തുടച്ചുമാറ്റപ്പെടേണ്ട സനാതന വംശീയവാദം
text_fieldsപത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സവർണ ഹിന്ദുക്കൾ പൊതുവെ ആചരിച്ചുപോന്ന മിക്ക മത, ആചാര, അനുഷ്ഠാനങ്ങളും പുതിയ ബ്രിട്ടീഷ് നിയമത്തിന്റെയും ആധുനിക മൂല്യങ്ങളുടെയും കാഴ്ചപ്പാടിൽ ‘കുറ്റകൃത്യ’ങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു
ഇംഗ്ലീഷിലെ ‘റിലീജ്യൻ’ (religion) എന്ന സംജ്ഞ ഉത്തരേന്ത്യൻ ഭാഷകളിൽ ‘ധർമം’ എന്നും തെക്കേ ഇന്ത്യൻ ഭാഷകളിൽ ‘മതം’ എന്നുമാണ് ആധുനിക കാലത്ത് പരിഭാഷപ്പെടുത്തിയത്. ധർമം എന്ന സംസ്കൃത പദത്തിന്റെ അർഥം, ‘താങ്ങിനിർത്തുന്നത്’, ‘ആധാരശില’, ‘സ്വഭാവം’, ‘സഹജം’ എന്നൊക്കെയാണ്. ഓരോ വർണ/ജാതിയെയും നിർവചിക്കുന്നതും നിർണയിക്കുന്നതും ഈ വർണ/ജാതിയിലുണ്ടെന്നു ബ്രാഹ്മണർ ആരോപിച്ച ‘സഹജസ്വഭാവ’മാണ്. ‘ധർമം’ എന്ന സംജ്ഞക്ക് പരമ്പരാഗത സിദ്ധാന്തത്തിൽ ‘ധാർമികത’ (morality) യുമായോ നൈതികതയുമായോ (morality/ethics) ഒരു ബന്ധവുമില്ല. പോൾ ഹായ്ക്കർ പറയുന്നത് നോക്കുക: ‘‘ധർമം’ എന്താണെന്ന് അറിയണമെങ്കിൽ, ആര്യാവർത്തത്തിലേക്കു പോകണം... ആര്യാവർത്തത്തിലെ ആചാര്യന്മാർ (ബ്രാഹ്മണർ) പറയുന്നതാണ് ധർമം. ഓരോ വർണത്തിന്റെയും ധർമം ജന്മസിദ്ധവും പാരമ്പര്യാർജിതവുമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകൾക്കും ബാധകമായ പെരുമാറ്റസംഹിതയും ജന്മസിദ്ധ ഗുണവുമാണ് ഈ ധർമം. ധർമത്തിന്റെ ആത്യന്തിക പ്രമാണം വേദങ്ങൾ അഥവാ ഒരു നിശ്ചിത ഭൂപ്രദേശത്തെ ‘ആചാര്യന്മാർ’ തീരുമാനിക്കുന്നതാണ് ധർമം’’ (Paul Hacker, ‘Dharma in Hinduism’ (K.L. Schr. PP. 496-509). ‘വർണാശ്രമധർമം’, ‘സനാതനധർമം’ തുടങ്ങിയ സംസ്കൃത സംജ്ഞകൾ വൈദേശിക ആര്യന്മാരുടെ ‘വംശീയമേധാവിത്വ’ത്തിന്റെ ഭാഷാരൂപങ്ങൾ മാത്രമാണ്. മനുഷ്യചരിത്രത്തിലെ തിന്മയുടെ പ്രാഗ് രൂപമാണ് ‘സനാതന വർണാശ്രമധർമം’.
17ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തെക്കേ ഇന്ത്യയിൽ എത്തിയ മിഷനറിമാർ ക്രിസ്റ്റ്യാനിറ്റിയെ സൂചിപ്പിക്കാൻ വേദം, മതം തുടങ്ങിയ സംജ്ഞകളാണ് ഉപയോഗിച്ചിരുന്നത്. 1714ൽ ബൈബിളിന്റെ ആദ്യ തമിഴ് വിവർത്തനത്തിന് ‘വേദപുസ്തകം’ എന്നാണ് പേരിട്ടത്. പ്രൊട്ടസ്റ്റന്റ് മിഷനറിയായിരുന്ന സ്വീഗൻബാൾഗ് ക്രിസ്തുമതത്തെ ‘സത്യവേദം’ എന്നാണ് പറഞ്ഞത്. ബിഷപ്പുമാരെ വേദപാലകന്മാർ എന്നും വിളിച്ചിരുന്നു.
എന്നാൽ, കൽക്കത്തയിലെ മിഷനറിമാർ ധർമമെന്നാണ് ഉപയോഗിച്ചത്. ബൈബിളിന്റെ ബംഗാളി വിവർത്തനം ധർമപുസ്തകം അഥവാ നൂതന ധർമഗ്രന്ഥം എന്നൊക്കെ പേരുകളിലാണ് പുറത്തുവന്നത്. യൂറോപ്യൻസിനും മിഷനറിമാർക്കും സ്വീകാര്യമായ വിധത്തിൽ ഹിന്ദു ധർമത്തെയും സനാതന ധർമത്തെയും പുനർവ്യാഖ്യാനിക്കാനാണ് ആ കാലത്ത് ശ്രമങ്ങളുണ്ടായത്. സതി നിരോധനത്തിനെതിരെ 1830ൽ രാധാകാന്ത് ദേബ് എന്ന ബ്രാഹ്മണൻ കൽക്കത്തയിൽ രൂപം നൽകിയ സംഘടനയുടെ പേര് ധർമസഭ എന്നായിരുന്നു. എല്ലാതരം പരിഷ്കാരങ്ങളെയും നിരാകരിച്ച പരമ്പരാഗത സവർണ വിഭാഗങ്ങൾ തങ്ങളെ സനാതന ഹിന്ദുക്കളെന്ന് നിർവചിച്ചു (M.M. Ali, The Bengal Reaction to Christian Missionary Activities, 1833-1857, Chitagong, 1965, P.31). ഇതേ കാലയളവിൽ മഹാരാഷ്ട്രയിലെ മഹേഷാനന്ദഗിരി ‘ചാതുർവർണ്യ ഭാരത സമീക്ഷ’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു (Bombay 1968). സവർണരുടെ ധർമം സനാതന ധർമമായതിനാൽ അതിനൊരു പരിഷ്കാരവും ആവശ്യമില്ല. അത് എല്ലാകാലത്തേക്കും ബാധകമാണ്! എന്നൊക്കെയായിരുന്നു വാദങ്ങൾ.
രാജാറാം മോഹൻറോയ്, കേശവചന്ദ്രസെൻ, ദേബേന്ദ്രനാഥ ടാഗൂർ, വിവേകാനന്ദൻ, തിലകൻ, ഗാന്ധി തുടങ്ങിയവർ ആവിഷ്കരിച്ച ‘ക്ഷമാപണ ഹിന്ദുയിസ’ത്തെപ്പോലും അംഗീകരിക്കാത്തവരും പ്രാദേശിക ആചാര അനുഷ്ഠാനബദ്ധരുമായിരുന്നവരാണ് ആദ്യഘട്ടങ്ങളിൽ സനാതന ഹിന്ദുത്വത്തിന്റെ വക്താക്കളായി വന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഭരണഘടനാ സമിതികളും കോടതികളും നിലവിൽവന്നതോടെ ജനസംഖ്യാനുപാതിക തെരഞ്ഞെടുപ്പ് പ്രധാനമാവുകയും എല്ലാറ്റിലുമുപരി സംഖ്യാബലം മുഖ്യഘടകമായി മാറുകയും ചെയ്തതോടെ വലിയ പരിഷ്കാരങ്ങൾക്ക് സവർണർ നിർബന്ധിതരായി. അങ്ങനെയാണ് ഗാന്ധിയുടെ ഹരിജനോദ്ധാരണം, അയിത്തോച്ചാടനം തുടങ്ങിയ പരിഷ്കാരനടപടികൾ ആരംഭിച്ചത്.
ആദ്യകാല സനാതനധർമ സിദ്ധാന്തമനുസരിച്ച്, മഹാഭൂരിപക്ഷം അധഃസ്ഥിതരും വർണബാഹ്യരായിരുന്നു. ഇത്തരമൊരു സ്ഥിതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സവർണർക്ക് വലിയ അസ്തിത്വ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ബ്രിട്ടീഷുകാർക്കു മുന്നിൽ ‘ഇന്ത്യ’യെ പ്രതിനിധാനം ചെയ്യേണ്ടത് ആര്- ന്യൂനപക്ഷമായ സനാതനികളോ ബഹുഭൂരിപക്ഷമായ അധഃസ്ഥിത ജനതയോ? തങ്ങളുടെ പ്രജകളെന്ന നിലക്ക് ബ്രിട്ടീഷുകാർ ഏതു ജനതയുമായാണ് അധികാരം പങ്കിടേണ്ടത് തുടങ്ങിയ പ്രശ്നങ്ങൾ സവർണരുടെ അസ്തിത്വം മാത്രമല്ല, അതിജീവനവും അസാധ്യമാക്കുന്നതായിരുന്നു. അവർണരെക്കൂടി ഉൾപ്പെടുത്തുന്നതരത്തിൽ സനാതനധർമത്തെ പുനർ വ്യാഖ്യാനിക്കാൻ ‘ക്ഷമാപണ’ ഹിന്ദുയിസത്തിന്റെ വക്താക്കൾ തയാറാകുന്നത് ഈ പശ്ചാത്തലത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സവർണ ഹിന്ദുക്കൾ പൊതുവെ ആചരിച്ചുപോന്ന മിക്ക മത, ആചാര, അനുഷ്ഠാനങ്ങളും പുതിയ ബ്രിട്ടീഷ് നിയമത്തിന്റെയും ആധുനിക മൂല്യങ്ങളുടെയും കാഴ്ചപ്പാടിൽ ‘കുറ്റകൃത്യ’ങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. മൂവായിരം കൊല്ലങ്ങളായി പരമപവിത്രമെന്ന മട്ടിൽ ആചരിക്കപ്പെട്ടുപോന്ന വിശുദ്ധ പാരമ്പര്യങ്ങളാണ് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാകുന്നത്. ‘സതി’യും അതിന് പ്രേരിപ്പിക്കുന്നവരും കൊലയാളികളായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യം ബംഗാളിലെയും മഹാരാഷ്ട്രയിലെയും പരമ്പരാഗതരും വിദ്യാസമ്പന്നരുമായ ബ്രാഹ്മണരെ വലിയൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. സതിപോലുള്ള ആചാരങ്ങൾ നിരോധിക്കുന്നതിനോട് ഒരു വിഭാഗം യോജിച്ചു. എന്നാൽ, യാഥാസ്ഥിതികർ അതിനു തയാറായില്ല.
ലെജിസ്ലേറ്റിവ്, പ്രൊവിഷനൽ കൗൺസിലുകൾ, കോടതി, അഡ്മിനിസ്ട്രേറ്റിവ് സംവിധാനം എന്നീ രംഗങ്ങളാണ് അധികാരത്തിന്റെ യഥാർഥ കേന്ദ്രം എന്നു മനസ്സിലാക്കിയ ക്ഷമാപണ ഹിന്ദുയിസത്തിന്റെ വക്താക്കൾ സംഖ്യാബലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ധർമപരമായും അനുഷ്ഠാനപരമായും വിശ്വാസപരമായും തങ്ങളുടെ വംശശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, സ്വന്തം അതിജീവനത്തിനുവേണ്ടി വിദേശമ്ലേച്ഛരുമായി അവർക്ക് സന്ധിചെയ്യേണ്ടിവന്നു. അതേസമയംതന്നെ ഭൂരിപക്ഷം വരുന്ന അയിത്തജാതിക്കാർ തങ്ങളിൽനിന്ന് വിട്ടുപോകാതിരിക്കാൻ അയിത്തോച്ചാടനം, ഹരിജനോദ്ധാരണം തുടങ്ങിയ വ്യാജ പരിഷ്കരണസംരംഭങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.
19ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരും അല്ലാത്തവരുമായ സവർണരെ തങ്ങൾ ആരാണ്? തങ്ങളുടെ മതവ്യക്തിത്വം എന്താണ്? തങ്ങളും മിഷനറിമാരും തമ്മിലെ ബന്ധം എന്താണ്? തങ്ങളുടെ ഏതു പാരമ്പര്യത്തെയാണ് യൂറോപ്യർക്കു മുന്നിൽ പ്രദർശിപ്പിക്കേണ്ടത്? തുടങ്ങിയ സമസ്യകൾ നേരിട്ടത്. അങ്ങനെ അവർ കണ്ടെത്തിയ രണ്ടു പ്രധാന സംജ്ഞകളാണ് കർമവും സനാതന ധർമവും. പഴയ കാലങ്ങളിൽ ലക്ഷണമൊത്ത ഒരപരനെ നേരിടേണ്ടിവന്നിട്ടില്ലാത്തതിനാൽ ഇങ്ങനെയൊരു സ്വയംനിർവചനം ആവശ്യമായി വന്നിട്ടില്ല.
എത്ര മാരകമായ പകർച്ചവ്യാധിക്കും പ്രതിരോധ വാക്സിനുകളെ കബളിപ്പിക്കാൻ കഴിഞ്ഞേക്കും. സ്വന്തം അണുവിന്റെ വകഭേദങ്ങൾ സൃഷ്ടിക്കാനും അതിജീവനം കുറേക്കൂടി നീട്ടിക്കൊണ്ടുപോകാനും സാധിക്കും. എന്നാലും ഈ വകഭേദ നിർമാണത്തിൽ രോഗാണുക്കൾ ഹോസ്റ്റിന്റെ ജനറ്റിക് മെറ്റീരിയൽസിനെതന്നെയാണ് ആശ്രയിക്കുന്നത്. എന്നാൽ, പുതിയ വാക്സിനുകൾ വികസിപ്പിച്ചുകൊണ്ട് ഈ തന്ത്രത്തെയും ഇല്ലാതാക്കാൻ കഴിയും.
പക്ഷേ, കഴിഞ്ഞ മൂവായിരം കൊല്ലങ്ങളായി സനാതന ധർമമെന്ന മഹാവ്യാധി അതിജീവിച്ചുകൊണ്ടിരിക്കുന്നത് ദൃഷ്ടിഗോചരമല്ലാത്ത സാംസ്കാരിക മീമു (Cultural memes) കളെ സൃഷ്ടിച്ചുകൊണ്ടാണ്. ഈ മീമുകളുടെ ആവാസവ്യവസ്ഥ രോഗിയുടെ ശരീരമല്ല. അയാളുടെ ചിന്ത, ഭാവന, കല, സാഹിത്യം, മാധ്യമങ്ങൾ, പൊതുമണ്ഡലങ്ങൾ, സമൂഹമാധ്യമങ്ങൾ, സാമൂഹികബന്ധങ്ങൾ, ഐതിഹ്യങ്ങൾ, മിത്തുകൾ, പൊതുനിർമിതികൾ, നിയമമന്ദിരങ്ങൾ, സ്കൂളുകൾ, കോളജുകൾ, സിലബസ്, പരീക്ഷാ ഉദ്യോഗങ്ങൾ, പദവികൾ, ഭരണഘടന, സിനിമ, സ്പോർട്സ് തുടങ്ങി സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഈ സാംസ്കാരിക മീമുകൾ അധിനിവേശിക്കുന്നു.
അത് ഹോസ്റ്റിനെ നശിപ്പിക്കണമെന്നുമില്ല മറിച്ച് ഹോസ്റ്റിനെ പുതിയതരം രൂപാന്തര (Metamorphosis)ത്തിനു വിധേയമാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ രൂപാന്തരത്തിന് വിധേയമാകുന്ന ഹോസ്റ്റ് തന്റെ പൂർവകാലം, പൂർവകാല സ്വത്വം, പൂർവകാല ബോധം എന്നിവയെല്ലാം നഷ്ടപ്പെട്ട് മീമിന്റെ നിർദേശങ്ങൾക്കനുസരിച്ച് ചലിക്കുന്ന ഒരു യന്ത്രമായിത്തീരുന്നു. സനാതന ഹിന്ദുവായി രൂപാന്തരപ്പെടുന്ന ഓരോ ഈഴവനും ദലിതനും തന്റെ യഥാർഥ സാമൂഹിക മുദ്രയായ ഈഴവ-ദലിത് സ്വത്വങ്ങൾ നഷ്ടപ്പെടുകയും സവർണ മീമിനെ വഹിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്ന വെറുമൊരു ഉപകരണമായി അധഃപതിക്കുന്നു.
സാംസ്കാരിക മീമുകൾ നടത്തുന്നത് പരോക്ഷ നരഹത്യകളാണ്. മുഴുവൻ മർദിത ജനതകളെയും സ്വന്തമായ സംസ്കാരവും ചിന്താശേഷിയും ഇച്ഛാശക്തിയുമില്ലാത്ത ഒരു കന്നുകാലിപ്പറ്റമാക്കിമാറ്റുന്ന സനാതന ധർമം, ഫലത്തിൽ സാംസ്കാരികമായ മഹാവ്യാധിയാണ്. അതിനാൽ ഈ സാംസ്കാരിക മഹാവ്യാധിയുടെ വാഹകരായ മീമുകളെ തിരിച്ചറിയാനും അവയെ എന്നെന്നേക്കുമായി തുടച്ചുനീക്കാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയെന്നത് മർദിത മഹാഭൂരിപക്ഷത്തിന്റെ അതിജീവനം ആവശ്യപ്പെടുന്ന അടിയന്തര യുദ്ധദൗത്യമാണ്.
1920ൽ സഹോദരൻ അയ്യപ്പൻ ഇങ്ങനെയെഴുതി, ‘‘മുയൽക്കൊമ്പ് കിട്ടിയേക്കാം, ആകാശക്കുരുന്നു കിട്ടിയേക്കാം, വയ്ക്കോൽതുറുവിന്റെ വേരും കിട്ടിയേക്കാം, എന്നാലും ജാതിയില്ലാത്ത സനാതനധർമം കിട്ടുകയില്ല’’ (പ്രഫ. എം.കെ. സാനു, സഹോദരൻ അയ്യപ്പൻ, 1980, Sahithya Pravarthaka Sahakarana Sangham, Kottayam P. 325). പകർച്ചവ്യാധി, കുറ്റകൃത്യം തുടങ്ങിയവയോട് ഒരു ആധുനിക സമൂഹവും ഗവൺമെന്റും സ്വീകരിക്കേണ്ട സമീപനം എതിർപ്പിന്റേതല്ല, മറിച്ച്, തുടച്ചുമാറ്റുക എന്നതാണ്. തമിഴ്നാട്ടിലെ മന്ത്രിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത് ഇതുമാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.