ഇന്ത്യൻ ജനാധിപത്യം വിചാരണ നേരിടുന്നു
text_fieldsരാജ്യത്ത് സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസം. അശോക യൂനിവേഴ്സിറ്റിയിലെ സവ്യസാചിദാസ് ഇത് കാര്യകാരണസഹിതം തെളിയിച്ചു. പക്ഷേ, അതുമൂലം ജോലി രാജിവെക്കേണ്ടിവന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നും ഇത് ബി.ജെ.പിക്ക് സഹായകമാകുമെന്നും സാം പിട്രോഡയെ പോലുള്ള നിരവധി വിദഗ്ധർ അഭിപ്രായപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്
2024 എന്ന പുതുവത്സരം പിറവിയെടുക്കുന്നത് പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ മധ്യത്തിലേക്കാണ്. 17ാം ലോക്സഭയുടെ സംഭാവന എന്തായിരുന്നു? കഴിഞ്ഞ മഞ്ഞുകാല പാർലമെന്റ് സമ്മേളനം ഡിസംബർ 21നു അവസാനിക്കുന്നതിനുമുമ്പ് ലോക്സഭയിൽനിന്നും രാജ്യസഭയിൽ നിന്നുമായി 146 എം.പിമാരെ സസ്പെൻഡ് ചെയ്തു.
പാർലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടതാണ് അവരുടെ കുറ്റം. അത് പ്രതിപക്ഷത്തിന്റെ പ്രാഥമികധർമം മാത്രമാണെന്നതാണ് സത്യം. ജനാധിപത്യത്തെക്കുറിച്ച് ജെ.എസ്. മില്ലിന്റെ പ്രസിദ്ധമായ നിർവചനം ‘‘വാദപ്രതിവാദത്തിലൂടെയുള്ള സർക്കാർ എന്നാണ്.’’ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ (Adversary politics) കഴിവനുസരിച്ചാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ മാറ്റുരക്കപ്പെടുക.
ഇത്രയേറെ എം.പിമാരെ ഒറ്റയടിക്ക് സസ്പെൻഡ് ചെയ്തശേഷം ഒരുപാടു ബില്ലുകൾ എതിർപ്പുകൂടാതെ പാസാക്കി. അതിൽ ജനാധിപത്യത്തിന്റെ കാവൽ സ്ഥാപനങ്ങളിൽ ഒന്നായ ഇലക്ഷൻ കമീഷനെ നിയമിക്കുന്ന കമ്മിറ്റിയിൽനിന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾക്കൊള്ളിച്ചതുൾപ്പെടെ സുപ്രധാന നിയമങ്ങളുമുണ്ട്. ഭൂരിപക്ഷത്തിന്റെ തേർവാഴ്ച ഏകാധിപത്യമാണ്.
അജ്ഞതയിലും അന്ധവിശ്വാസത്തിലും അനാരോഗ്യത്തിലും ദാരിദ്യ്രത്തിലും കഴിഞ്ഞ ഒരു ജനതക്ക് ഒരുനല്ല നാളെയുടെ പിറവി ഉണ്ടാകുമെന്ന വാഗ്ദാനത്തിന്റെ മോഹത്തിലാണ് സ്വതന്ത്ര ഇന്ത്യ മുന്നോട്ടുപോയത്. വിഭജനത്തിന്റെ രക്തച്ചൊരിച്ചിലിനും കൊളോണിയൽ ഭരണകൂടം അവശേഷിപ്പിച്ച അനുഭവങ്ങൾക്കും ഒസ്യത്തുക്കൾക്കുമപ്പുറത്ത് ഒരു പുത്തൻ ലോകം നിർമിക്കുകയായിരുന്നു ആദ്യ ലോക്സഭയുടെ ഉത്തരവാദിത്തം.
അതുകൊണ്ടാണ് വിഭവവിന്യാസം സാമൂഹികലക്ഷ്യങ്ങൾക്കുവേണ്ടി നിയന്ത്രിക്കുന്ന ആസൂത്രണം ജനാധിപത്യത്തിലൂടെ പരീക്ഷിക്കാൻ പ്ലാനിങ് കമീഷനെ നിയമിക്കുകയും പഞ്ചവത്സര പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തത്. ഇത് സോവിയറ്റ് യൂനിയൻ നടപ്പാക്കിയതും, ചൈന അനുകരിച്ചതുമായ കമ്യൂണിസ്റ്റ് സമ്പ്രദായത്തിനപ്പുറത്തുള്ള ജനാധിപത്യ പരീക്ഷണമായിരുന്നു. നാം ഈ ജനാധിപത്യ പരീക്ഷണത്തിൽ വിജയിച്ചില്ലെന്നതാണ് സത്യം. എല്ലാ ജനാധിപത്യ വിശ്വാസികളും ആത്മപരിശോധന നടത്തേണ്ട മുഹൂർത്തം.
ആദ്യത്തെ ലോക്സഭ 677 ദിവസം കൂടുകയുണ്ടായി. അതായത് ഒരു വർഷം 135 ദിവസം സമ്മേളിച്ചു. 1975-77ൽ ജനാധിപത്യം സസ്പെൻഡ് ചെയ്യപ്പെട്ടു. വാസ്തവം പറഞ്ഞാൽ 1964വരെ നെഹ്റു പാർലമെന്റിൽ കടന്നുവരുന്നതും പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലനോട് കുശലാന്വേഷണം നടത്തുന്നതും പതിവുകാഴ്ചയായിരുന്നു. ആ കാലഘട്ടം കഴിഞ്ഞതോടെ ജനാധിപത്യം കീഴ്ഗതിയിലായിരുന്നു.
ഓരോ മന്ത്രാലയത്തിനും വേണ്ടിയുള്ള ഡിമാൻഡ് ഫോർ ഗ്രാന്റ്സും ബജറ്റ് സമ്മേളനവുമാണ് വളരെ നിർണായകമായ പാർലമെന്റ് സമ്മേളനം. 1964ൽ ഡിമാൻഡ് ഫോർ ഗ്രാന്റ്സിനുമാത്രം 143 മണിക്കൂർ ചെലവിട്ടു. എന്നാൽ, വാജ്പേയിയുടെ കാലത്ത് ഒരു ചർച്ചയും കൂടാതെയാണ് ബജറ്റും ഡിമാൻഡ് ഫോർ ഗ്രാന്റ്സും പാസാക്കിയത്. അങ്ങനെ തന്നെയായിരുന്നു 2017ലും 2018ലും. പൊതുവേ പറഞ്ഞാൽ 2013നുശേഷം സുപ്രധാനമായ ഈ ചർച്ച വെറും വഴിപാടു മാത്രമായിത്തീർന്നു.
17ാം ലോക്സഭയിൽ 64 ബില്ലുകൾ പാസാക്കാൻ 60 മിനിറ്റുകളിൽ താഴെ ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന 15ാം ലോക്സഭയിൽ 44 ബില്ലുകൾക്ക് 60 മിനിറ്റുകൾ താഴെ സമയമെടുത്തു എന്നുപറഞ്ഞ് മേനിനടിച്ചിട്ടു കാര്യമില്ല. ജനാധിപത്യമാണ് ഇവിടെ അപകടപ്പെടുക. നമ്മുടെ ജനാധിപത്യത്തിന്റെ അപചയം അപകടകരമാണ്.
2019ൽ തെരഞ്ഞെടുക്കപ്പെട്ട 538 എം.പിമാരിൽ 252 പേർ അഥവാ 47 ശതമാനംപേർ കൊലപാതകം, സ്ത്രീകളുടെ നേരെയുള്ള അതിക്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് സ്വയം സമ്മതിച്ചവരാണ്. ഇവരുടെ പ്രഖ്യാപിത ആളോഹരി ആസ്തി മൂല്യം 50.03 കോടി രൂപയാണ്.
ക്രിമിനൽ കേസിൽ പെടാത്തവരുടെ ശരാശരി ആസ്തിമൂല്യം 30.56 കോടി രൂപയും. മൊത്തം എം.പിമാരുടെ കണക്കെടുത്താൽ ശരാശരി ആസ്തി 2014ൽ 14.7 കോടി (16ാം ലോക്സഭ) ആയിരുന്നത് 2019 ൽ 20.96 കോടി ആയി. ഇത് പ്രസ്തുത വർഷം ആദായ നികുതി അടച്ചവരുടെ ശരാശരി വരുമാനത്തിന്റെ 348 ഇരട്ടിയാണെന്ന് സച്ചിൻ മമ്പട്ടാ ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്തായാലും ലോകത്തിലെ ഏറ്റവും കൂടുതൽ പട്ടിണിക്കാരെയും നിരക്ഷരരെയും പോഷകാഹാരക്കുറവുള്ളവരെയും ഉൾക്കൊള്ളുന്ന ഈ നാടിനെ ഇത്തരക്കാർ പ്രതിനിധാനംചെയ്യുന്നുവെന്നത് വിരോധാഭാസമാണ്. ഇത് പണാധിപത്യത്തിന്റെ പ്രകടമായ പ്രാതിനിധ്യമാണ്.
ഇന്ത്യയിലെ പാർട്ടികളെ സഹായിക്കുന്ന പ്രധാന സ്രോതസ്സ് കോർപറേറ്റുകളും കള്ളപ്പണവുമാണെന്ന് പറയപ്പെടുന്നു. സ്രോതസ്സ് വെളിപ്പെടുത്താതെ യഥേഷ്ടം സംഭാവന ചെയ്യാവുന്നതും ആദായനികുതി ആനുകൂല്യം ലഭിക്കുന്നതുമായ ഇലക്ടറൽ ബോണ്ടുകൾ സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയാണ്. 2017-2022 കാലയളവിലെ 5,271.97 കോടി രൂപയുടെ ബോണ്ടുകളിൽ 57 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചത്.
ഇന്ത്യൻ ജനാധിപത്യത്തെ വിലയിരുത്തുമ്പോൾ, ഇവിടെ സംഭവിക്കുന്ന ക്രമാതീതമായ മനുഷ്യാവകാശ ലംഘനങ്ങളുടെ വർധന ഒരിക്കലും വിസ്മരിക്കാൻ പാടില്ല. ആംനസ്റ്റി ഇന്റർനാഷനലിന്റെ 2022ലെ റിപ്പോർട്ടിൽനിന്ന് ചില വാചകങ്ങൾ ഉദ്ധരിക്കട്ടെ: ‘‘പൊതു ജനങ്ങളുമായോ നിയമനിർമാണ സഭയുമായോ വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ നടത്തുന്ന നിയമങ്ങളും നയങ്ങളും, മനുഷ്യാവകാശ പോരാളികളുടെയും മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ അങ്ങേയറ്റം ദുർബലപ്പെടുത്തുന്നതാണ്.
ക്രൂരമായി മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന സർക്കാറുകളും വെറുപ്പിന്റെ വക്താക്കളാകുന്ന രാഷ്ട്രീയ നേതാക്കളും പൊതു ഉദ്യോഗസ്ഥരും അശിക്ഷിതരായി തുടരുന്നു. ആദിവാസികളും പാർശ്വവത്കരിക്കപ്പെട്ടവരും കടുത്ത അതിക്രമവും വിവേചനവും നേരിടുന്നു. തീവ്രവാദികൾക്ക് എതിരെയുള്ള നിയമങ്ങൾ ഉപയോഗിച്ചാണ് അവരെ നിശ്ശബ്ദരാക്കുന്നത്....’’.
50 വർഷക്കാലം ആദിവാസികളുടെ അവകാശങ്ങൾക്കും നന്മക്കുംവേണ്ടി പ്രവർത്തിച്ച സ്റ്റാൻ സാമിയുടെ കമ്പ്യൂട്ടറിൽ തെളിവുകൾ കൃത്രിമമായി കയറ്റിയതും അദ്ദേഹത്തിന്റെ ജയിൽവാസവും മരണവും മനുഷ്യാവകാശ ലംഘനത്തിന്റെ നഗ്നമായ ലംഘനമല്ലെങ്കിൽ മറ്റെന്താണ്?
പലപ്പോഴും എതിർ ശബ്ദങ്ങൾ പറയുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും റെയ്ഡ് ചെയ്യുന്നതും ജയിലിലടക്കുന്നതും ഏതാണ്ട് നിത്യസംഭവമാകുന്നു. ബ്രൗൺ യൂനിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പ്രഫസർ അഷുതോഷ് വാർഷ്നി 2022ൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നത്, 2015നു ശേഷം ഏകദേശം 17000 സിവിൽ സൊസൈറ്റി സംഘടനകൾക്ക് രജിസ്ട്രേഷൻ നിഷേധിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്തു എന്നാണ്.
ഇത് പ്രവർത്തന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമാണ്. ആംനസ്റ്റി ഇന്ററർനാഷനൽ എന്ന മനുഷ്യാവകാശ സംഘടനയുടെ ഇന്ത്യയിലെ ഓഫിസ് അടച്ചുപൂട്ടിച്ചു. ഇന്ത്യയിലെ പണ്ഡിതലോകം ഏറെ ആദരിക്കുന്ന ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച് റെയ്ഡ് ചെയ്തു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല.
ഞാൻ ശ്രദ്ധയോടെ വായിക്കുന്ന ഒന്നാണ് സ്വീഡനിലെ ഗോതൻ ബർഗ് യൂനിവേഴ്സിറ്റിയിലെ വി.ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Varieties of Democracy) വാർഷിക പ്രസിദ്ധീകരണങ്ങൾ. അവർ ലോകത്തിലെ ഭരണകൂടങ്ങളെ നാലായി തരംതിരിച്ചിട്ടുണ്ട്- സ്വതന്ത്ര ജനാധിപത്യം, തെരഞ്ഞെടുപ്പുള്ള ജനാധിപത്യം, തെരഞ്ഞെടുപ്പുള്ള ഏകാധിപത്യം, തികഞ്ഞ ഏകാധിപത്യം. 2019നുശേഷം ഇന്ത്യയെ തെരഞ്ഞെടുപ്പുള്ള ഏകാധിപത്യം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഇന്നും ഇന്ത്യൻ ഭരണഘടനയും, അതിന്റെ ആമുഖത്തിലെ ‘നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, സ്ഥിതിസമത്വ, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിന്’ വേണ്ടി നിർമിച്ചതാണെന്ന അസന്നിഗ്ധ പ്രഖ്യാപനവും. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും ലക്ഷ്യങ്ങളും അത് വ്യക്തമാക്കുകയും ചെയ്യുന്നു.
ഇതിനെ പുച്ഛീകരിക്കാനും തുച്ഛീകരിക്കാനുമുള്ള കരുനീക്കങ്ങൾ വളരെ തന്ത്രപൂർവവും സൂക്ഷ്മവുമായി നടക്കുന്നുവെന്നത് ജനാധിപത്യ സ്നേഹികൾ അഭിമുഖീകരിക്കുന്ന വൻ വെല്ലുവിളിയാണ്. വരുമാനത്തിലും ആസ്തിയിലും വർധിച്ചുവരുന്ന അന്തരം എങ്ങനെ സാധാരണക്കാരുടെ സാമ്പത്തിക സാമൂഹിക അവസര സമത്വം ഹനിക്കപ്പെടുന്നുവെന്ന വിഷയം ഈ ലേഖനത്തിൽ വിട്ടുകളഞ്ഞിട്ടുണ്ട്.
ഇന്ന് ഇന്ത്യയിൽ കൊടികുത്തിവാഴുന്നത് തീവ്രമായ ചങ്ങാത്ത മുതലാളിത്തമാണ്. ശക്തമായ പൊതുയുക്തി വേരോടുന്ന പൊതുമണ്ഡലമാണ് അതിന് മറുപടി. ജനാധിപത്യം വിചാരണ ആവശ്യപ്പെടുന്ന ചരിത്രസന്ദർഭത്തിലാണ് നാം എത്തിനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.