മോൺമൗത്തിലെ തോമസ് പാലായിൽ പുനർജനിക്കുന്നുവോ?
text_fieldsമധ്യകാല യൂറോപ്പിൽ ജൂതന്മാരുടെ പേരിൽ ആരോപിക്കപ്പെട്ടിരുന്ന പ്രധാന കുറ്റമാണ് ആചാരക്കൊല (ritual murder). ക്രിസ്ത്യൻ ബാലന്മാരെ തട്ടിക്കൊണ്ടു പോയി മതപരമായ ആചാരമായി ബലിയറുക്കുന്നു എന്ന്. ഇപ്രകാരം ജൂതന്മാർ കൊന്നതായി ആരോപിക്കപ്പെട്ട ഒരു കുട്ടിയാണ് ഒമ്പതുകാരൻ ലിങ്കണിലെ ഹഗ് (Hugh of Lincoln).
ജൂതന്മാരുടെ പേരിൽ ആരോപിക്കപ്പെട്ട പ്രമുഖ ആചാരക്കൊലയുടെ പേരിലാണത്രെ ഹെൻറി മൂന്നാമൻ രാജാവ് 1253ൽ Statute of Jewry എന്ന പേരിൽ ജൂതൻമാരുടെ ആത്മാഭിമാനത്തേ പാതാളത്തോളം താഴ്ത്തിയ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. പിന്നീട് ഏഴു നൂറ്റാണ്ടു നീണ്ടുനിന്ന ജൂതവേട്ടയ്ക്കും ഒടുവിൽ ജൂത വിരുദ്ധ പൊതുബോധം രൂപപ്പെടുത്തി നിരവധി ജൂതരുടെ വംശഹത്യക്കും കാരണമായത് ഈ ബാലന്‍റെ മരണമായിരുന്നു.
ചരിത്രത്തിന്‍റെ മുന്നോട്ടുള്ള ഗമനത്തിനിടെ സഭ അവരുടെ ഗുരുതരമായ പിഴവ് തിരിച്ചറിഞ്ഞു. ഹഗിന്‍റെ സ്മാരകമായി Lincoln Cathedralൽ 1955ൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഒരു ശിലാഫലകം സ്ഥാപിച്ചു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
"ക്രിസ്ത്യൻ ആൺകുട്ടികളെ ജൂത സമൂഹങ്ങൾ കൊലപ്പെടുത്തിയ കഥകൾ മധ്യകാലഘട്ടത്തിലും അതിന് ശേഷവും യൂറോപ്പിലുടനീളം സാധാരണമായിരുന്നു. ഈ കെട്ടുകഥകൾ നിരപരാധികളായ പല യഹൂദന്മാർക്കും അവരുടെ ജീവൻ നഷ്ടപ്പെടുത്തി. ഇക്കൂട്ടത്തിൽ ലിങ്കന് സ്വന്തമായി ഒരു ഐതിഹ്യമുണ്ടായിരുന്നു, ആരോപിതനായ ഇരയെ 1255ൽ (ഈ) കത്തീഡ്രലിൽ സംസ്കരിച്ചു. അത്തരം കഥകൾ ക്രൈസ്തവലോകത്തിന്‍റെ ബഹുമതിക്ക് ഗുണകരമായി ഭവിക്കുന്നവയല്ല. അതിനാൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു: കർത്താവേ, ഞങ്ങൾ എന്തായിരുന്നുവെന്നത് ക്ഷമിക്കുക, ഞങ്ങൾ എന്താണെന്നത് ശരിപ്പെടുത്തുക, ഞങ്ങൾ എന്തായിരിക്കണമെന്ന് വഴികാട്ടുക."
ദൗർഭാഗ്യവശാൽ അത്തരമൊരു ശിലാഫലകം നമ്മുടെ നാട്ടിൽ സ്ഥാപിക്കപ്പെടാനിടയാക്കുന്ന ഒരു സാഹചര്യത്തിലേക്ക് നാടിനെ നയിക്കുകയാണോ കത്തോലിക്കാ പുരോഹിതരിൽ പ്രമുഖർ എന്ന് സംശയിക്കേണ്ടി വരികയാണ്. ട്രോളിക്കളിക്കാവുന്ന ഒരു തമാശയല്ലിത്. കേരളീയ സമൂഹത്തെ തിരിച്ചു പോകാൻ കഴിയാത്ത വംശീയ വൈരത്തിന്‍റെ മുനമ്പിലേക്ക് അതിദ്രുതം തള്ളി വിടുകയാണ് കത്തോലിക്കാ നേതൃത്വത്തിലെ ചിലർ.
രക്തക്കുറ്റം പുനരാവിഷ്കരിക്കുന്നു
ജൂതർക്കെതിരിലുള്ള അപസർപ്പക കഥകൾക്ക് 1144 മാർച്ച് മാസാവസാനം ഇംഗ്ലണ്ടിലെ നോർവിച്ച് പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട 12 വയസ്സുകാരൻ വില്യം ഓഫ് നോർവിച്ചിന്‍റെ കഥയോളം പഴക്കമുണ്ട്. സാധാരണ ഒരു ദുരൂഹ മരണക്കേസായി പോകേണ്ട ഈ മരണം ചരിത്രത്തിലെ അറിയപ്പെടുന്ന ജൂത വിരുദ്ധതയുടെ പ്രതീകമായി മാറുന്നതും, അവൻ റോമൻ കാത്തലിക് ചർച്ചിന് കീഴിൽ ഏറെ ആദരിക്കപ്പെട്ട സെൻറ് വില്യം എന്ന കൾട്ടിന്‍റെ കേന്ദ്രമാകുന്നതുമാണ് ചരിത്രം.
വില്യമിനെ കാണാതായതിന്‍റെ രണ്ട് ദിവസം കഴിഞ്ഞ് അവന്‍റെ ശരീരം കണ്ടുകിട്ടുന്നു. നോർവിച്ചുകാരായ ചില കൃസ്ത്യാനികൾ വില്യം ഒരു ജൂതന്‍റെ വീട്ടിലേക്ക് കയറിപ്പോകുന്നത് തങ്ങൾ കണ്ടുവെന്നും അവരാണ് അവനെ കൊന്നതെന്നും ആരോപിച്ചു. ജൂതൻമാരെ വിളിപ്പിക്കലും വിചാരണയുമൊക്കെ നടന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ സംഭവം തൽക്കാലം അമർന്നു.
4-5 വർഷങ്ങൾക്കു ശേഷം മോൺമൗത്തിലെ തോമസ് (Thomas of Monmouth) എന്ന ബെനഡിക്ടൻ പുരോഹിതന്‍റെ ഇടപെടലോടെ വില്യമിന്‍റെ മരണത്തിന് പുതിയ മാനങ്ങൾ കൈവന്നു. ഇസ്രായേൽ മക്കളെ മോശെ ഈജിപതിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവരുന്നതിന്‍റെ സ്മരണ പുതുക്കുന്ന ചടങ്ങിനോട് (Pass Over) അനുബന്ധിച്ച് ജൂതൻമാർ ഓരോ കൊല്ലവും ഒരു കൃസ്ത്യൻ കുട്ടിയെ ബലിയറുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇക്കൊല്ലം ആ ദൗത്യം നോർവിച്ചിലെ ജൂതർക്കാണെന്നും അങ്ങിനെ ബലിയറുക്കപ്പെട്ടതാണ് വില്യമെന്നുമായിരുന്നു തോമസിന്‍റെ കണ്ടെത്തൽ. യേശുവിന്‍റെ കുരിശുമരണത്തെ പരിഹാസ്യമായ രീതിയിൽ പുനരവതരിപ്പിച്ച് മുറിവുകളിലൂടെ രക്തമൊലിപ്പിച്ച് കൊല്ലുകയായിരുന്നത്രെ വില്യമിനെ. പാസ് ഓവറിന് പ്രത്യേകമായുണ്ടാക്കുന്ന മാറ്റ്സോ (Matzo) എന്ന അപ്പത്തിന് സ്വാദ് കൂട്ടാൻ ബാലരക്തം ഉപയോഗിക്കുന്നു എന്നുമായിരുന്നു കണ്ടുപിടുത്തം.
ഫറവോനും കൂട്ടരും തങ്ങളെ പിടിക്കാനായി പിറകിൽ വരുന്നെന്നും അതിനാൽ കൈയിൽ കിട്ടുന്ന സാധനങ്ങളുമായി പെട്ടെന്ന് പുറപ്പെടണമെന്നുമുള്ള മോശെയുടെ നിർദേശമനുസരിച്ച് ഇസ്രയേല്യർ പുറപ്പെട്ടപ്പോൾ അവർ യീസ്റ്റ് പോലുള്ളവ എടുക്കാൻ മറന്നിരുന്നു. അതിനാൽ യാത്രയിലൊക്കെ പുളിപ്പിക്കാത്ത കട്ടിയുള്ള അപ്പമായിരുന്നത്രെ അവർ തിന്നത്. അതിന്‍റെ സ്മരണയിൽ പാസ് ഓവറിനുള്ള അപ്പങ്ങൾ യീസ്റ്റ് ചേർക്കാതെയാണുണ്ടാക്കുക. അപ്പോഴുണ്ടാകുന്ന സ്വാദ് നഷ്ടം പരിഹരിക്കാനാണ് ഇളം രക്തം എന്ന് വിശദീകരണമുണ്ടായി.
തോമസിന്റെ Life and Miracles of St. William of Norwich എന്ന പുസ്തകം പ്രസിദ്ധീകൃതമായതോടെ കുഞ്ഞു കൃസ്ത്യൻ കുട്ടികളെ ജൂതൻമാർ പിടിച്ചു കൊണ്ടുപോയി ബലിയറുക്കുന്നു എന്നത് ഒരു കെട്ടുകഥയ്ക്കപ്പുറം ഒരു സത്യമായി അംഗീകരിക്കപ്പെട്ടു. ഇതിനെയാണ് രക്തക്കുറ്റം (Blood Libel) എന്ന് വിശേഷിപ്പിക്കുന്നത്. ട്രെൻടിലെ സൈമൺ (Simon of Trent) എന്ന മൂന്നു വയസ്സുകാരൻ തുടങ്ങിയ മറ്റു നിരവധി കുട്ടികളുടെ ദുരൂഹ മരണങ്ങളുടെ രക്തക്കുറ്റങ്ങളാണ് പിൽക്കാലത്ത് യൂറോപ്പിലെ ജൂതസമൂഹത്തിന് മേൽ ചുമത്തപ്പെട്ടത്. സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരം കഥകൾ ഇംഗ്ലണ്ടിലെ കൃസ്ത്യാനികളിൽ നല്ലൊരു പങ്ക് വിശ്വസിക്കുകയും ജൂതൻമാരെ കൊല്ലുകയും അവരുടെ ഭവനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
കേവലം രക്തക്കുറ്റത്തിൽ മാത്രം നിന്നില്ല ജൂത വിരുദ്ധ പ്രചരണങ്ങൾ. കിണറുകളിൽ വിഷം കലക്കുന്നവരെന്നും വിശുദ്ധ അപ്പവും വീഞ്ഞും മോഷ്ടിച്ച് അവമതിക്കുന്നവരെന്നുമൊക്കെയുള്ള ആരോപണങ്ങളായി പിന്നെ. ഒന്നിനും തെളിവുണ്ടായിരുന്നില്ല; എന്നല്ല, തെളിവ് വേണ്ടിയിരുന്നില്ല എന്നതാണ് സത്യം. പുരോഹിതന്മാരുടെ പ്രഘോഷണങ്ങളിലും ജനക്കൂട്ടത്തിന്‍റെ ആർപ്പുവിളിയിലും ജൂത സമൂഹത്തിന്‍റെ നിലവിളികൾ മുങ്ങിപ്പോയി. വെറും ആരോപണങ്ങൾ മതിയായിരുന്നു 700ൽ പരം കൊല്ലം കൃസ്ത്യൻ യൂറോപ്പിന് ജൂതരെ വേട്ടയാടാൻ. ജൂതർക്കെതിരിൽ പറയുന്ന എന്ത് നുണയും ജൂതൻമാരെ പറ്റിയാണ് എന്ന ഒറ്റക്കാരണത്താൽ വിശ്വസിക്കപ്പെടുകയും അത് ജൂത കൂട്ടക്കൊലകൾക്ക് കാരണമാവുകയും ചെയ്തു.
ഔദ്യോഗികമായി എത്ര നിഷേധിക്കപ്പെട്ടാലും വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ടു വരുന്ന ലവ് ജിഹാദിനെ തുടർന്ന് ഇസ്ലാം പഠനത്തിന് സർക്കാർ പണം, ഹലാൽ ജിഹാദ് എന്നിവയിലൂടെ ലഹരി ജിഹാദിൽ എത്തി നിൽക്കുന്ന കേരളം മധ്യകാല യൂറോപ്പിനെ ഓർമപ്പെടുത്തുന്നു.
ചിരിച്ചു തള്ളാനുള്ളതല്ല; ഗൗരവതരം
2009ൽ കേരളത്തിലെ ഒരു കാമ്പസിൽ കൃസ്ത്യൻ പെണ്ണിനെ മുസ്ലിം പയ്യൻ പ്രണയിച്ച സാഹചര്യത്തിൽ അത് ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രണയത്തിലൂടെ കൃസ്ത്യൻ കുട്ടികളെ മതം മാറ്റുന്ന ഒരു പദ്ധതി മുസ്ലിംകളാവിഷ്ക്കരിച്ചിട്ടുണ്ടെന്നും പറഞ്ഞ് കേരള കാത്തലിക് ബിഷപ് കൗൺസിലിലെ (KCBC) ഒരു വിഭാഗം രംഗത്ത് വരികയും മലയാള മനോരമ, മംഗളം, കേരള കൗമുദി തുടങ്ങിയ പത്രങ്ങൾ അതിന് പ്രചാരം നൽകുകയും ചെയ്തപ്പോൾ ആദ്യം ചിരിയാണ് തോന്നിയിരുന്നത്.
ഇത്തരമൊരു അസംബന്ധം ആരെങ്കിലും കാര്യത്തിലെടുക്കുമോ എന്നായിരുന്നു സംശയം. സ്ത്രീ പുരുഷ സങ്കലനത്തിന് അതിരുകളിടുകയും പ്രായപൂർത്തിയെത്തിയ സ്ത്രീ പുരുഷന്മാർ പ്രണയപൂർവം നോക്കുന്നത് പോലും നിഷിദ്ധമെന്ന് കരുതുകയും സ്വമത പ്രണയ വിവാഹങ്ങൾ പോലും നാലാളറിയാതെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യമുള്ള മുസ്ലിം സമുദായം "മക്കളേ, നിങ്ങൾ പോയി പ്രേമിച്ച് അച്ചായത്തിയെയോ നായരെയോ കടത്തിക്കൊണ്ട് വരണം, നമ്മൾക്ക് ആളെ കൂട്ടണം" എന്ന് പറയുന്ന ആ അവസ്ഥ എങ്ങനെയുണ്ടാവും എന്നാലോചിച്ചിരുന്നു. പക്ഷെ 2012ൽ യു.പിയിലെ മുസഫർ നഗറിലും ഷാംലിയിലും കേരളത്തിൽ നിന്നുയർന്ന ലൗ ജിഹാദ് വ്യാജം എങ്ങനെയാണ് മുസ്ലിം വിരുദ്ധ കലാപങ്ങളിൽ ഇന്ധനമാവുന്നതെന്ന് കണ്ടപ്പോൾ കാര്യം അത്ര നിസ്സാരമല്ലെന്ന് മനസ്സിലായി.
സംഘ് പരിവാറിന് വേണ്ടിയല്ല, സ്വന്തത്തിനു വേണ്ടി തന്നെ
സംഘ് പരിവാർ അജണ്ടയിൽ കത്തോലിക്ക സഭ വീണു പോകുന്നതാണെന്ന വായന ലളിത യുക്തിയിൽ നിന്നുണ്ടാവുന്നതാണ്. ആർ അധികാരത്തിലിരുന്നാലും അവരോട് ഒട്ടിനിന്നും പ്രീണിപ്പിച്ചും കാര്യങ്ങൾ നേടുന്നതാണ് ഇവിടുത്തെ സഭാ പുരോഹിതരുടെ ചരിത്രം. കേരളത്തിൽ കത്തോലിക്കാ സഭക്ക് ഇന്ന് കാണുന്ന രൂപവും ഭാവവുമൊക്കെ ഉണ്ടാകുന്നത് തന്നെ മരക്കാർമരെ നിഷ്ടൂരമായി കൊല്ലുകയും ഗോവ ഇൻക്വിസിഷൻ നടത്തുകയും ചെയ്ത പോർച്ചുഗീസുകാരുടെ വരവോടെയാണല്ലോ. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തു ഗാന്ധിജിയെ മി. എം.കെ. ഗാന്ധിയും അന്തിക്രിസ്തുവും ഒക്കെയായിക്കണ്ടും ബ്രിട്ടീഷ് രാജാവ് അനന്തകാലം ഭരിക്കാൻ പ്രത്യേക പ്രാർത്ഥനകൾ നടത്തിയും ഒക്കെ കാലം കഴിച്ചു. അതിന്‍റെ ഫലമായി വിദ്യാഭ്യാസ ഉദ്യോഗ മേഖലകളിലെ കുത്തകയും ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ കണക്കില്ലാ സ്വത്തുക്കളുടെ അവകാശവും കിട്ടി. സ്വാതന്ത്ര്യത്തോടെ, രായ്ക്കുരാമാനം കോൺഗ്രസ് പക്ഷത്തു നിലയുറപ്പിച്ചു. അതിെന്റ മെച്ചം സ്ഥാപനങ്ങളായും നികുതിയിളവുകളായും തടസ്സങ്ങളില്ലാത്ത വിദേശ ഫണ്ട് പ്രവാഹമായും അനുഭവിച്ചു.
2019ലെ തെരഞ്ഞെടുപ്പിൽ മോഡി വീണ്ടും അധികാരത്തിലെത്തിയതോടെ ഇനി ബി.ജെ.പി തന്നെ എന്നുറപ്പിച്ചുള്ള കളിയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ തടഞ്ഞിട്ടുള്ള വിദേശ ഫണ്ടുകൾ ശരിയാക്കാനും ഇ.ഡി / ഇൻകം ടാക്സ് വകുപ്പുകളുടെ ശല്യമില്ലാതിരിക്കാനും ഇതിനൊക്കെ പുറമെ രാജ്യത്തിനുള്ളിൽ ഒരു രാജ്യം കണക്കെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഭാ സാമ്രാജ്യത്തിലേക്ക് സംഘ് പരിവാറിന്‍റെ ശ്രദ്ധ തിരിയാതിരിക്കാനും അവരെക്കാൾ വലിയ മുസ്ലിം വിരുദ്ധരായി നിലയുറപ്പിക്കുക എന്നതാണ് എളുപ്പവഴി എന്ന കുതന്ത്രമാണ് ഇപ്പോൾ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
കൊളോണിയൽ ഭരണത്തിന്‍റെ തുടർച്ചയായി കോൺഗ്രസ് ഭരണത്തിലും അനുസ്യൂതം അനുഭവിച്ചു വന്നിരുന്ന അനുകൂല്യങ്ങളിലേക്ക് സംഘ് പരിവാർ ഭരണത്തിന്‍റെ ശ്രദ്ധ എത്തി നടപടി തുടങ്ങിയതിനെ വർധിച്ച ഭയാശങ്കകളോടെയാണ് സഭാ നേതൃത്വം കാണുന്നത്. 1941 മുതൽ പുരോഹിതരും കന്യാസ്ത്രീകളുമായ അധ്യാപകർ ഇൻകം ടാക്സ് കൊടുക്കാറുണ്ടായിരുന്നില്ല എന്ന സവിശേഷാനുകൂല്യം 2014ൽ മാത്രമാണ് വകുപ്പ് നിർത്തലാക്കുന്നത്. ഈ വർഷം അതിനെതിരായ ഹർജികൾ തള്ളിക്കൊണ്ട് കേരളാ ഹൈക്കോടതി ഉത്തരവിറക്കിയപ്പോഴാണ് പൊതുസമൂഹം ഈ വിവരം അറിയുന്നത്.
ബ്രിട്ടീഷുകാർ ഇവിടെ ഉപേക്ഷിച്ചു പോയ സ്വത്തിന്‍റെ അവകാശങ്ങൾ എങ്ങിനെയാണ് ഒരു പ്രത്യേക മത വിഭാഗത്തിനായി മാറിയത് എന്ന ചർച്ച പൊതുസമൂഹത്തിൽ സജീവമായി ഉയർന്നു വരുന്നുണ്ട്. കുരിശ് കൃഷി എന്ന് സംഘ് പരിവാർ പരിഹസിക്കുന്ന, മലയോര മേഖലയിൽ വൻതോതിലുള്ള ഭൂമി ഉടമാവകാശം സഭാ ഉടമസ്ഥതയിൽ വന്നതിനെ കുറിച്ച അന്വേഷണം അവർ ഭയപ്പെടുന്നുണ്ട്. ഇതിനു പുറമെയാണ് പുരോഹിത പ്രമുഖർ ഉൾപ്പെട്ട വൻതോതിലുള്ള ഭൂമി അപഹരണ സ്ത്രീപീഡന കേസുകൾ. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നല്ലത് കോൺഗ്രസ് ഭരണ കാലത്തു അവരെ ഉപയോഗപ്പെടുത്തിയ പോലെ ബി.ജെ.പി ഭരണ കാലത്തു സംഘ്പരിവാറിനെ ഉപയോഗപ്പെടുത്തുകയാണ് എന്ന് കരുതുകയാണ് സഭാനേതൃത്വം.
ഇടപെടൽ രണ്ടിടത്തു നിന്ന് വേണം
ഈ മുസ്ലിം വിരുദ്ധ വംശീയ പ്രചാരണങ്ങൾക്ക് അടിയന്തിരമായി തടയിട്ടേ പറ്റൂ. രണ്ട് കൂട്ടർക്കാണ് ഇതിനെ പിടിച്ചു കെട്ടാനാവുക.
ഒന്നാമതായി, സംസ്ഥാന സർക്കാർ.
ഇടത് മുന്നണി സർക്കാറിന്‍റെ ന്യൂനപക്ഷ വകുപ്പിനെതിരിൽ നടന്ന പ്രചരണവും അതിൽ ഒന്നാം പിണറായി സർക്കാർ പുലർത്തിയ കുറ്റകരമായ മൗനവുമാണ് നിയന്ത്രിക്കാൻ കഴിയാത്ത ഭീകര വർഗീയ പ്രശ്നമാക്കി ഇതിനെ മാറ്റിയത്. കൃസ്ത്യൻ കുടുംബ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പടർന്ന വർഗീയ വൈരങ്ങളിലെ അപകടങ്ങളെ അന്നേ പലരും ചൂണ്ടിക്കാണിച്ചെങ്കിലും ദൗർഭാഗ്യവശാൽ പിണറായിയുടെ ഒന്നാം സർക്കാർ ഒന്നും മിണ്ടിയില്ല. മദ്റസാധ്യാപകർക്ക് ഖജനാവിൽ നിന്ന് ഒന്നും നൽകുന്നില്ല എന്ന് നിയമസഭയിൽ മറുപടി നൽകിയ മുഖ്യമന്ത്രി പരസ്യമായി ഒരു പ്രസ്താവന ഇവ്വിഷയകമായി പിന്നീടും നടത്തിയില്ല. ലവ് ജിഹാദ് ഒരു പ്രധാന വിഷയമാണെന്ന് ഇലക്ഷൻ പ്രചാരണത്തിനിടയിലും പറയാൻ ധൈര്യം കാണിച്ച ജോസ് കെ. മാണി ഭരണ മുന്നണിയിലെ പ്രധാന കക്ഷിയാണ്. മാത്രമല്ല, പാലാ മെത്രാനാണ് വിഷ പ്രസ്താവനയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നതും. അതിനാൽ മുഖ്യമന്ത്രി അടിയന്തിരമായി ഈ വിഷയത്തിൽ വേണ്ട അളവിൽ ഇടപെട്ട് ഈ വംശീയ വൈരാഗ്നിയെ കെടുത്താൻ മുന്നിട്ടിറങ്ങണം.
രണ്ടാമത്തെത് കത്തോലിക്ക വിശ്വാസി സമൂഹം
കേരളാ ക്രിസ്ത്യാനികളിലെ ഏതോ ക്ഷുദ്രശക്തികളാണ് വിഷ പ്രചാരണങ്ങളുയർത്തുന്നത് എന്ന പ്രസ്താവന വസ്തുതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഫാ. സേവ്യർ ഖാൻ വട്ടയിൽ, ദീപിക പത്രം, കെ.സി.ബി.സി , മെത്രാൻ സമിതികൾ തുടങ്ങി ലൗ ജിഹാദ് - മദ്റസ വിഷയങ്ങളിൽ പ്രചരണത്തിന് സജീവമായി ഉണ്ടായിരുന്നവരൊക്കെ സഭയിൽ ഔദ്യോഗിക ഉത്തരവാദിത്തങ്ങളുള്ളവരോ പൊതുസമൂഹത്തിന് മുന്നിൽ സഭയുടെ മുഖങ്ങളോ പ്രതിനിധാനങ്ങളോ ആയിരുന്നു.
2020 ഡിസമ്പർ 18ന് Shekinah Television ചാനലിൽ ഒരു ഇന്‍റർവ്യൂവിൽ മുസ്ലിം പെൺകുട്ടികൾ തങ്ങളുടെ ആങ്ങളമാർക്കു വേണ്ടി ജ്യൂസും ഐസ്ക്രീമും കൊടുത്തു ക്രിസ്ത്യൻ പെൺകുട്ടികളെ വലവീശുന്ന ഏജന്‍റുമാരാണെന്ന് പ്രസ്താവിച്ചത് ഫാ. ജോസഫ് പുത്തൻപുരക്കൽ എന്ന പുരോഹിതനാണ്. അതിന്‍റെ തുടർച്ചയാണ് പാലാ ബിഷപിന്‍റെ നാർകോട്ടിക് പ്രസ്താവന.
അരമനയുടെ സുഖശീതളിമയിലും തിരുവസ്ത്രത്തിന്‍റെ പ്രത്യേക പ്രിവിലേജുകളിലും ജീവിക്കുന്ന പുരോഹിതർക്ക് എന്ത് ഭോഷ്‌കും പറയാൻ കഴിയും. കാരണം ദൈനംദിന ജീവിതത്തിൽ അന്യസമുദായങ്ങളുടെ വളരെ കുറഞ്ഞ സഹവാസം മാത്രമേ പുരോഹിതർക്ക് ഉണ്ടാവുന്നുള്ളു. അതല്ലല്ലോ ശരാശരി ക്രിസ്തീയ വിശ്വാസികളുടെ അവസ്ഥ. അവർക്ക് അയൽക്കാരനായും സുഹൃത്തായും സഹപ്രവർത്തകനായും ഒക്കെ മുസ്‌ലിംകളുണ്ട്. അവർ മുഴുവൻ, ജൂസിൽ കലക്കാനുള്ള ഒരു മയക്കുമരുന്ന് പൊതിയുമായാണ് നടക്കുന്നത് എന്ന പ്രചാരണം ഉണ്ടാക്കുന്ന വിശ്വാസ നഷ്ടം പള്ളി മേടകളിലിരിക്കുന്നവർക്ക് മനസ്സിലാവില്ല. മുസ്ലിമായ അയൽക്കാരൻ സ്നേഹപൂർവ്വം തരുന്ന ഒരു ബിരിയാണിയെയോ, ക്ലാസ്സ്‌മേറ്റ് ഓഫർ ചെയ്യുന്ന ഒരു ഐസ്ക്രീമിനെയോ ഇപ്പോഴും സംശയപൂർവം മാത്രം നോക്കേണ്ടി വരുന്ന അസ്വസ്ഥത നിറഞ്ഞ ജീവിതങ്ങളാക്കി സാധാരണ ക്രിസ്ത്യാനിയുടെ ജീവിതത്തെ മാറ്റുകയാണ് പുരോഹിതർ.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്‍ററുകളിലും പഠനം നടത്തുന്ന മുസ്ലിം വിദ്യാർത്ഥികൾക്കു സ്വസ്ഥമായെങ്ങനെ ഇനി ഒരു ചോക്ലേറ്റ് തന്‍റെ ക്രിസ്ത്യൻ സുഹൃത്തിന് കൈമാറാനാവും എന്നതൊന്നും പുരോഹിതർക്ക് പ്രശ്നമാവുന്നില്ല. അവരുടെ ഈ ഭോഷ്കിനെ തള്ളിക്കളയാൻ സാധാരണ വിശ്വാസികൾ രംഗത്ത് വരേണ്ടതുണ്ട്.
കുരിശു യുദ്ധകാല മന:സ്ഥിതിയിൽ നിന്നും ജൂത-മുസ്ലിം വിരുദ്ധ ഇൻക്വിസിഷൻ കാലത്തു നിന്നും ആഗോള കത്തോലിക്ക സഭ മുന്നോട്ടു പോയത് അറിയാത്ത പോലെയാണ് നമ്മുടെ നാട്ടിലെ കത്തോലിക്ക പൗരോഹിത്യം സ്വന്തം നില ഭദ്രമാക്കാൻ ശ്രമിക്കുന്നത്.
അന്യ മതസ്ഥരോടുള്ള കാത്തലിക് ചർച്ചിന്‍റെ നിലപാടിനെ കുറിച്ച് പുനർ വിചിന്തനം നടത്തിയ Nostra aetate എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി പൗരോഹിത്യത്തെ തിരുത്താൻ സാധാരണ വിശ്വാസികൾ രംഗത്ത് വരണം. "മോക്ഷ പദ്ധതിയിൽ സ്രഷ്ടാവിനെ അംഗീകരിക്കുന്ന മറ്റുള്ളവരും ഉൾപ്പെടുന്നു. ഇവയിൽ ഒന്നാമതായി മുസ്‌ലിംകളുണ്ട്, അവർ അബ്രഹാമിന്‍റെ വിശ്വാസം മുറുകെപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്നു, നമ്മളോടൊപ്പം അന്ത്യനാളിൽ മനുഷ്യനെ വിധിക്കുന്ന ഏകനും കരുണാമയനുമായ ദൈവത്തെ ആരാധിക്കുന്നു" എന്ന ആ പ്രഖ്യാപനം ഉദ്ഘോഷിക്കുന്ന സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്‍റെയും ആ സ്വരത്തിലാണ് നാട്ടിന് മുന്നോട്ടുള്ള വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.