'പേടിച്ചിട്ടില്ല, പേടിപ്പിക്കാനുമാകില്ല'
text_fieldsഎഴുത്ത് സർഗാത്മക ആവിഷ്കാരം മാത്രമല്ല, പ്രതിരോധവുംകൂടിയാണ്. സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെ തൂലിക പടവാളാക്കിയവരുടെ ഇൗറ്റില്ലമായിരുന്നു നമ്മുടെ നാട്. അവരുടെ കൂട്ടത്തിലാണ് കുരീപ്പുഴ ശ്രീകുമാറും. വെറുമൊരു കവിയല്ല അദ്ദേഹം. ഒരു മതത്തിലും വിശ്വസിക്കാത്ത, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിർക്കുന്ന പച്ച മനുഷ്യനാണ്. എതിർക്കുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ് സംഘ്പരിവാരത്തിെൻറ അജണ്ട. അതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലത്ത് കുരീപ്പുഴക്കെതിരെ നടന്ന സംഭവം. അതേക്കുറിച്ച് അദ്ദേഹം പ്രതികരിക്കുന്നു.
എന്തായിരുന്നു അന്ന് കൊല്ലത്ത് സംഭവിച്ചത്?
കൊല്ലം ജില്ലയിലെ കോട്ടുക്കൽ ഗ്രാമത്തിൽ കൈരളി വായനശാലയുടെ 50ാം വാർഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ഞാനായിരുന്നു ഉദ്ഘാടകൻ. പൊതു മൈതാനങ്ങൾ കൈയേറിക്കൊണ്ടിരിക്കുന്ന കാലമാണിത്. സ്വാഭാവികമായും6+ അന്നത്തെ എെൻറ പ്രസംഗവും അതേക്കുറിച്ചായിരുന്നു. ജാതിമതിൽ െകട്ടിത്തിരിച്ച വടയമ്പാടി മൈതാനത്തെക്കുറിച്ച്. ആശംസ പ്രസംഗങ്ങളും കഴിഞ്ഞ് നൂറോളം കുട്ടികൾക്ക് സമ്മാനദാനം നടത്തുന്ന ചടങ്ങിനു ശേഷമാണ് ഞാൻ വേദി വിട്ടത്. കാറിലേക്കു കയറാൻ തുടങ്ങിയപ്പോൾ ഒരുസംഘം എന്നെ തടഞ്ഞു. കാർ മുന്നോെട്ടടുക്കാൻ സമ്മതിക്കാതെ ഡിക്കിയിലും ബോണറ്റിലും ഇടിച്ചു. കേട്ടാലറക്കുന്ന അസഭ്യവാക്കുകൾ പറഞ്ഞു. ഇനിയീ ഭാഗത്ത് കണ്ടുപോകരുതെന്ന് ഭീഷണിമുഴക്കി. കാറിലുണ്ടായിരുന്നവർ എനിക്ക് ചുറ്റും പ്രതിരോധവലയം തീർത്തതിനാൽ ഭാഗ്യത്തിന് ദേഹോപദ്രവം ഏറ്റില്ല. ഒരുവിധത്തിലാണ് അവരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്. ഞാൻ പേടിച്ചിെട്ടാന്നുമില്ല. പേടിക്കുകയുമില്ല. ഇപ്പോഴും പഴയതുപോലെത്തന്നെ ജീവിക്കുന്നു. പ്രതിഷേധങ്ങൾ തുടരും.
വടയമ്പാടി മൈതാനത്തിലെ ജാതിമതിലിനെക്കുറിച്ച് പറയാമോ?
എത്രയോ വർഷം മുമ്പ് നമ്മൾ കേരളത്തിൽനിന്ന് തുടച്ചുനീക്കിയ ജാതിവൈകൃതമാണവിടെ നടക്കുന്നത്. ദലിതുകൾക്ക് പ്രവേശനം വിലക്കിക്കൊണ്ട് സവർണർ മതിൽ കെട്ടിത്തിരിച്ചിരിക്കയാണ് എറണാകുളം ജില്ലയിലെ വടയമ്പാടി മൈതാനം. ഒരേക്കറോളം വരുന്ന ഭൂമിയാണത്. വെറും മതിലല്ല, ജാതിമതിലാണത്. ക്ഷേത്രത്തിെൻറ പേരിലാണ് അവരത് കൈയേറിയത്. പൊതുസ്ഥലങ്ങളിലെങ്കിലും അതിരുകളില്ലാതാകണം. പൊതുസ്ഥലം കൊട്ടിയടച്ചുകൊണ്ടല്ലല്ലോ ശക്തി തെളിയിക്കേണ്ടത്. അതാണ് ഞാനന്ന് പ്രസംഗത്തിൽ സൂചിപ്പിച്ചത്. അവരുടെ ദൈവങ്ങളെ ആക്ഷേപിച്ചുവെന്നായിരുന്നു ആരോപണം.
പൊലീസിൽ പരാതി നൽകിയല്ലോ? കേരളം ഒന്നടങ്കം പ്രതിഷേധിച്ചല്ലോ?
ആ സംഭവത്തിൽ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ നടന്നു. സാംസ്കാരിക ലോകം ഒപ്പം നിന്നു. എനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. പ്രതികരിക്കുന്ന എഴുത്തുകാരെയും സിനിമപ്രവർത്തകരെയും ചിത്രകാരന്മാരെയും ഇല്ലാതാക്കുന്നതാണ് അവരുടെ രീതി. അത് അനുവദിച്ചുകൂടാ. വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈന് സംഭവിച്ചതിന് നാം സാക്ഷിയല്ലേ. സരസ്വതി ദേവിയെ നിന്ദിക്കുന്ന ചിത്രം വരച്ചുവെന്നാരോപിച്ച് അവർ ഹുസൈനെ വിടാതെ പിന്തുടർന്നു. ഒടുവിൽ മാതൃരാജ്യം വിട്ട് മറ്റൊരിടത്ത് അഭയം തേടേണ്ടി വന്നു അദ്ദേഹത്തിന്. പൗരത്വം നഷ്ടപ്പെട്ടു. ഇന്ത്യക്കു മഹാനായ ഒരു കലാകാരനെ നഷ്ടപ്പെടുത്തുകയായിരുന്നു സംഘ്പരിവാര പ്രവർത്തകർ. പൊലീസിൽ പരാതി നൽകി. ആറുപേരെ അറസ്റ്റ് ചെയ്തു. കോടതി അവരെ വിട്ടയക്കുകയും ചെയ്തു. ഇപ്പോൾ എനിക്കെതിരെ പരാതി നൽകിയിട്ടുണ്ട് എന്നാണറിയുന്നത്. എതിർക്കുന്നവരെ ഏതു വിധേനയും ഇല്ലാതാക്കുക എന്നതാണ് അവരുടെ രാഷ്ട്രീയം. ഒരുതരത്തിലുള്ള നൈതികതയും അവർക്കില്ല.
മതം സമൂഹത്തിൽ ആഴത്തിൽ വേരൂന്നിത്തുടങ്ങിയിരിക്കുന്നു. എങ്ങനെ മറികടക്കാമത്?
ജാതീയതയുടെ അതിർവരമ്പുകൾ നമുക്കിടയിലുണ്ടായിരുന്നു. എന്നാൽ, അതിനിടയിലും കേരളം മതേതരമായിരുന്നുവെന്നതിന് ഒരുപാട് തെളിവുകൾ നമുക്ക് മുന്നിലുണ്ട്. മതത്തിനതീതമായ സ്നേഹം വളർന്നുവരണം ഇവിടെ. ശബരിമലയിലെ അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ശാസ്താംപാട്ട് അവതരിപ്പിക്കാറുണ്ട്. അതിെൻറ താളം മാപ്പിളപ്പാട്ടിെൻറ ഇൗണത്തിൽനിന്നാണ്...അതുപോലെ മാപ്പിള രാമായണം വിളിച്ചോതുന്നതും മതേതരത്വത്തിെൻറ സന്ദേശംതന്നെ.
‘‘പണ്ട് താടിക്കാരനൗലി പാടി വന്നൊരു
പാട്ട് കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്’’
ഇങ്ങനെയാണതിെൻറ വരികൾ....മലബാർ മുസ്ലിംകളുടെ ഇടയിൽ പ്രചരിക്കുന്ന പദാവലികളും ശൈലിയുമാണതിൽ ഉപയോഗിച്ചിട്ടുള്ളത്. അതിനെതിരെയൊന്നും അക്കാലത്ത് ആരും പ്രതിഷേധിച്ചിട്ടില്ല. കാരണം, മതേതരത്വമായിരുന്നു നമ്മുടെ മുദ്ര. ആ കാലം തിരിച്ചുപിടിക്കുകയാണ് വേണ്ടത്. കേരളം ഭ്രാന്താലയമാക്കാനുള്ള ശ്രമം തടയേണ്ടിയിരിക്കുന്നു. ഇപ്പോഴുയർന്നു വന്ന പ്രതിഷേധങ്ങൾ നിലക്കരുത്. മതത്തിെൻറ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ ഉയർന്നു വരുന്ന രാഷ്ട്രീയ പാർട്ടികൾ. മതവിരോധം വളർത്തിയെടുത്താണ് ബി.ജെ.പി വോട്ടുകൾ പിടിക്കുന്നത്. മുസ്ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. അതുപോലെ സവർണരും ദലിതരും തമ്മിൽ അന്തരം വർധിപ്പിക്കുകയാണ്. ജാതീയമായി മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് തിരിച്ചറിയണം.
കുരീപ്പുഴ പ്രശസ്തനായെന്നും അദ്ദേഹത്തിെൻറ പുസ്തകങ്ങൾ ഇനി എളുപ്പം വിറ്റഴിയുമെന്നുമാണല്ലോ ബി.ജെ.പി നേതാക്കൾ പ്രതികരിച്ചത്?
അവരൊക്കെ ഇപ്പോഴാണ് എെൻറ പേര് കേൾക്കുന്നതെന്നു തോന്നുന്നു. ഒരുപാട് കാലമായി സാംസ്കാരിക കേരളത്തിെൻറ ഭാഗമാണ് ഞാൻ. അമ്മ മലയാളവും ജെസിയും പോലുള്ള എത്രയോ കവിതകൾ എഴുതിയിട്ടുണ്ട്. കിണറ്റിലെ തവളകളെപ്പോലുള്ളവരാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നത്. അവർക്ക് കവിതയെക്കുറിച്ചറിയില്ല; കവികളെയും. അതൊക്കെ അങ്ങനെ കണ്ടാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.