ആൾനാശവും തീരാദുരിതവും ഗസ്സക്ക്; ആക്രമണത്തിൽ വിജയി ആര്- നെതന്യാഹുവോ ഹമാസോ?
text_fieldsജറൂസലം: സംഭരിച്ചുവെച്ച ആയുധങ്ങൾ രാത്രിയുടെ ഇരുട്ടിൽ ഗസ്സയിലെ പാവങ്ങൾക്കുമേൽ നിരന്തരം വർഷിച്ച് മരണവും തീരാദുരിതവും സമ്മാനിച്ച 11 ദിവസങ്ങൾക്കു ശേഷം വെടിനിർത്തുേമ്പാൾ യഥാർഥത്തിൽ ആരാണ് വിജയിച്ചത്? കണക്കെടുപ്പിനെക്കാൾ വേഗത്തിൽ പുനർനിർമാണം പൂർത്തിയാക്കി ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനാകും ഹമാസ് ഭരണകൂടത്തിന് താൽപര്യമെങ്കിലും വിശകലന വിദഗ്ധർ തിരക്കിലാണ്. വെടിനിർത്തൽ നിലവിൽ വന്ന് ആദ്യം പുറത്തുവന്ന പ്രതികരണങ്ങളിൽ ഇരു വിഭാഗവും വിജയം അവകാശപ്പെട്ടിരുന്നു. 'ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കി''യെന്നായിരുന്നു ഇസ്രായേൽ സൈനിക പ്രതിനിധിയുടെ പ്രതികരണം. പരമാവധി നാശം വരുത്തലായിരുന്നു ലക്ഷ്യമെന്നും അത് സംഭവിച്ചുകഴിഞ്ഞുവെന്നും അവർ പറയുന്നു. ചെറുത്തുനിൽപ് വിജയിച്ചുവെന്ന് ഹമാസ് നേതൃത്വവും പറയുന്നു.
ആക്രമണ ശേഷവും സത്യത്തിൽ ഇവിടെ ഒന്നും മാറിയിട്ടില്ല. ഗസ്സയിൽ ഇപ്പോഴും ഹമാസ് ഭരിക്കുന്നു. കൊല്ലപ്പെട്ടതിൽ മഹാഭൂരിപക്ഷവും നിരപരാധികൾ. 65 കുട്ടികൾ. ഹമാസ് നേതൃത്വത്തെ തൊടാൻ പോലുമായില്ല. ഹമാസ് പോരാളികൾ പോലും അപൂർമായേ ബോംബുവർഷത്തിൽ കൊല്ലപ്പെട്ടുള്ളൂ. അവർ ഉപയോഗിച്ചെന്ന് കരുതുന്ന തുരങ്കം ഒന്നര കിലോമീറ്റർ നീളത്തിൽ തകർക്കാനായെന്നത് അവകാശവാദം മാത്രമല്ലെന്ന് ഇസ്രായേലിന് ആശ്വാസം പറയാം.
ഗസ്സ മുനമ്പിൽ ഭരണം നിയന്ത്രിക്കുന്ന ഹമാസ് കടുത്ത ഭീഷണിയായാണ് ഇസ്രായേൽ കണക്കാക്കുന്നത്്. അന്നും ഇന്നും. എന്നാലും, ആക്രമണം പൂർണാർഥത്തിലാകാറില്ല.
കരസേനയെ ഉപയോഗപ്പെടുത്താതിരിക്കാൻ ജാഗ്രത കാണിക്കും. ആൾനാശം ഹമാസിനെക്കാൾ ഇസ്രായേൽ കരസേനക്ക് ആകുമെന്ന ഭയം തന്നെ കാരണം. പകരം, ഹമാസ് ശക്തിയാർജിക്കുന്നുവെന്ന് തോന്നുന്ന ഓരോ ഇടവേളയിലും ആക്രമണം നടത്തി അവരെ ദുർബലമാക്കുക മാത്രം ചെയ്യും. അതുപക്ഷേ, സംഭവിക്കുന്നുണ്ടോയെന്ന ആധിയും ഇസ്രായേലിൽ പരക്കെയുണ്ട്.
നെതന്യാഹുവിെൻറ വ്യക്തിഗത താൽപര്യങ്ങളാണ് അതിലേറെ വലിയ വിഷയം. ഭരണം നഷ്ടപ്പെട്ടാൽ പിറകെ കോടതിയും ജയിലും വന്നുവിളിക്കുമെന്നു കണ്ടാണ് ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷം കൂട്ടായി ആരോപിക്കുന്നു. അടുത്തിടെ പ്രസിഡൻറിെൻറ ക്ഷണപ്രകാരം പ്രതിപക്ഷ നേതാവ് യായർ ലാപിഡിെൻറ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കാൻ ശ്രമം അന്തിമ ഘട്ടത്തിലെത്തിയിരുന്നു. അതിനിടെയാണ് ആക്രമണമുണ്ടാകുന്നതും പ്രതിപക്ഷത്തെ പിന്തുണക്കാമെന്നേറ്റ കക്ഷികൾ നെതന്യാഹുവിനൊപ്പം ചേരുന്നതും. ഇനി ജൂൺ രണ്ടിനകം മന്ത്രിസഭ ഉണ്ടാക്കിയില്ലെങ്കിൽ താത്കാലിക ചുമതല നെതന്യാഹുവിന് കൈമാറി രണ്ടു വർഷത്തിനിടെ ഇസ്രായേൽ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ആക്രമണത്തിന് തൊട്ടുപിറകെയായതിനാൽ ജനം നെതന്യാഹുവിനൊപ്പം നിൽക്കാൻ സാധ്യതയേറെ.
മറുവശത്ത്, ഗസ്സ വീണ്ടും ബോംബറുകളുടെ അഗ്നിവർഷത്തിൽ പാതി ചാരമായതോടെ ഒന്നും ചെയ്യാതെ നോക്കിനിന്ന ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെതിരെ വെസ്റ്റ്ബാങ്കിൽ പോലും പ്രതിഷേധം ശക്തമാണ്. ഇസ്രായേലിനൊപ്പം നിന്ന് ഹമാസിനെ മാത്രമല്ല, ഫലസ്തീനികളെയും ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് ഫലസ്തീനികൾ സംശയിക്കുന്നു. 2006നു ശേഷം ഫലസ്തീനിൽ ഇതുവരെയും തെരഞ്ഞെടുപ്പ് നടത്താതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ് അദ്ദേഹവും ഫത്ഹ് നേതൃത്വവും. ജനവിധി വന്നാൽ, അത് ഹമാസ് കൊണ്ടുപോകുമെന്ന് അദ്ദേഹത്തിനും പാർട്ടിക്കും മാത്രമല്ല, ഇസ്രായേലിനും ഉറപ്പ്.
ഹമാസാകട്ടെ, മസ്ജിദുൽ അഖ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ആദ്യം അന്ത്യശാസനവും അതുവകവെക്കാത്തപ്പോൾ റോക്കറ്റ് വർഷവുമായി രംഗത്തുവന്നു. ഇതിന് കനത്ത വില നൽകേണ്ടിവന്നാലും ഖസ്സാം ബ്രിഗേഡിനെ ഉപയോഗിച്ച് പരമാവധി പ്രതിരോധിച്ചുനിൽക്കാനും ഹമാസിനായി. ഇത് ഫലസ്തീനികൾക്കിടയിൽ സൃഷ്ടിച്ച ആത്മവിശ്വാസം ചെറുതല്ല. ഇനിയും സമാന നടപടികൾ തുടരുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിനു മുന്നിൽ പലവട്ടം തോറ്റുപോയ അറബ് രാജ്യങ്ങളിലും ഹമാസ് പതിയെ ആർജിച്ചെടുക്കുന്നത് വീര പരിവേഷമാണ്. വലിയ പോരിടങ്ങളിലേക്ക് ഹമാസ് പതിയെ ചുവടുവെക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു.
3,500 ലേറെ റോക്കറ്റുകളാണ് ഹമാസ് ഇതുവരെ ദക്ഷിണ ഇസ്രായേലിൽ വർഷിച്ചത്. അമേരിക്കയും മറ്റുവൻശക്തികളും നൽകുന്നതും സ്വന്തം ആയുധശാലകളിൽ നിർമിച്ചതുമായ ഉഗ്രശേഷിയുള്ള ഇസ്രായേലി ആയുധങ്ങൾക്ക് മുമ്പിൽ ഇവ ഒന്നുമല്ലെന്നത് ശരി. ഒരു യുദ്ധവിമാനമോ ടാങ്കോ സ്വന്തമില്ലെന്നതും ശരി. എന്നിട്ടും ദക്ഷിണ ഇസ്രായേലിൽ ഒഴിപ്പിക്കൽ നടത്തി പരമാവധി സുരക്ഷ ഉറപ്പാക്കാൻ നെതന്യാഹു നടത്തിയ ശ്രമങ്ങൾ ലോകം കണ്ടതാണ്.
മറുവശത്ത്, ഗസ്സയിലെ ആക്രമണത്തിനെതിരെ വെസ്റ്റ് ബാങ്കും ജറൂസലമും ഇസ്രായേലി ഭൂപ്രദേശങ്ങളും ഒരുപോലെ തെരുവുകളുണർന്നതും ആക്രമണം ശക്തിയായി പടർന്നതും ആദ്യ അനുഭവം. ജൂത ജനസംഖ്യയോളം വരുന്ന അറബ് ജനസംഖ്യ മൊത്തത്തിൽ ഇത്തവണ ഹമാസിനൊപ്പം നിലയുറപ്പിച്ചു. ഇത് ഭാവിയിൽ കാര്യങ്ങൾ കുഴക്കുമെന്ന ആശങ്ക കൂടുതലാണ്. അയൽരാജ്യമായ ലബനാനിൽനിന്നുപോലും ഇസ്രായേൽ പ്രദേശങ്ങളിൽ റോക്കറ്റുകളെത്തി. ആദ്യമായി പ്രസിഡൻറിനെതിരെ കടുത്ത പ്രതിഷേധത്തിന് യു.എസ് സാക്ഷിയായി. ന്യൂയോർകിലും ലോസ് ആഞ്ചൽസിലും മാത്രമല്ല, മിക്ക യു.എസ് നഗരങ്ങളിലും ഇത് പതിവു കാഴ്ചയായി. അറബ് രാജ്യങ്ങൾ കൊല്ലപ്പെട്ട ഓരോ ഫലസ്തീനിയുടെ കുടുംബത്തിനും വൻതുക നഷ്ട പരിഹാരം പ്രഖ്യാപിച്ചു.
ഗസ്സയുടെയും വെസ്റ്റ് ബാങ്കിെൻറയും സാമ്പത്തിക വിനിമയങ്ങൾ പൂർണമായി സ്വന്തം കരങ്ങളിലൂടെയാക്കി ഇസ്രായേൽ അക്ഷരാർഥത്തിൽ നടപ്പാക്കുന്നത് കോളനി ഭരണമാണ്. അത് ഇടക്കിടെ തടഞ്ഞുവെച്ച് വേല്യട്ടൻ നയം കാണിക്കാറുണ്ടെങ്കിലും തങ്ങളുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് നൽകേണ്ട ഈ നഷ്ടപരിഹാരം വിട്ടുനൽകാതിരിക്കാനുമാകില്ല.
അടുത്ത അഞ്ചു വർഷത്തേക്ക് ഇനി ആക്രമണം വേണ്ടിവരില്ലെന്നാണ് നെതന്യാഹു ഭരണകൂടത്തിെൻറ അവകാശവാദം. എന്നാൽ, അഞ്ചു മാസം പോലും ആയുസ്സുണ്ടാകില്ലെന്ന് ഇസ്രായേലി പത്രമായ ടൈംസ് ഓഫ് ഇസ്രായേൽ പറയുന്നു. മസ്ജിദുൽ അഖ്സയോടു ചേർന്ന ശൈഖ് ജർറാഹിൽ കുടിയൊഴിപ്പിക്കൽ നീക്കം മുന്നോട്ടുപോയാൽ ഹമാസ് ഇനിയും രംഗത്തുവരുമെന്ന് നേതൃത്വം വ്യക്തമാക്കിയതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.