'സുഹൃത്തായ' ട്രംപിൽ നിന്നും മോദി പഠിക്കേണ്ടത്
text_fieldsകെ. ബാബുരാജ്
ഒരാളെക്കുറിച്ചു സൂക്ഷ്‌മമായി അറിയാൻ അയാളുടെ അടുത്ത സുഹൃത്തുക്കളെക്കുറിച്ചു അന്വേഷിച്ചാൽ മതിയെന്ന് പറയാറുണ്ട്. ഡോണൾഡ് ട്രംപ് അമേരിക്കയിൽ കാട്ടിക്കൂട്ടിയതു കാണുമ്പോൾ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായ നരേന്ദ്രമോദിയെ കുറിച്ച് ആശങ്ക വർധിക്കുന്നത് സ്വാഭാവികം. ജനാധിപത്യത്തിനു പുല്ലുവില കൽപിക്കുന്നയാളാണ് ട്രംപെന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങിയപ്പോഴേ വ്യക്തമായതാണ്. യു.എസ് കോൺഗ്രസ് ആസ്ഥാനമായ കാപിറ്റലിലേക്ക് തന്‍റെ അനുയായികളെ പ്രേരിപ്പിച്ചു കൊണ്ടുവന്നു ജനാധിപത്യം അട്ടിമറിക്കാനാണ് ട്രംപ് ശ്രമിച്ചത്. അവിടെ അക്രമം നടത്താൻ എത്തിയ ട്രംപ് അനുയായികളുടെ പക്കൽ അമേരിക്കൻ പതാകക്ക് പുറമെ ഒരു വിദേശ രാഷ്ട്രത്തിന്‍റെ പതാക ഉണ്ടായിരുന്നത് ഇന്ത്യയുടേതു മാത്രമാണ്. ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയവനെ തിരിച്ചറിയുകയും ചെയ്തു.
നരേന്ദ്രമോദി രാജ്യത്തോട് ചെയ്ത അനീതികളിൽ ഒന്ന് സ്വാതന്ത്ര്യം കിട്ടിയതു മുതൽ നാം തുടർന്നു പോരുന്ന ചേരിചേരാനയത്തിൽ വെള്ളം ചേർത്തു എന്നതാണ്. നെഹ്രുവിന്‍റെ കാലം മുതൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിപദം ഒഴിയുന്നതുവരെ രാജ്യം പാലിച്ചുവന്ന വിദേശനയത്തെ മോദി മാറ്റിമറിച്ചു. അമേരിക്കൻ ചേരിയിലേക്ക് അദ്ദേഹം ഇന്ത്യയെ അടുപ്പിച്ചു. കാപിറ്റോൾ ആക്രമണത്തിൽ ലോകനേതാക്കൾക്കൊപ്പം ട്രംപിന്റെ പ്രവർത്തിയെ അപലപിക്കുകവഴി മുഖം രക്ഷിക്കാൻ മോദിക്ക് കഴിഞ്ഞെങ്കിലും ഇത്രമാത്രം ജനാധിപത്യ വിരുദ്ധനും വർണവെറിയനുമായ ഒരാളെ ഇത്രകാലം തലയിലേറ്റി നടന്നതിന് മോദി സ്വയം ലജ്ജിക്കണം.
ഈച്ചയും ചക്കരയും പോലെയാണ് ട്രംപും മോദിയും എന്ന് തോന്നിച്ച സന്ദർഭങ്ങൾ നിരവധിയാണ്. 2019 സെപ്റ്റംബർ 22 നു ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡിയും 2020 ഫെബ്രുവരി 24 നു അഹമ്മദാബാദിൽ നടത്തിയ നമസ്തേ ട്രംപും ആരും മറന്നിട്ടില്ല. ഹൗഡി മോഡിയിൽ പ്രസംഗിച്ച ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് അമേരിക്കയിൽ ഇനി വരാൻ പോകുന്നതും ട്രംപ് സർക്കാർ തന്നെയാണെന്നാണ്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന് ഇന്ത്യയുടെ പിന്തുണയായാണ് അത് വ്യാഖ്യാനിക്കപ്പെട്ടത് . ഹൂസ്റ്റണിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായിരുന്നു. യു?എസിലെ ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന പ്രയോഗമായിരുന്നു മോദി നടത്തിയത് . ബി.ജെ.പി അനുകൂലികളായ ഇന്ത്യൻ വംശജർ മോദിയുടെ വാക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയിൽ നടന്നുവരുന്ന കർഷക സമരത്തെ ചില വിദേശ നേതാക്കൾ ഈയിടെ പരസ്യമായി പിന്തുണച്ചപ്പോൾ രാജ്യത്തിൻറെ ആഭ്യന്തര പ്രശ്നങ്ങളിലെ ഇടപെടലായാണ് വിദേശമന്ത്രാലയം അതിനെ വിമർശിച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മോദിയുടെ നടപടിയും ഇതിനു തുല്യമായിരുന്നു. അമേരിക്ക തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തിൽ വരാൻ പോകുന്നതും ട്രംപ് സർക്കാർ എന്ന മോദിയുടെ കമന്‍റ് അപക്വവും രാജ്യാന്തര മര്യാദകൾക്കു നിരക്കാത്തതുമായിരുന്നു.
പൊതുയോഗങ്ങളിൽ മോദിയെ വാരിക്കോരി പ്രശംസിച്ചിരുന്ന ആളാണ് ട്രംപ്. ഇന്ത്യയിൽ ട്രംപ് വന്നപ്പോഴും മോദി വാഷിങ്ങ്ടണിൽ പോയപ്പോഴും ഇതുതന്നെയാണ് ആവർത്തിച്ചത്. മോദിക്ക് മുൻപ് വാഷിംഗ്‌ടൺ സന്ദർശിച്ച മൻമോഹൻ സിംഗ് വരെയുള്ള ഇന്ത്യൻ നേതാക്കളെ അവർ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന് മുൻപു ഇന്ത്യയിൽ വന്ന ബറാക്ക് ഒബാമ വരെയുള്ള അമേരിക്കൻ പ്രസിഡന്‍റുമാർക്കു നമ്മളും അർഹിക്കുന്ന ആദരവ് നൽകി. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനു നൽകുന്ന ബഹുമാനമാണത്. അല്ലാതെ വ്യക്തിപരമായ അടുപ്പങ്ങളുടെ പേരിലല്ല. നിർഭാഗ്യവശാൽ നരേന്ദ്രമോദി കണക്കിലെടുത്തത് അത് അദ്ദേഹത്തോടുള്ള ആദരവായാണ്. ഇന്ത്യയുടെ മുൻകാല രാഷ്ട്രനേതാക്കളിൽ നിന്ന് മോദിയെ വ്യത്യസ്തനാക്കുന്നത് ഇത്തരം സമീപനങ്ങളാണ്. പ്രസിഡൻഷ്യൽ ഇയേഴ്‌സ് എന്ന ആത്മകഥയിൽ മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. മുഖർജി എഴുതുന്നു...സൗഹൃദം രാഷ്ട്രങ്ങൾ തമ്മിലാണ്. ഒരു ബന്ധവും വ്യക്തിഗതമല്ല. മോദി അതിനെ വ്യക്തിപരമായി കണ്ടു എന്ന് ഞാൻ വിശ്വസിക്കുന്നു. തികഞ്ഞ അസംബന്ധമാണത്. 2015 ൽ മുൻകൂട്ടി പറയാതെ ലാഹോറിൽ പാക് പ്രസിഡന്റ് നവാസ് ഷെരീഫിനെ മോദി സന്ദർശിച്ചതും ആവശ്യമില്ലാത്ത ഒന്നായിരുന്നുവെന്നു പ്രണബ് പറയുന്നു.
രാജ്യത്തെക്കാൾ വലുതാണ് താനെന്ന ബോധമാണ് ട്രംപിനെ ഭരിച്ചിരുന്നത്. ജനാധിപത്യത്തെ അദ്ദേഹം തെല്ലും മാനിച്ചില്ല. ഇതേ സ്വഭാവ വിശേഷങ്ങൾ നരേന്ദ്രമോദിയിലും കാണാം. പ്രണബിന്‍റെ ആത്മകഥയിൽ അദ്ദേഹം അത് കൃത്യമായി എഴുതിയിട്ടുണ്ട്. മോദിയുടെ ശൈലി ഏകാധിപതിയുടേതാണെന്നു അദ്ദേഹം തുറന്നെഴുതുന്നു. പാർലമെന്റിനു അർഹിക്കുന്ന പ്രാധാന്യം നൽകുകയോ അതിന്റെ കാര്യക്ഷമമായ നടത്തിപ്പിന് മോദി നേതൃത്വം നൽകുകയോ ചെയ്തില്ല.
പൊതു ചടങ്ങുകളിൽ മോദിയെ വാനോളം പുകഴ്ത്തുന്നതിൽ ഒട്ടും പിശുക്കു കാണിച്ചിട്ടില്ലാത്ത ആളാണ് ട്രംപ്. നല്ല മനുഷ്യൻ, മഹാനായ വ്യക്തി എന്നൊക്കെ വിശേഷണങ്ങൾക്ക് ഒട്ടും കുറവ് വരുത്തിയിട്ടില്ല . .നരേന്ദ്രമോദിയുമായി തനിക്കു പ്രത്യേക അടുപ്പമുണ്ടെന്ന് പറഞ്ഞ ട്രംപ് തന്‍റെ വിശ്വസ്തനായ സുഹൃത്ത് എന്ന് മോദിയെ വിളിക്കുന്നതിൽ അഭിമാനമുള്ളതായും വ്യക്തമാക്കിയിരുന്നു. ഇന്ത്യ സന്ദർശനത്തിനിടയിൽ സബർമതി സന്ദർശിച്ച ട്രംപ് അവിടുത്തെ സന്ദർശന ഡയറിയിൽ മഹാത്മാഗാന്ധിയെ കുറിച്ച് ഒരുവരി പോലും എഴുതാതെ തന്‍റെ സുഹൃത്തായ നരേന്ദ്രമോദിയെ കുറിച്ചാണ്എഴുതിയത്.
നേരെമറിച്ചു 2015 ൽ രാജ്ഘട്ട് സന്ദർശിച്ച ബറാക് ഒബാമ അവിടെ കുറിച്ചത് ഗാന്ധിജിയുടെ ആത്മാവ് ഇന്ത്യയിൽ ഇന്നും ജീവിച്ചിരിക്കുന്നു എന്നാണ്. സ്ഥാനമൊഴിയുന്നതിനു രണ്ടാഴ്ചക്കു മുൻപ് ലീജിയൻ ഓഫ് മെറിറ്റ് എന്ന അമേരിക്കയുടെ ഉയർന്ന സൈനിക ബഹുമതി മോദിക്ക് ട്രംപ് സമ്മാനിച്ചിരുന്നു. കോവിഡ് കാരണം മോദിക്ക് പോകാൻ കഴിയാതിരുന്നതിനാൽ യു.എസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവാണ് അവാർഡ് സ്വീകരിച്ചത്.
മോദിയെ ഇത്രയേറെ പുകഴ്ത്തിയ ട്രംപ് ഇന്ത്യയെക്കുറിച്ചു അത്തരത്തിലൊന്നും പറഞ്ഞിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കലർപ്പില്ലാത്ത സൗഹൃദത്തിലൂടെ യു.എസിൽ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ തോത് ട്രംപ് ഉയർത്തിയെടുത്തു . അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കത്തിൽ കുറവ് വരുത്താനും കഴിഞ്ഞു. അതേസമയം, ഇന്ത്യൻ ഐ ടി പ്രൊഫഷണുലകൾക്കും വിദ്യാർത്ഥികൾക്കും അമേരിക്കയിൽ പോകാനുള്ള എച് -1 ബി , എഫ് 1 , ജെ 1 വിസകൾക്കു ട്രംപ് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു..
മോദി - ട്രംപ് ഭായ് ഭായ് ബന്ധമൊന്നും ഇക്കാര്യങ്ങളിൽ ഇന്ത്യക്കു ഗുണം ചെയ്തില്ല. ട്രംപിന്‍റെ പിൻഗാമിയായി വന്ന ജോ ബൈഡൻ ഒബാമയുടെ കാലത്തു വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയുമായി മികച്ച സൗഹൃദം തുടരാൻ ആഗ്രഹിക്കുന്ന വ്യക്തിയുമാണദ്ദേഹം.. ഇന്ത്യൻ വംശജയായ കമലാ ഹാരിസ് ആണ് പുതിയ വൈസ് പ്രസിഡന്റ്. രാഷ്ട്രനേതാക്കൾ തമ്മിൽ അന്യോന്യം പുറംചൊറിയുന്ന ബന്ധമല്ല, രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദ്ദവും നയതന്ത്രജ്ഞതയുമാണ് വേണ്ടതെന്നു തിരിച്ചറിയാൻ ഡൊണാൾഡ് ട്രംപിന്റെ വീഴ്ച നരേന്ദ്രമോദിക്ക് അനുഭവപാഠം ആകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.