ഗസ്സയുദ്ധത്തിലെ ഇസ്രായേൽ നുണബോംബുകൾ
text_fieldsയുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് നിലപാടിൽ ഉറച്ചുനിൽക്കണം എന്ന ഒരു പ്രസ്താവനയെ സമൂഹമാധ്യമമായ ‘എക്സി’ൽ ഒരാൾ ട്രോളിയത്, പല തവണ അടിതെറ്റി വീഴുന്ന/വീഴാൻപോകുന്ന ജോ ബൈഡന്റെ പടങ്ങൾ പങ്കുവെച്ചായിരുന്നു.
നില തെറ്റുന്നവർ പിന്നെ എങ്ങനെ നിലപാടുറപ്പിക്കാൻ എന്ന ചോദ്യമാണ് ട്രോളൻ ഉയർത്തിയത്. ലോകം ഇസ്രായേലിന്റെ പൈശാചികമായ ആശുപത്രിക്കുരുതിയുടെ ആഘാതത്തിൽ നിൽക്കേ ഇന്നലെ ബുധനാഴ്ച തെൽ അവീവിലെത്തിയ യു.എസ് പ്രസിഡന്റ്, ‘സംഭവത്തിൽ നിങ്ങളല്ല, മറ്റവന്മാരാണ്’ പ്രതികൾ എന്നു പ്രതികരിച്ചതു കേട്ടപ്പോൾ നേരത്തേ കണ്ടതു വെറുമൊരു ട്രോളല്ല എന്നു വ്യക്തമായി.
ഒക്ടോബർ ഏഴിനു നടത്തിയ ആക്രമണത്തിനിടെ ഹമാസ് കഫർ ആസയിലെ കുഞ്ഞുങ്ങളുടെ കഴുത്തറുത്തുവെന്ന ഇസ്രായേലി കള്ളക്കഥ ഏറ്റുപറഞ്ഞ് പൊള്ളിയതാണ് ബൈഡന്. അന്ന് വൈറ്റ്ഹൗസിൽ തന്നെ വന്നുകണ്ട ജൂതനേതാക്കളോട് ഭീകരന്മാർ ഇസ്രായേലിൽ കുഞ്ഞുങ്ങളുടെ കഴുത്തറുക്കുന്ന ചിത്രങ്ങൾ കണ്ടു ഞെട്ടിയ കാര്യം അദ്ദേഹം പങ്കുവെച്ചു.
എന്നാൽ പിറകേ വന്നു വൈറ്റ്ഹൗസിന്റെ വിശദീകരണം: ‘‘പ്രസിഡന്റ് ജോ ബൈഡനോ യു.എസ് ഒഫീഷ്യലുകളോ ഹമാസ് ഭീകരർ ഇസ്രായേലി കുഞ്ഞുങ്ങളുടെ കഴുത്തറുക്കുന്ന ദൃശ്യങ്ങൾ കാണുകയോ സ്വതന്ത്രമായി സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. നെതന്യാഹുവിന്റെ വക്താവും ഇസ്രായേൽ മാധ്യമങ്ങളും നൽകിയ വിവരങ്ങളെ ആധാരമാക്കിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം’’.
എന്നിട്ടിപ്പോൾ അതെല്ലാം മറന്ന് ചൊവ്വാഴ്ചയിലെ ആശുപത്രിക്കുരുതി സംബന്ധിച്ച ഇസ്രായേലിന്റെ പൊട്ടാതെ പോയ നുണബോംബുകൾ പിന്നെയും പൊട്ടിക്കാനുള്ള ശ്രമമാണ് അമേരിക്കൻ പ്രസിഡന്റ് നടത്തിയത്. ഇസ്രായേലിനു വാഴ്ത്തുപാടുന്ന എം.എസ്.എൻ.ബി.സി, ബി.ബി.സി ചാനലുകളും വെബ്സൈറ്റുകളും വ്യാജവാർത്ത ബുധനാഴ്ച വെളുപ്പിനെ നിഷേധിച്ചിട്ടും യു.എസ് പ്രസിഡന്റ് അതറിഞ്ഞില്ല. അദ്ദേഹം തെൽ അവീവിൽ സ്വന്തം ‘ബീബി’ക്ക് ഗുഡ് സർട്ടിഫിക്കറ്റും കൂടുതൽ പിന്തുണയും പതിച്ചുനൽകി.
ഇസ്രായേൽ കരുതിക്കൂട്ടിയ ആശുപത്രിക്കുരുതി
കഴിഞ്ഞ ഒക്ടോബർ ഏഴു മുതൽ ഗസ്സയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുന്നവർക്ക് ഇസ്രായേലിന്റെ ആശുപത്രി കൂട്ടക്കുരുതിയിൽ സന്ദേഹം തോന്നാനിടയില്ല. നിഷ്ഠുരതകളിൽ അതിമാരകമായത് ഫലസ്തീനെതിരെ പ്രയോഗിക്കുക എന്നത് പതിറ്റാണ്ടുകളായി ഇസ്രായേൽ ഭരണകൂടം ചെയ്തുവരുന്നതാണ്.
ആശുപത്രികളോ, അഭയാർഥി ക്യാമ്പുകളോ, മാധ്യമപ്രവർത്തകരോ, യുദ്ധവിരാമത്തിനും തുടർ സമാധാന നീക്കങ്ങൾക്കും സേവനം ചെയ്യുന്ന യു.എൻ വേദികളോ ഒന്നും അവർക്കു പ്രശ്നമല്ല. എന്നല്ല, പതിവിനു വിപരീതമായി ഇത്തവണ അവരെ പ്രത്യേകം ഉന്നമിട്ടുവെന്ന് സംശയിക്കാൻ വക നൽകുന്നു മാധ്യമപ്രവർത്തകരെയും യു.എൻ സന്നദ്ധപ്രവർത്തകരെയും കൊലപ്പെടുത്തിയ രീതി.
യു.എൻ സ്കൂളിലെ 11 ജീവനക്കാരും 30 കുട്ടികളും കൊല്ലപ്പെട്ട വിവരം ഒക്ടോബർ 11ന് ബുധനാഴ്ച യു.എൻ വക്താവാണ് വെളിപ്പെടുത്തിയത്. 2021 ജനുവരിയിൽ ഗസ്സയിലെ കുട്ടികളുടെ ആശുപത്രിയും സ്കൂളും അവർ വ്യോമാക്രമണത്തിൽ തകർത്തതിനെതിരെ യുദ്ധക്കുറ്റ ആരോപണവുമായി ആംനസ്റ്റിയും രംഗത്തുവന്നിരുന്നു.
ആ വർഷം തന്നെ മേയിൽ മറ്റൊരു ആശുപത്രിയിൽ ഷെല്ലാക്രമണം നടത്തിയതിൽ നാലു പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്തവണ ഫലസ്തീനിലെ നരമേധത്തിനിടെ പല തവണ ആശുപത്രികൾക്കു നേരെ ഇസ്രായേലിന്റെ ഭീഷണിയുണ്ടായി. 2000 പേർക്ക് കിടത്തിച്ചികിത്സ നൽകിവരുന്ന വടക്കൻ ഗസ്സയിലെ 22 ആശുപത്രികൾ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ തുടരത്തുടരെ ഉത്തരവുകളിറക്കി.
അതിനെതിരെ കഴിഞ്ഞ ശനിയാഴ്ച ലോകാരോഗ്യ സംഘടന ശക്തമായി പ്രതിഷേധിക്കുകയും പരിക്കേറ്റവർക്കും രോഗികൾക്കുമുള്ള വധശിക്ഷയാകും അതെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ സംഘടനയും വീടുകളും ആശുപത്രികളും വിട്ടൊഴിയാനുള്ള 24 മണിക്കൂർ നേര അന്ത്യശാസനത്തിനെതിരെ രംഗത്തുവന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ ഇസ്രായേൽ അവർക്കു തോന്നിയത് ചെയ്തു.
രോഗികളായ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള നിരപരാധികൾക്ക് അവർ കൂട്ട വധശിക്ഷ നടപ്പാക്കി. വീണിടത്തുനിന്നു പ്രദേശം മുഴുവൻ കത്തിയാളിപ്പടരാൻ ശേഷിയുള്ള മാരക റോക്കറ്റ് ബാരേജുകൾ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയുടെ മുകളിൽ വർഷിച്ചു.
ആംഗ്ലിക്കൻ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ആ ആശുപത്രി താരതമ്യേന സുരക്ഷിതമാവും എന്നു കരുതി ആളുകൾ കുടുംബസമേതം അഭയം തേടിയ ഇടം കൂടിയായിരുന്നു. അവിടെയും ഇസ്രായേൽ പൈശാചികത നക്കിത്തുടച്ചു.
അൽ അഹ്ലിയിൽ ഇത് ആദ്യ ഉന്നമല്ല
അൽ അഹ്ലി ആശുപത്രിക്കു നേരെ ദിവസങ്ങൾക്കു മുമ്പും ആക്രമണമുണ്ടായതായി സംഭവസ്ഥലത്തുനിന്ന് വാർത്ത നൽകി വന്ന അൽജസീറ ലേഖകൻ വാഇൽ ദഹ്ദൂഹ് പറയുന്നു. ജറൂസലമിലെ എപ്പിസ്കോപ്പൽ രൂപതയുടെ കീഴിലെ അമേരിക്കൻ ഫ്രൻഡ്സ് ആണ് ആശുപത്രിക്കു ഫണ്ട് ചെയ്തുവരുന്നത്.
ഒക്ടോബർ 14ന് ആശുപത്രിയുടെ അർബുദ രോഗപരിശോധന കേന്ദ്രത്തിനുമേൽ ഇസ്രായേൽ റോക്കറ്റ് പതിച്ചിരുന്നു. നാലു പേർക്ക് അന്ന് പരിക്കേറ്റു. പിറ്റേന്നാൾ ഇസ്രായേലി സൈനികർ ആശുപത്രി ഡയറക്ടറെ വിളിച്ചു ‘ഇന്നലെ രണ്ടു ഷെല്ലുകൾ കൊണ്ട് സൂചന തന്ന’ കാര്യം ഓർമിപ്പിച്ച് ആശുപത്രി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.
ഹമാസും അനുബന്ധ വിഭാഗങ്ങളും ആശുപത്രി താവളമാക്കിയിരിക്കുകയാണെന്നും അതിനാൽ എല്ലാവരും ഉടൻ ആശുപത്രി വിട്ടുപോകണമെന്നും ഇസ്രായേൽ സേന നേരത്തേ ആവശ്യപ്പെട്ടു വന്നിരുന്നതാണ്. അതുവെച്ചാണ് ഇസ്രായേലിന്റെ ഡിജിറ്റൽ യുദ്ധം നയിക്കുന്ന ഹനാന്യ നഫ്താലി, സ്ഫോടനം നടന്നയുടൻ ആഹ്ലാദത്തോടെ ‘എക്സി’ൽ ചാടി വീണത്.
ഇസ്രായേൽ വ്യോമസേന ഗസ്സ ആശുപത്രിയിലെ ഹമാസ് ഭീകരവാദി താവളം തകർത്തിരിക്കുന്നു എന്നായിരുന്നു ഹനാന്യയുടെ ബ്രേക്കിങ്. ഹമാസ് ആശുപത്രികൾ, പള്ളികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്ന് റോക്കറ്റുകൾ തൊടുക്കുകയും സിവിലിയന്മാരെ മനുഷ്യകവചമാക്കി മാറ്റുകയാണെന്നും ഇസ്രായേൽ ആക്രമണത്തിന് അദ്ദേഹം ന്യായവും ചമച്ചു.
നുണബോംബ് വന്ന വഴി
അപ്പോഴേക്കും ചർച്ച് നിയന്ത്രണത്തിലുള്ള ബാപ്റ്റിസ്റ്റ് അറബ് നാഷനൽ ആശുപത്രി തകർത്തു കൂട്ടക്കശാപ്പ് നടത്തിയ പൈശാചികതക്കെതിരായ രോഷം ലോകമാകെ അണപൊട്ടിത്തുടങ്ങിയിരുന്നു. അതു മനസ്സിലാക്കി ഇസ്രായേൽ ഹമാസിനും ഇസ്ലാമിക് ജിഹാദിനും മേൽ കുറ്റം വെച്ചുകെട്ടി രംഗത്തുവന്നു.
അതോടെ ഹനാന്യ പോസ്റ്റ് മുക്കി പുതിയ വിശദീകരണ പോസ്റ്റുമായി രംഗത്തുവന്നു-ഇസ്രായേലിന്റെ നുണബോംബ് ഏറ്റെടുത്തുകൊണ്ട്. തെൽ അവീവിൽനിന്ന് ഇസ്രായേലിന്റെ സ്വന്തം സേന വക്താവ് തന്നെയാണ് നുണബോംബു പൊട്ടിച്ചത്: ‘ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ ഓപറേഷൻ സിസ്റ്റം നടത്തിയ വിശകലനമനുസരിച്ച്, ഇസ്രായേലിനു നേരെ വിക്ഷേപിക്കപ്പെട്ട ശത്രുവിന്റെ ഒരു റോക്കറ്റ് ബാരേജ് ആശുപത്രിയുടെ വഴി വരുമ്പോൾ അവിടെ വീഴുകയായിരുന്നു.
വിവിധ സ്രോതസ്സുകളിൽനിന്ന് ഞങ്ങൾക്കു ലഭ്യമായ ഇന്റലിജൻസ് വിവരമനുസരിച്ച്, ഇസ്ലാമിക് ജിഹാദ് ഭീകരസംഘടന വിക്ഷേപിച്ച റോക്കറ്റ് വഴിതെറ്റി ആശുപത്രിക്കു മേൽ പതിച്ചതാണ് സംഭവം. അതിനു തെളിവായി ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ ഏറെ വൈകാതെ എഡിറ്റ് ചെയ്ത് ചിത്രങ്ങളൊഴിവാക്കി. അപ്പോഴേക്കും ഫലസ്തീൻ വിരുദ്ധ ലോബി സോഷ്യൽ മീഡിയയിൽ പഴയതും പുതിയതുമായ ദൃശ്യങ്ങളുമായി ഈ നുണപ്രചാരണം ഏറ്റെടുത്തു.
‘അൽജസീറ’യും കരുവായി
ഗസ്സയിൽനിന്ന് നേർക്കാഴ്ചകളും വാർത്തകളും നൽകുന്ന ‘അൽജസീറ’ക്കും കിട്ടി ആദ്യ നുണവെടികളിലൊന്ന്. ‘ഞാൻ ഗസ്സയിലെ ഖാൻ യൂനിസിൽ ജോലി ചെയ്യുന്ന അൽജസീറ ജേണലിസ്റ്റ്’ എന്ന് പരിചയപ്പെടുത്തിയ ഫരീദ ഖാൻ എന്ന പേരിലെ അക്കൗണ്ട്, ‘ഹമാസിന്റെ അയ്യാശ് 250 റോക്കറ്റ് ആശുപത്രിക്കു മേൽ പതിക്കുന്നതു സ്വന്തം കണ്ണാലെ കണ്ടു’ എന്ന് അവകാശപ്പെട്ടു.
ഹമാസിന്റെ വഴിതെറ്റിയ റോക്കറ്റ് ആണ് അതെന്നായിരുന്നു വാദം. അൽജസീറ നുണ പറയുകയാണ്, ഹമാസ് മിസൈൽ ലാൻഡ് ചെയ്യുന്ന വിഡിയോ കൈയിലുണ്ടെന്നു കൂടി അതേ പോസ്റ്റിൽ ഈ ‘അൽജസീറ ലേഖിക’ പറഞ്ഞുകളഞ്ഞു. സ്വയം പരിചയപ്പെടുത്തൽ മുതൽ സ്വന്തം സ്ഥാപനത്തെ തള്ളിപ്പറയുന്നതു വരെ എല്ലാം ഒറ്റശ്വാസ കുറിപ്പിൽ തീർത്തുകളഞ്ഞിരുന്നു.
ഈ അക്കൗണ്ടുമായി അൽജസീറക്കോ അതിന്റെ ഉള്ളടക്കത്തിനോ ഒരു ബന്ധവുമില്ലെന്നും കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ട് ചാനലിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം ചൊവ്വാഴ്ച രാത്രി തന്നെ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ നിഷേധിക്കുമ്പോഴും യുദ്ധക്കൊതിയരായ സയണിസ്റ്റ് തീവ്രവാദികൾ ആശുപത്രിദുരന്തം ആഘോഷിക്കുകയായിരുന്നു. മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന പടം പോസ്റ്റിയ 85,000 വരിക്കാരുള്ള ഒരു ടെലഗ്രാം ചാനൽ ഫലസ്തീനികളോടുള്ള കുടിപ്പക രേഖപ്പെടുത്തിയത് ‘കുറച്ച് കെച്ചപ്പും ശവങ്ങളും എനിക്കു മിസ്സായല്ലോ’ എന്നാണ്.
നുണനായാട്ടിലെ മേക്ക് ഇൻ ഇന്ത്യയും മലയാളവും
ഫലസ്തീനെതിരായ യുദ്ധത്തിൽ ഇസ്രായേലിനു വേണ്ടിയുള്ള പ്രചാരണം നയിക്കാൻ ഇന്ത്യ മുന്നിൽ തന്നെയുണ്ട്. ജൂതക്കുഞ്ഞിനെ ഹമാസ് തട്ടിക്കൊണ്ടു പോയതും ട്രക്കിന് പിറകിലിരുന്ന് കുട്ടിയുടെ കഴുത്തറുക്കുന്നതുമടക്കമുള്ള വ്യാജനിർമിതികളുടെ പ്രചാരണത്തിൽ ഇന്ത്യൻ സമൂഹമാധ്യമ അക്കൗണ്ടുകൾ മുന്നിൽനിന്നു.
ഫലസ്തീനെതിരായും ഇസ്രായേലിന് അനുകൂലമായും ഇല്ലാക്കഥകളും വ്യാജനിർമിതികളും പടച്ചുണ്ടാക്കുന്നതിൽ ഇന്ത്യയിലെ വലതു തീവ്രവാദി എക്സ് ഹാൻഡിലുകൾ സജീവമാണെന്ന് ഫാക്ട് ചെക്കിങ് ഏജൻസി ‘ബൂം’ വെളിപ്പെടുത്തുന്നു.
ജറൂസലമിലെ ഒരു സ്കൂൾ ട്രിപ്പിന്റെ പടം വെച്ച് ഫലസ്തീൻ പോരാളി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നു എന്ന കള്ളപ്രചാരണത്തിന് 60 ലക്ഷം ഇംപ്രഷനുകളാണ് കിട്ടിയത്. ഇവയിലധികവും ഇന്ത്യയിൽനിന്നായിരുന്നുവെന്ന് ഖത്തർ ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിലെ മിഡിലീസ്റ്റ് സ്റ്റഡീസിലെ അധ്യാപകനായ ഡോ. മാർക് ഓവൻ ജോൺസ് പറയുന്നു.
ഹമാസ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വ്യാജകഥ ഏറ്റവും അധികം പ്രചരിപ്പിച്ച ആദ്യ ഏഴു അക്കൗണ്ടുകളും ഇന്ത്യയിൽനിന്നാണ്. എക്സ് പ്ലാറ്റ്ഫോമിൽ ഫലസ്തീനുമായി ബന്ധപ്പെട്ട് വിവിധ അക്കൗണ്ടുകളിൽ വരുന്ന വിവരണങ്ങളും അതിനുള്ള പ്രതികരണങ്ങളും കണ്ടാൽ ഇന്ത്യ എവിടെയെത്തി നിൽക്കുന്നു എന്നു വ്യക്തമാവും.
ഇവയിൽ പലതും ഇസ്ലാം വിരുദ്ധ പ്രചാരണത്തിന്റെ ഹാഷ് ടാഗുകൾ സഹിതവുമാണ്. ഇന്ത്യയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് എരിവു പകരാൻ ഗസ്സ യുദ്ധം ഉപയോഗപ്പെടുത്തുകയാണെന്ന് സോഷ്യൽ മീഡിയയിലെ വിദ്വേഷവമനങ്ങൾ തെളിയിക്കുന്നു.
ഇന്ത്യൻ മുഖ്യധാര മാധ്യമങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും ഇസ്രായേൽ അനുകൂല വ്യാജവിവരങ്ങൾ വലതു വംശീയവാദികൾ ഇന്ത്യയെ കള്ളക്കഥകളുടെയും വ്യാജവാർത്തകളുടെയും തലസ്ഥാനമാക്കി മാറ്റിയിരിക്കുന്നുവെന്ന ആൾട്ട് ന്യൂസ് എഡിറ്റർ പ്രതീക് സിൻഹയുടെ അഭിപ്രായം അക്ഷരംപ്രതി ശരിവെക്കുന്നതാണ് ഇന്ത്യയിലെയും മലയാളത്തിലെയും സമൂഹമാധ്യമ പ്രചാരണയുദ്ധം.
ഇസ്രായേൽ ശരിയും ഫലസ്തീൻ തെറ്റും എന്ന അവരുണ്ടാക്കിയ വ്യാജനിർമിതിക്ക് വശംവദരാകുന്നതു കൊണ്ടാണ് ഇസ്രായേൽ ആശുപത്രിക്കു മേൽ ബോംബിട്ട് തകർത്ത് കൂട്ടക്കുരുതി നടത്തുമ്പോഴും അത് കർത്താവില്ലാ ആക്രമണങ്ങളായി മാറുന്നത്, ഹമാസ് ഭീകരരും ഇസ്രായേൽ സമാധാനകാംക്ഷികളുമാകുന്നത്. ഇസ്രായേൽ ചെയ്യുന്ന പൈശാചികതയും ഫലസ്തീൻ ഭീകരരുടേതായി തോന്നുന്നത്. ഇസ്രായേൽ ഭാഷ്യങ്ങൾ ഔദ്യോഗിക വാർത്തകളായി മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.