ഇർഫാൻ ഖാൻ: തുറുകണ്ണിലൊളിപ്പിച്ച നടനാതിശയം
text_fieldsഇർഫാൻ ഖാൻ അഭിനയിക്കുമ്പോൾ അയാൾക്കുമുന്നിൽ ഏത് ദിശയിലാണ് സംവിധായകൻ ക്യാമറ ഒളിപ്പിച്ചുവെച്ചിരിക്കുന്നത െന്ന് ഒരുനേരം നമ്മൾ അതിശയിച്ചുപോകും. അങ്ങനെയൊരു ക്യാമറ അയാളുടെ ചലനങ്ങൾ പകർത്തിയെടുക്കാൻ അവിടെ എവിടെയെങ്ക ിലും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്നോ അതെല്ലാം നിയന്ത്രിച്ച് ആരൊക്കെയോ ചുറ്റിലുമുണ്ടെന്നോ അയാൾ അനുഭവ പ്പെടുത്താറുമില്ല.
വേഷമിട്ടിരി ക്കുന്ന കഥാപാത്രത്തിലേക്ക് സ്വയം കടന്നുപോകുകയും തന്നെത്തന്നെ ഏറ്റവും സ്വാഭാവികമായി മറന്നുപോവുകയും ചെയ് യുമ്പോൾ കഥാപാത്രത്തിനും ഡയലോഗിനുമിടയിലെ മൗനങ്ങളിൽ നാമിതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത അഭിനയത്തിെൻറ മറിമായങ്ങൾ കണ്ട് അമ്പരന്നുപോകുന്നു. അതിസങ്കീർണമായ കഥാപാത്രങ്ങളുടെ ഉൾക്കനങ്ങൾ തിരശീലയിലേക്ക് ഒപ്പിവെക്ക ാൻ ഇനി സാഹബ് സാദെ ഇർഫാൻ അലിഖാൻ എന്ന നടനാതിശയമില്ല. വർഷങ്ങളായി അലട്ടിയിരുന്ന ന്യൂറോ എൻഡോക്രൈൻ ട്യൂമറിനോടുള്ള പോരാട്ടത്തിൽ ഇർഫാൻ ഖാൻ തോൽവി സമ്മതിച്ചു. അതും വെറും 54ാമത്തെ വയസ്സിൽ. നാല് നാളുകൾക്ക് മുമ്പ് ജയ്പൂരിൽ അന് തരിച്ച മാതാവ് സെയ്ദാ ബീഗത്തെ നേരിൽ കാണാൻ പോലുമാവാതെയാണ് ഇർഫാൻറെ മടക്കം.
ഏറ്റവും തിളക്കമുള്ള ബോളിവുഡിൽ താരമായി ഉയർ ന്നു നിൽക്കാൻ പോന്ന എല്ലാമുണ്ടായിരുന്നു സാഹബ് സാദെ ഇർഫാൻ അലിഖാനിൽ. പക്ഷേ, ഒരു താരത്തിൻറെ പരിവേഷത്തിൽ ഒതുങ്ങു ന്നതിൽ ഇർഫാന് താൽപര്യമില്ലായിരുന്നു. എത്ര നിസ്സാരമായ വേഷത്തിൽ പോലും അഭിനയിക്കാൻ ഒരു നിമിഷാർധമെങ്കിലുമുണ്ടാവുമെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു. ആദ്യ സിനിമയായ 'സലാം ബോംബേ'യിലെ രണ്ടോ മൂന്നോ സീനുകളിൽ മാത്രമായിരുന്നുവെങ്കിൽ, അംഗീകാരങ്ങൾ നേടിയ ശേഷവും അത്തരം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഇർഫാന് മടിയില്ലായിരുന്നു. 15 സെക്കൻഡുകൾ കൊണ്ട് മിന്നിമറയുന്ന പരസ്യ ചിത്രത്തിൽ പോലും അഭിനയത്തിൻറെ അതിസ്വാഭാവികതയെ ചേർത്തുവെച്ചൊരാൾ. പഴയ ഹചിൻറെയും പുതിയ സിസ്ക എൽ.ഇ.ഡിയുടെയും പരസ്യത്തിൽ അതു കാണാം.
തുറിച്ച കണ്ണുകളിലെ അതിസൂക്ഷ്മ ചലനങ്ങളിലൂടെ ഇർഫാൻ വെള്ളിത്തിര കീഴടക്കാൻ എത്തിയത് ടെലിവിഷന്‍റെ ചതുരവടിവിലൂടെയായിരുന്നു. ജയ്പൂരിലെ പഷ്തൂൺ മുസ്ലിം കുടുംബത്തിൽ ജനിച്ച ഇർഫാൻ ഖാൻറെ മാതാവ് സയേദ ബീഗം ടോങ്കിലെ നവാബ് കുടുംബാംഗവും കവയിത്രിയുമായിരുന്നു. കുടുംബം നടത്തിയിരുന്ന ടയർ ബിസിനസിലൊന്നും താൽപര്യമില്ലാതെ അഭിനയം പഠിക്കാൻ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ 1984ൽ അദ്ദേഹം ചേർന്നു. ദൂരദർശൻ സീരിയലുകളിലൂടെയായിരുന്നു ഇർഫാൻറെ തുടക്കം. ചാണക്യൻ, ഭാരത് ഏക് ഖോജ്, ബനേഗീ അപ്നീ ബാത്, ചന്ദ്രകാന്ത തുടങ്ങിയ സീരിയലുകളിൽ വേഷമിട്ട 1988ൽ മീര നായർ സംവിധാനം ചെയ്ത 'സലാം ബോംബേ'യിലെ ചെറുവേഷത്തിലൂടെ വെളളിത്തിരയിൽ കാലെടുത്തുവെച്ചു.
ഉള്ളിലേക്കമർന്ന ഉന്മാദം
'സലാം ബോംബേ'യിൽ നാനാ പടേക്കർ അവതരിപ്പിച്ച കൂട്ടിക്കൊടുപ്പുകാരൻറെ സഹായിയായി മൂന്നോ നാലോ സീനുകളിൽ മാത്രമായിരുന്നു വേഷം. ഒരിക്കൽ നാനാ പടേക്കറോട് ഒരഭിമുഖത്തിൽ 'സിനിമക്കാരനായില്ലായിരുന്നെങ്കിൽ മറ്റാരാകുമായിരുന്നു..?' എന്ന ചോദ്യത്തിന് 'ക്രിക്കറ്റ് കളിക്കാരൻ' എന്നാണ് മറുപടി നൽകിയത്. ആദ്യകാലങ്ങളിൽ നാനാ പടേക്കറുടെ അഭിനയത്തിൻറെ തുടർച്ചയാണോ എന്നു തോന്നിപ്പിച്ചിരുന്ന ഇർഫാൻ ഖാനും ഒരുപക്ഷേ, അങ്ങനെയൊരു മറുപടിയായിരിക്കണം പറയാനുണ്ടാവുക. സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ തീർച്ചയായും ക്രിക്കറ്റ് തന്നെയാകുമായിരുന്നു ഇർഫാൻറെയും തട്ടകം. ഒരിക്കൽ സി.കെ. നായിഡു ക്രിക്കറ്റ് ടൂർണമെൻറിൽ സെലക്ഷൻ കിട്ടിയിരുന്നു ഇർഫാന്.
നാനാ പടേക്കറുടെ എല്ലാ കഥാപാത്രത്തിനും മീതെ പതഞ്ഞൊഴുകുന്ന ഉന്മാദത്തിൻറെ തിരയേറ്റമുണ്ടായിരുന്നു. ഒരിടത്തും തങ്ങിനിൽക്കാത്ത ഒരു കുത്തിയൊഴുക്ക്. പക്ഷേ, ഇർഫാൻ ഖാനിൽ അതങ്ങനെയായിരുന്നില്ല. ഉള്ളിലേക്കമർന്ന ഉന്മാദത്തിൻറെ പൊടിപ്പുകൾ ആ തുറുകണ്ണുകളിലൂടെ അഭിനയത്തിൻറെ ലാസ്യമായി നേർത്ത സുഗന്ധക്കുപ്പി തുറക്കുന്ന പോലെ പുറത്തേക്ക് ഒഴുകി. പലപ്പോഴും ഡയലോഗുകൾക്കിടയിൽ ആലോചനാമഗ്നനായി തന്നിലേക്ക് ഒരു മുങ്ങാംകുഴിയിടൽ. അപ്പോഴും കഥാപാത്രത്ത്രിൽ നിന്ന് വേറിട്ടുപോകാത്ത ഒരു കൊളുത്ത് അയാൾ സൂക്ഷിച്ചിരുന്നു. ആ അഭിനയ ശൈലി പെട്ടെന്ന് സ്വീകരിക്കപ്പെട്ടു. കച്ചവട സിനിമയുടെ ഭാഗമായിരിക്കുമ്പോഴും ഓരോ കാഥാപാത്രങ്ങളെയും അഭിനയത്തിൻറെ മായികതയിൽ തൊട്ടുണർത്താൻ ഇർഫാന് കഴിഞ്ഞത് ഈ ശൈലി കൊണ്ടായിരുന്നു.
സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന, ഭാര്യ നഷ്ടപ്പെട്ട സാജൻ ഫെർണാണ്ടസ് എന്ന ലഞ്ച്ബോക്സിലെ ആ കഥാപാത്രത്തെ ഓർമയില്ലേ. ഉടമസ്ഥനെ മാറി തന്നിലേക്ക് വന്ന ഒരു ഉച്ചഭക്ഷണപാത്രത്തിലെ വിഭവങ്ങളുടെ രുചിയോർത്ത് രാത്രി മട്ടുപ്പാവിൽ നിന്ന് സിഗരറ്റ് പുകയ്ക്കുന്ന ആ കഥാപാത്രം. പിന്നിട്ട അനുഭവങ്ങളുടെ വൻകടലുകൾ ഒളിപ്പിച്ചുവെച്ച ആ ഭാവം ഇർഫാൻ ഖാനു മാത്രം ഫലിപ്പിക്കാൻ കഴിയുന്ന വേഷമായിരുന്നു.
2013ൽ മികച്ച നടനുള്ള അവാർഡ് ലഭിച്ച 'പാൻസിങ് തോമർ' എന്ന ചിത്രത്തിലെ വേഷത്തിൽ അസാമാന്യമായ കൈയൊതുക്കമായിരുന്നു ഇർഫാൻ ഖാൻറേത്. ദേശീയ ചാമ്പ്യനായ പാൻസിങ് തോമർ എന്ന അത്ലറ്റിൻറെ യഥാർഥ വിമതജീവിതം തിരശ്ശീലയിൽ എല്ലാ പൂർണതകളോടും കൂടി ഇർഫാൻ പകർന്നുവെച്ചപ്പോൾ മികച്ച നടനെ തെരഞ്ഞെടുക്കാൻ ജൂറിക്ക് കഷ്ടപ്പെടേണ്ടിവന്നില്ല.
ഹോളിവുഡിലേക്കുള്ള പാലം
നസറുദ്ദീൻ ഷായ്ക്ക് ശേഷം ലോക സിനിമയുടെ തികവിലേക്ക് വളർന്നുകയറിയ ഇന്ത്യൻ നടൻ ഇർഫാൻ ഖാനായിരുന്നു. ആദ്യ സിനിമ 'സലാം ബോംബേ' തന്നെ കാനിലേക്കാണ് കയറി ചെന്നത്. ഇന്ത്യക്കാർക്ക് രണ്ട് ഒസ്കാർ സമ്മാനിച്ച ഡാനി ബോയലിൻറെ 'സ്ലം ഡോഗ് മില്യനയർ' എന്ന സിനിമയിലെ പൊലീസ് ഇൻസ്പെക്ടറുടെ വേഷവും ആങ് ലീയുടെ 'ലൈഫ് ഓഫ് പൈ'യിലെ പൈയുടെ വേഷവും ഇർഫാെന ഹോളിവുഡിലും പ്രിയപ്പെട്ടവനാക്കി. 'അമേസിങ് സ്ൈപഡർമാൻ', 'ജുറാസിക് വേൾഡ്', 'പസിൽ' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ഇർഫാൻ വേഷമിട്ടു. അവസാന കാലത്ത് മലയാളി താരങ്ങളായ ദുൽഖർ സൽമാനൊപ്പവും (കാർവാൻ), പാർവതി തെരുവോത്തിനൊപ്പവും (ഖരീബ് ഖരീബ് സിംഗിൾ) ഇർഫാൻ അഭിനയിച്ചു. ജംഗിൾ ബുക്കിൽ ബഗീര എന്ന കരിമ്പുലി സംസാരിച്ചത് ഇർഫാൻ ഖാന്‍റെ ശബ്ദത്തിലൂടെയായിരുന്നു.
ആരാധകഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കെയാണ് 2018 ഫെബ്രുവരിയിൽ താൻ ഗുരുതരമായ അസുഖത്തിൻറെ പിടിയിലായതായി സംശയിക്കുന്നുവെന്ന് ഇർഫാൻ ട്വീറ്റ് ചെയ്തത്. ഏതാനും ദിവസത്തിനു ശേഷം രോഗം സ്ഥിരീകരിക്കുകയുണ്ടായി. ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന മാരക രോഗമാണെന്ന് ഇർഫാൻ തന്നെ വെളിപ്പെടുത്തി. പിന്നീട് ചികിത്സക്കായി ലണ്ടനിലേക്ക് പോയി. അതിനുശേഷവും മടങ്ങിയെത്തിയ ഇർഫാൻ 'അംഗ്രേസി മീഡിയം' എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. വീണ്ടും ചികിത്സക്കായി ലണ്ടനിലേക്ക് പോകേണ്ടതായിരുന്നു. അപ്പോഴാണ് കോവിഡ് ബാധയിൽ ലോകം ലോക്ഡൗണിലേക്ക് പോയതും യാത്ര മുടങ്ങിയതും. അതിനിടയിൽ കുടലിന് അണുബാധയുണ്ടായതിനെ തുടർന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇർഫാൻ ആശുപത്രി കിടക്കയിലായിരിക്കെ ഈ മാസം 25നായിരുന്നു മാതാവ് സെയ്ദാ ബീഗം (95) അന്തരിച്ചത്. കോവിഡ് കാരണം മാതാവിെന അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതിരുന്ന ഇർഫാൻ ആശുപത്രി കിടക്കയിൽ കിടന്ന് വീഡിയോ കാളിങ്ങിലൂടെയായിരുന്നു മാതാവിെൻറ ഖബറടക്ക ചടങ്ങുകൾ വീക്ഷിച്ചത്. മറ്റൊരു സിനിമയുടെ ക്ലൈമാക്സ് പോലെ നാല് ദിവസം കഴിഞ്ഞപ്പോൾ ആ മകനും യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.