സ്വതന്ത്ര ഇന്ത്യയുടെ ആത്മപരിശോധന
text_fieldsഎല്ലാവർക്കും അന്തസ്സോടെ, തുല്യതയോടെ ഐക്യത്തിലും സമാധാനത്തിലും സത്യത്തിലും നീതിയിലും അപരരെ അംഗീകരിച്ച് ബഹുസ്വരതയെ ആഘോഷിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയെന്ന ആശയത്തിലുള്ളത്
അനേകം സ്വാതന്ത്ര്യസമര സേനാനികളുടെ നിരന്തര പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമായി 1947 ആഗസ്റ്റ് 15ന് ഇന്ത്യ വിധിയുമായി സമാഗമിച്ചു, നീണ്ട കൊളോണിയൽ ഭരണത്തിനുശേഷം നമ്മുടേത് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി.
അന്നുമുതൽ സമസ്ത മേഖലകളിലും ഇന്ത്യ അതിവേഗം കുതിപ്പുനടത്തിയെന്നത് അഭിനന്ദനീയമാണ്; എന്നിരുന്നാലും, സ്വാതന്ത്ര്യത്തിന്റെ ആന്തരികവത്കരണത്തിലും യാഥാർഥ്യമാക്കുന്നതിലും നമുക്കിനിയും സങ്കൽപിക്കാനാവാത്തത്ര ദൂരമുണ്ടെന്ന് വിനയപൂർവം സമ്മതിക്കണം. ഇന്ത്യ എന്ന ആശയത്തെത്തന്നെ നിഷേധിക്കുന്ന എല്ലാത്തിൽനിന്നും ഇന്ന്, രാജ്യവും ജനതയും മോചനം തേടുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ബഹുസ്വരത, ഐക്യം, അന്തസ്സ്, സമഗ്രത, ഐക്യം എന്നിവയിലൂന്നി കെട്ടിപ്പടുത്ത ഒരു സമൂഹത്തിനായി അവർ ആഗ്രഹിക്കുന്നു. ജനാധിപത്യ ധാർമികതയുടെ തകർച്ചയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി നിലവിളിക്കുന്നു. ഗോഥെൻബർഗ് സർവകലാശാലയുടെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഡെമോക്രസി റിപ്പോർട്ട് 2024’ൽ ഇന്ത്യയെ എണ്ണുന്നത് സമീപ വർഷങ്ങളിലെ ഏറ്റവും മോശം സ്വേച്ഛാധിപത്യ രാജ്യങ്ങളിലൊന്നായാണ്.
രാജ്യത്ത് ദശലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയാണ് ജീവിക്കുന്നത്. 2023ൽ ആഗോള പട്ടിണി സൂചിക, ഗുരുതരമായ വിശപ്പ് നിലനിൽക്കുന്ന 125 രാജ്യങ്ങളിൽ 111ാം സ്ഥാനത്താണ് ഇന്ത്യയെ രേഖപ്പെടുത്തിയിരിക്കുന്നത്.
‘അതിർത്തികളില്ലാത്ത റിപ്പോർട്ടർമാർ’ പുറത്തിറക്കിയ 2024ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180ൽ 159 ആയിരുന്നു. മാധ്യമങ്ങൾ ഏറ്റവും അപായം നേരിടുന്ന രാജ്യങ്ങളിലൊന്നായി ഈ റിപ്പോർട്ട് ഇന്ത്യയെ വിശേഷിപ്പിക്കുന്നു. വിയോജിക്കാനുള്ള അവകാശം ഊർജസ്വലമായ ജനാധിപത്യത്തിന് അടിസ്ഥാനമാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലപാട് സ്വീകരിക്കുന്ന മാധ്യമ പ്രവർത്തകർ പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. നിയമനിർമാണ സഭകളിലാവട്ടെ ജനങ്ങളുടെ ന്യായമായ വിഷയങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പ്രതിപക്ഷ അംഗങ്ങളെ തടയാനും നിശ്ശബ്ദരാക്കാനും ശ്രമങ്ങൾ നടക്കുന്നു.
മനുഷ്യാവകാശ സംരക്ഷകർ, വിവരാവകാശ അന്വേഷകർ തുടങ്ങി സത്യത്തിനും നീതിക്കും അവകാശങ്ങൾക്കുമായി നിലകൊള്ളുന്നവർ ദുഷിച്ച പ്രതികാരങ്ങളെ നേരിടേണ്ടിവരുന്നു, ആദിവാസി ജനതയുടെ അവകാശത്തിനായി വാദിച്ച സ്റ്റാൻ സ്വാമി എന്ന ജസ്യൂട്ട് വൈദികനെ ബീമ കൊറേഗാവ് ഗൂഢാലോചന കേസിൽ കുടുക്കി ജയിലിലടച്ച് വെള്ളവും ചികിത്സയുമെല്ലാം നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട നടുക്കുന്ന സംഭവം നടന്നിട്ട് നാളേറെയായിട്ടില്ല. ടീസ്റ്റ സെറ്റൽവാദ്, അരുന്ധതി റോയ്, പ്രഫ. ജി.എൻ. സായിബാബ, ഉമർ ഖാലിദ്, മേധാ പട്കർ തുടങ്ങി സമർപ്പിത മനസ്കരായ പല പൊതുപ്രവർത്തകരും വേട്ടയാടലുകൾക്കും കള്ളക്കേസുകൾക്കും ഇരയായിട്ടുണ്ട്. ദുർബല ജനതയുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ് നിഷേധിക്കപ്പെടുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരായ പൈശാചികവത്കരണം, വിവേചനം, അവഹേളനം എന്നിവയിൽ നിന്നുള്ള മോചനം രാജ്യത്തിനാവശ്യമാണ്. ന്യൂനപക്ഷങ്ങൾ (വിശിഷ്യാ മുസ്ലിംകളും ക്രൈസ്തവരും സിഖുകാരും) ആക്രമിക്കപ്പെടുന്നത് പതിവായി മാറിയിരിക്കുന്നു.
പരിസ്ഥിതിയെ കവർച്ച ചെയ്യുന്നതിൽനിന്ന് രാജ്യം മുക്തിതേടുന്നുണ്ട്. അതിലോലമായ ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നു. വയനാട്ടിലെ ഉരുൾപൊട്ടലും ഡൽഹിയിലെ വെള്ളപ്പൊക്കവുമുൾപ്പെടെ രാജ്യത്തുടനീളം സംഭവിച്ച വിവിധ പ്രകൃതിദുരന്തങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പുലർത്തിയ അലംഭാവത്തിന്റെയും വീഴ്ചയുടെയും ആഴം വ്യക്തമാക്കുന്നു. പല സർക്കാർ പദ്ധതികളും ചങ്ങാതി മുതലാളിമാർക്ക് പരിസ്ഥിതിയെ കൊള്ളയടിക്കാനുള്ള ലൈസൻസ് നൽകുന്നു. 2024ലെ പരിസ്ഥിതി പ്രകടന സൂചികയിൽ, 180 രാജ്യങ്ങളിൽ ഇന്ത്യ 176ാം സ്ഥാനത്താണ്. ‘വികസനം’ എന്ന് വിളിക്കപ്പെടുന്ന പദ്ധതികൾക്കായി അമൂല്യമായ വനഭൂമികളും ജൈവ വൈവിധ്യങ്ങളും നശിപ്പിക്കപ്പെടുന്നത് ഇന്ന് നാം അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വലിയ കാരണമായിത്തീരുന്നു.
പൗരജനങ്ങളുടെ നിയമാനുസൃത അവകാശങ്ങളെ മാനിക്കാതെ, കൃത്യമായ ആലോചനകളും സംവാദങ്ങളും കൂടാതെ പ്രഖ്യാപിക്കപ്പെട്ട വിവിധങ്ങളായ കഠോര നിയമങ്ങളിൽ നിന്നും ഇന്ത്യ രക്ഷതേടുന്നു.
സമൂഹത്തിലെ ദരിദ്രരും അവശത അനുഭവിക്കുന്നവരുമായ വിഭാഗങ്ങളിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാനും ശോഭനമായ തൊഴിൽ ഉറപ്പാക്കാനുമുള്ള അവസരങ്ങൾ അന്യമാണ്.
ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനും (ഐ.എൽ.ഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റും (ഐ.എച്ച്.ഡി) ചേർന്ന് പ്രസിദ്ധീകരിച്ച ഇന്ത്യൻ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024 പ്രകാരം, തൊഴിലില്ലായ്മ രാജ്യത്തെ യുവതയെ വരിഞ്ഞുമുറുക്കുകയാണ്.
തൊഴിൽരഹിത യുവജനങ്ങളിൽ വിദ്യാസമ്പന്നരുടെ അനുപാതം, 2000ത്തിൽ 35.2 ശതമാനമായിരുന്നെങ്കിൽ 2022ലത് 65.7 ശതമാനമായി. അഴിമതി ഇന്ന് സാമാന്യവത്കരിക്കപ്പെട്ടിരിക്കുന്നു. 2024ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സിൽ (സി.പി.ഐ) 180 രാജ്യങ്ങളിൽ 93ാം സ്ഥാനത്താണ് ട്രാൻസ്പരൻസി ഇന്റർനാഷനൽ ഇന്ത്യയെ റാങ്ക് ചെയ്തത്. ഏറ്റവും പുതിയ ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ ആരോപിക്കുന്നത് സെബി ചെയർപേഴ്സന്റെ നിക്ഷേപങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് അദാനി ഗ്രൂപ് കമ്പനികളിൽ വലിയ ഓഹരികൾ സ്വരൂപിക്കാൻ ഉപയോഗിച്ചുവെന്നാണ്.
എല്ലാവർക്കും അന്തസ്സോടെ, തുല്യതയോടെ ഐക്യത്തിലും സമാധാനത്തിലും സത്യത്തിലും നീതിയിലും അപരരെ അംഗീകരിച്ച് ബഹുസ്വരതയെ ആഘോഷിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയെന്ന ആശയത്തിലുള്ളത്. വിദ്വേഷത്തിൽനിന്നും, അക്രമത്തിൽനിന്നും, ബലാത്സംഗത്തിൽ നിന്നും കൊള്ള-കൊലപാതകങ്ങളിൽനിന്നും, സ്വേച്ഛാധിപത്യത്തിൽനിന്നും, കീഴടക്കലിൽ നിന്നും എല്ലാവർക്കും സ്വാതന്ത്ര്യം ഉറപ്പാക്കണം. ആദിവാസികൾ, ദലിതുകൾ, പിന്നാക്ക ന്യൂനപക്ഷങ്ങൾ, പാർശ്വവത്കൃതർ, സ്ത്രീകൾ, ഭിന്നലിംഗക്കാർ, ചെറുകിട കർഷകർ, തീരദേശവാസികൾ, താൽക്കാലിക-കുടിയേറ്റ തൊഴിലാളികൾ, പുറന്തള്ളപ്പെട്ടവർ, ചൂഷണം ചെയ്യപ്പെടുന്നവർ... ഇവരെല്ലാം ആവശ്യപ്പെടുന്നത് നമ്മുടെ പ്രിയരാജ്യത്ത് നിർഭയമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്! എല്ലാവിധ ഭയത്തിൽനിന്നും അരക്ഷിതാവസ്ഥയിൽനിന്നുമുള്ള ആ സമ്പൂർണ സ്വാതന്ത്ര്യത്തിനായി മഹാകവി ടാഗോറിന്റെ ‘ഗീതാഞ്ജലി’യിലെ ‘സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് എന്റെ രാജ്യം കൺതുറക്കട്ടെ എന്ന വരികളുരുവിട്ട് നാം കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.