ഹമാസ് എന്തു നേടി?
text_fieldsഹമാസിനെ കീഴ്പ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമം തികഞ്ഞ പരാജയമായിരിക്കുന്നു. നെതന്യാഹുവും ബൈഡനും പ്ലാൻ ചെയ്തത് ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറത്താക്കിയശേഷം, അവിടം കുടിയേറിയ ജൂതന്മാരെ താമസിപ്പിക്കുകയും അങ്ങനെ വിസ്തൃതമായ ഇസ്രായേൽ സ്ഥാപിക്കുകയെന്നതുമായിരുന്നു. എന്നാൽ, അത് സാധ്യമല്ലെന്നു മാത്രമല്ല, അതിനെതിരായ ലോകാഭിപ്രായം രൂപപ്പെട്ടുവരുകയും ചെയ്തിരിക്കുന്നു! നെതന്യാഹുവിന്റെയും ബൈഡന്റെയും തട്ടകങ്ങളിൽ തന്നെ ഇതിനെതിരായ പ്രകടനങ്ങൾ ശക്തമാണ്!
യുദ്ധത്തിൽ ജയ-പരാജയങ്ങൾ തീരുമാനിക്കുന്നത് സൈനിക തന്ത്രങ്ങളനുസരിച്ചാണ്. അത് കേവലം മരണസംഖ്യ നോക്കിയല്ല. ദീർഘകാലം നീണ്ട വിയറ്റ്നാം യുദ്ധത്തിൽ അരലക്ഷത്തിലേറെ അമേരിക്കൻ പടയാളികളും, അതിന്റെ ഇരുപതിരട്ടി വിയറ്റ്നാം പൗരരും മരിച്ചു. നപ്പാം ബോംബുകൾ വർഷിച്ച് നാടുമുഴുക്കെ വെന്തു വെണ്ണീരാക്കുന്ന പരിപാടിയായിരുന്നു അമേരിക്കയുടേത്. എന്നാൽ, ചരിത്രം വിധിയെഴുതിയത് അമേരിക്ക പരാജയപ്പെട്ടുവെന്നാണ്. അഫ്ഗാനിസ്താനിൽനിന്ന് അമേരിക്ക പിൻവാങ്ങിയതിന്റെ ദൃശ്യങ്ങൾ നാം ഏവരും കണ്ടതാണല്ലോ.
യുദ്ധത്തിന്റെ ആസൂത്രണം, നിയന്ത്രണം, പുരോഗതി, അത് കൈവരിക്കുന്ന ലക്ഷ്യസാക്ഷാത്കാരം- എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങളെ വിലയിരുത്തി മാത്രമേ യുദ്ധവിജയം തീരുമാനിക്കാൻ സാധിക്കുകയുള്ളു. വിയറ്റ്നാമിനെ കമ്യൂണിസ്റ്റ് ആധിപത്യത്തിൽനിന്ന് മോചിപ്പിക്കുകയായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാൽ, 1976 ജൂലൈ മാസത്തിൽ ഇരു വിയറ്റ്നാമുകളും കമ്യൂണിസ്റ്റ് ബാനറിൽ ഒന്നായി. അയലത്തെ, ലാവോസും കംബോഡിയയും കൂടി കമ്യൂണിസ്റ്റ് സ്വാധീനത്തിലായി.
ഇപ്പോൾ ഗസ്സയിൽ നടക്കുന്ന കൂട്ടക്കുരുതി നോക്കുക. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 16,248 ഫലസ്തീനികൾ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 7,112 കുട്ടികളും 4,885 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രായേലിലെ മരണസംഖ്യ 1200. പിന്നെ എന്തിനാണ് ഈ ബീഭത്സമായ കൊന്നുതള്ളലിനും കെട്ടിടങ്ങൾ ഇടിച്ചുനിരത്തലിനും ഗസ്സ സാക്ഷിയായത്? ഗസ്സയെ കൂട്ടിച്ചേർത്ത് വിസ്തൃതമായ ഇസ്രായേൽ സ്ഥാപിക്കുകയായിരുന്നു അധിനിവേശകരുടെ സ്വപ്നം. പക്ഷേ, അവർക്ക് പിഴച്ചു. ഗസ്സയിലെ ഫലസ്തീനികളെ സൈനികശക്തി കൊണ്ട് പിഴുതെറിയുക എന്നത് വിചാരിച്ചത്ര എളുപ്പമല്ലെന്ന് നെതന്യാഹുവും ബൈഡനും തിരിച്ചറിഞ്ഞിരിക്കുന്നു. വീടുകളും കടകളും സ്കൂളുകളും പള്ളികളും ആശുപത്രികളും ആതുരാലയങ്ങളും അഭയാർഥി കേന്ദ്രങ്ങളും-എല്ലാം വൈറ്റ് ഫോസ്ഫറസ് ബോംബുകൾ തകർത്തുകളഞ്ഞപ്പോൾ, രക്ഷയില്ലാതെ പുറത്തിറങ്ങാൻ ജനങ്ങൾ നിർബന്ധിതരായെന്നു മാത്രം! അല്ലാതെ, ഒരു ഫലസ്തീനിയും ഗസ്സ വിട്ടുപോകാൻ തയാറായിട്ടില്ല.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ നരമേധം സംബന്ധിച്ച് പ്രതിരോധരംഗത്തെ പ്രമുഖരായ വ്യക്തികൾ പഠനങ്ങൾ നടത്തി റിപ്പോർട്ടുകൾ സമർപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരനായ പ്രഫ. മൈക്ൾ ക്ലാർക്കിന്റെയും മൊറോക്കൻ അക്കാദമിസ്റ്റായ അബ്ദുസമദ് ബേൽകബീറിന്റെയും റിപ്പോർട്ടുകൾ ഒരുകാര്യം തുറന്നു സമ്മതിക്കുന്നു:
ഹമാസിനെ കീഴ്പ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമം തികഞ്ഞ പരാജയമായിരിക്കുന്നു. നെതന്യാഹുവും ബൈഡനും പ്ലാൻ ചെയ്തത് ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറത്താക്കിയശേഷം, അവിടം കുടിയേറിയ ജൂതന്മാരെ താമസിപ്പിക്കുകയും അങ്ങനെ വിസ്തൃതമായ ഇസ്രായേൽ സ്ഥാപിക്കുകയെന്നതുമായിരുന്നു. എന്നാൽ, അത് സാധ്യമല്ലെന്നു മാത്രമല്ല, അതിനെതിരായ ലോകാഭിപ്രായം രൂപപ്പെട്ടുവരുകയും ചെയ്തിരിക്കുന്നു! നെതന്യാഹുവിന്റെയും ബൈഡന്റെയും തട്ടകങ്ങളിൽതന്നെ ഇതിനെതിരായ പ്രകടനങ്ങൾ ശക്തമാണ്!
യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടനെത്തന്നെ ഇസ്രായേലിനെ സഹായിക്കാൻ ഓടിയെത്തിയ ബൈഡൻ “ഞങ്ങൾ എപ്പോഴും ഇസ്രായേലിന്റെ കൂടെ നിൽക്കുമെന്ന്” പ്രതിജ്ഞ ചെയ്തു. ഉപയോഗിച്ചുതീരുന്ന ആയുധങ്ങൾ അപ്പപ്പോൾ പകരം നൽകാനും പുതിയവ പരീക്ഷണത്തിന് നൽകാനും അമേരിക്കയുടെ ആയുധപ്പുരകൾ സന്നദ്ധമാണെന്നറിയിച്ചു. അമേരിക്കൻ കോൺഗ്രസിലെ ഇരു കക്ഷികളും ഇസ്രായേലിനെ അനുകൂലിക്കുന്നവരാണെന്നും ബൈഡൻ ഏറ്റുപറഞ്ഞു. എന്നാൽ, ഏറെത്താമസിയാതെ സംഭവിച്ചത് മറ്റൊന്നാണ്: ആന്റണി ബ്ലിങ്കൺ അമേരിക്കൻ കോൺഗ്രസിൽ ഹമാസ്-ഇസ്രായേൽ യുദ്ധത്തെക്കുറിച്ച് വാചാലനായപ്പോൾ, ഫലസ്തീനികളെ അറുകൊല ചെയ്യുന്നതിൽ കോൺഗ്രസിലെ ഒട്ടേറെ അംഗങ്ങൾ പ്രതിഷേധിച്ചു.
ബോംബുകൾ വർഷിച്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും ചുട്ടുകൊല്ലുന്ന ക്രൂരതകളെ അവർ ചോദ്യം ചെയ്തു! ചോരപുരണ്ട കൈകൾ ഉയർത്തിക്കാട്ടി അവർ മുദ്രാവാക്യം മുഴക്കി,‘‘ യുദ്ധവിരാമം ഉടനെ വേണം. ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം വേണം. കൂട്ടക്കൊലക്ക് ഫണ്ട് അനുവദിക്കരുത്’’.
മേഖലയിലെ മുസ്‍ലിം രാഷ്ട്രങ്ങളിൽ നിന്നും അമേരിക്കയുടെമേൽ ശക്തമായ സമ്മർദമുണ്ടായി. അറബ് ഡിപ്ലോമാറ്റുകളുമായുണ്ടായ സമ്മേളനത്തിൽ ജോർഡൻ വിദേശകാര്യ മന്ത്രി ഐമൻ സഫാദി, ബ്ലിങ്കന്റെ മുഖത്തു നോക്കിപ്പറഞ്ഞു: “ഈ ഭ്രാന്തമായ നടപടി അവസാനിപ്പിച്ചേ തീരൂ”.
വെടിനിർത്തൽ വേളയിൽ ഹമാസ് പുതിയ തന്ത്രങ്ങൾക്ക് തുടക്കംകുറിക്കുമെന്നും അതിനാൽ യുദ്ധവിരാമം സാധ്യമല്ലെന്നും നെതന്യാഹു പറഞ്ഞുനോക്കി. അപ്പോഴാണ്, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്റി അമേരിക്കയുടെ ഇരട്ട നയം ചൂണ്ടിക്കാട്ടിയത്: യുക്രെയ്നിൽ നാശം വിതക്കുന്ന ബോംബുവർഷം ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ബൈഡൻ എന്തുകൊണ്ടാണ് ഫലസ്തീനികളെ കൊന്നൊടുക്കാനാവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതിനുത്തരം പറയാൻ അമേരിക്കക്ക് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.