മനുഷ്യാവകാശ ധ്വംസനങ്ങളുടെ വർത്തമാനം
text_fieldsഏതൊരു അനീതിക്കുനേരെയും വിരൽചൂണ്ടി അനീതി എന്ന് ഉറച്ചുപറയാൻ ഈ അപകടകരമായ സാഹചര്യത്തിലെങ്കിലും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും തയാറാവേണ്ടതുണ്ട്. കണ്ടില്ലെന്ന് നടിക്കാവുന്ന, മൗനം പുലർത്താവുന്ന അനീതി എന്നൊന്നില്ല. മനുഷ്യവിരുദ്ധ രാഷ്ട്രീയം എവിടെ നടന്നാലും, ആരു നടത്തിയാലും അരുത് എന്നുപറയാൻ നമ്മൾ മുന്നോട്ടുവരണം. എഴുത്തുകാർ ഭരണകൂട രാഷ്ട്രീയത്തിന് വിധേയരാവരുത്.
മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിന്റെ വാർത്തകളാണ് നാം കേൾക്കുന്നത്. മനുഷ്യർ എണ്ണമറ്റ രീതിയിൽ കൊലചെയ്യപ്പെടുന്നു. കുടിയേറ്റങ്ങളും പലായനങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു. ചെറുതും വലുതുമായ വർഗീയ കലാപങ്ങൾ നമ്മുടെ രാജ്യത്ത് നടമാടുന്നു. വംശീയവൈരം കൊണ്ട് മനുഷ്യസമൂഹം അനുഭവിക്കുന്ന സംഘർഷങ്ങളും നിലനിൽപിനെ സംബന്ധിക്കുന്ന വ്യാധികളും വിവരണങ്ങൾക്കപ്പുറമാണ്. ഇത്തരമൊരു പൊള്ളുന്ന സാഹചര്യത്തിൽ നമ്മുടെ സമൂഹം എത്രമാത്രം ഹിംസാത്മകമാവുന്നു എന്ന് ഒരു ഭരണകൂടവും പരിശോധിക്കാറില്ല. അത് അവർക്കൊരു പ്രശ്നമല്ല, മറിച്ച് അധികാരം നിലനിർത്തുന്നതിനുള്ള ഉപകരണമാണിതെല്ലാം.
വർത്തമാന ലോകത്ത് നടക്കുന്ന യുദ്ധങ്ങളും വംശീയ കലാപങ്ങളും നോക്കൂ, യുക്രെയ്ൻ യുദ്ധവും ഫലസ്തീൻ പ്രശ്നവും ഇസ്രായേൽ- ഹമാസ് യുദ്ധവും മനുഷ്യരാശിയെ ഭീതിദമായ രീതിയിൽ അലട്ടിക്കൊണ്ടിരിക്കുന്നു. അപ്പോഴും ഭരണകൂടത്തിന്റെ നിലപാട് ജനവിരുദ്ധവും മനുഷ്യഹത്യാനുകൂലവുമാണ്. ഈ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരായ പ്രതിരോധം അനിവാര്യമാണ്. അതിനായി ഒരു രാഷ്ട്രീയ ധാർമിക സർഗാത്മകത ഉണർന്നുവരുകയും വേണം. അത് സാധ്യമാകുമോ എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം.എഴുത്തുകാർ ഇത്തരം പ്രശ്നങ്ങളിലും വസ്തുതകളിലും ഇടപെട്ട് സംസാരിക്കുന്നുണ്ട്. അതു മതിയോ? പോരാ!.
പലരും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ചിലർ സമാധാനത്തിനുവേണ്ടി മുദ്രാവാക്യങ്ങൾ രചിക്കുന്നു. അതിനൊപ്പം തന്നെ അധിനിവേശത്തിനെതിരായ ഫലസ്തീൻ ജനതയുടെ പ്രതിരോധത്തെ തീവ്രവാദമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അത് നമ്മുടെ ചരിത്രം അറിയാത്തവരുടെ മനോഭാവമാണെന്നേ ഞാൻ പറയൂ. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം നടത്തിയ നമ്മുടെ പൂർവികർ സാമ്രാജ്യത്വ ഭരണകൂടത്തിന്റെ കണക്കുപുസ്തകത്തിൽ തീവ്രവാദികളായിരുന്നു. ഭഗത് സിങ്ങിനെയും സുഭാഷ്ചന്ദ്രബോസിനെയും ഓർമിക്കുക.
അതേ ചരിത്രകാലത്തെയല്ലേ ഹമാസ് ഓർമപ്പെടുത്തുന്നത്? അധിനിവേശത്തിനിരയാവുന്ന ജനത അതിൽ പ്രതിഷേധിക്കുകയും സ്വയം പ്രതിരോധം തീർക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഹമാസ് ഫലസ്തീൻ ജനതക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ്, അധിനിവേശത്തെ പ്രതിരോധിക്കാൻ ഏതുമാർഗം ഉപയോഗിക്കണമെന്ന് തീരുമാനിക്കാൻ അവിടത്തെ ജനതക്ക് അവകാശമില്ലേ? ആ വഴിക്ക് ചിന്തിക്കാൻ നമ്മുടെ എഴുത്തുകാർക്കും രാഷ്ട്രീയക്കാർക്കും കഴിയാത്തതെന്താണ്?
അമ്പരപ്പോടെ ഞാൻ പറയട്ടെ, ചിലർക്ക് ഇസ്രായേലിനോടാണ് കമ്പം. അവർ യുദ്ധം ചെയ്യുന്നത് മനുഷ്യാവകാശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ്.വംശീയ വൈരാഗ്യ മനഃസ്ഥിതി ഉയർത്തിപ്പിടിച്ചുകൊണ്ടാണ്.
നമ്മുടെ രാജ്യത്ത് നിരവധി വർഗീയ സംഘർഷങ്ങളും വംശീയ അതിക്രമങ്ങളും നടക്കുന്നു. ഇസ്ലാമിനോടും ദലിതരോടും മറ്റു പിന്നാക്ക വിഭാഗങ്ങളോടും ചില രാഷ്ടീയ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധവും ഹിംസാത്മകവുമായ സമീപനമാണ്. അതിനെ ന്യായീകരിക്കാനും മറച്ചുപിടിക്കാനും അവർ ഇസ്രായേലിനെ കൂട്ടുപിടിക്കുന്നു, ഹമാസിനെ, ഫലസ്തീനിലെ കുഞ്ഞുങ്ങളെ, സ്ത്രീകളെയെല്ലാം തീവ്രവാദികളായി ചിത്രീകരിക്കുന്നു.
ഇതിനുപിന്നിലെ ഹീനമായ രാഷ്ട്രീയ ലക്ഷ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. സാമ്രാജ്യത്വം നമ്മുടെ നാട്ടിലേക്ക് തിരിച്ചുവരുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇസ്രായേലിനെയും റഷ്യയെയും ചേർത്തുപിടിക്കുന്ന ഭരണകൂടം അധിനിവേശം ഒരു തെറ്റായ സംഗതിയല്ല എന്ന സന്ദേശം പ്രസരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത്തരം നിലപാടുകൾ ഇവിടേക്കും വ്യാപിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതും നമുക്ക് വായിച്ചെടുക്കാനാവും. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ഒരുമ്പെടലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അട്ടിമറിക്കായുള്ള നീക്കവും ഏക സിവിൽകോഡ് കൊണ്ടുവരാനുള്ള തിരക്കിട്ട ശ്രമങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്.
ഏതൊരു അനീതിക്കുനേരെയും വിരൽചൂണ്ടി അനീതി എന്ന് ഉറച്ചുപറയാൻ ഈ അപകടകരമായ സാഹചര്യത്തിലെങ്കിലും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും തയാറാവേണ്ടതുണ്ട്. കണ്ടില്ലെന്ന് നടിക്കാവുന്ന, മൗനം പുലർത്താവുന്ന അനീതി എന്നൊന്നില്ല. മനുഷ്യവിരുദ്ധ രാഷ്ട്രീയം എവിടെ നടന്നാലും, ആരു നടത്തിയാലും അരുത് എന്നുപറയാൻ നമ്മൾ മുന്നോട്ടുവരണം.
എഴുത്തുകാർ ഭരണകൂട രാഷ്ട്രീയത്തിന് വിധേയരാവരുത്. ഫലസ്തീനിലെ ജനങ്ങൾക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിർക്കുന്ന അതേ മനസ്സോടെ കർഷകർക്കെതിരെ- അത് സിംഘു അതിർത്തിയിലായാലും ആലപ്പുഴയിലായാലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും നാം ശബ്ദിക്കുക തന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.