പശ്ചിമേഷ്യ നടുങ്ങിയ 10/ 07
text_fields1973ലെ യോം കിപ്പുർ യുദ്ധത്തിന്റെ 50 ാം വാർഷികപ്പിറ്റേന്ന് ഇസ്രായേൽജനത ഉണർന്നത് അവരുടെ ജീവിതത്തിൽ ഒരിക്കലും കാണാത്ത കാഴ്ചകളിലേക്കായിരുന്നു. ഇസ്രായേൽ ജനതയുടെ 65 ശതമാനത്തിലേറെയും ഈ പൂർണ യുദ്ധത്തിന് ശേഷം ജനിച്ചവരാണ്. ഫലസ്തീനികളുടെ ഇൻതിഫാദ എന്ന രണ്ട് ഉയിർപ്പുസമരങ്ങളും 2006ലെ ഹിസ്ബുല്ല യുദ്ധവുമാണ് പിന്നീടുണ്ടായ പ്രധാന സായുധ സംഘർഷങ്ങൾ. ഗസ്സ യുദ്ധങ്ങളെന്ന് പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഇസ്രായേൽ ആക്രമണങ്ങളാകട്ടെ ഏകപക്ഷീയവുമായിരുന്നു. ഇടക്കിടെ ശേഷികുറഞ്ഞ മിസൈലുകൾ തെക്കൻ ജനവാസമേഖലകളിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥ മാത്രമാണ് അതിൽ ഇസ്രായേലിനെ അസ്വസ്ഥമാക്കിയിരുന്നത്. പക്ഷേ, ഈ ചരിത്രത്തെയൊക്കെ അപ്രസക്തമാക്കുന്ന രംഗങ്ങളാണ് ശനിയാഴ്ച ഇസ്രായേലിലുണ്ടായത്. വേൾഡ് ട്രേഡ് സെന്ററിന് നേർക്കുണ്ടായ സെപ്റ്റംബർ 11 ആക്രമണം ലോകക്രമത്തെ മാറ്റിമറിച്ചതുപോലെ പശ്ചിമേഷ്യയുടെ ഭാഗധേയത്തെ ഈ ഒക്ടോബർ ഏഴ് നിർണയിക്കുമെന്നാണ് പ്രാഥമികനിരീക്ഷണം.
ഒരിക്കലും ഇമചിമ്മാത്ത ഇസ്രായേലിന്റെ ഇന്റലിജൻസ് സംവിധാനം സസൂക്ഷ്മം വീക്ഷിക്കുന്ന മേഖലയിൽനിന്ന് ഈ തരത്തിൽ അമ്പരപ്പിക്കുന്ന ആക്രമണമുണ്ടായത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആയിരത്തോളം ഫലസ്തീനികൾ ഇസ്രായേലിലേക്ക് കടന്നുവെന്നാണ് ഒടുവിലത്തെ കണക്കുകൂട്ടൽ. ഇത്രയും വ്യാപ്തിയിലുള്ള ആക്രമണത്തിന് പദ്ധതികൾ തയാറായിട്ടും അതിന്റെ സൂചനപോലും മൊസാദിന്റെയോ ‘ഷിൻബെത്തി’ന്റെയോ ചാരസംവിധാനങ്ങൾക്ക് മണത്തറിയാൻ കഴിഞ്ഞില്ലെന്നത് വരുംകാലങ്ങളിൽ ഇസ്രായേലിനെ അലട്ടും.
ശനിയാഴ്ച രാവിലെ പ്രാദേശികസമയം 6.30ഓടെയാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം തുടങ്ങിയത്. നൂറുകണക്കിന് മിസൈലുകൾ ഇസ്രായേലിന്റെ തെക്ക്, പടിഞ്ഞാറൻ നഗരങ്ങളെ ലക്ഷ്യമാക്കി പാഞ്ഞു. തലസ്ഥാനമായ തെൽഅവീവിലും വിശുദ്ധനഗരമായ ജറൂസലമിലും വരെ വ്യോമാക്രമണത്തിന്റെ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇതിനൊപ്പം വലിയതോതിൽ വ്യോമ, കര, നാവികമുന്നേറ്റവും ഉണ്ടായതോടെ ഗസ്സക്ക് ചുറ്റുമുള്ള ഇസ്രായേലി പ്രതിരോധ സംവിധാനം തകർന്നു. പാരാഗ്ലൈഡർമാർ അതിർത്തിവേലിക്കപ്പുറത്തെ സൈനിക പോസ്റ്റുകളും ജനവാസ മേഖലകളും ലക്ഷ്യംവെച്ച് പറന്നിറങ്ങി.
40 കിലോമീറ്ററിന് അടുത്ത് നീളവും 10 കിലോമീറ്റർ വീതിയുമുള്ള കര അതിർത്തിയിലെ ഇസ്രായേലി സൈനിക പോസ്റ്റുകളെല്ലാം ആക്രമണത്തിനിരയായി. ഈ തരത്തിലുള്ള ആക്രമണം ഒരിക്കലും മുൻകൂട്ടി കാണാതിരുന്നതിനാൽതന്നെ പതിവ് ജാഗ്രത മാത്രമേ പോസ്റ്റുകളിൽ ഉണ്ടായിരുന്നുള്ളൂ. അധികം ആളുമുണ്ടായിരുന്നില്ല. സൈനിക പോസ്റ്റുകൾ തകർന്നതോടെ കൂറ്റൻ ലോഹവേലികൾ തകർത്ത് കാറുകളിലും എസ്.യു.വികളിലും ബൈക്കുകളിലും വലിയ തോതിൽ ഹമാസ് പ്രവർത്തകർ ഇസ്രായേലിലേക്ക് ഇരച്ചുകയറി.
ഒറ്റപ്പെട്ടുപോയ സൈനിക പോസ്റ്റുകളിലെ സൈനികരെ വലിയ സംഘങ്ങളായെത്തിയവർ അതിവേഗം കീഴ്പ്പെടുത്തി. നിരവധി പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ജീവനോടെ പിടികൂടി. സൈനിക പോസ്റ്റുകളിലെ കവചിതവാഹനങ്ങളും ടാങ്കുകളും ഹമാസ് നിയന്ത്രണത്തിലായി. ഇങ്ങനെ പിടിച്ചെടുത്ത വാഹനങ്ങൾ ഗസ്സയിലേക്ക് ഓടിച്ചുകൊണ്ടുപോയി. മൃതദേഹങ്ങളും ഗസ്സയിലേക്ക് മാറ്റി. ജീവനോടെ പിടികൂടിയ സൈനികരെയും കൈകൾ പിന്നിൽകെട്ടി ഗസ്സയിലെത്തിച്ചു.
•ക്രൂരമായ ആക്രമണം
പ്രതിരോധസംവിധാനം പൂർണമായും തകർന്നതോടെ, സമീപത്തെ ഇസ്രായേലി സെറ്റിൽമെന്റുകളിലേക്കും നഗരങ്ങളിലേക്കും ആക്രമണം നീങ്ങി. ശാബത്ത് ദിന പ്രഭാതത്തിൽ അവധിമൂഡിലായിരുന്ന ഇസ്രായേലികളും അന്യദേശ തൊഴിലാളികളും അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു. നേരെത്ത മിസൈലുകൾ വർഷിക്കപ്പെട്ടപ്പോൾ സാധാരണ ഉണ്ടാകുന്ന ജാഗ്രതാനിർദേശം മാത്രമാണ് ഇവർക്ക് ലഭിച്ചിരുന്നത്. പൊടുന്നനെ ഫലസ്തീനികൾ ഗേറ്റുകളിലെത്തിയപ്പോൾ പ്രതിരോധിക്കാനായില്ല. ഗേറ്റിന് മുന്നിൽ യന്ത്രത്തോക്കുകളേന്തിയ ഫലസ്തീനികളെ സി.സി. ടി.വിയിലൂടെ കണ്ട് വീടുകൾക്കുള്ളിൽ പരിഭ്രാന്തിപടർന്നു. ലോക്കൽ പൊലീസ് രംഗത്തെത്തിയതോടെ നിരത്തുകളിൽ വെടിയൊച്ചമുഴങ്ങി.
ഗസ്സക്ക് സമീപത്തെ സദീറോത്ത് പട്ടണത്തിലാണ് വലിയ ആക്രമണങ്ങളിലൊന്നുണ്ടായത്. ആക്രമണം തുടരവേ, ടി.വി ചാനലിൽ ഫോൺവഴി നാട്ടുകാരെ അഭിസംബോധന ചെയ്ത മേയർ അലോൺ ഡേവിഡി, വാതിലുകൾ തുറക്കരുതെന്നും ജനാലകൾ അടക്കണമെന്നും ആരും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. യഥാർഥത്തിൽ ഇവിടെ എന്താണ് നടക്കുന്നതെന്ന് ഇസ്രായേൽ ജനത മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരത്തുകളിൽ മൃതദേഹങ്ങൾ കിടക്കുകയാണെന്ന് സദീറോത്തിൽനിന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്തു.
സജീവമായ സൈനികനടപടികൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിന് നിയന്ത്രണമുള്ളതിനാൽ എക്സ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം പ്ലാറ്റ്ഫോമുകളിലൂടെ നാട്ടുകാർ പകർത്തിയ അമച്വർ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങി. വിഡിയോകളുടെ കുത്തൊഴുക്കിൽ സമൂഹമാധ്യമങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേഡ് സ്ക്രീനിങ്ങിനെയും അതിജീവിച്ച് ദാരുണദൃശ്യങ്ങൾ പരന്നു. തെരുവുപോരാട്ടത്തിന്റെ ദൃശ്യങ്ങൾ വീടുകൾക്കുള്ളിൽനിന്നും ടെറസിൽനിന്നും താമസക്കാർ പകർത്തിയത് ക്ഷണനേരം കൊണ്ട് ലോകത്തിന് മുന്നിലെത്തി. ഇങ്ങനെ പ്രചരിച്ച ചിത്രങ്ങളും വിഡിയോകളുമാണ് സംഭവത്തിന്റെ യഥാർഥ തീക്ഷ്ണത ലോകത്തെയും ഇസ്രായേൽ ഭരണകൂടത്തെയും ബോധ്യപ്പെടുത്തിയത്. ആക്രമണങ്ങളൊക്കെയും ഹമാസിന്റെ മീഡിയ വിഭാഗവും പകർത്തുന്നുണ്ടായിരുന്നു. അതും വ്യാപകമായി പ്രചരിക്കപ്പെട്ടു.
•പ്രോപഗൻഡ യുദ്ധം
ഇസ്രായേലിനുള്ളിലെ ഏതൊരു ആക്രമണവും പ്രോപഗൻഡ യുദ്ധത്തിലും ഇസ്രായേലുമായുള്ള മനഃശാസ്ത്രയുദ്ധത്തിലും തങ്ങൾക്ക് നൽകുന്ന മേൽക്കൈയെ കുറിച്ച് ഹമാസിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് ആക്രമണം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ എങ്ങനെയാണ് ഓപറേഷൻ ആരംഭിച്ചതെന്ന് വ്യക്തമാക്കുന്ന മിഴിവാർന്ന ഒരു വിഡിയോ ഹമാസിന്റെ സൈനികവിഭാഗം പുറത്തുവിട്ടത്. പക്ഷേ, അതിക്രൂരമായ രക്തച്ചൊരിച്ചിലിന്റെയും കൊലപാതകങ്ങളുടെയും വിഡിയോകളും പുറത്തുവന്നു.
അർധനഗ്നയായ ഒരു യുവതിയുടെ മൃതദേഹം ട്രക്കിൽ കൊണ്ടുപോകുന്നതും കൊല്ലപ്പെട്ട സൈനികനെ ടാങ്കിൽനിന്ന് വലിച്ച് നിലത്തേക്കിടുന്നതും ഗുരുതരമായി പരിക്കേറ്റ സൈനികനെ വലിച്ചിഴക്കുന്നതുമായ മനുഷ്യത്വഹീന വിഡിയോകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബന്ദികളാക്കപ്പെട്ട കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ വിലാപവും രക്തം വാർന്ന് നിലവിളിക്കുന്നവരെ നിലത്തിട്ടു മർദിക്കുന്നതുമൊക്കെ ഹൃദയഭേദകമായിരുന്നു. ഈ വിഡിയോകൾ ലോകതലത്തിൽ ഹമാസിനെതിരായി ഭവിക്കുമെന്നുറപ്പ്.
ആക്രമണം തുടരുന്നതിനിടെതന്നെ, ഇസ്രായേലിന് നേർക്ക് തങ്ങൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന പ്രഖ്യാപനത്തോടെ ഹമാസ് സൈനികവിഭാഗം കമാൻഡർ മുഹമ്മദ് ദീഫിന്റെ പ്രസ്താവനയെത്തിയിരുന്നു. ഇസ്രായേലിനെതിരെ പോരാടാൻ സകല ഫലസ്തീനികളോടും ദീഫ് ആഹ്വാനവും ചെയ്തു. രാജ്യങ്ങളെല്ലാം അപലപിച്ചപ്പോൾ ഇറാൻ മാത്രം ഹമാസിന് അനുകൂലിച്ച് രംഗത്തുവന്നു. ഇറാന്റെ പിന്തുണയിൽ ഗസ്സയിൽ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഇസ്ലാമിക് ജിഹാദും ആക്രമണത്തിൽ ഹമാസിനൊപ്പം ചേരുകയാണെന്ന് പ്രഖ്യാപിച്ചു.
•ഞെട്ടിക്കുന്ന ഇന്റലിജൻസ് പരാജയം
ദീർഘകാലമായി ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇസ്രായേലി ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയമാണ് ഈ ആക്രമണത്തിൽ തെളിഞ്ഞത്. മുൻകാലങ്ങളിൽ കടൽവഴിയും ഈജിപ്ഷ്യൻ അതിർത്തിവഴിയും മിസൈലുകൾ കടത്തിക്കൊണ്ടുവന്നിരുന്ന ഹമാസ് ഇപ്പോൾ സ്വന്തമായി അത്യാധുനിക മിസൈലുകൾ നിർമിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
രണ്ടുവർഷം മുമ്പ് അൽജസീറ ചാനൽ ലേഖകൻ താമിർ അൽ മിശാൽ മിസൈൽ പ്രൊഡക്ഷൻ യൂനിറ്റിനെ കുറിച്ചും ഹമാസിന്റെ വിപുലമാകുന്ന ആവനാഴിയെ കുറിച്ചും വിശദമായി ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു. വലുതെന്തോ ഹമാസ് പദ്ധതിയിടുന്നുവെന്ന പ്രതീതി അന്നേ ഉയർന്നിരുന്നതാണ്. പക്ഷേ, പതിവ് റോക്കറ്റ് ആക്രമണങ്ങൾ മാത്രമാണ് ഇസ്രായേൽ പ്രതീക്ഷിച്ചത്. റോക്കറ്റിന്റെ കാര്യക്ഷമതയും ദൂരപരിധിയും കൂടാൻ സാധ്യതയുണ്ട് എന്ന് മാത്രമാണ് കരുതിയിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് ശനിയാഴ്ച ദൃശ്യമായ പിഴവ്.
ഗസ്സയുടെ മുക്കും മൂലയുംവരെ ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളുടെയും ഡ്രോണുകളുടെയും നിരീക്ഷണ പരിധിയിലാണ്. അവിടെനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ഫോൺവിളികളും ഇന്റർനെറ്റ് ആക്ടിവിറ്റിയും വരെ ചോർത്തപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ചാര സോഫ്റ്റ് വെയറുകൾ നിർമിക്കുന്നതും ഇസ്രായേലാണ്. ഇതിൽ മിക്കതും ആദ്യം പരീക്ഷിക്കുന്നത് ഗസ്സക്ക് മേലാണ്. ഇതിന് പുറമേ, നൂറുകണക്കിന് ഇൻഫോർമർമാർ ഗസ്സക്കുള്ളിൽ ഇസ്രായേലിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത്രയും വിപുലമായ സംവിധാനങ്ങൾ ഉണ്ടായിട്ടും ഹമാസിന്റെ നീക്കം തിരിച്ചറിയാൻ കഴിഞ്ഞില്ലായെന്നത് നെതന്യാഹുവിന്റെ ഭരണകൂടത്തിന് നേർക്ക് ചോദ്യങ്ങളുയർത്തും. ഇപ്പോഴത്തെ പ്രതിസന്ധി കഴിയുംവരെ രാജ്യം ഒപ്പംനിൽക്കുമെങ്കിലും രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയത്തിന് നെതന്യാഹു പിന്നീട് മറുപടി പറയേണ്ടിവരുകതന്നെ ചെയ്യും.
•ഗസ്സ വിലകൊടുക്കും
ഗസ്സയും അവിടത്തെ ജീവിതവും ഇനിയൊരിക്കലും പഴയതുപോലെയാകാൻ സാധ്യതയില്ല. 2006ൽ ഹമാസ് സൈനികവിഭാഗം പിടികൂടിയ ഗിലാത് ശലിത് എന്ന സൈനികനെ മോചിപ്പിക്കാൻ ദിവസങ്ങൾ നീണ്ട ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. പക്ഷേ, മോചനം സാധ്യമായില്ല.
ഗസ്സയിലെ ഒളിവിടത്തിൽ പാർപ്പിച്ചിരുന്ന ഗിലാത് ശലിതിനെ പിന്നീട് അഞ്ചുവർഷത്തിന് ശേഷം 2011ൽ വലിയ നയതന്ത്ര നീക്കങ്ങളെ തുടർന്നാണ് മോചിപ്പിച്ചത്. 2006ൽതന്നെ വടക്കൻ ഇസ്രായേലിൽ ലബനാനിൽനിന്നുള്ള ഹിസ്ബുല്ല സംഘം ആക്രമണം നടത്തി മൂന്നു സൈനികരെ വധിക്കുകയും രണ്ടുപേരെ ബന്ദിയാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് 34 ദിവസമാണ് ഇസ്രായേലും ഹിസ്ബുല്ലയും പോരടിച്ചത്. 121 ഇസ്രായേലി സൈനികരും 250 ഹിസ്ബുല്ല പ്രവർത്തകരും കൊല്ലപ്പെട്ടു. നൂറുകണക്കിന് സാധാരണ ലെബനാനികളും ഇസ്രായേൽ ആക്രമണത്തിൽ മരിച്ചു. ഈ രണ്ട് ബന്ദി പ്രതിസന്ധികളും വെച്ചുനോക്കുമ്പോൾ അതിനും എത്രയെത്രയോ മുകളിലാണ് ഇപ്പോഴത്തെ ദുരന്തം. സകല ശക്തിയുമെടുത്ത് ഇസ്രായേൽ ആക്രമിക്കുമെന്ന് ഉറപ്പാണ്.
രാജ്യം യുദ്ധമുഖത്താണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേലി യുദ്ധവിമാനങ്ങൾ ഗസ്സക്ക് നേരെ ബോംബിങ്ങും മിസൈലാക്രമണവും തുടങ്ങി. സാധാരണക്കാർ വസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങളുണ്ടായി. നിരവധി കെട്ടിടങ്ങൾ അപ്പാടെ തകർന്നുവീണു. ഗസ്സയിലെ മരിച്ചവരിൽ കൂടുതലും വനിതകളും കുട്ടികളുമാണ്.
ഹമാസിന്റെ ഉന്നതനേതൃത്വം എന്തായാലും ഭീഷണിയിലാണ്. ഇസ്രായേലിന്റെ നിതാന്തശത്രുവും ഹമാസ് സൈനികവിഭാഗം മേധാവിയുമായ മുഹമ്മദ് ദീഫ് ഉൾപ്പെടെ ഗസ്സയിലുള്ളവർ ലക്ഷ്യംവെക്കപ്പെടും. ഇസ്മാഈൽ ഹനിയ്യ ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വത്തിനുള്ള ‘പൊളിറ്റിക്കൽ ഇമ്യൂണിറ്റി’യും പുനഃപരിശോധിക്കപ്പെട്ടേക്കും. എന്തായാലും പശ്ചിമേഷ്യയുടെ രാഷ്ട്രീയഭൂപടം ഇനി പഴയതുപോലെയാകില്ല എന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.