ഫലസ്തീനികൾ എല്ലാം ഉറപ്പിച്ചിരിക്കുന്നു
text_fieldsഇസ്രായേലിനെയും അവരുടെ പങ്കാളികളെയും കേന്ദ്രീകരിച്ച് രൂപം കൊടുക്കാൻ പോകുന്ന പുതിയ പശ്ചിമേഷ്യയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ വീമ്പിളക്കി പ്രസംഗിക്കവെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീർത്തും വിട്ടുകളഞ്ഞ ഫലസ്തീനികളിൽനിന്ന് ഏതാനും ദിവസത്തിനകം രാഷ്ട്രീയമായും തന്ത്രപരമായും ഇസ്രായേലിന് മാരകമായ തിരിച്ചടി ഏൽക്കേണ്ടി വന്നിരിക്കുന്നു.
ഫലസ്തീനിയൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് ഗസ്സയിൽനിന്ന് കടലും കരയും ആകാശവും വഴി കൃത്യമായി ആസൂത്രണം ചെയ്ത മിന്നലാക്രമണമാണ് സമർഥമായി നടപ്പാക്കിയത്.
ആയിരക്കണക്കിന് മിസൈലുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതിനൊപ്പം നൂറുകണക്കിന് ഫലസ്തീൻ പോരാളികൾ ഇസ്രായേലി സൈനിക, സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ചുരുങ്ങിയത് 100 ഇസ്രായേലികളുടെ ജീവഹാനിക്ക് ഇത് കാരണമായി. ഡസൻ കണക്കിന് ഇസ്രായേലി സൈനികരെയും സിവിലിയന്മാരെയും ബന്ദിയാക്കി പിടികൂടുകയും ചെയ്തു.
ഹമാസ് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ഒട്ടും രഹസ്യമല്ല: ഒന്നാമതായി, ഇസ്രായേൽ നടത്തുന്ന അധിനിവേശം, അടിച്ചമർത്തൽ, നിയമവിരുദ്ധ കുടിയേറ്റം എന്നിവക്കെതിരെയുള്ള തിരിച്ചടിയാണിത്. ഒപ്പം ഫലസ്തീനികളുടെ മതചിഹ്നങ്ങളെ, പ്രത്യേകിച്ച് ജറൂസലമിലെ അൽ-അഖ്സ മസ്ജിദിനെ അവഹേളിച്ചതിനുള്ള പ്രതികാരവും.
രണ്ടാമത്തെ കാരണം, വിവേചനം നിറഞ്ഞ ഇസ്രായേലി ഭരണകൂടവുമായി സാധാരണവത്കരണം പാലിക്കുന്ന മേഖലയിലെ രാജ്യങ്ങളെ ഉന്നമിട്ടുള്ളതാണ്. അവസാനമായി, ഇസ്രായേലി ജയിലുകളിൽനിന്ന് കഴിയുന്നത്ര ഫലസ്തീൻ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഉതകുന്ന കൈമാറ്റം സാധ്യമാക്കുക.
രണ്ട് പതിറ്റാണ്ട് ഇസ്രായേലി തടവറയിൽ കഴിഞ്ഞ ഗസ്സ മുനമ്പിൽനിന്നുള്ള ഹമാസ് നേതാവ് യഹ് യാ അൽ സിൻവറിനെ മോചിപ്പിച്ചെടുത്തത് ഇതുപോലൊരു കൈമാറ്റപദ്ധതി വഴിയായിരുന്നു എന്നോർക്കുക. മറ്റനേകം ഫലസ്തീനികൾക്കെന്ന പോലെ ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ദൈഫിനും ഇസ്രായേലി അതിക്രമങ്ങളിൽ ഉറ്റവരെ- പിഞ്ചുമകൻ, മൂന്നു വയസ്സുള്ള മകൾ, ഭാര്യ എന്നിവരെ നഷ്ടമായിരുന്നു. ആകയാൽ ഇപ്പോഴത്തെ കടന്നാക്രമണത്തിന് വ്യക്തമായും ഒരു പകപോക്കലിന്റെ വശം തന്നെയുണ്ട്.
അങ്ങനെ നോക്കുമ്പോൾ ഈ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെങ്കിലും അപ്രതീക്ഷിതമല്ല.
അജയ്യരെന്ന് സ്വയം കരുതുകയും ശത്രുക്കളെ പതിവായി വിലകുറച്ച് കാണുകയും ചെയ്ത ഇസ്രായേലിനെയും അതിന്റെ നേതാക്കളെയും അമിത ആത്മവിശ്വാസം ചതിച്ചിരിക്കുന്നു.
1973 ഒക്ടോബറിലെ ‘ആശ്ചര്യപ്പെടുത്തുന്ന’ ആക്രമണത്തിനുശേഷം, തങ്ങൾ അടിച്ചമർത്തിയ ജനതയുടെ പ്രാപ്തിയെക്കുറിച്ചോർത്ത് ഇസ്രായേലി നേതാക്കൾ തുടരെത്തുടരെ ഞെട്ടുകയും നടുങ്ങുകയും ചെയ്യുന്നു.
ഹമാസ് ഇതുപോലെ ചെയ്യുമെന്ന് ഇസ്രായേലി സൈനിക-സിവിലിയൻ നേതൃത്വം സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇസ്രായേലി രഹസ്യാന്വേഷണ സംഘത്തിന്റെയും സൈന്യത്തിന്റെയും കനത്ത പരാജയമായി മാറി ഈ കടന്നാക്രമണം. അതി വിപുലവും നൂതനവുമായ ചാരവലയങ്ങളും ഡ്രോണുകളും നിരീക്ഷണ സാങ്കേതിക വിദ്യയുമെല്ലാം കൈവശമുണ്ടായിട്ടും ആക്രമണം മുൻകൂട്ടി കാണാനോ തടയാനോ അവർക്കായില്ല.
രഹസ്യാന്വേഷണ-സൈനിക വീഴ്ചകൾക്കപ്പുറം ഈ കേടുപാടുകൾ ആ രാജ്യത്തിന് രാഷ്ട്രീയവും മാനസികവുമായ ഒരു ദുരന്തമായി മാറും. അജയ്യമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭരണകൂടം ദുർബലമാണെന്ന് വെളിപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയുടെ നേതാവായി മാറാനുള്ള പദ്ധതികൾക്ക് അനുഗുണമല്ലാത്തത്ര ബലഹീനമാണെന്ന് വ്യക്തമായിരിക്കുന്നു.
പ്രാണരക്ഷാർഥം വീടുകളും പട്ടണങ്ങളും വിട്ട് പലായനം ചെയ്യുന്ന ഇസ്രായേലികളുടെ ചിത്രം വരും കാലങ്ങളിലൊന്നും മാഞ്ഞുപോകാത്ത വിധം അവരുടെ സംഘടിത ഓർമയിൽ പതിഞ്ഞു കിടക്കും. ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും മോശം ദിവസമായിരിക്കും കഴിഞ്ഞുപോയത്, അത്രമാത്രം മാനക്കേട് പറ്റിയ ദിവസം. ശനിയാഴ്ച ലോകം കണ്ട കാഴ്ചകളെ മായ്ക്കാൻ അവർക്ക് സാധിക്കില്ല.
ഹമാസ് നേടിയ മേൽക്കൈയെ കനത്ത സൈനികപ്രഹരം കൊണ്ട് ഇല്ലാതാക്കാൻ ഇസ്രായേൽ ശ്രമിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മുൻകാലങ്ങളിലെന്നപോലെ അതീവ രക്തരൂഷിതമായ ബോംബാക്രമണങ്ങളും കൂട്ടക്കൊലകളും അതിലുണ്ടാവും. അസംഖ്യം ഫലസ്തീനികളുടെ ജീവഹാനിയിലേക്കും മാരക പരിക്കുകളിലേക്കും അറ്റമില്ലാത്ത വേദനകളിലേക്കും അതുകൊണ്ടെത്തിക്കും. പക്ഷേ ഫലസ്തീനിയൻ ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാൻ അവർക്കാവില്ല.
അതുകൊണ്ടു തന്നെ ഹമാസിനെയും മറ്റ് ഫലസ്തീനിയൻ സംഘങ്ങളെയും ഉന്മൂലനം ചെയ്യാൻ എന്ന നാട്യേന ഫലസ്തീനിയൻ പട്ടണങ്ങളിലേക്കും ഗസ്സ മുനമ്പിലെ അഭയാർഥി ക്യാമ്പുകളിലേക്കുമെല്ലാം പട്ടാളത്തെ പുനർവിന്യസിക്കാനും സാധ്യതയുണ്ട്. അത്തരമൊരു സമ്പൂർണ ഏറ്റെടുപ്പാണ് ഇസ്രായേലി ഭരണസഖ്യത്തിലെ തീവ്രവിഭാഗങ്ങളുടെ ഉള്ളിലിരിപ്പ്. ഫലസ്തീൻ അതോറിറ്റിയുടെ സമ്പൂർണ നശീകരണവും അവിടുത്തെ ജനതയുടെ വംശീയ ഉന്മൂലനവും അവർ ആഗ്രഹിക്കുന്നു, ഒപ്പം ഇസ്രായേൽ മഹാദേശം എന്ന് അവർ വിളിക്കുന്ന ഫലസ്തീന്റെ സമ്പൂർണ നിയന്ത്രണവും.
അതുപക്ഷേ വല്ലാത്ത ഒരു അബദ്ധമായി മാറും. തീർത്തും സമമായ യുദ്ധത്തിലേക്ക് നയിക്കുന്ന
ആ പ്രക്രിയ ഇസ്രായേലിനെ മുമ്പെങ്ങുമില്ലാത്തവിധം ഒറ്റപ്പെടുത്തും. ഇക്കാലമത്രയും നെതന്യാഹുവിനെ പിന്തുണച്ചു പോരുന്ന പാശ്ചാത്യ നേതാക്കൾപോലും സർക്കാറിൽനിന്ന് അകന്നേക്കും.
തന്റെ വ്യക്തിപരമായ പരാജയം മറികടക്കാനും ദുർബലമായ സഖ്യം നിലനിർത്താനുമായി നെതന്യാഹു മിതമായി പ്രതികരിക്കുമെന്ന് ഉറപ്പാണ്,
അത് കൂടുതൽ പ്രാദേശിക പങ്കാളികളെ അകറ്റുന്നതിന് കാരണമാവും. ഏതുവഴിക്ക് പോയാലും നെതന്യാഹുവിന്റെ പൈതൃകം പരാജയമായി മാറുക തന്നെ ചെയ്യും. തന്റെ ഫലസ്തീനിയൻ പ്രതിപുരുഷൻ മഹ്മൂദ് അബ്ബാസും ഒരു രാഷ്ട്രീയ പരാജയമാണ്. അധിനിവേശത്തെ അപലപിക്കുകയും ഇസ്രായേലുമായി ചേർന്ന് സുരക്ഷ സംവിധാനം സൃഷ്ടിക്കുകയും ചെയ്യുന്ന ഞാണിൻമേൽകളി ഇനി വിലപ്പോവില്ല.
വരാനിരിക്കുന്ന മാറ്റം ഏതെങ്കിലും രണ്ട് വ്യക്തികളിൽ ഒതുങ്ങുന്നതല്ല, മറിച്ച് രണ്ട് ജനതകൾ സമാധാനത്തോടെ ജീവിക്കണോ പോരടിച്ച് മരിക്കണോ എന്നതു സംബന്ധിച്ചാണ്, അതിനിടയിലെ സമയവും സ്ഥലങ്ങളുമെല്ലാം അപ്രസക്തമായിരിക്കുന്നു.
ഫലസ്തീനികളിപ്പോൾ അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. അവഹേളിതരായി മുട്ടുകുത്തി മരിച്ചുവീഴാനല്ല, നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വന്തം കാലിൽ ഉറച്ചുനിന്ന് പൊരുതാൻ തന്നെയാണ് അവരുടെ തീരുമാനം. ഇസ്രായേലികൾ ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സമയം അതിക്രമിച്ചിരിക്കുന്നു.
(പാരിസിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ ഇൻറർനാഷനൽ റിലേഷൻസ് പ്രഫസറായിരുന്ന മർവാൻ ബിഷാറ അൽ ജസീറയുടെ മുതിർന്ന രാഷ്ട്രീയ നിരീക്ഷകനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.