ ചോദനകൾ, എ​​​െൻറ രുചികളും അഭിരുചികളും എല്ലാം ചേർന്നതാണ് ഞാൻ. ഈ ഞാൻ കൂടി ചേർന്നതാണ് സമൂഹം. എന്നെ ഞാനായിത്തന്നെ കാണുക. വ്യത്യസ്​തതകളെ അംഗീകരിക്കാത്ത ആൾക്കൂട്ടങ്ങളോടാണ് കോടതി സംസാരിച്ചത്. ഭിന്നാഭിമുഖ്യമുള്ള എല്ലാവർക്കുംവേണ്ടിയാണ് കോടതി വാതിലുകൾ തുറന്നത്.
homo-sexuality

സ്വയംനിർണയത്തിനുള്ള വ്യക്​തിയുടെ അവകാശമാണ് വിധിയുടെ സാരാംശം. അതുകൊണ്ടാണ് സ്വവർഗബന്ധത്തിനപ്പുറമുള്ള പ്രാധാന്യം ഈ കേസിനുണ്ടായത്. സ്വവർഗരതിക്കപ്പുറം സ്വവർഗവിവാഹത്തിലെത്തിയിരിക്കുന്നു അമേരിക്കൻ കോടതി. ഒഹായോയിലെ ഓബർഗെഫെലി​​​െൻറ കേസിൽ സ്വവർഗവിവാഹത്തിന് യു.എസ്​ സുപ്രീംകോടതി അംഗീകാരം നൽകി. ഒമ്പതംഗ ബെഞ്ചിൽ അഞ്ചുപേരുടെ അഭിപ്രായമാണ് ഭൂരിപക്ഷ വിധിയായത്. മതപരവും നൈതികവുമായ വിവാദങ്ങൾക്ക് കാരണമായേക്കാവുന്ന വിധി പുറപ്പെടുവിക്കുന്നതിന് കോടതിക്ക് തടസ്സമുണ്ടായില്ല. ഭർത്താവി​​​െൻറ മരണസർട്ടിഫിക്കറ്റിൽ ത​​​​െൻറ പേര് ചേർത്തുകിട്ടണമെന്നായിരുന്നു ഹരജിക്കാര​​​​െൻറ ആവശ്യം. സുപ്രീംകോടതി അതംഗീകരിച്ചതോടെ സ്വവർഗവിവാഹം അനുവദിക്കുന്ന 23ാമത്തെ രാജ്യമായി മാറി അമേരിക്ക. 2000ത്തിൽ നെതർലൻഡ്സ്​ ആണ് ഇത്തരം വിവാഹങ്ങൾക്ക് ആദ്യമായി നിയമസാധുത നൽകിയത്.

ഓബർഗെഫെലി​​​െൻറ കേസിൽ യു.എസ്​ സുപ്രീംകോടതിക്ക് സ്വീകാര്യമായ ആശയങ്ങളാണ് ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിയിലും പ്രതിഫലിക്കുന്നത്. ജസ്​റ്റിസ്​ ആൻറണി കെന്നഡിയുടെ വിധി നമ്മുടെ ജഡ്ജിമാർ വായിച്ചിട്ടുണ്ടാകണം. വ്യക്​തിയുടെ സ്വാതന്ത്ര്യത്തെയും സ്വയംനിർണയാധികാരത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ജുഡീഷ്യൽ റിവ്യൂ എന്ന വിശേഷാധികാരം ഭാവനാപൂർണമായി പ്രയോഗിക്കേണ്ടതെങ്ങനെയെന്ന് ജസ്​റ്റിസ്​ കെന്നഡി വ്യക്​തമാക്കി. വ്യക്​തിയുടെ സ്വയംനിർണയാധികാരത്തി​​​െൻറ അവിഭാജ്യഘടകമാണ് അവ​​​​െൻറ ലൈംഗികത. ആ മേഖലയിലെ സ്​റ്റേറ്റി​​​െൻറ ഇടപെടൽ വ്യക്​തിയുടെ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കും. വ്യത്യസ്​തതയെ അംഗീകരിക്കുകയെന്നത് ജനാധിപത്യത്തി​​​െൻറ പ്രാഥമികമായ നിലപാടാണ്. മറ്റ് പലതിലുമെന്നപോലെ ലൈംഗികതയിലും വ്യത്യസ്​തത അനുവദനീയമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionGay Sexmalayalam newsecriminalisessupreme court
News Summary - India decriminalises gay sex- opinion
Next Story