ഗസ്സ: മനുഷ്യരെ അവഗണിച്ചുള്ള ഇസ്രായേലിന്റെ ഏതു സൈനികനീക്കവും തിരിച്ചടിയായി മാറും -ഒബാമ
text_fields‘ഞാൻ സയണിസ്റ്റാണ്’ എന്ന പ്രഖ്യാപനവുമായി ഫലസ്തീനിലെ നരമേധത്തിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുദ്ധാവേശം പകർന്നുകൊണ്ടിരിക്കെ, മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മറുവാക്ക്. പാർട്ടിയുടെയും ഭരണകൂടത്തിന്റെയും തീരുമാനങ്ങൾക്കൊപ്പം നിന്നുതന്നെ അമേരിക്കയുടെ സമീപകാല യുദ്ധാനുഭവങ്ങളിൽനിന്നു പഠിക്കണമെന്ന് പിൻഗാമിയെ ഉണർത്തുകയാണ് ഒബാമ. പ്രസ്താവനയുടെ പൂർണരൂപം:
നിരായുധരായ സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുൾപ്പെടെ 1400 പേരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരായ ഹമാസിന്റെ മാരകമായ ആക്രമണത്തിന് 17 നാളുകൾ പിന്നിട്ടിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത ആ ക്രൂരകൃത്യത്തിനു പിറകെ, യു.എസ് ഗവൺമെന്റും അമേരിക്കൻ ജനതയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിന് പ്രാർഥിക്കുകയും ഇസ്രായേൽ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
നേരത്തേ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നതുപോലെ, അത്തരമൊരു നെറികെട്ട ആക്രമണത്തിനെതിരെ ഇസ്രായേലിന് സ്വന്തം പൗരന്മാരെ പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഹമാസിന്റെ സൈനികശേഷിയെ തകർക്കാനും നൂറുകണക്കിന് ബന്ദികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പുവരുത്താനുമായി ഹമാസിനെ പിന്തുടർന്ന് ആക്രമിക്കാൻ ഞങ്ങളുടെ ദീർഘകാല സഖ്യകക്ഷിക്ക് പിന്തുണ നൽകിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനത്തെ പൂർണമായും പിന്തുണക്കുന്നു.
എന്നാൽ, ഞങ്ങൾ ഇസ്രായേലിനു പിന്തുണ നൽകുന്നുണ്ടെങ്കിൽകൂടി, അവർ എങ്ങനെയാണ് ഹമാസിനെതിരായ ഈ പോരാട്ടത്തെ കൈകാര്യംചെയ്യുന്നത് എന്ന കാര്യത്തിൽ വ്യക്തത വേണം. വിശേഷിച്ചും, പ്രസിഡന്റ് ബൈഡൻ ആവർത്തിച്ച് ഊന്നിപ്പറഞ്ഞപോലെ, ഇസ്രായേലിന്റെ സൈനികതന്ത്രം അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണം- സാധ്യമാവുന്ന എല്ലാ അളവിലും, സിവിലിയന്മാരുടെ മരണവും ദുരിതവും ഒഴിവാക്കണം എന്നതടക്കം. ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അവർക്കും പ്രധാനമാണ്-കാരണം ധാർമികമായ നീതിയും ഓരോ മനുഷ്യജീവിതത്തിലും ഉള്ളടങ്ങിയ മൂല്യത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രതിഫലനവുമാണത്. അന്താരാഷ്ട്രതലത്തിലെ അഭിപ്രായസ്വരൂപണത്തിനും സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചേ തീരൂ.
ഇത് അത്യധികം വിഷമംപിടിച്ച ഒരു യത്നമാണ്. യുദ്ധം എല്ലായ്പോഴും ദുരന്തപൂർണമായിരിക്കും. അതീവശ്രദ്ധയോടെ ആസൂത്രണംചെയ്യുന്ന സൈനിക ഓപറേഷനുകളും പലപ്പോഴും സിവിലിയന്മാർക്ക് അപായകരമായിരിക്കും. ഇസ്രായേൽ സന്ദർശനത്തിനിടെ പ്രസിഡന്റ് ബൈഡൻ അഭിപ്രായപ്പെട്ടതുപോലെ, സെപ്റ്റംബർ 11ന്റെ പിറകെ യുദ്ധത്തിനൊരുമ്പെട്ടപ്പോൾ അമേരിക്കതന്നെ അതിന്റെ ഉന്നതമൂല്യങ്ങളിൽനിന്നു താഴേക്കു പതിച്ചുപോയി. അൽഖാഇദക്കെതിരെ സംരക്ഷണം തീർക്കാനുള്ള നടപടികളിലേക്ക് നീങ്ങുമ്പോൾ സഖ്യരാജ്യങ്ങളുടെപോലും ഉപദേശം ഞങ്ങൾ ചെവിക്കൊണ്ടില്ല. ഇപ്പോൾ, യഹൂദജനതക്കെതിരായ പീഡനത്തിന്റെ ഇരുണ്ട ഓർമകളെ തൊട്ടുണർത്തുന്ന ഇസ്രായേൽ പൗരന്മാരുടെ ആസൂത്രിതമായ കൂട്ടക്കൊലക്കുശേഷം ഹമാസിനെ പിഴുതുകളയാനും അത്തരമൊരു ആക്രമണം മേലിൽ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താനും എന്തും ചെയ്യാൻ നിരവധി പൗരന്മാർ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതു മനസ്സിലാക്കാം. സർവോപരി, ഹമാസിന്റെ സൈനിക ഓപറേഷനുകളെല്ലാം ഗസ്സക്ക് അകത്തുനിന്നാണല്ലോ-അതിന്റെ നേതൃത്വമാവട്ടെ, സിവിലിയന്മാർക്കിടയിൽ ഉദ്ദേശ്യപൂർവം ഒളിച്ചതുപോലെയാണ്. അവർ പ്രതിനിധാനംചെയ്യുന്നുവെന്നു പറയുന്ന ജനങ്ങളെ തന്നെയാണ് അത് അപകടത്തിലാക്കുക.
ഇങ്ങനെയൊക്കെയാണെങ്കിലും, മേഖലയിലെ സംഭവങ്ങൾ ലോകം സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ വില അവഗണിച്ചുള്ള ഇസ്രായേലിന്റെ ഏതു സൈനികനീക്കവും ആത്യന്തികമായി തിരിച്ചടിയായി മാറും. ഇപ്പോൾതന്നെ ഗസ്സയിലെ ബോംബിങ്ങിൽ ആയിരക്കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടിരിക്കുന്നു. അവരിലധികവും കുഞ്ഞുങ്ങളാണ്. പതിനായിരങ്ങൾ ബലാൽക്കാരേണ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണവും വെള്ളവും വൈദ്യുതിയും പൂർണമായും കട്ടു ചെയ്യാനുള്ള ഇസ്രായേൽ ഗവൺമെന്റിന്റെ തീരുമാനം അനുദിനം ഏറിവരുന്ന മാനുഷികപ്രതിസന്ധിയെ വഷളാക്കുക മാത്രമല്ല, തലമുറകളോളം ഫലസ്തീനികളുടെ നിലപാടിനെ കൂടുതൽ കടുപ്പിക്കുകയും ചെയ്യും. ഇസ്രായേലിന്റെ അന്താരാഷ്ട പിന്തുണയെ ചോർത്തിക്കളയും. ഇസ്രായേൽ ശത്രുക്കളുടെ കൈകളിൽ വീണുപോകുകയും മേഖലയിൽ സമാധാനവും സ്ഥിരതയും നേടിയെടുക്കാനുള്ള ദീർഘകാലപദ്ധതികൾ അവതാളത്തിലാകുകയും ചെയ്യും.
അതിനാൽ നമ്മുടെ കൂട്ടത്തിൽ ഇസ്രായേലിനെ അവശ്യഘട്ടത്തിൽ സഹായിക്കാൻ മുന്നോട്ടുവന്നവർ സിവിലിയൻ അപായങ്ങൾ കുറച്ച് ഹമാസിനെ ദുർബലപ്പെടുത്താനുള്ള തന്ത്രം ആവിഷ്കരിക്കാൻ അവരെ പ്രേരിപ്പിക്കണം. ബൈഡൻ ഭരണകൂടത്തിന്റെ മറക്കുപിന്നിലെ നയതന്ത്രത്തിന്റെ ഫലമായി ഗസ്സയിലേക്ക് ദുരിതാശ്വാസ ട്രക്കുകൾക്ക് പ്രവേശനാനുമതി നൽകാനുള്ള ഇസ്രായേലിന്റെ ചുവടുമാറ്റം പ്രോത്സാഹനജനകമായ നീക്കമായി കാണണം.
എന്നാൽ, അത്യന്തം ഹതാശരായ ഗസ്സ ജനതക്ക് അടിയന്തരസഹായം ത്വരിതപ്പെടുത്താൻ അന്താരാഷ്ട്രസമൂഹത്തെ തുടർന്നും നാം നയിക്കണം. ഭാവിസമാധാനത്തിന് എന്നത്തേക്കാളും അതിവിദൂര സാധ്യതയാണുള്ളത് എന്നിരിക്കിലും, ഫലസ്തീൻകാർക്ക് അവരുടെ സ്വയംനിർണയാവകാശത്തിനുള്ള നിയമാനുസൃത താൽപര്യങ്ങൾ നേടിയെടുക്കാനുള്ള പ്രായോഗികമാർഗം കൃത്യപ്പെടുത്താൻ സഹായകമായ രീതിയിൽ ഇസ്രായേലിന്റെ അസ്തിത്വം അംഗീകരിക്കുന്ന എല്ലാ ഫലസ്തീൻ നേതാക്കളുമായും സംഘടനകളുമായും ബന്ധപ്പെടാൻ മേഖലയിലെ പ്രധാന കക്ഷികളോട് നാം ആവശ്യപ്പെടണം. മിക്ക ഇസ്രായേലി, ഫലസ്തീൻ കുടുംബങ്ങളും ആഗ്രഹിക്കുന്ന ശാശ്വതസമാധാനത്തിനും സുരക്ഷക്കുമുള്ള ഏറ്റവും മികച്ച ഒരുപക്ഷേ, ഒരേയൊരു വഴി അതാണ്.
ഒട്ടനവധി പേർ വേദനയും ഉൽക്കടമായ ആഗ്രഹവും വെച്ചുപുലർത്തുന്ന അത്യസാധാരണമായ ഒരു സങ്കീർണ സാഹചര്യത്തെ നേരിടാൻ മോശം പേടികളേക്കാൾ നമ്മുടെ ഉന്നത മൂല്യങ്ങൾ കാഴ്ചവെക്കാനായിരിക്കണം നാം ശ്രമിക്കേണ്ടത്.
അതിനർഥം, എവിടെയും ഏതുവിധത്തിലുള്ള സെമിറ്റിക് വിരുദ്ധതയും സജീവമായി എതിർക്കപ്പെടണം എന്നുതന്നെ. ഇസ്രായേൽ ജനത നേരിട്ട ഭീകരമായ ദുരന്തത്തെ ന്യൂനീകരിക്കാനുള്ള ശ്രമങ്ങളും മറുവശത്ത്, നിരപരാധികളെ മനഃപൂർവം കൂട്ടക്കൊല ചെയ്യുന്നതിന് കാരണം കണ്ടെത്തി ന്യായീകരിച്ചുകളയാമെന്ന ധാർമികത തീണ്ടാത്ത അഭിപ്രായപ്രകടനങ്ങളും തള്ളിക്കളയണം.
അതിനർഥം, മുസ്ലിം-അറബ്-ഫലസ്തീൻ വിരുദ്ധ വികാരങ്ങളെ തിരസ്കരിക്കണമെന്നാണ്. എല്ലാ ഫലസ്തീൻകാരെയും ഹമാസുമായോ ഇതര ഭീകരവാദി ഗ്രൂപ്പുകളുമായോ കൂട്ടിക്കെട്ടാൻ അനുവദിക്കരുത്. ഗസ്സക്കാർക്കെതിരെ മനുഷ്യത്വരഹിതമായ ഭാഷ ഉപയോഗിക്കുന്നതിനെതിരെ കരുതൽ വേണം. ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ ഉള്ള ഫലസ്തീൻകാരുടെ ദുരിതത്തെ താഴ്ത്തിക്കെട്ടുന്നതിനെ അപ്രസക്തവും ക്രമവിരുദ്ധവുമായി കാണണം.
അതിനർഥം, ഇസ്രായേലിന് നിലനിൽക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് അംഗീകരിക്കലാണ്. പൗരാണിക ചരിത്രവേരുകളുള്ളിടത്ത് ഒരു സുരക്ഷിത മാതൃരാജ്യത്തിന് യഹൂദജനതക്ക് അവകാശമുണ്ട്. തർക്കം തീർക്കാനും ഒരു ദ്വിരാഷ്ട്ര പരിഹാരത്തിന് വഴിതുറക്കാനുമുള്ള മുൻ ഇസ്രായേലി ഗവൺമെന്റുകൾ അർഥവത്തായ ശ്രമങ്ങൾ നടത്തിയതിന് ഉദാഹരണങ്ങളുണ്ട്. എന്നാൽ, അന്തിമമായി മറുവിഭാഗം അതെല്ലാം തള്ളിക്കളയുകയായിരുന്നു.
അതിനർഥം, ഫലസ്തീനികളും തലമുറകളായി തർക്ക പ്രദേശങ്ങളിലാണ് താമസിച്ചുവരുന്നത് എന്ന കാര്യം സമ്മതിച്ചുകൊടുക്കലാണ്. അവരിൽ ഒട്ടേറെ പേർ ഇസ്രായേൽ രൂപവത്കരണകാലത്തു മാത്രം കുടിയിറക്കപ്പെട്ടവരല്ല. തുടർന്നും ഇസ്രായേൽ ഗവൺമെന്റിന്റെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പിന്തുണയിൽ കുടിയേറ്റ പ്രസ്ഥാനത്തിന്റെ നിർബന്ധിത കുടിയിറക്കും അവർക്കു നേരിടേണ്ടിവന്നു. അതുകൊണ്ട് ദ്വിരാഷ്ട്രപരിഹാരത്തിന് വിട്ടുവീഴ്ചചെയ്യാൻ തയാറായ നേതാക്കൾക്കും അവരുടെ ശ്രമങ്ങൾക്കു മുന്നിട്ടിറങ്ങാൻ കഴിയുന്നില്ല. ഫലസ്തീൻകാരുടെ അവകാശങ്ങൾ നേടിയെടുക്കാനും യഹൂദവിരുദ്ധതയില്ലാതെതന്നെ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഇസ്രായേൽ ഗവൺമെന്റിന്റെ നയനിലപാടുകളെ എതിർക്കാനും നല്ല മനസ്സുള്ളവർക്ക് കഴിയും.
എല്ലാത്തിനും മീതെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമുക്ക് യോജിക്കാനാവാത്തവരിൽനിന്ന് എപ്പോഴും മോശമായതുതന്നെ പ്രതീക്ഷിക്കണമെന്നില്ല എന്നാണ്. നിരന്തരമായ പകപോക്കലിന്റെയും സമൂഹമാധ്യമങ്ങളിലെ ട്രോളുകളുടെയും പൊളിവിവരങ്ങളുടെയും കാലത്ത്, ഒട്ടേറെ രാഷ്ട്രീയക്കാരും ശ്രദ്ധാമോഹികളും വെളിച്ചത്തേക്കാൾ ചൂടു ചൊരിയുന്ന കാലത്ത് ഏതെങ്കിലുമൊരു വിഷയത്തിൽ മാന്യമായ സംവാദം പ്രതീക്ഷിക്കുന്നത് അയഥാർഥമാവാം. ഇത്രയധികം നാശനഷ്ടങ്ങൾ സംഭവിക്കുകയും വേണ്ടത്ര രക്തം ചിന്തുകയും ചെയ്ത ഒരു വിഷയമാകുമ്പോൾ അതിനുള്ള സാധ്യത പിന്നെയും കുറയും. എന്നാൽ, ഇസ്രായേലിലെയും ഫലസ്തീനിലെയും-ഒപ്പം നമ്മുടെ തന്നെയും-കുട്ടികളുടെ വരുംതലമുറക്ക് സമാധാനത്തിനും സുരക്ഷക്കും അന്തസ്സിനുമുള്ള സാധ്യത തുറന്നുവെക്കണമെന്നുണ്ടെങ്കിൽ നമ്മുടെ വാക്കിലും പ്രവൃത്തിയിലും അവർക്ക് അനന്തരമായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന ലോകത്തിന്റെ മാതൃക അവതരിപ്പിക്കാനുള്ള ശ്രമമെങ്കിലും നാം നടത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.