ഇറാഖ്: അവസാനമില്ലാത്ത അശാന്തി
text_fieldsഇറാഖിലെ രാഷ്ട്രീയ സാഹചര്യം ഏറെ ഭീതിയുളവാക്കുംവിധം അസ്വസ്ഥമാവുകയാണ്. 2021ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 മാസം പിന്നിട്ടെങ്കിലും ഒരു ഭരണസംവിധാനത്തിനു രൂപംനല്‍കുന്നതിൽ അവിടത്തെ രാഷ്ട്രീയ നേതാക്കൾ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഒന്നാംസ്ഥാനം ശിയാ പണ്ഡിതനും വികാരോദ്ദീപക കാൽവെപ്പുകളാൽ ശ്രദ്ധാകേന്ദ്രവുമായ മുഖ്തദ അൽസദറിനായിരുന്നു. 'അൽസദർ മൂവ്മെന്റ്' 329ൽ 73 സീറ്റുകൾ നേടി പ്രഥമസ്ഥാനത്തെത്തിയപ്പോൾ ഇറാൻ അനുകൂല സംഘടനകളായ അൽഫതഹ്, അൽനാസർ കക്ഷികൾ പിന്തള്ളപ്പെട്ടു. മുഖ്തദ സദർ ആഗ്രഹിച്ചത് ഒരു ഐക്യമുന്നണി രൂപവത്കരിക്കാനാണ്. സുന്നി ഐക്യത്തിന്റെ തഖദ്ദും, കുർദ് ഡെമോക്രാറ്റിക് പാർട്ടി എന്നിവരെയും ചേർത്ത് ഒരു ത്രികക്ഷി സംഘം രൂപവത്കരിക്കാൻ സദർ മൂവ്മെൻറ് ലക്ഷ്യമിട്ടെങ്കിലും ഇറാൻ അനുകൂലികളുടെ 'ദ കോഓഡിനേഷൻ ഫ്രെയിംവർക്' ഇതിന് തുരങ്കംവെച്ചു. അവരുടെകൂടി പങ്കാളിത്തമുള്ള 'ഐക്യ സർക്കാർ' വേണമെന്നായിരുന്നു കോഓഡിനേഷന്റെ ആവശ്യം. പാർലമെൻറ് സ്പീക്കർ മുഹമ്മദ് അൽഹബൂശി, കുറച്ചുമുമ്പ് ശിയ-സുന്നി-കുർദ് നേതാക്കൾ പരസ്പരം ചര്‍ച്ചചെയ്ത്, ഒരു ' ദേശീയ ഐക്യ ഭരണകൂടം' (National Unity Government) രൂപവത്കരിക്കുന്ന സാധ്യതകൾ ആരായുന്നതായി പറഞ്ഞിരുന്നു.
രാജ്യം മൂടിക്കുന്ന പടലപ്പിണക്കം
സദ്ദാമിന്റെ കാലശേഷം ഇത്ര ദീര്‍ഘമായ ഒരു ഭരണപ്രതിസന്ധി ഇറാഖിൽ ഉണ്ടായതായറിവില്ല. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മുസ്തഫ അൽകാസിമി കക്ഷിനേതാക്കളെയെല്ലാം പങ്കെടുപ്പിച്ച് ഒരു 'നാഷനൽ ഡയലോഗ്' സംഘടിപ്പിക്കുന്നതിന് ശ്രമിക്കുകയുണ്ടായി. അത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും സഹായിക്കുമെന്നും വിലയിരുത്തപ്പെട്ടു. പ്രസിഡന്റ് ബർഹാം സാലിഹിനെയും അദ്ദേഹം അത് ബോധ്യപ്പെടുത്തി. പക്ഷേ, അൽജസീറ ലേഖകൻ ദോർസ ജബ്ബാരി വ്യക്തമാക്കുന്നതുപോലെ അതിലൊന്നുംതന്നെ മുഖ്തദ സദറോ അദ്ദേഹത്തിന്റെ പ്രതിനിധികളോ പങ്കെടുക്കാനെത്തിയില്ല.
നേരത്തേ ഇറാഖിലെ ഐക്യരാഷ്ട്രസഭ പ്രതിനിധികൾ പാർട്ടിനേതാക്കൾക്കിടയിലെ പടലപ്പിണക്കം രാജ്യതാൽപര്യത്തിന് വിഘാതമാകുമെന്ന കാര്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ''അടുത്ത കാലത്തെ സംഭവവികാസങ്ങൾ രാഷ്ട്രീയമായ അനിശ്ചിതത്വത്തിന് ആക്കംകൂട്ടുന്ന സാഹചര്യത്തിൽ എല്ലാ കക്ഷികളുടെയും നേതാക്കൾ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. രാജ്യതാൽപര്യങ്ങൾക്ക് മുൻഗണന നൽകപ്പെടണം'' -അവർ പ്രസ്താവിക്കുകയുണ്ടായി. എന്നാൽ, താമസിയാതെ അൽസദറിന്റെ പാർലമെൻറ് അംഗങ്ങൾ രാജിവെക്കുന്നതാണ് നാം കണ്ടത്. ഇതോടെ പന്ത് ഇറാൻ അനുകൂല കോഓഡിനേഷൻ ഫ്രെയിംവർക്കിന്റെ കൈയിലായി. ഇത് മുഖ്തദ അൽസദറിന്റെ തന്ത്രപരമായ നീക്കമെന്ന് കരുതുന്നവരുണ്ടായിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളിൽനിന്ന് മാറിനിന്ന് ജനസ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം ഉന്നംവെച്ചത്. അതിനുവേണ്ടി സദർ മൂവ്മെന്റ് വമ്പിച്ച പ്രക്ഷോഭപരിപാടികൾക്ക് തുടക്കമിട്ടു.
ഭരണം ഏറ്റെടുക്കേണ്ടതുണ്ടോ അതോ ഭരണകൂടസ്ഥാപനങ്ങൾ സ്തംഭിപ്പിക്കേണ്ടതുണ്ടോ എന്നീ ചോദ്യങ്ങളാണ് ജനങ്ങളെ കുഴക്കുന്നത്! ഇറാനനുകൂല പാർട്ടികളുമായി യോജിച്ചുപോകാൻ മുഖ്തദ സദറിന് സാധ്യമല്ലെന്നു വന്നു. അതിനു സാധ്യമായിരുന്നെങ്കിൽ 329ൽ 155 പേരുടെ പിന്തുണയോടെ ഭരണം കൈയിലെടുക്കാനുള്ള സൗകര്യമുണ്ടായിരുന്നു.
അങ്ങനെ വന്നാൽ മുൻ പ്രധാനമന്ത്രിയും പ്രതിയോഗിയുമായ നൂർ അൽമാലിക്കിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങേണ്ടിവരുമെന്ന് മനസ്സിലാക്കിയതിനാൽ പാർട്ടി അംഗങ്ങളോട് പാർലമെൻറിൽനിന്ന് രാജിവെക്കാനാവശ്യപ്പെട്ടു മുഖ്തദ സദർ. എന്നിട്ട് തന്റെ അനുകൂലികളുമായി ചേര്‍ന്ന് മാതൃരാജ്യത്തെ രക്ഷിക്കുക (Save the Homeland) എന്ന പ്രചാരണം തുടങ്ങി. എന്നാൽ, ആ തീരുമാനമോർത്ത് മുഖ്തദ സദറും അയാളുടെ പാർട്ടിക്ക് വോട്ടു ചെയ്തവരും ഇപ്പോൾ ഖേദിക്കുന്നുണ്ടാവും. ഇറാഖി ഭരണഘടനയനുസരിച്ച് പാർലമെൻറ് അംഗങ്ങൾ രാജിവെച്ചാൽ വോട്ടെടുപ്പിൽ രണ്ടാം സ്ഥാനക്കാരനായ ആൾ പാർലമെൻറ് അംഗമായി മാറും. സദറിന്റെ പ്രതിയോഗികൾക്ക് നല്ലൊരവസരമാണ് കിട്ടിയത്. അതവർ ഉപയോഗപ്പെടുത്തുകയും ചെയ്തു! അതോടെ, സദർ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ശക്തമാക്കി. പാർലമെൻറ് പിരിച്ചുവിട്ട് എത്രയും വേഗം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം.
പാർലമെൻറ് പിരിച്ചുവിടുന്നതിന് പല കടമ്പകളുമുണ്ട്. ഭരണഘടനയനുസരിച്ച് കോടതിക്ക് അതിനുള്ള അധികാരമില്ല. പ്രധാനമന്ത്രി മുസ്തഫ അൽ ഖാസിമിക്ക് അതിനുവേണ്ടി പ്രസിഡന്റിനോടു ശിപാര്‍ശ ചെയ്യാനുമാവില്ല. പിന്നെ, പാർലമെൻറ് സ്വയംതന്നെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണം. ഇതിനുള്ള സാധ്യത സദറിന്റെ പാർലമെൻറ് അംഗങ്ങളുടെ രാജിയോടെ ഇല്ലാതായിരിക്കുന്നു. തങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ സഭ പിരിച്ചുവിടാൻ കോഓഡിനേഷൻ ഫ്രെയിംവർക് അനുവദിക്കുന്ന പ്രശ്നമില്ല. 'ഭരണഘടനയും നിയമവ്യവസ്ഥയും' അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നതിനായി പാർലമെൻറ് വിളിച്ചുചേര്‍ക്കാനാണ് നൂർ അൽമാലികി ആവശ്യപ്പെടുന്നത്. അങ്ങനെവന്നാൽ സഭയിൽ മുഖ്തദ സദർ പരാജയപ്പെടും. മുൻപിൻ നോക്കാതെയുള്ള പാർലമെൻറ് അംഗങ്ങളുടെ രാജി പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നു സാരം!
ഇനിയെന്തു ചെയ്യും? സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയതുകൊണ്ടുതന്നെയാവണം മുഖ്തദ സദറിന്റെ വക്താവായ മുഹമ്മദ് സാലിഹ് അൽഇറാഖി കഴിഞ്ഞ ദിവസം അണികളോട് തെരുവുപ്രക്ഷോഭം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയുണ്ടായി.
തക്കം പാർത്ത് ഇറാൻ അനുകൂലികൾ
2021ലെ 'സദർ മൂവ്മെൻറി'ന്റെ തെരഞ്ഞെടുപ്പ് വിജയം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവർ ഇറാനുമായും അമേരിക്കയുമായും തുല്യ അകലം പാലിക്കുന്ന കൂട്ടത്തിലായിരുന്നു. നേരത്തേ, അമേരിക്കയുടെ അധിനിവേശത്തിനെതിരെ കർക്കശമായ സമീപനം സ്വീകരിച്ച വ്യക്തിയായിരുന്നു മുഖ്തദ സദർ. അതുകൊണ്ടുതന്നെ രാഷ്ട്രീയ വിഷയങ്ങളിൽ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ അവർക്ക് സാധിച്ചു. കോഓഡിനേഷൻ ഫ്രെയിംവർക്കുമായി അവർ കലഹിച്ചു. ഈ കലഹം കാരണം പാർലമെൻറ് സമ്മേളനങ്ങളിലൊന്നിലും ക്വോറം തികയാത്ത സ്ഥിതി വന്നതും സഭ ബഹിഷ്കരിക്കുന്നതിനു കാരണമായെന്നു പറയാം. രാജിവെച്ച അംഗങ്ങളും അനുയായികളും പാർലമെൻറ് മന്ദിരത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ, ഇതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കുന്നതിനും ഇറാനനുകൂല സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. ഏതു നിമിഷവും ഒരു പോരിനുള്ള സാധ്യത തള്ളിക്കളയാനാവില്ല!
വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ കോഓഡിനേഷൻ ഫ്രെയിംവർക് സന്നദ്ധമല്ല. അവർക്കിപ്പോൾ സദർ അനുകൂലികളുടെ രാജിയോടെ പാർലമെൻറിൽ ആവശ്യമായതിലേറെ അംഗബലമുണ്ട്. ഇത് പിടിവള്ളിയാക്കി ഭരണത്തിൽ പിടിച്ചു നില്‍ക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇരുപക്ഷവും വാളോങ്ങവെ എന്തും സംഭവിക്കാവുന്ന അവസ്ഥയിൽ ഇറാഖ് വിറങ്ങലിച്ചുനില്‍ക്കുകയാണ്. എല്ലാ കക്ഷികളുടെയും കൈവശം ആയുധങ്ങൾ ഉണ്ടെന്നത് പ്രശ്നത്തിന് കൂടുതൽ ഗൗരവം നല്‍കുന്നു. സദർ മൂവ്മെൻറിന്റെ കൈയിലെന്നപോലെ നൂർ അൽമാലിക്കിയുടെ 'ഇസ്‍ലാമിക് ദഅവ പാർട്ടി' ഉൾപ്പെടുന്ന ' പോപുലർ മൊബിലൈസേഷന്റെ' കൈയിലും ആയുധങ്ങളുണ്ട്. ഇത് ജനങ്ങളെ സംഭ്രാന്തരാക്കുന്നു!
ഇരു ചേരിയെയും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് മുസ്തഫ അൽ കാസിമിയുടേതെന്ന് പറയാം. ''ആയിരം വർഷം സംഭാഷണത്തിലേർപ്പെടുന്നതാണ് ഒരു നിമിഷം ഏറ്റുമുട്ടുന്നതിനെക്കാൾ ഇറാഖികൾക്ക് അഭികാമ്യ''മെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ബുദ്ധിയും വിവേകവുമുള്ള രാഷ്ട്രീയ നേതാക്കൾ ഇതിനു ചെവികൊടുത്തെങ്കിൽ നന്നായിരുന്നേനെ!
അധിനിവേശം വിതച്ച വിത്തുകൾ
യഥാർഥത്തിൽ, ഇറാഖിൽ ഈ അസ്വസ്ഥതയും അടക്കമില്ലായ്കയും വ്യാപരിച്ചത് അമേരിക്കയുടെ അധിനിവേശത്തോടെയാണ്. ഏതാണ്ട് രണ്ടു ദശാബ്ദക്കാലത്തെ അമേരിക്കൻ മേൽക്കോയ്മ ഇറാഖിനെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞു! പുനർനിർമിതിക്കുള്ള കരാറുകളൊക്കെയും നല്‍കപ്പെട്ടത് അമേരിക്കൻ കമ്പനികൾക്കായിരുന്നു. ഹാലിബർട്ടൻ, ബെഷ്റ്റൽ, ബിയറിങ് പോയന്റ് ഉൾപ്പെടെ 70 കമ്പനികൾക്ക് 72 ബില്യൺ ഡോളറിനുള്ള കരാറുകൾ നല്‍കപ്പെട്ടു. പണമൊക്കെയും ഇറാഖിന്റേതുതന്നെ! എന്നാൽ, രണ്ടു ശതമാനമാണ് ഇറാഖികൾക്ക് ലഭിച്ചത്! ലിവർപൂൾ യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡേവിഡ് വൈറ്റ് ഇതിനെ വിശേഷിപ്പിച്ചത്, ''ആധുനിക ചരിത്രത്തിലെ ഏറ്റവും ധാര്‍ഷ്ട്യം നിറഞ്ഞ ക്രൂരകൃത്യമാണ് അമേരിക്കയുടെ 'കൊയാലീഷ്യൻ പ്രവിഷനൽ അതോറിറ്റി' (CPA) ചെയ്തതെ''ന്നാണ്. കെട്ടിടങ്ങളുടെ പുനർനിർമാണത്തിലൂടെ രാജ്യം ചൂഷണംചെയ്യുന്നതിന് ധിറുതിപൂണ്ട ഇവർ ഇറാഖിന്റെ ഭരണസംവിധാനങ്ങൾ തകര്‍ത്തു. അവ പുനഃസംവിധാനിക്കാനുള്ള ഒരു ശ്രമവും ഉണ്ടായില്ല! ഇതിന്റെ ഫലമാണ് ഇന്ന് ഇറാഖ് അനുഭവിക്കുന്നത്.
ഇപ്പോൾ, മുഖ്തദ സദറിന്റെ പിന്മാറ്റത്തോടെ 'കോഓഡിനേഷൻ ഫ്രെയിംവർക്കി'ന് ആവശ്യത്തിലേറെ അംഗബലമുണ്ടെങ്കിലും, സുന്നി, കുർദ് സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും 'കോഓഡിനേഷൻ ഫ്രെയിംവർക്കി'നുള്ളിൽതന്നെയുള്ള തർക്കങ്ങളും അറിയുന്നവരുടെ അഭിപ്രായത്തിൽ ഒരു ഭരണസംവിധാനം നിലവിൽവരുന്നത് അത്ര എളുപ്പമല്ല. ഇതൊക്കെയും സൂചിപ്പിക്കുന്നത്, രാഷ്ട്രീയ പാർട്ടികളുടെ വഴക്കും വക്കാണവും രാജ്യത്തെ തെരുവുയുദ്ധത്തിലേക്ക് തള്ളിവിടുമെന്നാണ്! രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തി ആയത്തുല്ല അൽ സിസ്താനിയാണ്. ഇറാഖിലെ ശിയാമുസ്ലിംകളുടെ സമാദരണീയ നേതാവായ അദ്ദേഹം ഏറെക്കാലമായി രാഷ്ട്രീയ വിവാദങ്ങളിൽനിന്നൊക്കെ മാറിനിൽക്കുകയാണ്. 92 വയസ്സുള്ള അദ്ദേഹത്തിന്റെ വാക്കുകൾ രാഷ്ട്രീയ നേതാക്കളെയും അതിലുപരി സാധാരണ ജനങ്ങളെയും വളരെ സ്വാധീനിക്കുന്നതിനാൽ ആയത്തുല്ല സിസ്താനി പ്രശ്നം പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. രക്തച്ചൊരിച്ചിലുണ്ടാകുന്നതോ, അല്ലെങ്കിൽ ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുന്നതോ ആയ വഴിവിട്ട ചെയ്തികളിലേക്ക് സംഘര്‍ഷം വഴിമാറുകയാണെങ്കിൽ അദ്ദേഹം ഇടപെട്ടെന്നു വരാം. അങ്ങനെ വരാതിരിക്കട്ടെയെന്ന് പ്രാർഥിക്കാനേ നമുക്ക് നിർവാഹമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.