ഇന്ത്യൻ വംശജർക്ക് വോട്ട് നഷ്ടപ്പെട്ടാൽ ഇന്ത്യൻ മാധ്യമങ്ങൾക്കെന്ത് ?
text_fieldsവിദൂരമായൊരു പസഫിക് ദ്വീപിൽ ആറു ലക്ഷം ഇന്ത്യൻ വംശജർക്ക് എന്നെന്നേക്കുമായി അധികാരം നഷ്ടപ്പെട്ടാൽ, അവരെ ഒന്നാകെ തുറുങ്കിലടച്ചാൽപോലും ഇന്ത്യൻ മാധ്യമങ്ങൾ എങ്ങനെയാവും പ്രതികരിക്കുക? കൂടുതൽ വിശദാംശങ്ങൾ ഫയൽ ചെയ്യാൻ റോയിട്ടേഴ്സിനോട് ആവശ്യപ്പെടും; അല്ലാതെയെന്ത്!
ഫിജി പ്രധാനമന്ത്രിയായി മൂന്നാം തവണയും അധികാരമേറ്റ സിതിവേണി റബുകയെക്കുറിച്ച് ദി ഇക്കണോമിസ്റ്റിൽ വന്ന ലേഖനം വായിക്കവെ 1987ൽ ഈ പുമാൻ നടത്തിയ ഭയാനകമായ ഇന്ത്യൻ വിരുദ്ധ അട്ടിമറി മനസ്സിൽ ഓർമ വന്നു.
1833ലെ അടിമത്ത നിരോധന നിയമത്തെ മറികടക്കാൻ കൊണ്ടുവന്ന കൂലിപ്പണി സമ്പ്രദായത്തിന്റെ (indenture system) ഭാഗമായി ഇന്ത്യൻ തൊഴിലാളികളെ കപ്പലിലേറ്റി കൊണ്ടുവന്നതാണിവിടെ. ക്രമേണ ഇന്ത്യൻ ജനസംഖ്യ ഇവിടെ വർധിച്ചുവന്നു. കരിമ്പുപാടങ്ങളിൽ ഇഷ്ടംപോലെ പണികളുണ്ടായിരുന്നു. പണി കഴിയുമ്പോൾ മിനുങ്ങാൻ ഭാംഗിന്റെ ഫിജിയൻ വകഭേദമായ ങോനയും സുലഭം.
സാമ്രാജ്യത്വശക്തികൾ ഘട്ടംഘട്ടമായി കോളനികൾ വിട്ടൊഴിഞ്ഞപ്പോൾ സ്വാതന്ത്ര്യം സ്വീകരിക്കാൻ ഫിജി വിസമ്മതിച്ചു. മഹാറാണി ഞങ്ങളെ കൈയൊഴിഞ്ഞുപോവല്ലേ എന്ന് ഫിജിയുടെ പ്രമുഖർ ബ്രിട്ടീഷ് രാജ്ഞിയോട് കെഞ്ചി.
അവർക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും 1970ൽ ഫിജിക്ക് സ്വാതന്ത്ര്യം പ്രാപിക്കേണ്ടിവന്നു. അന്നേരം അവിടെ ഇന്ത്യൻ വംശജരുടെ എണ്ണം ആറു ലക്ഷമായി വർധിച്ചിരുന്നു (ഇപ്പോൾ 3,50,000 ആയി ചുരുങ്ങി). അവർ തെരഞ്ഞെടുപ്പിലും ജനാധിപത്യ പ്രക്രിയയിലും ഭാഗധേയം നിർവഹിക്കാനാകുമെന്ന ആശയും സൂക്ഷിച്ചു.
1987ൽ, ഫിജിയൻ മെഡിക്കൽ ഡോക്ടറായ തിമോസി ബവാദ്, താൻ സ്ഥാപിച്ച ലേബർ പാർട്ടിയിൽ ഇന്ത്യക്കാർക്ക് തുല്യ പങ്കാളിത്തം നൽകി. മഹേന്ദ്ര ചൗധരി, ഡോ. സതേന്ദ്ര നന്ദൻ തുടങ്ങിയവരൊക്കെ മുൻനിരയിലുണ്ടായിരുന്നു. ഐതിഹാസികമായ ഒരു മന്ത്രിസഭയാണ് പ്രഖ്യാപിക്കപ്പെട്ടത്. എട്ടു പേർ ഇന്ത്യൻ വംശജരും ബാക്കി എട്ടുപേർ തദ്ദേശീയരും. ചരിത്രത്തിലാദ്യമായി രാജ്യം ബഹുസ്വരതയുടെ കൊടി ഉയർത്തിയ സുമ്മോഹന സന്ദർഭത്തിൽ കവചിത വാഹനങ്ങൾ സൈറൻ മുഴക്കി ചീറിപ്പാഞ്ഞു, പാർലമെന്റ് അട്ടിമറിക്കപ്പെട്ടു. ഒറ്റ രാത്രികൊണ്ട് ആറു ലക്ഷം ഇന്ത്യൻ വംശജരുടെ വോട്ടവകാശം ഇല്ലാതാക്കപ്പെടുന്നു. ആസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, പാശ്ചാത്യ വാർത്താകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരെക്കൊണ്ട് ഹോട്ടലുകൾ നിറഞ്ഞു. ഇന്ത്യക്കാരുടെ അവകാശം നിഷേധിക്കുന്നതായിരുന്നു അവിടത്തെ വിഷയമെങ്കിലും വഴിതെറ്റിപ്പോലും ഇന്ത്യൻ പത്രപ്രവർത്തകർ ആ വഴി വന്നില്ല. ഇന്ത്യയിലെ ചാനൽപ്രളയത്തിന് ഏകദേശം അഞ്ചു വർഷം മുമ്പാണ് ഈ സംഭവമെന്നോർക്കുക.
ഇന്ത്യൻ പത്രപ്രവർത്തകർ വരുമായിരിക്കുമെന്ന് പ്രതീക്ഷിച്ചത് എന്റെ മണ്ടത്തം. അവർ ഒരിക്കലും അത് ചെയ്യില്ല. ലോകസംഭവങ്ങളെ ഒരിക്കലും സ്വന്തം കണ്ണുകൊണ്ട് കാണില്ല എന്നത് ഇന്ത്യൻ പത്രപ്രവർത്തകരുടെ തനിസ്വഭാവമാണ്. വാർത്തയുടെ നിയന്ത്രണം ടി.വി ചാനലുകളുടെ കൈകളിലായതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു.
ഗവർണർ ജനറൽ രതു പെനയ്യയുമായുള്ള കൂടിക്കാഴ്ചക്കുശേഷം തികച്ചും ആകസ്മികമായാണ് അട്ടിമറിയുടെ നേതാവായ റബുകയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം രൂപപ്പെട്ടത്.
(മുഗൾ നിർമിതികളിലെ കൂറ്റൻ തൂണുകളെ അനുസ്മരിപ്പിക്കുന്ന ഏഴടിയിലേറെ ഉയരമുള്ള മനുഷ്യനാണ് രതു പെനയ്യ. ആ കോളനി രാജ്യത്ത് ബ്രിട്ടീഷുകാർ എന്തുകൊണ്ടാണ് ക്രിക്കറ്റ് അവതരിപ്പിക്കാഞ്ഞത് എന്ന് ഞാൻ ചിന്തിച്ചിരുന്നു. എപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഫിജിയിലെ ജനങ്ങളുടെ ഉയരം വെച്ചുനോക്കുമ്പോൾ ആറടി എട്ടിഞ്ചുകാരനായ വെസ്റ്റിൻഡീസ് ക്രിക്കറ്റർ ജോയൽ ഗാണറെപ്പോലും മിതമായ ഉയരമുള്ള ആളായി മാത്രമേ കണക്കാക്കാനാവൂ. ഏഴടിയിലേറെ ഉയരമുള്ള ഒരു ഫാസ്റ്റ് ബൗളർ ഹാർഡ് ക്രിക്കറ്റ് ബാൾ ഡെലിവർ ചെയ്താൽ, ഏതൊരു ബാറ്റ്സ്മാനും പരിക്ക് മാരകമായിരിക്കും. അതുകൊണ്ടാവും ബ്രിട്ടീഷുകാർ ഫിജിക്കാരെ ക്രിക്കറ്റിൽനിന്ന് നിരുത്സാഹപ്പെടുത്തിയതെന്ന് ഞാൻ സംശയിക്കുന്നു. പകരം, റഗ്ബി കളിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു).
ഗവർണർ ജനറലിന്റെ കൊട്ടാരത്തിൽനിന്ന് ഇറങ്ങവെ സ്കോട്ടിഷ് പാവാടപോലൊരു വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരിലൊരാളാണ് എന്നെ അനുഗമിച്ചത്. അയാളോട് റബുകയുടെ പി.എയുടെ നമ്പർ ഞാൻ ആവശ്യപ്പെട്ടപ്പോൾ ഈ രഹസ്യ നമ്പർ വാങ്ങാൻ ഗവർണർ ജനറലിന്റെ അനുമതി നേടിയിട്ടുണ്ടാവാം എന്ന് അദ്ദേഹം കരുതി. ഗവർണർ ജനറൽ ഓഫിസിൽനിന്നുതന്നെ ഫോൺവിളിച്ച് അഭിമുഖം ഞാൻ ഉറപ്പാക്കി. ആ അഭിമുഖത്തിൽ ഒരു കാര്യം അദ്ദേഹം വളച്ചുകെട്ടലോ മറച്ചുവെക്കലോ ഇല്ലാതെ തുറന്നുപറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥത കൈയാളുന്ന തദ്ദേശീയരായ മെലനേഷ്യൻ മേധാവികൾ നിയന്ത്രിക്കുന്ന ഒരു സംവിധാനം ഒരിക്കലും ഇന്ത്യക്കാർക്ക് സമത്വം അംഗീകരിക്കില്ല. പിന്നെ അധികാരഘടനയിൽ ഇന്ത്യൻ വംശജർക്ക് സ്വാധീനം ഉണ്ടാവുക എന്നത് ആലോചിക്കാൻപോലുമാവാത്ത കാര്യമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ വഞ്ചനയോ നയതന്ത്രമോ ഇല്ലായിരുന്നു.
ശീതയുദ്ധകാലത്ത് യു.എസ്, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവ ഉൾപ്പെടുന്ന അൻസുസ് (ANZUS) പ്രതിരോധ ക്രമീകരണം നിർണായകമായിരുന്നു. ഇന്ത്യക്കാർക്ക് ഉപകരാർ കൊടുക്കാവുന്നതിൽ അപ്പുറമായിരുന്നു ഫിജിയുടെ നയതന്ത്ര പ്രാധാന്യം. ഫിജിയുടെ ഭൗമരാഷ്ട്രീയത്തിൽ ഇന്ന് വ്യത്യസ്ത താൽപര്യക്കാരുടെ സാന്നിധ്യമുണ്ട്.
1987ൽ സോവിയറ്റ് യൂനിയനുമായിട്ടായിരുന്നു ശീതയുദ്ധമെങ്കിൽ ഇന്ന് വർധിച്ചുവരുന്ന ചൈനീസ് നിക്ഷേപത്തിൽനിന്നുള്ള രക്ഷാകവചമായാണ് റബുക സ്വയം കാണുന്നത്. ഒരു ചൈനീസ് കമ്പനിക്കാണ് ഇവിടത്തെ സ്വർണഖനികളുടെ ഉടമാവകാശം. മറ്റൊരു കമ്പനി ബോക്സൈറ്റ് ശേഖരം കുത്തകയാക്കാനുള്ള നീക്കത്തിലാണ്. ഇളവുകളോടെ ചൈന അനുവദിച്ച വായ്പയിലാണ് പുതിയ പാലങ്ങളും റോഡുകളും ഇവിടെ ഉയരുന്നത്.
അന്നു നടത്തിയ അഭിമുഖം അടങ്ങിയ ഓഡിയോ കാസറ്റ് ആസ്ട്രേലിയക്കും ന്യൂസിലൻഡിനും ഏറെ വിലപ്പെട്ടതായിരുന്നു. അഭിമുഖത്തിന്റെ ഒരു കോപ്പിക്കായി എന്നോട് അഭ്യർഥിച്ച ന്യൂഡൽഹിയിലെ ന്യൂസിലൻഡ് ഹൈകമീഷണർ ഗ്രേം വാട്ടേഴ്സിന്റെ ആകാംക്ഷാഭരിതമായ മുഖം ഒരിക്കലും മറക്കാനാവില്ല. ന്യൂഡൽഹിയിലെ ഹൈകമീഷനിലൂടെ ആസ്ട്രേലിയക്കാർ എന്നെ വിടാതെ പിന്തുടർന്നു.
മറ്റാർക്കെങ്കിലും നൽകുന്നതിനുമുമ്പ് ഇത് എന്റെ ഇന്ത്യൻ സുഹൃത്തുക്കളുമായി പങ്കിടാമെന്ന് ഞാൻ കരുതി. ആറു ലക്ഷം ഇന്ത്യക്കാർ പാർക്കുന്നൊരു നാടായിട്ടും പസഫിക്കിലെ ഒരു വിദൂര ദ്വീപിൽ നടക്കുന്ന കാര്യങ്ങളിൽ അവർക്കാർക്കും താൽപര്യമില്ലെന്ന തിരിച്ചറിവാണ് ആ ശ്രമം എനിക്കു സമ്മാനിച്ചത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.