ഉപരോധത്തിന്റെ ചൂടറിയുന്ന ഇസ്രായേൽ
text_fields‘ബഹിഷ്കരിക്കപ്പെടുന്നു, റദ്ദാക്കപ്പെടുന്നു, ഒറ്റപ്പെടുന്നു: ഗസ്സയിലെ യുദ്ധം കാരണം ഇസ്രായേൽ പുതിയ റഷ്യയാകുമോ?’ എന്ന തലക്കെട്ടോടെ പ്രമുഖ ഇസ്രായേലി ദിനപത്രം ഹാരറ്റ്സ് ഈയിടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഗസ്സക്കുനേരെയുള്ള ആക്രമണം ആരംഭിച്ചശേഷം ഇസ്രായേലിലെ സയണിസ്റ്റ് അനുകൂല കലാകാരന്മാരെ, ചലച്ചിത്ര പ്രവർത്തകരെ ലോക സാംസ്കാരിക സമൂഹം അകറ്റിനിർത്തുകയും ബഹിഷ്കരിക്കുകയും ചെയ്യുന്നതിലെ വേദനയും രോഷവുമാണ് ലേഖനം പങ്കുവെക്കുന്നത്. ഇസ്രായേൽ സ്പോൺസർചെയ്യുന്ന എൽ.ജി.ബി.ടി.ക്യൂ പ്ലസ് ഫിലിം ഫെസ്റ്റിവലിൽനിന്ന് തങ്ങളുടെ സിനിമകൾ പിൻവലിക്കുന്നതായി ഒരു കൂട്ടം സംവിധായകർ പ്രഖ്യാപിച്ചത് അതിന്റെ തുടർച്ചയിൽ വായിക്കണം.
വിവിധ പോരാളി സംഘടനകൾ നടത്തുന്ന സായുധ ചെറുത്തുനിൽപ് ഒരുവശത്ത് ഇസ്രായേലിനെ രാഷ്ട്രീയമായും സാമ്പത്തികമായും വരിഞ്ഞുമുറുക്കുമ്പോൾ, മറുവശത്ത് ലോകമെമ്പാടുമുള്ള ജനാധിപത്യവാദികൾ സയണിസ്റ്റ് ഭീകരതക്കെതിരെ മറ്റൊരു ഉജ്ജ്വല പോർമുഖം തുറക്കുന്നുണ്ട്. സാമ്പത്തികമായും സാംസ്കാരികമായും രാഷ്ട്രീയമായും അക്കാദമികമായുംവരെ ഉപരോധിക്കുക എന്നതത്രെ ആ തന്ത്രം.
ട്രേഡ് യൂനിയനുകൾ, അഭയാർഥി സംഘടനകൾ, പ്രഫഷനൽ അസോസിയേഷനുകൾ, ജനകീയ പ്രതിരോധ സമിതികൾ എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 170 ഫലസ്തീൻ പൗരസമൂഹ സംഘടനകളുടെ കൂട്ടായ്മയായ ബി.ഡി.എസ് (ബോയ്കോട്ട്, ഡൈവസ്റ്റ്മന്റ്, സാങ്ഷൻ)എന്ന അഹിംസാത്മക മുന്നേറ്റമാണ് അതിന് ചുക്കാൻപിടിക്കുന്നത്. 2005ൽ സ്ഥാപിതമായ ബി.ഡി.എസിന് അമേരിക്ക, കാനഡ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, അയർലൻഡ്, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, നെതർലൻഡ്സ് മുതൽ ഇസ്രായേലിൽവരെ പിന്തുണക്കാരുണ്ട്. അധിനിവേശത്തിനെതിരെ അഹിംസയിൽ ഊന്നിയ മുന്നേറ്റമായി സ്വയം അടയാളപ്പെടുത്തുന്നതിനൊപ്പം തങ്ങളുടെ ആശയാടിത്തറ ഇപ്രകാരം അവർ വിശദീകരിക്കുന്നു. ‘ആന്റി സെമിറ്റിസവും ഇസ്ലാമോഫോബിയയും ഉൾപ്പെടെ എല്ലാത്തരം വിവേചനങ്ങളെയും തത്ത്വത്തിൽ എതിർക്കുന്ന, വംശീയവിരുദ്ധ മനുഷ്യാവകാശ പ്രസ്ഥാനമാണ് ബി.ഡി.എസ്’.
ഇന്ത്യയിലെ കൊളോണിയൽവിരുദ്ധ പോരാട്ടങ്ങൾ, ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ മുന്നേറ്റം, അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ നേതൃത്വത്തിൽ 1960കളിൽ ശക്തിയാർജിച്ച പൗരാവകാശ പ്രസ്ഥാനം എന്നിവയിൽനിന്നാണ് തങ്ങൾ മുഖ്യമായും ഊർജം ഉൾക്കൊള്ളുന്നതെന്ന് ബി.ഡി.എസ് വ്യക്തമാക്കുന്നു.
ഇന്ത്യ സംഭാവനചെയ്ത പോർമുഖം
ഫലസ്തീനു നേരെയുള്ള ഇസ്രായേൽ അധിനിവേശത്തിനെതിരെ തുടക്കം മുതലേ ശക്തമായ നിലപാടെടുത്തവരാണ് ഇന്ത്യൻ ജനത. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കളിലൂടെയും ഇന്ത്യൻ നാഷനൽ കോൺഗ്രസിലൂടെയും ആ നിലപാട് 1930കളിൽതന്നെ ലോകം കേൾക്കുകയുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഫലസ്തീനുവേണ്ടി ഉച്ചത്തിൽ സംസാരിക്കുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിൽ ഇന്ത്യയുണ്ടായിരുന്നു.
ഏഷ്യൻ രാജ്യങ്ങൾ പൊതുവെ ഫലസ്തീനൊപ്പം 1930കളിലും 40കളിലും ശക്തമായി നിലയുറപ്പിക്കാനുള്ള കാരണം, അവരിൽ മിക്കവരും ബ്രിട്ടീഷ് അധിനിവേശത്തിന്റെ കെടുതികൾ അനുഭവിച്ചതുകൊണ്ടും കൊളോണിയിൽ വിരുദ്ധ പോരാട്ടമുഖത്ത് ആയതുകൊണ്ടുമാണെന്ന് നിരീക്ഷിക്കുന്നുണ്ട് എം.എസ്. അഗ്വാനി തദ്വിഷയത്തിലുള്ള ഒരു പ്രബന്ധത്തിൽ. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അമ്പതാം സമ്മേളനത്തെ (1937) അഭിസംബോധന ചെയ്ത് നെഹ്റു പറഞ്ഞത് ഉദ്ധരിക്കുന്നുണ്ട്, അതിപ്രകാരമാണ്. ‘ഫലസ്തീനിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ അറബ് ജനതയുടെ പോരാട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടംപോലെ തന്നെ മഹത്തായ ലോകസമരങ്ങളുടെ ഭാഗമാണ്’.
അറബ് ജനതക്കുമേൽ ജൂതരെ കുടിയിരുത്തുന്നത് മാനവിക വിരുദ്ധമാണെന്ന ഗാന്ധിജിയുടെ 1938 ൽ ‘ഹരിജനി’ലെ വാചകം ഇന്നും ആവർത്തിച്ച് ഉദ്ധരിക്കപ്പെടുന്നതാണ്. ലോകമെമ്പാടുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ഇന്നും ആശയ പിൻബലമായി വർത്തിക്കുന്ന ഒന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം. മഹാത്മാ ഗാന്ധിയിലൂടെ ഇന്ത്യ ലോകത്തിന് സമ്മാനിച്ച വിമോചന ആശയങ്ങളായിരുന്നു അഹിംസ, നിസ്സഹകരണം, സത്യഗ്രഹം, സ്വദേശി, നിയമലംഘനം തുടങ്ങിയവ. അതിൽതന്നെ അധിനിവേശ ഭരണകൂടത്തിന് കടുത്ത ആഘാതം സൃഷ്ടിച്ച സമരമുറയായിരുന്നു വിദേശ ഉൽപന്ന ബഹിഷ്കരണം. ചർക്ക ഇന്ത്യൻ ദേശീയതയുടെ ബിംബമായി മാറുന്നത് അങ്ങനെയാണ്.
1930കളുടെ ആരംഭത്തിൽ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യൻ ജനത ശക്തമായ സമരം നയിക്കുന്ന ഘട്ടത്തിൽതന്നെയാണ് അതിനു സമാനമായി നികുതി ബഹിഷ്കരണം, പണിമുടക്ക്, സത്യഗ്രഹ സമരങ്ങൾ തുടങ്ങിയ അഹിംസാ സമരമുറകൾ ഫലസ്തീനിലെ പോരാളികൾ ബ്രിട്ടീഷ് അധിനിവേശത്തിനും സയണിസ്റ്റ് കുടിയേറ്റ കോളനീകരണത്തിനുമെതിരെ പ്രയോഗിക്കുന്നത്. ബ്രിട്ടന്റെ സൈനിക-സാമ്പത്തിക പിന്തുണയോടെ സയണിസ്റ്റ് ഇൻസർജൻസി ഗ്രൂപ്പുകൾ തദ്ദേശീയ ജനതക്കെതിരെ വ്യാപക ആക്രമണങ്ങൾ അഴിച്ചുവിട്ടുതുടങ്ങിയപ്പോൾ മാത്രമാണ് പരിമിത തോതിലെങ്കിലും സായുധ ചെറുത്തുനിൽപിലേക്ക് അവർ പ്രവേശിക്കുന്നത്.
ബഹിഷ്കരണം, പിൻവലിപ്പിക്കൽ, ഉപരോധം
ഇസ്രായേലിന്റെ- ഇസ്രായേലിനെ പിന്തുണക്കുന്ന കമ്പനികളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക, അതിനായി കാമ്പയിൻ നടത്തുക എന്നതാണ് ബി.ഡി.എസ് ബഹിഷ്കരണം (boycott) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്രായേലിൽനിന്നും ഇസ്രായേലിന്റെ വംശീയ വിവേചനത്തെ പിന്തുണക്കുന്ന അന്താരാഷ്ട്ര കമ്പനികളിൽനിന്നും നിക്ഷേപം പിൻവലിക്കാനും അവക്കുള്ള ഫണ്ടുകൾ നിർത്തലാക്കാനും ബാങ്കുകൾ, പ്രാദേശിക കൗൺസിലുകൾ, പെൻഷൻ ഫണ്ടുകൾ, സർവകലാശാലകൾ എന്നിവയെ സമ്മർദപ്പെത്തുക എന്നതാണ് പിൻവലി(പ്പി)ക്കുക (divestment)എന്നതിനർഥം.
ഫലസ്തീന് നേരെയുള്ള ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിലുള്ള നിയമപരമായ ഉത്തരവാദിത്തം നിറവേറ്റാനും അവരുമായുള്ള സൈനിക- വ്യാപാര കരാറുകളും അവസാനിപ്പിക്കാനും യു.എൻ, ഫിഫ പോലുള്ള അന്താരാഷ്ട്ര വേദികളിൽ ഇസ്രായേലിന്റെ അംഗത്വം റദ്ദാക്കാനും ലോകരാഷ്ട്രങ്ങളെ സമ്മർദപ്പെടുത്തുക എന്നതാണ് ഉപരോധം (Sanction) കൊണ്ട് അർഥമാക്കുന്നത്. ബഹിഷ്കരണം, നിസ്സഹകരണം തുടങ്ങിയ ഗാന്ധിയൻ ആശയങ്ങളുടെ പ്രയോഗവത്കരണമാണ് യഥാർഥത്തിൽ ബി.ഡി.എസ് നിർവഹിക്കുന്നത് എന്ന് വ്യക്തം.
ചിതറരുത്, ഉന്നം കൃത്യമാകണം
ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക എന്ന ആഹ്വാനത്തോടെ ഉൽപന്നങ്ങളുടെ ലോഗോ സഹിതം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന നീണ്ട ലിസ്റ്റ് ഫലപ്രദമാകില്ല എന്നുമാത്രമല്ല നിഷ്ഫലവുമാണ് എന്ന പക്ഷക്കാരാണ് ബി.ഡി.എസ്. അതിനുപകരം, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ചുരുക്കം കമ്പനികളെയും ഉൽപന്നങ്ങളെയും കൃത്യമായി ഉന്നംവെച്ച് ബഹിഷ്കരണ കാമ്പയിൻ നടത്തി പരമാവധി ആഘാതം സൃഷ്ടിക്കുക എന്നതാണ് അവരുടെ സ്ട്രാറ്റജി. എവിടെ, എങ്ങനെ പ്രഹരിച്ചാൽ ഇസ്രായേലിനും അവരെ പിന്തുണക്കുന്നവർക്കും വേദനിക്കും എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം.
നിശ്ചിത ഉൽപന്നങ്ങളെയും ബ്രാൻഡുകളെയും കൃത്യമായി ലക്ഷ്യംവെച്ചുള്ള കാമ്പയിനാണ് (Consumer boycott targets) സീമെൻസ്, പ്യൂമ അടക്കമുള്ള കമ്പനികൾക്കെതിരെ നടപ്പാക്കിയത്. അതേസമയം, ഇസ്രായേലിനെ സാങ്കേതികമായി പിന്തുണച്ചുപോരുന്ന ഗൂഗ്ൾ, ആമസോൺ, ഡിസ്നി പോലുള്ള കമ്പനികൾക്കെതിരെ സമ്മർദ തന്ത്രമാണ് (Pressure (non-boycott) targets) നടപ്പാക്കുന്നത്. ഗൂഗ്ൾ പോലുള്ളവക്കെതിരായ ബഹിഷ്കരണ സമരം ഫലവത്താകില്ല എന്നതുതന്നെ കാരണം.
ബി.ഡി.എസ് ഇന്ത്യയിൽ
ബി.ഡി.എസ് നാഷനൽ കമ്മിറ്റി (ബി.എൻ.സി), ദി കമ്മിറ്റി ഫോർ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ, ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ, ഇന്ത്യൻ കാമ്പയിൻ ഫോർ അക്കാദമിക് ആൻഡ് കൾചറൽ ബോയ്കോട്ട് ഓഫ് ഇസ്രായേൽ എന്നിവർ സംയുക്തമായി 2010 സെപ്റ്റംബറിൽ ഡൽഹിയിൽ ‘എ ജസ്റ്റ് പീസ് ഫോർ ഫലസ്തീൻ’ എന്ന തലക്കെട്ടിൽ സമ്മേളനം സംഘടിപ്പിച്ചു. ഇസ്രായേലുമായുള്ള സൈനികസഹകരണം നിർത്തലാക്കാനും ഫലസ്തീൻ വിഷയത്തിൽ രാജ്യത്തിന്റെ പൂർവനിലപാടിലേക്ക് തിരിച്ചുപോകാനും ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചാണ് സമ്മേളനം സമാപിച്ചത്.
ബഹിഷ്കരണത്തിന്റെ ചൂട്
2018ലാണ് അന്താരാഷ്ട്ര കായിക ഉൽപന്ന ഭീമനായ പ്യുമ ഇസ്രായേൽ ഫുട്ബാൾ അസോസിയേഷനുമായി (ഐ.എഫ്.എ) സ്പോൺസർഷിപ് കരാറിൽ ഏർപ്പെടുന്നത്. ഉടൻതന്നെ പ്യൂമക്കെതിരെ ബി.ഡി.എസ് ബഹിഷ്കരണ കാമ്പയിന് തുടക്കം കുറിച്ചു. ഇപ്പോൾ ഐ.എഫ്.എയുമായുള്ള കരാർ റദ്ദാക്കിയതിന് നിലവിലെ സംഘർഷവുമായി ബന്ധമില്ല എന്ന് പ്യൂമ വാദിക്കുന്നുണ്ടെങ്കിലും ലോകവ്യാപക ബഹിഷ്കരണത്തിന്റെ ചൂട് അറിഞ്ഞതുതന്നെയാണ് യഥാർഥ കാരണം.
റാൻഡ് കോർപറേഷന്റെ പഠനം പറയുന്നത് ബി.ഡി.എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ അഹിംസാത്മക സമരംകൊണ്ട് മാത്രം ഈ സാമ്പത്തിക വർഷം ഇസ്രായേലിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഏകദേശം 15 ബില്യൺ ഡോളറിന്റെ നഷ്ടം (3.4 ശതമാനം) ഉണ്ടാക്കുമെന്നാണ്. ഇപ്പോഴത്തെ സംഘർഷത്തിനുശേഷം ഇസ്രായേലിലെ വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടും പറയുന്നു. എന്നാൽ, ഇസ്രായേലിന്റെ സാമ്പത്തിക ഘടന അത്രമേൽ വിപുലമായതുകൊണ്ട് അതിരുകവിഞ്ഞ അവകാശവാദങ്ങൾക്ക് തങ്ങളില്ലെന്നാണ് ബി.ഡി.എസിന്റെ നിലപാട്.
ഇസ്രായേൽ ഭരണകൂടം തുടക്കംമുതലേ ബി.ഡി.എസ് കാമ്പയിനുകളെ തകർക്കാൻ എല്ലാ ശ്രമവും നടത്തിവരുന്നുണ്ട്. ബഹിഷ്കരണത്തെ അനുകൂലിക്കുന്ന വ്യക്തികൾ ഇസ്രായേലിൽ പ്രവേശിക്കുന്നത് വിലക്കുന്ന നിയമം 2017ൽ അവർ പാസാക്കി. ബഹിഷ്കരണങ്ങളും ഫലസ്തീനിയൻ അവകാശങ്ങളെ പിന്തുണക്കുന്ന ആക്ടിവിസവും തടയാൻ ലക്ഷ്യമിട്ടുള്ള നിരവധി നിയമനിർമാണ നടപടികൾ അമേരിക്കയിൽ ഇക്കാലയളവിൽ നടപ്പാക്കിയിട്ടുണ്ട്.
അമേരിക്കയിലെ 27 സംസ്ഥാനങ്ങളും ഫ്രാൻസ്, ബ്രിട്ടൻ അടക്കമുള്ള രാഷ്ട്രങ്ങളും ബി.ഡി.എസ് വിരുദ്ധ നിയമം നടപ്പാക്കി എന്നുകൂടി അറിയുമ്പോഴാണ് ഈ അഹിംസ സമരം ഇസ്രായേലിനും സാമ്രാജ്യത്വത്തിനും സൃഷ്ടിക്കുന്ന തലവേദനയുടെ ആഴമറിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.