Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമനുഷ്യപ്പറ്റ്​...

മനുഷ്യപ്പറ്റ്​ ചോർന്നുപോകുന്ന കാലം

text_fields
bookmark_border
Afreen Fatima
cancel
camera_alt

അഫ്രീൻ ഫാത്തിമ, ജാവേദ്​ മുഹമ്മദ്

ബി.ജെ.പി ദേശീയവക്താവായിരിക്കെ നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദ പരാമർശങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ ​യു.പി ​പ്രയാഗ്​ രാജിലെ രാഷ്​ട്രീയ സാമൂഹിക പ്രവർത്തകൻ ജാവേദ്​ മുഹമ്മദ്​ ജയിലിലടക്കപ്പെട്ടിട്ട്​ വർഷം പിന്നിടുന്നു. അദ്ദേഹത്തി​ന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തുന്ന വിദ്യാർഥി നേതാവായ മകൾ അഫ്രീൻ ഫാത്തിമയുമായി സംസാരിച്ച്​ ആർട്ടിക്ൾ14 മാനേജിങ്​ എഡിറ്റർ ബേത്വാ ശർമ തയാറാക്കിയ ദീർഘ ലേഖനത്തിന്റെ സംഗ്രഹം

കരുതൽ തടവിൽ കഴിയുന്ന തന്നെ യു.പി പൊലീസ്​ മറ്റൊരു കേസിൽ കൂടി പ്രതിചേർത്തിരിക്കുന്നുവെന്ന്​ പിതാവ്​ ജാവേദ്​ മുഹമ്മദ്​ ഫോണിലൂടെ പറയുമ്പോൾ അഫ്രീൻ ഫാത്തിമയുടെ മനസ്സിൽ രോഷം ഇരച്ചു കയറിയിരുന്നു.​ എന്നാൽ, ഇന്ത്യൻ നീതിന്യായവ്യവസ്​ഥയുമായി നടത്തിയ ഒരു വർഷത്തെ ഇടപെടൽകൊണ്ട്​ അത്തരം രോഷങ്ങളെ നിയന്ത്രിക്കാൻ ശീലിച്ചിരിക്കുന്നു ഈ 25കാരി.

‘എനിക്ക് പൊടുന്നനെ ദേഷ്യവും രോഷവും വരുമായിരുന്നു, ഉടൻ പ്രതികരിക്കാൻ തോന്നുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക്​ കൂടുതൽ ക്ഷമ കൈവന്നിരിക്കുന്നു. ഞാനെ​ന്റെ പിതാവിനെപ്പോലെ ആയെന്ന്​ തോന്നുന്നു’-അറസ്​റ്റ്​ ഒരു വർഷം പിന്നിടവെ ഫോണിൽ സംസാരിക്കു​മ്പോൾ അഫ്രീൻ ഫാത്തിമ പറഞ്ഞു.

ഇന്ത്യൻ നീതിന്യായവ്യവസ്​ഥയിൽ വലിയ വിശ്വാസം കാത്തുസൂക്ഷിച്ചയാളാണ്​ ജാവേദ്​ മുഹമ്മദ്​ (57). സാമൂഹിക നീതി-മനുഷ്യാവകാശ പ്രശ്​നങ്ങളിൽ കോടതിയെ സമീപിക്കുന്ന അദ്ദേഹം ചില വിജയങ്ങളും സ്വന്തമാക്കിയിരുന്നു. നഗരത്തിൽ മുസ്​ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടിയാലോചനക്കും മാധ്യസ്​ഥ്യത്തിനുമായി പതിവായി സമീപിക്കുന്ന അദ്ദേഹത്തി​ന്റെ അറസ്​റ്റ്​ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്​തു.

മുസ്​ലിം ഖബർസ്​ഥാനിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർത്തിവെക്കാനുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ അധികൃതരുമായി ചേർന്നു പ്രവർത്തിച്ചയാളാണദ്ദേഹം; സമുദായത്തിലെ ചിലരിൽ നിന്ന്​ ​ അതി​ന്റെ പേരിൽ അനിഷ്​ടവും സമ്പാദിച്ചു. കേന്ദ്രത്തിൽ 2014ലും യു.പിയിൽ 2017ലും അധികാരത്തിലേറിയ ബി.ജെ.പിയുടെ ഹിന്ദുത്വ സർക്കാറുകളിൽ നിന്ന്​ മുസ്​ലിംകൾ നേരിടേണ്ടി വരുന്ന പീഡനങ്ങൾക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചുകൊണ്ടിരുന്നു. പിതാവിനേക്കാൾ ശക്തയായ ഭരണകൂട വിമർശകയായിരുന്നു വിദ്യാർഥി നേതാവായ അഫ്രീൻ ഫാത്തിമ, പക്ഷേ പിതാവിന്റെ മോചനത്തിനായുള്ള പോരാട്ടം അവർക്ക്​ പുതിയ അറിവുകളും ഉൾക്കാഴ്​ചകളും നൽകിയിരിക്കുന്നു.

അറസ്​റ്റും ഇടിച്ചുനിരത്തലും

നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശത്തിനെതിരായ വിഷയത്തെച്ചൊല്ലി ഉയർന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന്​ പ്രയാഗ്​ രാജിൽ കുഴപ്പങ്ങൾക്ക്​ തിരികൊളുത്തിയെന്നാരോപിച്ചാണ്​ ജാവേദ്​ മുഹമ്മദ് ഉൾപ്പെടെ ഭരണകൂട വിമർശകരും പൗരത്വ സമരസംഘാടകരുമായ ആളുകളെ യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. അറസ്​റ്റി​ന്റെ അടുത്തനാൾ ജൂൺ 12ന്​ അനധികൃത നിർമിതിയെന്നാരോപിച്ച്​ ഭാര്യക്കും സഹോദരിക്കും പെൺമക്കൾക്കുമൊപ്പം ജാവേദ്​ താമസിച്ചുപോന്ന വീട്​ നഗരസഭാധികൃതർ ഇടിച്ചു നിരത്തി. നടപടിക്രമങ്ങൾ പാലിക്കാതെയാണ്​ വീട്​ തകർത്തത്​ എന്നു കാണിച്ച്​ കുടുംബം അലഹബാദ്​ ഹൈകോടതിയെ സമീപിച്ചു. യോഗി ആദിത്യനാഥി​ന്​ കീഴിൽ നിയമബാഹ്യ ശിക്ഷ നടപടികൾ നടപ്പാക്കി വരുന്ന ഘട്ടത്തിലായിരുന്നു ജാവേദി​ന്റെ വീട്​ ബുൾഡോസർ കയറ്റി തകർത്തതും.

പ്രയാഗ്​ രാജിലെ ആക്രമണങ്ങളുടെ സൂത്രധാരർ എന്ന്​ ആരോപിക്കപ്പെട്ട ആളുകൾക്കെതിരെ തെളിവുകളില്ല എന്ന്​ കഴിഞ്ഞ ജൂലൈയിൽ ആർട്ടിക്​ൾ14 റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതിന്റെ പേരിൽ പൊലീസ്​ കുറ്റാരോപിതനാക്കിയ നിയമവിദ്യാർഥി ഉമർ ഖാലിദ്​ പ്രയാഗ്​ രാജിൽ സംഭവങ്ങൾ നടക്കു​​മ്പോൾ അഅ്​സംഗഢിൽ ഒരു പരിപാടിയിൽ പ​ങ്കെടുത്തുകൊണ്ട്​ ഫേസ്​ബുക്ക്​ ലൈവ്​ നൽകുകയായിരുന്നു.

ജാവേദ്​ മുഹമ്മദി​ന്റെ കാര്യം നോക്കുക. അധികൃതരുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം ബി.ജെ.പി വക്താവി​ന്റെ പരാമർശത്തി​ന്റെ പേരിൽ തെരുവിലിറങ്ങരുതെന്നും വീടുകളിലിരിക്കാനും ജനങ്ങളോട്​ ആഹ്വാനം ചെയ്​ത്​ ജൂൺ 10ന്​ ഫേസ്​ബുക്ക്​ പോസ്​റ്റിട്ടിരുന്നു അദ്ദേഹം.

ജാവേദി​ന്റെ വീട്​ പൊളിക്കുന്ന കാഴ്​ചകൾ മാധ്യമപ്രവർത്തകർ ശ്വാസംവിടാൻ പോലും സമയമെടുക്കാതെ സമ്പൂർണ ലൈവ്​ കവറേജായാണ്​ ജനങ്ങളിലെത്തിച്ചത്​. എന്നാൽ അടുത്ത ദിവസം അവശിഷ്ടങ്ങളിൽ നിന്ന് 12-ബോർ പിസ്റ്റളും 315-ബോർ പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് ആരോപിച്ചു. വീട്ടിൽ നിന്ന് നീക്കം ചെയ്ത വസ്തുക്കൾ എല്ലാവരും കാൺകെ സംപ്രേക്ഷണം ചെയ്തതാണെന്നും ആ സമയം പൊലീസ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.

ദുരുപയോഗിക്കാൻ മാത്രം ഒരു നിയമം

ഇന്ത്യൻ ശിക്ഷ നിയമപ്രകാരം അഞ്ച്​ കേസുകൾ ചുമത്തിയതിന്​ പുറമെ കഴിഞ്ഞ ജൂലൈയിൽ ജാവേദിനെ ദേശീയ സുരക്ഷനിയമ പ്രകാരം കരുതൽ തടവിലിടാനും ഉത്തരവ് വന്നു. അത്​ അലഹബാദ്​ ഹൈകോടതിയിൽ ചോദ്യം ചെയ്​തിരിക്കുകയാണ്​ കുടുംബം. ഭരണകൂടം നാല് തവണ ദീർഘിപ്പിച്ച കരുതൽ തടങ്കൽ ഉത്തരവി​ന്റെ കാലാവധി ജൂലൈ 15ന് അവസാനിക്കുമെന്ന്​ ഫാത്തിമ പറഞ്ഞു. ഒരാളെ ഒരു കുറ്റവും ചുമത്താതെ 12 മാസം വരെ തടങ്കലിൽവെക്കാൻ ദേശീയ സുരക്ഷനിയമം വഴി സാധിക്കും. ദേശീയ സുരക്ഷനിയമം നിരന്തരം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം യു.പി സർക്കാറിനെതിരെ നിലനിൽക്കുന്നുണ്ട്​. ഈ വർഷം ഏപ്രിൽ 11 ന് റവന്യൂ കുടിശ്ശിക തിരിച്ചുപിടിക്കാനെന്ന പേരിൽ ദേശീയ സുരക്ഷനിയമം ചുമത്തി ഒരു മുസ്​ ലിം രാഷ്​ട്രീയ നേതാവിനെ തടങ്കലിൽവെച്ചതിന്​ യു.പി സർക്കാറിനെ വിമർശിക്കുകയും നടപടി റദ്ദാക്കുകയും ചെയ്​തിരുന്നു സുപ്രീംകോടതി.

മുസ്​ലിംകൾ, ദലിതുകൾ, സർക്കാർ നി​ലപാടിനോട്​ വിയോജിപ്പ്​ രേഖപ്പെടുത്തുന്നവർ എന്നിവർക്ക്​ നേരെ യു.പി സർക്കാർ നടത്തുന്ന നിയമ ദുരുപയോഗം അവസാനിപ്പിക്കണമെന്ന്​ ഒരുകൂട്ടം മുൻ സിവിൽ സർവിസ്​ ഉദ്യോഗസ്​ഥർ രണ്ടു വർഷം മുമ്പ്​ ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷ നിയമപ്രകാരം തടവിലാക്കാനുള്ള 120 ഉത്തരവുകളിൽ 94 എണ്ണം മൂന്നു വർഷത്തിനിടെ അലഹബാദ്​ ഹൈകോടതി റദ്ദാക്കിയതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ദേശീയ സുരക്ഷ നിയമപ്രകാരം തടവിലാക്കിയ ഉത്തരവ്​ കോടതി റദ്ദാക്കിയാൽ പോലും ജാവേദ്​ മുഹമ്മദ്​ മോചിതനാവില്ല. ജൂൺ 10ന്​ നടന്ന അക്രമത്തിൽ പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടതുൾപ്പെടെ മൂന്നു കേസുകൾ കൂടി ഈ വർഷം മേയ്​ മാസത്തിൽ അദ്ദേഹത്തി​ന്റെ പേരിൽ ചാർത്തിയിട്ടുണ്ട്​. അജ്ഞാത വ്യക്തികൾ എന്ന്​ എഫ്​.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്ന കേസുകളാണ്​ ജാവേദിന്​ മേൽ ചുമത്തപ്പെട്ടത്​. ഏത്​ കുത​ന്ത്രം പ്രയോഗിച്ചും അദ്ദേഹത്തെ ജയിലിൽ കുരുക്കിയിടാനുള്ള സർക്കാറി​ന്റെ ശ്രമമാണ്​ ഇതിൽ തെളിഞ്ഞു കാണുന്നതെന്ന്​ അഭിഭാഷകൻ ഫർമാൻ നഖ്​വി ചൂണ്ടിക്കാട്ടുന്നു. ഇതിനകം ഒരു കേസിൽ ജില്ല കോടതി ജാമ്യം അനുവദിച്ചു, മറ്റു രണ്ടു കേസുകളിൽ നിഷേധിക്കപ്പെട്ടതിനെ തുടർന്ന്​ ജാമ്യം തേടി അലഹബാദ്​ ഹൈകോടതിയെ സമീപിക്കാനിരിക്കെയാണ്​ ജാവേദ്​.

ജാവേദ് മുഹമ്മദിന്റെ പ്രയാഗ് രാജിലെ വീട് ഇടിച്ചു നിരത്തിയപ്പോൾ


ഇന്നലെകളിലെ വീട്​

ഭരണകൂടം മണ്ണോടു​ ചേർത്ത വീട്ടിൽനിന്ന്​ ഏറെ അകലെയല്ലാത്ത ഒരു വാടകവീട്ടിലാണ്​ ഉമ്മക്കും അനുജത്തിക്കുമൊപ്പം അ​​ഫ്രീൻ ഫാത്തിമ ഇപ്പോൾ താമസം. ഒരു വർഷത്തിനിടെ അസുഖങ്ങളും പ്രായാധിക്യവും മൂലം അമ്മായിയും ഉമ്മാമ്മയും വല്ല്യുപ്പയും ഇഹലോകവാസം വെടിഞ്ഞു. പിതാവി​ന്റെ ഖബറടക്കത്തിൽ പങ്കുചേരാനായിപ്പോലും ജയിലിൽ നിന്ന്​ വരാൻ ജാവേദിന്​ അനുമതി ലഭിച്ചില്ല.

അന്ന്​ അ​​ഫ്രീൻ പറഞ്ഞു: സങ്കടങ്ങളും ആഘാതങ്ങളുമെല്ലാം നിറഞ്ഞ ഒരു വർഷമാണ്​ പിന്നിട്ടത്​. നഷ്ടങ്ങളും ദുഃഖ വേദനകളും മൂലം പിന്തിരിഞ്ഞു പോകാതെ തല ഉയർത്തിപ്പിടിച്ചു നിൽക്കാനാണ്​ ഞങ്ങൾ ശ്രമിക്കുന്നത്​. ഞങ്ങൾ അബുവിനു (പിതാവിന്​) വേണ്ടിയും അദ്ദേഹം ഞങ്ങൾക്കു​വേണ്ടിയും അത് ചെയ്യുന്നു.

തകർക്കപ്പെട്ട വീടിനരികിലൂടെ നടന്നു പോകു​മ്പോൾ ആ തെരുവിൽ അനുഭവിക്കുന്ന അപരിചിതത്വത്തെക്കുറിച്ച്​ സംസാരിക്കവെ അഫ്രീന്​ വികാരമടക്കാനാവുന്നില്ല: ഞാൻ കളിച്ചു വളർന്ന ഇടമാണത്​. പക്ഷേ, ഞങ്ങളിവിടെ ജീവിച്ചിരുന്നു എന്ന്​ സങ്കൽപിക്കുന്നതുപോലും അയഥാർഥമാണെന്ന്​ തോന്നിപ്പോകുന്നു. വല്യുപ്പയുടെ ഖബറടക്കത്തിൽ പ​ങ്കെടുക്കാൻ പിതാവിന്​ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ ഞാൻ സമീപിക്കാത്ത ഉദ്യോഗസ്ഥരില്ല. മനുഷ്യപ്പറ്റ്​ എത്രമാത്രം വറ്റിപ്പോയിരിക്കുന്നു എന്ന്​ ബോധ്യപ്പെടുത്തി ആ അനുഭവം. ഈ മനുഷ്യത്വ രാഹിത്യം വ്യക്തിപരമായ തലത്തിലാണ് എനിക്ക് അനുഭവപ്പെടുന്നത്. ഏതോ വലിയ ക്രിമിനലിനെപ്പോലെ പിതാവിനെ ജയിലിൽ മാറ്റിയാണിരുത്തുന്നത്​. മാധ്യമങ്ങൾ അദ്ദേഹത്തെക്കുറിച്ച് തോന്നിയതെല്ലാം എഴുതുന്നു. അഭിഭാഷകർ ഉൾപ്പെടെ പലർക്കും ഞങ്ങളെ കാണാനോ ഫോണെടുക്കാനോ താൽപര്യമില്ല. ഒരുപാട്​ കാര്യങ്ങൾ മാറിപ്പോയിരിക്കുന്നു. പക്ഷേ, ഞങ്ങൾ ധൈര്യം സംഭരിച്ച്​ അതിജീവിക്കാനുള്ള ശ്രമത്തിലാണ്​. ഹതാശരാകാനും ഭരണകൂട നീക്കങ്ങളാൽ പിന്തിരിയപ്പെടാതിരിക്കാനുമായി ചെറുത്തുനിൽക്കാൻ നോക്കുകയാണ്​ ഞങ്ങൾ.

ഇല്ല, നിശ്ശബ്​ദയാവില്ല

ഡൽഹി ജവഹർലാൽ നെഹ്​റു സർവകലാശാലയിൽ നിന്ന്​ ലിംഗ്വിസ്​റ്റിക്​സിൽ (ഭാഷാശാസ്‌ത്രം) എം.എ പൂർത്തിയാക്കിയ അ​​ഫ്രീന്​ പിതാവി​ന്റെ അറസ്​റ്റും വീടി​ന്റെ അവസ്ഥയുമെല്ലാം മൂലം അലീഗഢ്​ സർവകലാശാലയിലെ പി.എച്ച്​.ഡി പ്രവേശന പരീക്ഷക്ക്​ ഹാജരാകാൻ സാധിച്ചില്ല. ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളെയും സംബന്ധിച്ച്​ വിവിധ മാധ്യമങ്ങൾക്ക്​ അഭിമുഖം നൽകിയ അവർ യു.പിയിലെ ബുൾഡോസർ രാജിനെക്കുറിച്ച്​ സ്വന്തം നിലയിൽ ഗവേഷണവും നടത്തുന്നുണ്ട്​. പിതാവിന്റെ കേസ്​ നടപടികൾക്ക്​ ഒരുപാട്​ സമയം വേണ്ടിവരുന്നുണ്ട്​. അവസാനമായി ജയിലിൽ സന്ദർശിച്ചപ്പോൾ ലൈംഗിക പീഡകർക്കെതിരെ നീതിതേടുന്ന വനിത ഗുസ്​തി താരങ്ങളുടെ സമരത്തെക്കുറിച്ചാണ്​ പിതാവ്​ സംസാരിച്ചത്​. പലപ്പോഴും സംസാരിക്കാൻ സമയം ലഭിക്കാറുമില്ല.

വീട്ടിൽ നിന്ന്​ രണ്ടു പേർ ജയിലിലായാൽ അത്​ താങ്ങാവുന്നതിലും അപ്പുറമാകുമെന്ന്​ ഉമ്മ പറയുന്നു. എന്നാൽ, നിശ്ശബ്​ദയായി ഇരിക്കുന്നതിൽ അർഥമില്ലെന്ന്​ ഒന്നു രണ്ട്​ മാസത്തിനകം അഫ്രീന്​ ബോധ്യമായി. ‘‘എനിക്ക്​ വേണമെങ്കിൽ വർഷങ്ങളോളം നിശ്ശബ്​ദയായി ഇരിക്കാം. എന്നാൽ, എനിക്കെതിരെ എന്തെങ്കിലും ഒരു കുറ്റം ചാർത്താൻ അവർ തീരുമാനിച്ചാൽ അത്​ നടത്തുക തന്നെ ചെയ്യും. നമ്മെ നിശ്ശബ്​ദരാക്കുകയാണ്​ അവരുടെ ആവശ്യം. നമ്മളതിന്​ വഴങ്ങിയാൽ അവർ വിജയിച്ചുവെന്നാണർഥം’’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prophet muhammadnupur sharmaafreen fatima
News Summary - Interview with Afreen Fatima
Next Story