ഞങ്ങൾക്ക് ഇനി എവിടെയാണ് അഭയം?
text_fieldsമിസൈൽ വർഷത്തിനിടെ കുഞ്ഞുങ്ങളെയും വയോധികരെയുമായി വീടുകൾ മാറിമാറി കഴിഞ്ഞുകൂടുന്ന അവസ്ഥ ഗസ്സക്കാരിയായ മാധ്യമപ്രവർത്തക മറാം ഹുമൈദ് വിവരിക്കുന്നു
ഇതെഴുതുമ്പോൾ ഞങ്ങൾ ഇവിടെനിന്ന് ജീവനോടെ രക്ഷപ്പെടും എന്നു വിശ്വസിക്കുന്നേയില്ല.
നാലുനാളായി നിലക്കാതെ തുടരുന്ന ബോംബിങ്ങിന്‍റെ ശബ്ദം കേട്ടുകൊണ്ടാണ് അർധമയക്കത്തിൽനിന്ന് ഞാൻ ബുധനാഴ്ച വെളുപ്പിലേക്ക് എഴുന്നേറ്റത്. ഓരോ നാളും പുലരുന്നത് ഓരോരോ വീടുകളിലാണ്. എന്നാൽ, എല്ലാ നാളും ഞങ്ങൾ എഴുന്നേൽക്കുന്നത് ഒരേ ശബ്ദത്തിലേക്കും ഗന്ധത്തിലേക്കുംതന്നെ.
ആദ്യരാവിലെ ബോംബിങ്ങിൽതന്നെ ഞങ്ങളുടെ വീടിന് സാരമായ കേടുപറ്റി. അതുകൊണ്ട് ഞങ്ങൾ തറവാട്ടിലേക്ക് മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങി. ചൊവ്വാഴ്ച ഒരു മിസൈലാക്രമണത്തിൽ ആ വീടിന്‍റെ തൊട്ടപ്പുറമുള്ള ആൾപ്പാർപ്പില്ലാത്ത കെട്ടിടം കുലുങ്ങിവീണു. മിസൈലുകൾ പിന്തുടരുന്നതിനനുസരിച്ച് ഒരിടം വിട്ട് മറ്റൊരിടത്തേക്ക് ഓടുകയാണ് ഞങ്ങൾ. ഇപ്പോൾ കഴിയുന്ന വീട്ടിൽ ഞങ്ങൾ 40 പേരുണ്ട്.
ഞാൻ ഫജ്ർ നമസ്കരിച്ചു. പിന്നെ എന്‍റെ രണ്ടുമാസം പ്രായമായ മകന്‍റെ ചാരെ കിടന്നു. വായുവിലെങ്ങും നിറഞ്ഞ വെടിമരുന്നിന്‍റെ രൂക്ഷഗന്ധത്തിലും പുകയിലും നിന്നു മാറി അവന്‍റെ ചർമത്തിന്‍റെയോ മുടിയുടെയോ മണം പിടിക്കാൻ എനിക്കു കഴിഞ്ഞില്ല. അൽപനേരം കഴിഞ്ഞപ്പോൾ അതാ, ജനൽ ഉടഞ്ഞ് ചില്ലുകഷണങ്ങൾ ഞങ്ങളുടെ മേൽ ചിതറിവീണു. ഞാൻ അവന്‍റെ കുഞ്ഞുശരീരം എന്നെക്കൊണ്ട് പൊതിഞ്ഞുപിടിച്ചു. പിന്നെ അവനെയുമെടുത്തു പുറത്തേക്ക് നിലവിളിച്ചോടി. എന്‍റെ എട്ടു വയസ്സുകാരി മകളെ വിളിച്ചായിരുന്നു ഓട്ടം- ‘‘ബനിയാസ്... എവിടെ ബനിയാസ്?’’ എല്ലാവരും ഇറങ്ങിയോടുമ്പോൾ ഞാൻ വിലപിച്ചു. എല്ലാവരും ഞങ്ങളുടെ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചെടുക്കുകയായിരുന്നു. മോളെ കാണുമ്പോൾ അവൾ വിറയാർന്നു കരയുകയാണ്. ഞാനും ഭർത്താവും ഞങ്ങളെക്കൊണ്ടാവുംവിധം അവളെ ഗാഢമായി ആശ്ലേഷിച്ചു- അതവൾക്ക് നന്നേ ചെറിയ ആശ്വാസമേ നൽകൂ എന്നറിഞ്ഞുകൊണ്ടുതന്നെ.
പിന്നെയും പേടിച്ചുവിറച്ചു ഞങ്ങൾ താഴെ തറനിലയിലേക്ക് ഓടിയിറങ്ങി. വേണമെങ്കിൽ പുറത്തിറങ്ങാമല്ലോ. അപ്പോൾ ബോംബുവർഷം നിന്നു. പുറത്ത് ഞങ്ങൾ നിന്നിരുന്ന സ്ഥലത്തുനിന്നു മീറ്ററുകൾ മാറി മറ്റൊരു വീടിനെ വ്യോമാക്രമണം നിലംപരിശാക്കി. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ആ ആക്രമണം. പലപ്പോഴും ഒരു ചെറു ആക്രമണത്തെ വലുതൊന്ന് പിന്തുടർന്നു. ഭാഗ്യത്തിന് ആ വീട്ടിൽ അന്നേരം ആരുമുണ്ടായിരുന്നില്ല.
മാതാപിതാക്കളുടെ വീട്ടിലായിരിക്കെ, ഇതുപോലെ ഞങ്ങൾ താഴേക്ക് ഇറങ്ങിയോടിയിട്ടുണ്ട്. സമീപത്തെ ഒരു കെട്ടിടത്തിൽ ബോംബ് പതിച്ചപ്പോൾ അയൽക്കാർ നിലവിളിച്ചപ്പോഴായിരുന്നു അത്. രണ്ടാം ബോംബിങ് കരുതി നിൽക്കെയുണ്ടായ വമ്പിച്ച ആക്രമണം താങ്ങാവുന്നതായിരുന്നില്ല. സ്ഫോടനത്തിന്റെ തീയും പുകയും അവന്‍റെ മുഖത്തടിക്കേണ്ട എന്നു കരുതി ഞാൻ എന്‍റെ വാവയുടെ മുഖം മാറോടു പരമാവധി ചേർത്തുപിടിച്ചു.
മണിക്കൂറുകൾ കഴിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഒരു വലിയ മിസൈൽ കെട്ടിടത്തെ തകർത്തുതരിപ്പണമാക്കി. ചില്ലുജനലുകളും മറ്റും തകർന്നുവീഴുന്നതിനിടെ ഞങ്ങളുടെ വിലാപങ്ങളും അന്തരീക്ഷം മുഖരിതമാക്കി. 10 മിനിറ്റ് കഴിഞ്ഞ് പൊടിയടങ്ങിയപ്പോൾ തറവാട്ടിന്‍റെ മുൻവാതിലും ജനലുകളും നശിച്ചിരുന്നു. ഫർണിച്ചറുകളെല്ലാം അവശിഷ്ടക്കൂനയുടെ ഭാഗമായി. ഞങ്ങൾ എല്ലാം കെട്ടിയെടുത്ത് വേഗം സ്ഥലംവിട്ടു. തറവാട് സുരക്ഷിതമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. അളിയന്മാരുടെ വീട് അഭയമൊരുക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്.
ഇനിയിപ്പോൾ എങ്ങോട്ടു പോകാനാണ്? ഗസ്സയിൽ ഒരു വീടും സുരക്ഷിതമല്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.