നരകം പെയ്ത രാത്രിയിൽ
text_fieldsപുറംലോകത്തു നിന്ന് വേർപെടുത്തി ഇസ്രായേൽ നരമേധം തുടരുന്ന ഗസ്സയിൽ വെള്ളിയാഴ്ച വൈകീട്ടു മുതൽ ഇന്നലെ രാത്രി ഒപതു മണി വരെയുള്ള നിമിഷങ്ങളിലൂടെ...
ഗസ്സ സിറ്റി: വെള്ളിയാഴ്ച വൈകുന്നേരം നാലു മണി
താൽകാലിക വെടിനിർത്തലിനും ബന്ദി മോചനത്തിനുമുള്ള ചർച്ചകൾ അതിശീഘ്രം പുരോഗമിക്കുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും പ്രാദേശിക അറബി ചാനലുകളിൽ വാർത്ത വരുന്നു. മൂന്നാഴ്ചയായി തുടരുന്ന കനത്ത ബോംബിങ്ങിന് കീഴിൽ കഴിയുന്ന ഗസ്സയിൽ ആശ്വാസവും ശുഭപ്രതീക്ഷയും പടർന്നു. പിന്നാലെ തെക്കൻ ഗസ്സയിലെ നാസർ ആശുപത്രിയിലേക്ക് ഈജിപ്തിൽനിന്നുള്ള ഔഷധങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ട്രക്ക് എത്തി. ആൻറിസെപ്റ്റിക്, ഇൻജക്ഷൻ, മെഡിക്കൽ മാട്രസുകൾ, അടിയന്തര ശസ്ത്രക്രിയകൾക്ക് വേണ്ട ഉപകരണങ്ങൾ എന്നിവയാണ് ഔഷധങ്ങളും സിറിഞ്ചുകൾ പോലും തീർന്ന് ഏതാണ്ട് പ്രവർത്തനം നിലച്ച മട്ടിലുള്ള ആശുപത്രിയിലേക്ക് വന്നത്. വലിയ ആഘോഷത്തോടെ ട്രക്കിനെ ആശുപത്രി കവാടത്തിൽ സ്വീകരിച്ചു. പക്ഷേ, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് ആരും അപ്പോൾ തിരിച്ചറിഞ്ഞില്ല.
ശിഫക്ക് നേരെ ആരോപണം, ദുരന്തത്തിന്റെ കേളികൊട്ട്
നാസർ ആശുപത്രിയിൽ മെഡിക്കൽ ട്രക്ക് എത്തുന്ന ഏതാണ്ട് അതേസമയം തെൽ അവീവിൽ വാർത്താസമ്മേളനം വിളിച്ച ഐ.ഡി.എഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) വക്താവ് ഡാനിയേൽ ഹഗാരി, ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ ശിഫ ഹോസ്പിറ്റലിനെതിരെ അതിഗുരുതരമായ ആരോപണം ഉന്നയിച്ചു. ഹമാസിന്റെ ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നത് ശിഫ ആശുപത്രിക്ക് താഴെ ഭൂഗർഭത്തിലാണെന്നും അവിടെ നിന്നാണ് ഇസ്രായേലിനെതിരായ ആക്രമണങ്ങൾ നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹഗാരിയുടെ ആരോപണം. മിനിറ്റുകൾക്കുള്ളിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ട്വിറ്റർ (എക്സ്) ഹാൻഡ്ലിൽ ഹമാസിന്റെ ‘ഭൂഗർഭ ഹെഡ്ക്വാർട്ടേഴ്സി’ന്റെ കമ്പ്യൂട്ടർ നിർമിത രേഖാചിത്രം പോസ്റ്റ് ചെയ്യപ്പെട്ടു. അസാധാരണമായ ഈ ആരോപണം വന്നപ്പോൾ തന്നെ അപകടം മണത്തിരുന്നു. ആശുപത്രി ആക്രമിക്കാനുള്ള കളമൊരുക്കമാണെന്ന വ്യാഖ്യാനം വന്നുതുടങ്ങിയപ്പോൾ തന്നെ പ്രതിരോധവുമായി ആശുപത്രി ഭാരവാഹികൾ രംഗത്തെത്തി. പരിക്കേറ്റവരുമായും അംഗഭംഗം വന്നവരുമായി സ്ട്രച്ചറുകളും വീൽചെയറുകളും തലങ്ങും വിലങ്ങും പായുന്ന ശിഫ ആശുപത്രിയുടെ ഇടനാഴിയിൽ നിന്ന് ഭാരവാഹികൾ ഇസ്രായേലിന്റെ ആരോപണങ്ങൾ ഒന്നൊന്നായി ഖണ്ഡിച്ചു. ആശുപത്രിയുടെ യഥാർഥ രൂപരേഖ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പക്ഷേ, ഇസ്രായേലിന്റെ ഗൂഢമായ ലക്ഷ്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ അപ്പോഴേക്കും ബലപ്പെട്ടു.
യു.എസിന്റെ തൊടുന്യായങ്ങൾ
അങ്ങ് ന്യൂയോർക്കിൽ, അപ്പോഴേക്കും യു.എൻ ജനറൽ അസംബ്ലിയുടെ അടിയന്തര യോഗം തുടങ്ങിയിരുന്നു. വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ജോർഡൻ കൊണ്ടുവന്ന പ്രമേയത്തോട് വിയോജിച്ച് യു.എസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പ്രസംഗിച്ചുകൊണ്ടിരിക്കവെ, ഗസ്സയിൽ അതിഭീകരമായ ബോംബിങ് നടക്കുകയാണെന്ന വാർത്ത ചാനലുകളിൽ വരാൻ തുടങ്ങി. അപ്പോൾ സമയം ഗസ്സയിൽ സന്ധ്യക്ക് 6.45. ഫലസ്തീൻ ജീവനുകൾ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ലിൻഡ സംസാരിക്കുമ്പോൾ ഗസ്സയുടെ ആകാശത്ത് നിന്ന് തീമഴ പെയ്യുകയായിരുന്നു. പിന്നാലെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവന വന്നു. ഹമാസിനെ തകർക്കാൻ ദൈർഘ്യവും കടുപ്പവുമേറിയ കര മുന്നേറ്റം ആരംഭിക്കുമെന്നായിരുന്നു സന്ദേശം. അധികം വൈകുംമുമ്പ് തെക്കൻ ഗസ്സയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന അൽജസീറ ലേഖകൻ താരിഖ് അബു അസ്സൂം പലയിടത്തും നെറ്റ് കിട്ടുന്നില്ല എന്ന് റിപ്പോർട്ട് ചെയ്തു. എങ്ങുനിന്നും ബോംബിങ്ങിന്റെ ശബ്ദമാണ് കേൾക്കുന്നതെന്നും മറ്റുവിവരങ്ങളൊന്നും അറിയാൻ കഴിയുന്നില്ലെന്നുമാണ് അദ്ദേഹത്തിന് കൂട്ടിച്ചേർക്കാൻ ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ ഗസ്സയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി സമ്പൂർണമായി വിഛേദിക്കപ്പെട്ടതായി ഇന്റർനെറ്റ് സെൻസർഷിപ്പിനെ കുറിച്ച് നിരീക്ഷിക്കുന്ന എൻ.ജി.ഒ ആയ ‘നെറ്റ്ബ്ലോക്സ്’ സ്ഥിരീകരിച്ചു. ഫലസ്തീൻ ടെലികോം കമ്പനികളായ ജവ്വാലും പാൽടെലും തങ്ങളുടെ കണക്ടിവിറ്റി നഷ്ടപ്പെട്ടതായി അറിയിച്ചു. എങ്ങും പരിഭ്രാന്തി പടർന്നു. ലോകം ആശങ്കയിലായി.
കണ്ഠമിടറി ദൈഫുല്ല, നിശ്ശബ്ദമായി സഭ
വ്യോമാക്രമണം കൊടുമ്പിരികൊള്ളുകയാണെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങി. കര മുന്നേറ്റം വ്യാപിപ്പിക്കുകയാണെന്ന ഐ.ഡി.എഫിന്റെ അറിയിപ്പും വന്നു. ഗസ്സ സിറ്റിയിലുള്ളവർ ഉടൻ തെക്കോട്ട് മാറണമെന്ന ഭീഷണിയും സൈനിക വക്താവ് ഡാനിയൽ ഹഗാരി മുഴക്കി. വൈദ്യുതി വിഛേദിക്കപ്പെട്ട് ഇരുട്ടിലായ ഗസ്സയുടെ ആകാശം ബോംബിങ്ങിലും മിസൈൽ ആക്രമണത്താലും നിന്ന് തിളച്ചു. താൽകാലിക ഇടവേളക്ക് ശേഷം യു.എന്നിൽ ചർച്ച പുനരാരംഭിച്ചപ്പോൾ ജോർഡൻ പ്രതിനിധി മഹ്മൂദ് ദൈഫുല്ല ഹമൂദ് ഗസ്സയിലെ പുതിയ സംഭവവികാസങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. അടിയന്തരമായി വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ഇത് നമ്മുടെ കേവല ഉത്തരവാദിത്തമല്ല. അത്യഗാധമായ ധാർമികബാധ്യതയാണെ’ന്ന് അദ്ദേഹം വൈകാരികമായി സൂചിപ്പിച്ചു. യു.എന്നിന്റെ സ്ഥാപിത ലക്ഷ്യങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ഗസ്സ നേരിടുന്ന മാനുഷിക ദുരന്തത്തെക്കുറിച്ചും ദൈഫുല്ല വികാരനിർഭരമായി സംസാരിക്കുമ്പോൾ അംഗങ്ങൾ പ്രതികരണമൊന്നുമില്ലാതെ നിശ്ശബ്ദമായി കേട്ടിരുന്നു. പിന്നാലെ നടന്ന വോട്ടിങ്ങിൽ 14 നെതിരെ 120 വോട്ടിന് വെടി നിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസായി. 45 രാഷ്ട്രങ്ങൾ വിട്ടുനിന്നു. ‘നോൺ ബൈൻഡിങ്’ പ്രമേയം ആയതിനാൽ പ്രതീകാത്മക മൂല്യം മാത്രമെ ഈ വിജയത്തിനുണ്ടായിരുന്നുള്ളൂ.
‘‘പടച്ചവനേ, സമാധാനം തരണേ’’
രാത്രി കനക്കുന്തോറും ഗസ്സയിലെന്താണ് സംഭവിക്കുന്നതെന്നറിയാതെ ലോകം മിഴിച്ചുനിന്നു. വ്യാപകമായ വ്യോമ, കര ആക്രമണങ്ങൾ നടക്കുകയാണെന്നും മനുഷ്യർ മരിച്ചുവീഴുകയാണെന്നും ആലംബമില്ലാതെ 23 ലക്ഷം ജനം കിതയ്ക്കുകയാണെന്നുമുള്ള അമൂർത്തമായ വിവരങ്ങൾ മാത്രം മാധ്യമങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇന്റർനാഷനൽ സിം കാർഡുള്ള ഗസ്സക്കാരിൽനിന്നുള്ള ഒറ്റപ്പെട്ട ട്വീറ്റുകളും മറ്റ് സമൂഹ മാധ്യമ സന്ദേശങ്ങളും മാത്രമായിരുന്നു അവിടെ എന്താണ് നടക്കുന്നതെന്നതിനെ കുറിച്ച് ലോകത്തിനുള്ള ആശ്രയം. അത്തരമൊരു സന്ദേശത്തിൽ അഹ്മദ് ഇബ്ര എന്ന ഗസ്സക്കാരൻ കുറിച്ചു: ‘‘ഞങ്ങളുടെ കുടുംബം വടക്കും തെക്കുമായി ശിഥിലമായിരിക്കുന്നു. ആർക്കും ആരെയും കുറിച്ച് ഒന്നുമറിയില്ല. പടച്ചവനേ, സമാധാനം നൽകണേ’’.കൊടിയ വേദനയുടെ രാവിനൊടുവിൽ ഭയം നിറഞ്ഞ പകലിലേക്ക് നേരം വെളുത്തു. അപ്പോഴും ആകാശത്ത് നിന്ന് തീനാമ്പുകൾ പെയ്തുകൊണ്ടിരുന്നു. വേണ്ടപ്പെട്ടവരുടെ വിയോഗത്തിന്റെ വൃഥകളുമായി സെൻട്രൽ ഗസ്സയിലെ അൽഅഖ്സ് മാർടിയേഴ്സ് ഹോസ്പിറ്റലിന് മുന്നിൽ പ്രദേശവാസികൾ പ്രഭാതത്തിൽ ഒത്തുകൂടിയെന്ന് ഈജിപ്തിലെ ‘അൽ അഹ്റാം’ റിപ്പോർട്ട് ചെയ്തു. വിഡിയോ ഫുട്ടേജിൽ നിരവധി മൃതദേഹങ്ങൾ, കൂടുതലും കുട്ടികളുടേത് ബ്ലാങ്കറ്റുകളിൽ പുതപ്പിച്ച് ആശുപത്രി വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നത് കാണാമായിരുന്നു. ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള അൽശാതി അഭയാർഥി ക്യാമ്പിൽനിന്ന് മാത്രം ആ രാത്രിയിൽ 40 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതേ, ക്യാമ്പിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽനിന്ന് ജീവന്റെ തുടിപ്പുകൾ തേടി മനുഷ്യർ പരിഭ്രാന്തരായി പായുന്നത് പിന്നീട് അൽ ജസീറയുടെ ദൃശ്യങ്ങളിലുണ്ടായിരുന്നു. പക്ഷേ, കിട്ടുന്ന ശരീരങ്ങളിലൊന്നും ജീവനുണ്ടായിരുന്നില്ല.
ട്വീറ്റുകൾ, വിലാപങ്ങൾ
ആക്രമണം തുടങ്ങിയ ശേഷം സ്ഥിരമായി ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന മുഹമ്മദ് സമീരിയുടെ ഹാൻഡ്ലിൽനിന്ന് ഇടക്കിടെ സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. ഇന്റർനെറ്റ് വിഛേദിക്കപ്പെട്ട വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം ഏതാണ്ട് 24 മണിക്കൂർ കഴിഞ്ഞ് ഇന്നലെ വൈകീട്ടാണ് സമീരിയുടെ ആദ്യ ട്വീറ്റ് വന്നത്: ‘‘ഇന്റർനെറ്റില്ല. ഒരുതരത്തിലുള്ള വിനിമയ മാർഗങ്ങളുമില്ല. ചില ഈജിപ്ഷ്യൻ നെറ്റ്വർകുകൾക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു’’. കിട്ടിയ ഈജിപ്ഷ്യൻ കണക്ഷനിൽനിന്ന് സമീരിയുടെ ട്വീറ്റുകൾ പിന്നീട് പ്രവഹിച്ചു:
‘‘ലോകം ഞങ്ങളെ തോൽപിച്ചു’’
‘‘ ചിലപ്പോൾ എന്റെ അവസാന ട്വീറ്റ് ആകാം. സലാം’’
‘‘ഇല്ല. ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട്’’.
ഗസ്സയിലെ സ്വതന്ത്ര മാധ്യമപ്രവർത്തക ഹിന്ദ് ഖുദ്രിയുടെ പരിഭ്രാന്തമായ ട്വീറ്റുകൾ പകൽ മുഴുവൻ വന്നുകൊണ്ടേയിരുന്നു.
‘‘എന്റെ കുടുംബം എവിടെയാണെന്ന് അറിയില്ല. എനിക്കെന്റെ ഉമ്മയെയും സഹോദരന്മാരെയും കാണണം. അവർ ജീവിച്ചിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’
‘‘ഫോസ്ഫറസ് ബോംബുകൾ വീഴുകയാണെന്ന് ഞങ്ങളുടെ സഹപ്രവർത്തകൻ പറയുന്നു. ഫോസ്ഫറസ് ശ്വസിക്കുന്നതിൽനിന്ന് കുട്ടികളെ ഒളിപ്പിക്കുകയാണ് അവൻ. അവന് ശ്വാസം മുട്ടുന്നു’’
‘‘ഈ അതിക്രമമെല്ലാം രേഖപ്പെടുത്താൻ ഞങ്ങൾ ബാക്കിയുണ്ടാകുമോ’’‘‘വിദേശത്തുള്ള കൂട്ടുകാരൊക്കെ അവരുടെ കുടുംബങ്ങൾ സുരക്ഷിതരാണോ എന്ന് ചോദിക്കുന്നു. എന്റെ കുടുംബത്തിന്റെ കാര്യം പോലും എനിക്കറിയില്ല. എന്റെ ഹൃദയം നുറുങ്ങുന്നു’’
‘‘ഇതൊക്കെ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്നലെ രാത്രി 11മണി മുതൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോളെനിക്ക് മനസ്സിലായി; അതൊരു കെണിയായിരുന്നു.’’
‘‘ഗസ്സയിലെങ്ങും സ്ഫോടന ശബ്ദം’’
‘‘അൽശാതി ക്യാമ്പിലെ 42 പേർ അൽശിഫ ആശുപത്രിയിൽ മരിച്ചിരിക്കുന്നു. അൽ അഖ്സ ആശുപത്രിയിൽ 25 മൃതദേഹങ്ങൾ’’ . ഈ സന്ദേശത്തിന് ശേഷം ഏഴുമണിക്കൂറിന്റെ മൗനം. ഇന്ത്യൻ സമയം രാത്രി ഒമ്പതുമണിയോടെ ഹിന്ദ് മടങ്ങിയെത്തി:‘‘ഞാൻ വന്നിരിക്കുന്നു. അൽശിഫയിലും അൽശാതിയിലും മറ്റിടങ്ങളിലും പോയിരുന്നു. ’70 കളിലേക്കും ’80 കളിലേക്കും മടങ്ങിയതുപോലെ തോന്നുന്നുവെന്ന് നാട്ടുകാർ പറയുന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.