പാശ്ചാത്യ സഭാനേതാക്കളറിയാൻ ഫലസ്തീൻ ക്രൈസ്തവർ എഴുതുന്നു
text_fieldsകഴിഞ്ഞ 75 വർഷമായി ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഇസ്രായേലിന്റെ പിന്നിൽ അണിനിരക്കുന്ന പാശ്ചാത്യ സഭാനേതാക്കളും ദൈവശാസ്ത്രജ്ഞരും കൂടി ഉത്തരവാദികളാണെന്ന് തകർന്ന ഹൃദയത്തോടെ ഞങ്ങൾ പറയുന്നു. -സയണിസ്റ്റ് അതിക്രമങ്ങളെ ന്യായീകരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഫലസ്തീനിലെ 11 ക്രൈസ്തവ കൂട്ടായ്മകൾ എഴുതിയ തുറന്ന കത്തിന്റെ സംഗ്രഹ വിവർത്തനം
ശരിയായി ചെയ്യാൻ പഠിക്കുക; നീതി തേടുക; അടിച്ചമർത്തപ്പെട്ടവരെ സംരക്ഷിക്കുക” (യെശയ്യാ 1:17).
ഫലസ്തീനിൽ നിലവിൽ നടമാടുന്ന അക്രമപരമ്പരകളിൽ ഞങ്ങൾ അഗാധ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഈ തുറന്ന കത്ത് പ്രസിദ്ധീകരിക്കാനിരിക്കെ, ഒക്ടോബർ 19ന്, ക്രൈസ്തവർ ഉൾപ്പെടെ നിരപരാധികളായ സാധാരണക്കാർ അഭയം പ്രാപിച്ചിരുന്ന ഗസ്സയിലെ പുരാതനമായ സെന്റ് പോർഫിറിയസ് ചർച്ചിനുനേരെ ഇസ്രായേൽ നടത്തിയ ക്രൂരമായ ബോംബാക്രമണത്തിൽ ഞങ്ങളിൽ പലർക്കും പ്രിയ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു.
ഈ ഭീകര യുദ്ധത്തെക്കുറിച്ചുള്ള ഞെട്ടലും ഭീതിയും പ്രകടിപ്പിക്കാൻ വാക്കുകൾ അപര്യാപ്തമാണ്. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഉറച്ച ബോധ്യമുള്ളതിനാൽ, ഏവരുടെയും മരണത്തിലും കഷ്ടപ്പാടുകളിലും ഞങ്ങൾ അഗാധമായി വിലപിക്കുന്നു. അക്രമവും മതപരമായ ദേശീയതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദൈവ നാമം ഉപയോഗപ്പെടുത്തുന്നതും ഞങ്ങളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിന് പല പാശ്ചാത്യ ക്രൈസ്തവരും അടിയുറച്ച പിന്തുണ നൽകുന്നതിനെ ഞങ്ങൾ ഭീതിയോടെയാണ് വീക്ഷിക്കുന്നത്.
സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കുന്നത് തുടരുന്ന ശബ്ദങ്ങളെ ഞങ്ങൾ തിരിച്ചറിയുമ്പോഴും ഇസ്രായേലിന് വിമർശനരഹിതമായ പിന്തുണ നൽകുന്ന പാശ്ചാത്യ ദൈവശാസ്ത്രജ്ഞരോടും സഭാനേതാക്കളോടും മാനസാന്തരപ്പെടാനും അവരുടെ നിലപാട് തിരുത്താനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ചില ക്രൈസ്തവ നേതാക്കളുടെ പ്രവർത്തനങ്ങളും ഇരട്ടത്താപ്പുകളും അവരുടെ ക്രിസ്തുസാക്ഷ്യത്തെ സാരമായി മുറിവേൽപിക്കുന്ന തരത്തിലുള്ളതാണ്.
കൊല്ലപ്പെടുന്നത് ഫലസ്തീനിയൻ സിവിലിയന്മാരാവുമ്പോൾ പല സഭാ നേതാക്കളും ദൈവശാസ്ത്രജ്ഞരും പുലർത്തുന്ന നിശ്ശബ്ദത ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെ അപലപിക്കാൻ ചില പാശ്ചാത്യ ക്രൈസ്തവർ വിസമ്മതിക്കുന്നതും ചില സന്ദർഭങ്ങളിൽ, അധിനിവേശത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതും ഞങ്ങളെ ഭയപ്പെടുത്തുന്നു. ഇത് എഴുതുന്നതുവരെ 3,700ലധികം ഫലസ്തീനികളുടെ, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്, ജീവൻ അപഹരിച്ച് ഗസ്സക്കെതിരായ ഇസ്രായേലിന്റെ വിവേചനരഹിതമായ ആക്രമണങ്ങളെ നിയമവിധേയമായി കരുതുന്നവരുടെ നിലപാട് ഞങ്ങളെ ഞെട്ടിപ്പിക്കുന്നു.
ഇസ്രായേലിന്റെ ഈ ആക്രമണങ്ങൾ ഗസ്സയിലെ പല പ്രദേശങ്ങളെയും മൊത്തമായി നശിപ്പിക്കുന്നതിനും ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നതിനും കാരണമായി. നിരോധിത വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവ വിച്ഛേദിക്കൽ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവ ബോംബിട്ട് തകർക്കൽ തുടങ്ങിയ ഹീനതന്ത്രങ്ങളാണ് ഇസ്രായേൽ സൈന്യം പ്രയോഗിച്ചത്. അൽ-അഹ്ലി ആംഗ്ലിക്കൻ ആശുപത്രിയിലെ കൂട്ടക്കൊലയും സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിലെ ബോംബാക്രമണവും ഫലസ്തീനിലെ മുഴുവൻ ക്രൈസ്തവ കുടുംബങ്ങളെയും നാമാവശേഷമാക്കിയിരിക്കുകയാണ്.
നക്ബ ദുരന്തദിനം മുതൽ കഴിഞ്ഞ 75 വർഷമായി ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടർന്നുവരുന്ന അടിച്ചമർത്തൽ, വംശീയ ഉന്മൂലനം, വർണവിവേചന കുറ്റകൃത്യത്തിലധിഷ്ഠിതമായ സൈനിക അധിനിവേശം തുടങ്ങിയ നിലവിലെ യുദ്ധത്തിന്റെ വിശാലമായ പശ്ചാത്തലത്തെയും മൂലകാരണങ്ങളെയും അവഗണിക്കുന്ന സങ്കുചിതവും വികലവുമായ പ്രതികരണങ്ങളെ ഞങ്ങൾ നിരുപാധികം തള്ളിക്കളയുന്നു.
17 വർഷമായി ഇസ്രായേൽ ഗസ്സക്കെതിരെ തുടരുന്ന ക്രൂരമായ ഉപരോധം 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ, രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികൾ പാർക്കുന്ന തുറന്ന ജയിലാക്കി മാറ്റി അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയാണ്. ഇവരിൽ 70 ശതമാനവും നക്ബ ദുരന്തത്തിന് ശേഷം കുടിയിറക്കപ്പെട്ടവരാണ്. ഇസ്രായേലിന്റെ ഉരുക്കുമുഷ്ടിക്ക് കീഴിലെ നിരാശജനകമായ ജീവിതസാഹചര്യങ്ങളോടും അടിച്ചമർത്തലിനോടുമുള്ള പ്രതികരണമെന്ന നിലയിലാണ് തീവ്രവാദവും അക്രമവും അവലംബിക്കാൻ ചില ഫലസ്തീനിയൻ ഗ്രൂപ്പുകൾ ഖേദകരമാംവിധം ധൈര്യപ്പെടുന്നത്.
ഞങ്ങൾ പൂർണമനസ്സോടെ നിലകൊള്ളുന്നതും ഫലസ്തീൻകാരും ദക്ഷിണാഫ്രിക്കക്കാരും വളരെക്കാലമായി ഊന്നിപ്പറയുന്നതുമായ അക്രമരഹിത പ്രതിരോധ മാർഗത്തെ ചില പാശ്ചാത്യ ക്രൈസ്തവ നേതാക്കൾ തള്ളിക്കളയുകയാണ്. ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ, ബെത്സെലേം എന്നിവ റിപ്പോർട്ട് ചെയ്ത ഇസ്രായേലിന്റെ വർണവിവേചനത്തെക്കുറിച്ചുള്ള ചർച്ചകൾപോലും നിരോധിച്ചവരുമാണവർ.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേലിലെ ജൂതന്മാരെ മാനുഷികവത്കരിക്കുകയും ഫലസ്തീനികളെ മനുഷ്യത്വരഹിതരാക്കുകയും അവരുടെ കഷ്ടപ്പാടുകളെ മറച്ചുവെക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ഞങ്ങൾ ഓർമപ്പെടുത്തുന്നു. ഗസ്സ മുനമ്പിൽ ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേൽ ആക്രമണം, 2022ൽ ഫലസ്തീൻ-അമേരിക്കൻ ക്രൈസ്തവ മാധ്യമപ്രവർത്തക ഷിറിൻ അബു അക്ലേയുടെ കൊലപാതകത്തോടുള്ള നിസ്സംഗത, മുമ്പ് 38 കുട്ടികളടക്കം 300ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയത് എന്നിവയോടുള്ള അവരുടെ പൊതുമനോഭാവത്തിൽ ഇത് വ്യക്തമാണ്.
അമേരിക്കയിലെയും ഓഷ്യാനയിലെയും മറ്റിടങ്ങളിലെയും തദ്ദേശവാസികളുടെ വംശീയ ഉന്മൂലനം, ആഫ്രിക്കക്കാരെ അടിമകളാക്കിയത്, അടിമവ്യാപാരം, പതിറ്റാണ്ടുകൾ നിലനിന്ന വർണവിവേചനം എന്നിവയെ ന്യായീകരിക്കാൻ ബൈബിളിനെ ആയുധമാക്കിയ കൊളോണിയൽ വ്യവഹാരത്തെ ഈ ഇരട്ടത്താപ്പ് പ്രതിഫലിപ്പിക്കുന്നതായി ഞങ്ങൾ കരുതുന്നു. കൊളോണിയൽ ദൈവശാസ്ത്രം ഇല്ലാതായിട്ടില്ല. അവ വിപുലാർഥത്തിൽ സിയോണിസ്റ്റ് ദൈവശാസ്ത്രമായി തുടരുകയും കൊളോണിയൽ വർണവിവേചനത്തിനുകീഴിൽ കഴിയേണ്ടിവരുന്ന ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിനും ക്രൈസ്തവർ അടക്കമുള്ള ഫലസ്തീനികളെ അപകീർത്തിപ്പെടുത്തുന്നതിനും മനുഷ്യത്വവിരുദ്ധരാക്കുന്നതിനും സാധുത കൽപിക്കുകയും ചെയ്യുന്നു.
രണ്ടാം ലോകയുദ്ധ സമയത്ത് ജപ്പാനിലെ നിരപരാധികളായ സാധാരണക്കാർക്കുനേരെ അണുബോംബ് വർഷിച്ചതിനെയും ഇറാഖ് യുദ്ധത്തിൽ അവിടത്തെ ക്രൈസ്തവരെ കൊന്നൊടുക്കിയതിനെയും ‘ധാർമിക മേധാവിത്വ’ത്തിന്റെയും ‘സ്വയം പ്രതിരോധ’ത്തിന്റെയും പേരിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനെയും ന്യായീകരിക്കുന്ന പാശ്ചാത്യൻ ക്രൈസ്തവ പാരമ്പര്യത്തിന്റെ നീതിക്കുവേണ്ടിയുള്ള യുദ്ധമെന്ന (Just War Theory) നിലപാടിനെക്കുറിച്ചും ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്.
ഖേദകരമെന്നുപറയട്ടെ, പല പാശ്ചാത്യ ക്രൈസ്തവരും യുദ്ധത്തെ ന്യായീകരിക്കുന്ന സയണിസ്റ്റ് വ്യാഖ്യാനങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇസ്രായേലിന്റെ അക്രമത്തിലും അടിച്ചമർത്തലിലും പങ്കാളികളാവുകയാണ്. ഇന്ന് നിരവധി പാശ്ചാത്യ രാജ്യങ്ങളിലും മാധ്യമങ്ങളിലും വർധിച്ചുവരുന്ന ഫലസ്തീൻവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളിലും ഇവർ പങ്കാളികളാകുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു.
യുദ്ധത്തിന് ദൈവശാസ്ത്രപരമായി നിയമസാധുത നൽകുന്നത് പല പാശ്ചാത്യ കൈസ്തവർക്കും പ്രശ്നമല്ലെങ്കിലും ബഹുഭൂരിപക്ഷം ഫലസ്തീനിയൻ ക്രൈസ്തവരും അക്രമത്തെ അംഗീകരിക്കുന്നില്ല. പകരം, യേശുവിന്റെ വഴിയിൽ ക്രിയാത്മകവും അഹിംസാത്മകവുമായ ചെറുത്തുനിൽപിന് പ്രതിജ്ഞാബദ്ധരാണ്. ശക്തരുടെ യുദ്ധങ്ങളെ നിയമാനുസൃതമാക്കുന്ന എല്ലാ ദൈവശാസ്ത്രങ്ങളെയും വ്യാഖ്യാനങ്ങളെയും ഞങ്ങൾ തള്ളിക്കളയുന്നു. പാശ്ചാത്യ ക്രൈസ്തവ സമൂഹവും ഇക്കാര്യത്തിൽ ഞങ്ങളോടൊപ്പം ചേരണം. ദൈവം മർദിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ദൈവമാണെന്നും യേശു ശക്തരെ ശാസിക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരെ ഉയർത്തുകയും ചെയ്തുവെന്നും ഞങ്ങൾ ഏവരെയും ഓർമിപ്പിക്കുന്നു; നീതിയെക്കുറിച്ചുള്ള ദൈവസങ്കൽപത്തിന്റെ കാതൽ ഇതാണ്.
അതിനാൽ, മോശയും മറ്റ് പ്രവാചകരും വിളംബരംചെയ്ത നീതിയുടെയും കരുണയുടെയും ബൈബിൾ പാരമ്പര്യം അംഗീകരിക്കുന്നതിൽനിന്ന് ചില പാശ്ചാത്യ ക്രൈസ്തവ നേതാക്കളും ദൈവശാസ്ത്രജ്ഞരും വിട്ടുനിൽക്കുന്നത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു. അവസാനമായി, കഴിഞ്ഞ 75 വർഷമായി ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഇസ്രായേലിന്റെ പിന്നിൽ അണിനിരക്കുന്ന പാശ്ചാത്യ സഭാ നേതാക്കളും ദൈവശാസ്ത്രജ്ഞരും കൂടി ഉത്തരവാദികളാണെന്ന് തകർന്ന ഹൃദയത്തോടെ ഞങ്ങൾ പറയുന്നു. ദൈവം ലോകത്തെ ന്യായത്താൽ വിധിക്കുമെന്ന വചനം ഓർമിപ്പിച്ചുകൊണ്ട്, നിലപാട് പുനഃപരിശോധിക്കാനും പ്രവർത്തനമാർഗം മാറ്റാനും ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നു.
നൈതികവും ചരിത്രപരവുമായ കാരണങ്ങളാൽ ഈ ഭൂമിയുമായുള്ള ഞങ്ങളുടെ ബന്ധം വേരുറച്ചതാണ്. ഫലസ്തീൻ ക്രിസ്ത്യാനികൾ എന്ന നിലയിൽ, പശ്ചാത്താപവും എളിമയും ഉള്ളവരോടൊപ്പം വസിക്കുന്ന ദൈവത്തിൽ ഞങ്ങളുടെ ധൈര്യവും ആശ്വാസവും കണ്ടെത്തുന്നത് തുടരും. ഞങ്ങളുടെ സഹോദരങ്ങൾ ഞങ്ങളെ ഉപേക്ഷിക്കുമ്പോഴും ഞങ്ങൾ പ്രത്യാശയിൽ ഉറച്ചുനിൽക്കുന്നു, സ്വേച്ഛാധിപത്യത്തിനും അന്ധകാരത്തിനും മുന്നിൽ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സുവിശേഷത്തോട് പ്രതിജ്ഞാബദ്ധരായി ഞങ്ങൾ തുടരും.
നിന്റെ രാജ്യം വരേണമേ!
- കൈറോസ് ഫലസ്തീൻ,
- ക്രൈസ്റ്റ് അറ്റ് ദ ചെക്പോയന്റ്,
- ബെത്ലെഹേം ബൈബിൾ കോളജ്,
- സബീൽ എക്യുമെനിക്കൽ സെന്റർ ഫോർ ലിബറേഷൻ തിയോളജി,
- ദാർ അൽ-കലിമ യൂനിവേഴ്സിറ്റി,
- അൽലിഖ സെന്റർ ഫോർ റിലീജിയസ്,
- ഹെറിറ്റേജ് ആൻഡ് കൾചറൽ സ്റ്റഡീസ് ഇൻ ഹോളിലാൻഡ്,
- ഈസ്റ്റ് ജറൂസലേം വൈ.എം.സി.എ,
- ഫലസ്തീൻ വൈ.എം.സി.എ,
- അറബ് ഓർത്തഡോക്സ് സൊസൈറ്റി, ജറൂസലേം,
- ഡിപ്പാർട്മെന്റ് ഓഫ് സർവിസ് ടു ഫലസ്തീൻ റഫ്യൂജീസ് ഓഫ് ദ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.