വംശഹത്യക്കാലത്തെ കുടിപ്പള്ളിക്കൂടം
text_fieldsസ്കൂളുകളൊന്നും ഇല്ലാതിരിക്കുകയും ആയിരക്കണക്കിന് കുഞ്ഞുങ്ങൾ വിദ്യാഭ്യാസത്തിനായി കാത്തിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയിൽ അധ്യാപകർ എന്ന നിലയിൽ നിങ്ങളെന്താണ് ചെയ്യുക?
ഇസ്രായേൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് ഗസ്സയിൽ ഇത്തരമൊരു സാഹചര്യമാണ്. സകല സർവകലാശാലകളും നശിപ്പിക്കപ്പെട്ട, ഒരു വർഷത്തിനിടെ 80 ശതമാനം സ്കൂളുകളും തകർക്കപ്പെട്ട, അവശേഷിച്ചവ അഭയാർഥി ക്യാമ്പുകളായി പരിവർത്തിപ്പിക്കപ്പെട്ട ഇവിടെ എനിക്കെന്റെ വഴി തേടേണ്ടിവന്നു. അൽ ശുജൈയ മേഖലയിലെ എന്റെ വീട്ടിലെ ഒരു മുറിയിൽ ക്ലാസുകൾ ആരംഭിച്ചു ഞാൻ. ഓരോ ദിവസവും കുഞ്ഞുങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും പകരുന്ന വരികളുമായാണ് പഠനം തുടങ്ങിയിരുന്നത്.
വംശഹത്യയുടെ ഏറ്റവും വലിയ പിഴയൊടുക്കേണ്ടിവന്നത് കുട്ടികളാണ്. ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കൊലപാതകങ്ങളിൽ 44 ശതമാനവും കുട്ടികളുടേതാണ്, അതേസമയം 17,000 കുട്ടികളുടെ എല്ലാ ബന്ധുക്കളും കൊല്ലപ്പെടുകയോ അല്ലെങ്കിൽ അവർ മുതിർന്നവരിൽനിന്ന് വേർപെട്ടുപോവുകയോ ചെയ്തിരിക്കുന്നു. ഗസ്സയിലെ സ്കൂൾ പ്രായത്തിലുള്ള 6,25,000 കുട്ടികളിൽ ആർക്കും കഴിഞ്ഞ ഒക്ടോബറിനുശേഷം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ഈ മക്കളിൽ കുറച്ചു പേർക്കെങ്കിലും അറിവിന്റെ ആനന്ദം പകരാൻ ശ്രമിക്കണമെന്ന് ഞാനുറപ്പിച്ചു.
ഞങ്ങളുടെ ഡൈനിങ് റൂമിൽ ഒരു ബോർഡ് സ്ഥാപിച്ചു. കുറച്ച് കസേരകളും മേശയും സജ്ജമാക്കി. എട്ട് കുട്ടികൾ വീതമുള്ള നാലു ഗ്രൂപ്പുകളുമുണ്ടാക്കി. കിന്റർ ഗാർട്ടൻ മുതൽ ആറാം ഗ്രേഡ് വരെ പ്രായത്തിലുള്ള കുട്ടികൾ ഇതിലുണ്ടായിരുന്നു.
ആദ്യദിവസത്തെ ക്ലാസിൽ അയൽപക്കത്തുനിന്നുള്ള 32 കുട്ടികൾ വന്നു. അവരോട് ഞാൻ പേരും വയസ്സും ചോദിച്ചു. സമയക്രമവും പഠിക്കേണ്ട വിഷയങ്ങളും ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്തു. എട്ട് മാസമായി പാഠങ്ങളോ പഠിപ്പിക്കാൻ അധ്യാപകരോ ഇല്ലാതിരുന്ന അവരുടെ പഠനാവേശം ശരിക്കും പ്രകടമായിരുന്നു.
ബാഗുകളും വാട്ടർബോട്ടിലും പെൻസിലുകളുമൊക്കെപ്പിടിച്ചാണ് കുട്ടികൾ രണ്ടാം ദിവസത്തെ ക്ലാസിന് വന്നതെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. തകർന്നടിഞ്ഞ അവരുടെ വീടുകളുടെ ഇടയിൽനിന്ന് പെറുക്കിക്കൂട്ടിക്കൊണ്ടുവന്നതാണ് പലരും. ചിലതാവട്ടെ ഹൃദയാലുക്കളായ അയൽവാസികൾ സമ്മാനിച്ചവയും.
കുട്ടികൾക്ക് താൽപര്യമുണ്ടാകുമെന്ന് ഞാൻ കരുതിയ വിഷയങ്ങളിലൂന്നി സ്വന്തമായി പാഠ്യപദ്ധതിക്ക് രൂപം നൽകേണ്ടിവന്നു. അവർക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നും അവരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കുറിച്ചെല്ലാമെഴുതാൻ കുട്ടികളോട് നിർദേശിച്ചു.
അതിൻപ്രകാരം അവരെഴുതിയ കുറിപ്പുകളിലെ സർഗവൈഭവം എന്നെ അത്ഭുതപ്പെടുത്തി. എന്റെ കുട്ടികളുടെ ധൈര്യവും പഠനത്തോട് അവർക്കുള്ള പ്രതിബദ്ധതയുമോർത്ത് എനിക്ക് തികഞ്ഞ അഭിമാനം തോന്നി.
എട്ടു വയസ്സുകാരി മറിയം എഴുതി:
‘എന്റെ കൂട്ടുകാർ എവിടെയെന്നറിഞ്ഞുകൂടാ, ഞാൻ അവരെ വല്ലാതെ മിസ് ചെയ്യുന്നു, അവരോടൊപ്പമുള്ള സ്കൂൾ ദിനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. കണക്കും ശാസ്ത്രവും പഠിക്കാൻ എനിക്ക് നല്ല ഇഷ്ടമായിരുന്നു. സ്കൂൾ ഇല്ലാത്തത് വലിയ ദുഃഖവും തളർച്ചയും സൃഷ്ടിക്കുന്നുണ്ട്’.
എട്ടു വയസ്സുള്ള ജോറി അവളുടെ സഹോദരിയെപ്പറ്റിയാണ് കുറിച്ചിട്ടത്:
‘എന്റെ സഹോദരി ഇപ്പോൾ ഖബറിനുള്ളിലാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അതിനുമാത്രം അവളെന്താണ് ചെയ്തത്? ഞങ്ങളോടൊപ്പം ചിരിച്ചു കളിച്ചു നിൽക്കുന്നതിനിടയിലാണ് അവർ അവളെ കൊന്നുകളഞ്ഞത്. അവളെക്കുറിച്ചുള്ള ഓർമകൾ നിറയുന്നു’
ലോകത്ത് മറ്റെല്ലായിടത്തുമുള്ള കുട്ടികളെപ്പോലെയല്ലേ ഞങ്ങളും, എന്തിനാണ് ഞങ്ങളെയവർ കൊല്ലാൻ നടക്കുന്നത്? എനിക്ക് മരിക്കണ്ട, കളിപ്പാട്ടങ്ങളുമായി കളിക്കുകയാണ് വേണ്ടത്. ടീച്ചറെയും കൂട്ടുകാരെയും വല്ലാതെ മിസ് ചെയ്യുന്നുവെന്ന് അഞ്ചു വയസ്സുകാരി മാറ എഴുതി. ഓരോ ദിവസത്തെ ക്ലാസ് കഴിഞ്ഞാലും അൽപനേരം കൂടി നിന്ന് വരച്ചും കളിച്ചും പാട്ടുപാടിയും സന്തോഷത്തിന്റെ മുഹൂർത്തങ്ങൾ ഒരുക്കാൻ കുഞ്ഞുങ്ങളെ ഞാൻ പ്രോത്സാഹിപ്പിച്ചു. ഏതു പരിതസ്ഥിതിയിലും സത്യം പറയണമെന്നും നീതിക്കായി നിലകൊള്ളണമെന്നും അവരെ ഓർമിപ്പിച്ചു. ബോംബിങ്ങിന്റെയും നാശത്തിന്റെയും വാർത്തകൾക്കിടയിലും ജീവിതത്തിലെ അതീവ സ്മരണീയമായ ദിവസങ്ങളായിരുന്നു അത്.
ആറാഴ്ചകൾ അങ്ങനെ ആവേശകരമായി മുന്നോട്ടുപോയി. അപ്പോഴേക്ക് ഇസ്രായേലി സൈന്യം ഞങ്ങളുടെ പ്രദേശത്തേക്കും കടന്നുകയറി നാശം വിതക്കാൻ തുടങ്ങി. എനിക്കും വീടുവിട്ട് പോകേണ്ടിവന്നു. അതോടെ ഞങ്ങളുടെ ക്ലാസും മുടങ്ങി.
ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്ക് പല മക്കളും പല ദിക്കുകളിലേക്ക് ചിതറപ്പെട്ടിരുന്നു. പല പല താൽക്കാലിക കൂരകളിൽ, അല്ലെങ്കിൽ ഏതെങ്കിലും ബന്ധുക്കളുടെ വീടുകളിൽ. കാണുമ്പോൾ ഞാനവരോട് ക്ലാസിൽ വരാത്തതെന്തെന്നന്വേഷിക്കും.
സുരക്ഷിതമല്ല എന്നാണ് എല്ലാവരിൽനിന്ന് വന്ന മറുപടി. അവർ ശരിക്കും ഭയന്നിരിക്കുന്നു. അത്രമാത്രം കുഞ്ഞുങ്ങളാണ് തെരുവുകളിൽ കൊലചെയ്യപ്പെടുന്നത്. എന്നിരുന്നാലും ഈ ഭയാനക കാലത്തും എന്റെയീ കൊച്ചു പള്ളിക്കൂടം പ്രതീക്ഷയുടെ തിളക്കം പകർന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കഴിയുന്നതും വേഗം അത് പുനരാരംഭിക്കുകയും ചെയ്യും. അതെന്റെ കടമയാണ്. ചാരക്കൂനക്കിടയിൽനിന്ന് പുതുനാമ്പുകൾ തളിരിടട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.