ആപ്-കോൺഗ്രസ് സഖ്യംകൊണ്ട് ഫലമുണ്ടോ?
text_fieldsകുറെ വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി കാഴ്ചവെക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ അതെല്ലാം കോൺഗ്രസിന്റെ ചെലവിലാണെന്നകാര്യം വ്യക്തമായി വെളിപ്പെടുത്തുന്നു-ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, ഗോവ... ആപ് അടിത്തറയുണ്ടാക്കിയ ഇടങ്ങളിലെല്ലാം കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ വമ്പൻ കുറവാണ് രേഖപ്പെടുത്തപ്പെട്ടത്.
2020ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആപ്പിന് 53.7 ശതമാനം വോട്ടാണ് കിട്ടിയത്, കോൺഗ്രസിന്റേത് 4.3 ശതമാനമായി ഇടിഞ്ഞു. 15 വർഷം ഡൽഹി ഭരിച്ച, 2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 40.3 ശതമാനം വോട്ടുനേടിയ പാർട്ടിയാണ് കോൺഗ്രസ് എന്നോർക്കണം.
2022ൽ നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആപ്പിന് 92 സീറ്റും 42 ശതമാനം വോട്ടും കിട്ടി. കോൺഗ്രസ് 18 സീറ്റും 23 ശതമാനം വോട്ടുമായി ഒതുങ്ങി. ഇപ്പോൾ ആപ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പിന്തുണ ഗണ്യമാംവിധത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നു.
2022ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽപോലും ആപ് കോൺഗ്രസിന് നഷ്ടംവരുത്തി. അവർ 12.9 ശതമാനം വോട്ടുപിടിച്ചപ്പോൾ കോൺഗ്രസ് 14.2 ശതമാനത്തിലൊതുങ്ങി. അതേവർഷം ഗോവയിൽ ആപ് 6.7 ശതമാനം വോട്ടുപിടിച്ചപ്പോൾ കോൺഗ്രസിന്റെ വിഹിതം 4.9 ശതമാനമായി ചുരുങ്ങി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിയുടെ ഉയർച്ചയും വളർച്ചയും കോൺഗ്രസിന്റെ അടിത്തറയാണ് തകർത്തതെന്ന് ഈ കണക്കുകളിൽനിന്നെല്ലാം വ്യക്തമാണ്.
ആപ്പുമായി കൈകോർക്കുന്നത് സംബന്ധിച്ച് കോൺഗ്രസിന് ആശങ്കയും ആശയക്കുഴപ്പവുമുണ്ടാവുന്നതിന് ഒരു കാരണമിതാവാം. 2019ലെ പൊതുതെരഞ്ഞെടുപ്പിലെ വോട്ടുവിഹിതങ്ങൾ വെച്ച് വിലയിരുത്തിയാൽ ഇരുപാർട്ടികളും സഖ്യമുണ്ടാക്കിയാൽപോലും ഡൽഹി, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വെല്ലുവിളിയാവുന്നകാര്യം സംശയകരമാണ്. പഞ്ചാബിലാവട്ടെ ആപ്പുമായി കൂടുന്നതുകൊണ്ട് കോൺഗ്രസിന് എന്തെങ്കിലും മെച്ചമുണ്ടാവാൻ ഒരു സാധ്യതയും കാണുന്നുമില്ല.
ബി.ജെ.പിയും ലോക്സഭ തെരഞ്ഞെടുപ്പും
ആപ്പിന്റെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ അമ്പതു ശതമാനം വോട്ട് നേടിയാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 282 സീറ്റുകൾ കരസ്ഥമാക്കിയത്. സംസ്ഥാനങ്ങൾ തിരിച്ച് കണക്കൊന്ന് പരിശോധിച്ചുനോക്കാം: ഗുജറാത്തിലെ 26 ലോക്സഭ സീറ്റുകളും ബി.ജെ.പി ജയിച്ചത് അമ്പതു ശതമാനത്തിലേറെ വോട്ടുകളുമായാണ്. അതിൻപ്രകാരം ആപ്-കോൺഗ്രസ് സഖ്യമുണ്ടായാൽപോലും ബി.ജെ.പിക്കെതിരെ കടുത്ത തരംഗമുയരാത്തപക്ഷം ഒരു വെല്ലുവിളിയും സൃഷ്ടിക്കാനാവില്ല. നിലവിലെ അവസ്ഥവെച്ചുനോക്കുമ്പോൾ അതിനുള്ള സാധ്യതയില്ലെന്നുതന്നെ പറയാം.
ഡൽഹിയിലുമതെ, ഏഴ് ലോക്സഭ മണ്ഡലങ്ങളും അമ്പതു ശതമാനത്തിലേറെ വോട്ടുനേടി ബി.ജെ.പി കൈപ്പിടിയിലാക്കി. അമ്പതു ശതമാനത്തിലേറെ വോട്ടുമായി 2015ലും 2020ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറിയ തങ്ങൾക്ക് അനുകൂലതരംഗം സൃഷ്ടിക്കാനായേക്കും എന്ന പ്രതീക്ഷ ആപ്പിനുണ്ടാവാം. എന്നാൽ, ആപ്പിനെ സംസ്ഥാനഭരണം ഏൽപിക്കാൻ ആഗ്രഹിക്കുമ്പോഴും കേന്ദ്രഭരണത്തിന് പാകപ്പെട്ട ഒരു പാർട്ടിയായി ഡൽഹിയിലെ വോട്ടർമാർ അവരെ ഗണിക്കുന്നില്ലായെന്നാണ് 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുഫലങ്ങൾ തെളിയിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റ കോൺഗ്രസ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആപ്പിനേക്കാൾ വോട്ടുനേടിയകാര്യം കാണാതിരുന്നുകൂടാ. ഏഴു മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിലും കോൺഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്.
പഞ്ചാബിലെ 13 സീറ്റിൽ എട്ടെണ്ണം കോൺഗ്രസിനായിരുന്നു. ബി.ജെ.പി ഗുരുദാസ്പൂരിലും ഹോഷിയാർപൂരിലും ജയിച്ചു. ശിരോമണി അകാലിദൾ ഫിറോസ്പൂരിലും ഭട്ടിണ്ടയിലും ജയിച്ചു. സംഗ്രൂരിൽ നടന്ന ത്രികോണ മത്സരത്തിൽ 37 ശതമാനം വോട്ടുനേടി ഇപ്പോഴത്തെ മുഖ്യമന്ത്രി ഭഗ്‍വന്ത് മൻ ജയംകണ്ടു. അവിടെ കോൺഗ്രസ് 27.4 ശതമാനവും ശിരോമണി അകാലിദൾ 23.8 ശതമാനവും വോട്ടുനേടി. ഭട്ടിണ്ടയിൽ 41.1 ശതമാനം വോട്ടുവാങ്ങി ജയിച്ച ശിരോമണി അകാലിദളിന് ഭീഷണി സൃഷ്ടിക്കാൻ ആപ്-കോൺഗ്രസ് സഖ്യത്തിന് സാധിച്ചേക്കും. പക്ഷേ, അവർക്ക് അമ്പതു ശതമാനത്തിലേറെ വോട്ടുണ്ടായിരുന്ന ഫിറോസ്പൂരിൽ പ്രയാസമായിരിക്കും.
അകാലിദളിന്റെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പി 50.1 ശതമാനം വോട്ടുമായാണ് ഗുരുദാസ്പൂരിൽ വിജയിച്ചത്. ഹോഷിയാർപൂരിൽ ബി.ജെ.പി നേടിയ 42.5 ശതമാനം വോട്ടുവിഹിതം ആപ്-കോൺഗ്രസ് സ്ഥാനാർഥികൾ നേടിയതിനേക്കാൾ കൂടുതലാണ്. ചുരുക്കത്തിൽ ആപ്-കോൺഗ്രസ് സഖ്യം വന്നാൽ പഞ്ചാബിൽനിന്നുപോലും ബി.ജെ.പിയുടെ സീറ്റ് പിടിച്ചെടുക്കാനാവില്ല. 2019ൽ 57.1 ശതമാനം വോട്ടിന്റെ മികച്ച മാർജിനോടെയാണ് ബി.ജെ.പി നോർത്ത് ഗോവ സീറ്റ് സ്വന്തമാക്കിയത്.
നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളുടെ വോട്ടിങ് പാറ്റേൺ തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഡൽഹിയിലും പഞ്ചാബിലും പരമാവധി വോട്ടുവിഹിതമുള്ള ആപ്പിന് 2024ലെ പൊതു തെരഞ്ഞെടുപ്പിൽ സമാനമായ പിന്തുണ നേടാനാകുമോ എന്നകാര്യത്തിൽ സംശയമുണ്ട്.
ഡൽഹി, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബി.ജെ.പി പുലർത്തുന്ന ആധിപത്യം കണക്കിലെടുക്കുമ്പോൾ, വലിയമട്ടിലുള്ള പ്രതികൂല വികാരം ഇല്ലാത്തിടത്തോളം കാലം ആപ്-കോൺഗ്രസ് സഖ്യം ബി.ജെ.പിക്കൊരു വെല്ലുവിളിയേ ആവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.