മതനിരപേക്ഷ ഇന്ത്യ നിലനിൽക്കാൻ പൊരുതണം
text_fieldsഒരു സ്വകാര്യ ഹിന്ദു മതചടങ്ങിന് രാഷ്ട്രസംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ദുരുപയോഗം മാത്രമല്ല ഇവിടെ നടക്കുന്നത്. പ്രധാനമന്ത്രി ഒരു പ്രത്യേകമതത്തിന്റെ ആളായി അടയാളപ്പെടുകയാണ്
രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ലെന്ന് നമ്മുടെ ഭരണഘടന പറയുന്നു. 1951ൽ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദിന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ, ജവഹർലാൽ നെഹ്റുവും കാബിനറ്റും ആ ആഗ്രഹം നിരസിച്ചു. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു.
എന്നാൽ, ഇന്ത്യയുടെ രാഷ്ട്രത്തലവൻ ഒരു മതചടങ്ങിൽ പങ്കെടുത്തുകൂടെന്ന് കാബിനറ്റ് ആവർത്തിച്ചു വ്യക്തമാക്കി. രാജേന്ദ്രപ്രസാദ് വ്യക്തിയെന്ന നിലയിൽ പരിപാടിയിൽ സംബന്ധിച്ചു. അദ്ദേഹത്തിന് രാഷ്ട്രപതിയുടെ സുരക്ഷയും പ്രോട്ടോക്കോളുമൊന്നും അനുവദിച്ചില്ല. അന്നത്തെ ബോംബെ പ്രോവിൻസിനായിരുന്നു സുരക്ഷ മേൽനോട്ടം. പ്രോട്ടോക്കോൾ ചുമതല പ്രാദേശിക ഭരണകൂടത്തിനും.
എന്നാൽ, ഇപ്പോൾ കാണുന്നതെന്താണ്? പ്രധാനമന്ത്രിതന്നെ പ്രാണപ്രതിഷ്ഠ നിർവഹിക്കുന്നു. ഹിന്ദു ഹൃദയ സമ്രാട്ട് അഥവാ, ഹിന്ദുക്കളുടെ ചക്രവർത്തിയാണ് താനെന്ന് അദ്ദേഹം സ്വയം അഭിമാനം കൊള്ളുന്നു. ഹിന്ദുക്കളുടെയല്ല, ഇന്ത്യൻ ഹൃദയങ്ങളുടെ ചക്രവർത്തിയാകാനാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്.
പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിനെ നാലു ശങ്കരാചാര്യമാരും എതിർത്തതിൽ സന്തോഷമുണ്ട്. ക്ഷേത്രത്തിന്റെ പണി കഴിഞ്ഞിട്ടില്ല, അതുവരെ കാത്തുനിൽക്കൂ എന്നാണ് അവർ പറയുന്നത്. രാമനവമിവരെ കാത്തിരിക്കൂ, വിശേഷിച്ചും രാംലല്ല എന്ന കുഞ്ഞുരാമനാണല്ലോ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ഒരു സ്വകാര്യ ഹിന്ദു മതചടങ്ങിന് രാഷ്ട്രസംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ദുരുപയോഗം മാത്രമല്ല ഇവിടെ നടക്കുന്നത്. പ്രധാനമന്ത്രി ഒരു പ്രത്യേകമതത്തിന്റെ ആളായി അടയാളപ്പെടുകയാണ്. നരേന്ദ്ര മോദിക്ക് അത് പ്രശ്നമല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാകണം എന്നാണല്ലോ അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ, നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ഹിന്ദുരാഷ്ട്രമല്ല, മതനിരപേക്ഷ രാജ്യമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സ്വഭാവസവിശേഷതകൾ സംബന്ധിച്ച സർക്കാർ മനോഭാവത്തിൽതന്നെ വമ്പിച്ച മാറ്റം വരികയാണ്.
ഭരണഘടന പ്രഖ്യാപിച്ച മതനിരപേക്ഷ, ബഹുസ്വരസമൂഹമായി നാം തുടർന്നും നിലനിൽക്കുമോ അതോ, രാജ്യത്തിന് ഒരേയൊരു മതം എന്ന നിലപാടിൽ ഹിന്ദു ഭൂരിപക്ഷാധിപത്യത്തിലേക്ക് നമ്മൾ വഴങ്ങുകയാണോ എന്നതാണ് ചോദ്യം. രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കിൽ വരുന്ന തെരഞ്ഞെടുപ്പ് പ്രധാനം മാത്രമല്ല, ചരിത്രപരം കൂടിയായിരിക്കും.
മോദിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറും. മതനിരപേക്ഷ, ബഹുസ്വര ജനാധിപത്യ ഇന്ത്യ ഇല്ലാതാവും. രാഷ്ട്രത്തിന് ഔദ്യോഗികമതമില്ലാത്ത, പൗരരെല്ലാം അവകാശങ്ങളിൽ തുല്യരാവണമെന്ന് നിഷ്കർഷയുള്ള ഇന്ത്യ അതോടെ അസ്തമിക്കും.
അതുകൊണ്ട് വരുംതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായിനിന്നു നന്നേ ചുരുങ്ങിയത് ബി.ജെ.പിയെ മൂന്നിൽ രണ്ടു തൊടീക്കാതിരിക്കാൻ നന്നായി പൊരുതണം. അതിലും മികച്ച രീതിയിൽ അവരെ പരാജയപ്പെടുത്താൻതന്നെ പോരാടണം.
മുമ്പൊരിക്കൽ പാർലമെന്റിലെ പ്രസംഗത്തിൽ രാജീവ്ഗാന്ധി പറഞ്ഞു, ഒരു മതനിരപേക്ഷ ഇന്ത്യക്കു മാത്രമേ അതിജീവിക്കാൻ കഴിയൂ എന്ന്. രണ്ടാമത്തെ വാചകം ഇതായിരുന്നു: വല്ല കാരണവശാലും ഇന്ത്യ മതനിരപേക്ഷമാകുന്നില്ലെങ്കിൽ അതിന് നിലനിൽക്കാനുള്ള അർഹതയില്ല.
ഇന്ത്യൻ പ്രധാനമന്ത്രിയായ ഒരാൾ രാമക്ഷേത്ര ഉദ്ഘാടനത്തിൽ സംബന്ധിക്കുമ്പോൾ പ്രധാനമന്ത്രി എന്ന തന്റെ പൊതുപദവിയെ ഹിന്ദു എന്ന വ്യക്തിപരമായ സ്വകാര്യപദവിയുമായി സമീകരിക്കുകയാണ് അദ്ദേഹം. അത് തെറ്റാണ്. അത് മതനിരപേക്ഷതയല്ല. ഈ ചടങ്ങിൽനിന്നു വിട്ടുനിൽക്കുക മാത്രമല്ല ഇൻഡ്യ മുന്നണിക്ക് ചെയ്യാനുള്ളത്. അടുത്ത പൊതുതെരഞ്ഞെടുപ്പിനുശേഷം മതനിരപേക്ഷവും ബഹുസ്വരവും സഹിഷ്ണുതാപൂർണവുമായ ജനാധിപത്യക്രമം ചിട്ടപ്പെടുത്താൻ അവർ തയാറാകുകയും വേണം.
(മാധ്യമം എഡിറ്റർ വി.എം ഇബ്രാഹീമുമായി നടത്തിയ സംഭാഷണത്തിൽനിന്ന്; അഭിമുഖത്തിന്റെ പൂർണരൂപം തിങ്കളാഴ്ച ഇറങ്ങുന്ന മാധ്യമം ആഴ്ചപതിപ്പിൽ വായിക്കാം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.