ഏഴാം ദിവസം മരിക്കാനായി; ആറുദിവസം ജീവിക്കുന്നത് സങ്കൽപിച്ചുനോക്കുക
text_fieldsബോംബുകൾ ഞങ്ങളെ കൊന്നില്ലെങ്കിൽ വിശപ്പ്, ദാഹം, മരുന്നിന്റെ അഭാവം, തണുപ്പ് എന്നിവ അത് ചെയ്യും. ഈ താൽക്കാലിക വിരാമം അതിനു മുമ്പുള്ള 50 ദിവസത്തേക്കാൾ വേദനജനകമാണ്. ഗസ്സയിലെ ജനങ്ങൾ അവരുടെ മുറിവിലേക്കും രക്തസാക്ഷികളായ കുഞ്ഞുങ്ങളിലേക്കും നോക്കുന്നത് വെടിനിർത്തിയപ്പോഴാണ്
ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ ഉടമ്പടിയുടെ ആദ്യ ദിനത്തിൽ പുറത്തിറങ്ങാൻ ഞങ്ങളിൽ പലർക്കും ധൈര്യമുണ്ടായിരുന്നില്ല. ഇത് യാഥാർഥ്യമാവില്ലെന്ന് ഞങ്ങൾ ഭയപ്പെട്ടു. രണ്ടാമത്തെ ദിവസമാണ് ധൈര്യം സംഭരിച്ച് ഞങ്ങൾ പുറത്തിറങ്ങിയത്.
ഏഴാഴ്ച തുടർച്ചയായി ഇസ്രായേൽ നടത്തിയ ഭീകരബോംബാക്രമണം വരുത്തിവെച്ച നാശം പകൽവെട്ടത്തിൽ ഞങ്ങൾ കണ്ടു. പല തെരുവുകളും തിരിച്ചറിയാൻപോലും സാധിക്കാത്ത വിധത്തിലായിരുന്നു. നശിപ്പിക്കുമ്പോൾ അവർ ഒന്നും ഒഴിവാക്കിയിട്ടില്ല: വീടുകൾ, താമസ കെട്ടിടങ്ങൾ, കടകൾ, ബേക്കറികൾ, കഫേകൾ, സ്കൂളുകൾ, സർവകലാശാലകൾ, ലൈബ്രറികൾ, കുട്ടികളുടെ കേന്ദ്രങ്ങൾ, മസ്ജിദുകൾ, ചർച്ചുകൾ... ഒന്നിനെയും. ഒരു കെട്ടിടംപോലും അവശേഷിക്കാത്ത ഇടങ്ങളും അവിടെയുണ്ടായിരുന്നു. സർവനാശമാണ് ആദ്യം കാണാനായത്, പിന്നാലെ അതിന്റെ വേദനയും.
ഭയത്തിനും ബോംബുകളിൽനിന്ന് രക്ഷപ്പെടാനുള്ള പരിഭ്രാന്തമായ നെട്ടോട്ടത്തിനും ഇടയിൽ, പ്രിയപ്പെട്ടവർ നഷ്ടമായതും ജീവനും സ്വപ്നങ്ങളും തകർന്നതും മുറിവേറ്റതുമൊന്നും ശരിയാംവിധം ഗ്രഹിക്കാൻപോലും ഞങ്ങളിൽ പലർക്കും സാധിച്ചിരുന്നില്ല. മരിച്ചവരെ സംസ്കരിക്കാനോ വിലപിക്കാനോ സാധിച്ചിരുന്നില്ല.
ഗസ്സയിലെ മെഡിക്കൽ വിദ്യാർഥിനി സബ്രി ഫാറ ഒരു സമൂഹ മാധ്യമ പോസ്റ്റിൽ എഴുതിയതുപോലെ: “ഇവിടെ സംഭവിച്ചതിനെ വിവരിക്കാൻ കൊടും വിപത്ത് എന്ന വാക്ക് പര്യാപ്തമല്ല. ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യാനായി തീർത്ത നരകമാണിത്. യുദ്ധത്തിന്റെ ആദ്യ ആഴ്ചതന്നെ ഞാൻ ഗസ്സ സിറ്റിയിലെ എന്റെ വീട് വിട്ടു. അത് സാധിച്ചത് എന്റെ ഭാഗ്യമാണ്. അതേദിവസം, ഇസ്രായേൽ സൈന്യം പലായനം ചെയ്തവരുടെ വാഹനവ്യൂഹത്തിന് നേരെ ബോംബെറിഞ്ഞു, കുറഞ്ഞത് 70 പേർ കൊല്ലപ്പെട്ടു.
വടക്കുനിന്ന് തെക്കുഭാഗത്തേക്ക് പലായനത്തിന് സുരക്ഷിത പാതയായി ഇസ്രായേൽ നിശ്ചയിച്ച റോഡ് സുരക്ഷിതമാണ്. കഴിഞ്ഞ ഏഴാഴ്ചയിലുടനീളം ദക്ഷിണ മേഖലയിലേക്ക് എത്തിയവർ എല്ലായിടത്തും സാധാരണക്കാരുടെ മൃതദേഹങ്ങൾ കിടക്കുന്ന ഭയാനക ദൃശ്യങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ ഈ ഭീകരത വ്യക്തമാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നപ്പോൾ കൂടുതൽ ഫലസ്തീനികൾ വടക്കുനിന്ന് ഒഴിഞ്ഞുപോകാൻ തീരുമാനിച്ചു. അതാവും സുരക്ഷിതമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ, തെക്കോട്ടുപോകുമ്പോൾ ഇസ്രായേലി സൈനിക ചെക്പോസ്റ്റുകളിൽ അവരെ തടഞ്ഞ് പരിശോധിച്ച് സാധനങ്ങൾ പിടിച്ചെടുത്തു. സ്വർണം പോലും സൈന്യം കൈക്കലാക്കിയെന്ന് സുഹൃത്തുക്കളും കുടുംബത്തിലെ സ്ത്രീകളും എന്നോട് പറഞ്ഞു. തിരിച്ചറിയൽ കാർഡല്ലാതെ ഒന്നുമില്ലാതെ വെറുംകൈയോടെ നടക്കാൻ അവർ നിർബന്ധിതരായി. അതുതന്നെ സാധ്യമായവർ ഭാഗ്യവാന്മാരായിരുന്നു. കാരണം കുടിയൊഴിയുന്നവരെ ഇസ്രായേൽ സൈന്യം ആസൂത്രിതമായി തട്ടിക്കൊണ്ടുപോകുന്നുണ്ടായിരുന്നു.
‘സുരക്ഷിത പാത’ വഴി ഒഴിപ്പിക്കാൻ ശ്രമിച്ചതിനുശേഷം തട്ടിക്കൊണ്ടുപോകപ്പെട്ടവരും കാണാതായവരുമായവരുടെ സഹോദരങ്ങൾ എന്റെ സുഹൃത്തുക്കളിലുണ്ട്. ഫലസ്തീനി കവി മുസ്അബ് അബൂത്വാഹയെ പോലും അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. തട്ടിക്കൊണ്ടുപോയവരുടെ യഥാർഥ എണ്ണം ഞങ്ങൾക്കറിയില്ല. നിൽക്കാതെ നടന്നാൽ വടക്കുനിന്ന് തെക്കോട്ട് ഏകദേശം എട്ടുമണിക്കൂറുണ്ട്. പ്രായമായവരും ക്ഷീണിതരും പട്ടിണിയും നിർജലീകരണവും കാരണം തളർന്നവരും പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും യുവാക്കളുമെല്ലാം പാടുപെട്ടാണ് ഈ യാത്ര നടത്തിയിരുന്നത്. അപകടകരവും തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചേക്കാവുന്നതുമാണ് ഈ യാത്ര. വിപരീത ദിശയിൽ പോകുന്നത് ജീവൻ നഷ്ടപ്പെടാനിടയാക്കും. അങ്ങനെ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകൾ ഇസ്രായേൽ സൈന്യം വിതറി. വെടിനിർത്തലിന്റെ ആദ്യ ദിവസം വടക്കോട്ട് പോകാൻ ശ്രമിച്ച രണ്ടുപേരെയെങ്കിലും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി.
ലക്ഷക്കണക്കിന് ഫലസ്തീനികളെപ്പോലെ എനിക്കും ഗസ്സ സിറ്റിയിലെ എന്റെ വീട്ടിലേക്ക് മടങ്ങുന്നത് വിലക്കപ്പെട്ടിരുന്നു. എന്റെ വീട് അവിടെയുണ്ടോ എന്ന് പരിശോധിക്കാൻ പോലും കഴിയാത്തതിൽ എനിക്ക് വേദനയുണ്ട്. നിരവധി പേരുടെ കുടുംബവും സുഹൃത്തുക്കളും തെരുവിൽ വെടിയേറ്റ് വീഴുകയോ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയോ ചെയ്തു. അവരുടെ മൃതദേഹം വീണ്ടെടുക്കാനോ ശരിയായ വിധത്തിൽ സംസ്കരിക്കാനോ കഴിയില്ല. ഞങ്ങൾ എവിടെ പോവുന്നു, എന്ത് ചെയ്യുന്നു. എത്രത്തോളം തിന്നുകയും കുടിക്കുകയും ചെയ്യുന്നു തുടങ്ങി എല്ലാം ഇസ്രായേൽ നിയന്ത്രിക്കുന്നു. പരിക്കേറ്റവരെയോ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെയോ രക്ഷിക്കാൻ കഴിയുമോ? മരിച്ചവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതെല്ലാം അവർ തീരുമാനിക്കുന്നു. വിവേചനരഹിതമായ ബോംബാക്രമണവും വംശഹത്യയും പുനരാരംഭിക്കുന്നതിന് മുമ്പ് സൈന്യം കൂടുതൽ ആളുകളെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇടങ്ങളിലേക്ക് എത്തിക്കാൻ നിർബന്ധിക്കുന്നു. സഹായ ട്രക്കുകൾ ഇസ്രായേൽ ഗസ്സയിലേക്ക് കടത്തിവിടുന്നത് മാനുഷിക ദുരന്തത്തെ ലഘൂകരിക്കുന്നില്ല. ബോംബുകൾ ഞങ്ങളെ കൊന്നില്ലെങ്കിൽ വിശപ്പ്, ദാഹം, മരുന്നിന്റെ അഭാവം, തണുപ്പ് എന്നിവ അത് ചെയ്യും. ഈ താൽക്കാലിക വിരാമം അതിനു മുമ്പുള്ള 50 ദിവസത്തേക്കാൾ വേദനജനകമാണ്. ഗസ്സയിലെ ജനങ്ങൾ അവരുടെ മുറിവിലേക്കും രക്തസാക്ഷികളായ കുഞ്ഞുങ്ങളിലേക്കും കുടുംബങ്ങളെ കൊന്നൊടുക്കിയതിലേക്കും തകർന്ന വീടുകളിലേക്കും ഉടച്ചുകളഞ്ഞ ജീവിതത്തിലേക്കും നോക്കുന്നത് ആദ്യമായാണ്. ഏഴാം ദിവസം മരിക്കാനായി തയാറെടുക്കാൻ ആറുദിവസം ജീവിക്കുന്നത് സങ്കൽപിച്ചു നോക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.