Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവിക്ഷേപണ വിജയത്തിനു...

വിക്ഷേപണ വിജയത്തിനു പിന്നില്‍ എം.ടി.സി.ആര്‍

text_fields
bookmark_border
വിക്ഷേപണ വിജയത്തിനു പിന്നില്‍ എം.ടി.സി.ആര്‍
cancel

ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് 104 കൃത്രിമോപഗ്രഹങ്ങളെ ഒറ്റ ദൗത്യത്തില്‍ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചതിന്‍െറ ആഹ്ളാദാരവങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ലോകത്ത് ബാഹ്യാകാശ പര്യവേക്ഷണങ്ങളില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ശക്തി രാഷ്ട്രങ്ങളെപ്പോലും പിന്തള്ളി ഇന്ത്യ എങ്ങിനെ ഈ വന്‍നേട്ടം കൈപ്പിടിയിലൊതുക്കി ? അടുത്തിടെയായി പരാജയം എന്തെന്നറിയാതെ ഒന്നിനു പിറകെ ഒന്നായി ബഹിരാകാശം കീഴടക്കുന്ന ഐ.എസ്.ആര്‍.യുടെ വന്‍ കുതിപ്പിനു പിന്നില്‍ എന്താണ്?  ബഹിരാകാശ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ രാജ്യങ്ങളെയും വന്‍കിട സ്വകാര്യ കുത്തക കമ്പനികളെയും ഞെട്ടിച്ചു ഇന്ത്യക്കുമേല്‍ അവരെക്കൊണ്ട് അഭിവാദ്യം ചൊരിയാന്‍ പ്രേരിപ്പിച്ച വിക്ഷേപണ സെഞ്ചുറി യുടെ യഥാര്‍ഥ രഹസ്യം എന്താണ്. 


എം.ടി.സി.ആര്‍
2016ല്‍ ഇന്ത്യ ആറ് പി.എസ്.എല്‍.വി വിക്ഷേപണങ്ങള്‍ നടത്തി. 2015ലേതിനേക്കാള്‍ ഇരട്ടിയാണിത്. ഇവിടെയാണ് ആ രഹസ്യം പുറത്തുവരുന്നത്. എം.ടി.സി.ആര്‍. (മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിം). നൂതന മിസൈല്‍ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന വന്‍കിട രാഷ്ട്രങ്ങളുടെ ‘കുത്തക’ ക്ളബ്. വിക്ഷേപണ സാങ്കേതികതയിലെ ഉന്നതകുലജാതരാണ് അതിലെ അംഗങ്ങള്‍. 1987ല്‍ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, കാനഡ എന്നീ (ജി ഏഴ്) രാഷ്ങ്ങ്രളാണ് ഈ കൂട്ടായ്മക്ക് തുടക്കമിട്ടത്.  ആളില്ലാ വിമാനങ്ങളിലൂടെയുള്ള ആണവദൗത്യങ്ങള്‍, 300 കി.മീ ദൂരം വരെ 500 കിലോ ഭാരം വഹിച്ചുകൊണ്ടുള്ള വിക്ഷേപണ ദൗത്യങ്ങള്‍ എന്നിവയുടെ വ്യാപനം നിയന്ത്രിക്കലായിരുന്നു എം.ടി.സി.ആറിന്‍െറ പ്രാഥമിക ലക്ഷ്യം. നിലവില്‍ അത്യാധുനിക വിക്ഷേപണ സാങ്കേതികവിദ്യ സ്വന്തമായിട്ടുള്ള 35 രാഷ്ട്രങ്ങളാണ് എം.ടി.സി.ആറില്‍ അംഗമായിട്ടുള്ളത്. നവീന വിക്ഷേപണ ഉപകരണങ്ങള്‍, അതിനാവശ്യമായ സോഫ്റ്റ്വെയറുകള്‍, അനുബന്ധ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ ഈ കൂട്ടായ്മയുടെ പരിധിയിലാണ്. വിനാശകരമായ ലക്ഷ്യങ്ങള്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കില്ളെന്ന മാര്‍ഗനിര്‍ദേശം പാലിക്കപ്പെടുന്നതിനാല്‍ ഇതില്‍ അംഗമായ രാജ്യങ്ങള്‍ തമ്മില്‍ കയറ്റുമതി- ഇറക്കുമതി സാധ്യതകളുണ്ട്. അതാണ് ഇന്ത്യയുടെ അതിവേഗമുള്ള ബാഹ്യാകാശകുതിപ്പിന് വഴിയൊരുക്കിയത്. അതീവരഹസ്യമാണെങ്കിലും ബഹിരാകാശ സംഘടനയിലെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്. 


2016 ജൂണിലാണ് ഇന്ത്യക്ക് ഈ വന്‍കിട ക്ളബില്‍ അംഗത്വം കിട്ടുന്നത്. അന്നുമുതല്‍ വിക്ഷേപണറോക്കറ്റിന്‍െറ (പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി തുടങ്ങിയവ) കരുത്ത് വര്‍ധിപ്പിക്കുന്ന ബൂസ്റ്റര്‍ സംവിധാനത്തിന്‍െറ ഏറ്റവും പുത്തന്‍ സാങ്കേതികതയും ഇന്ത്യക്ക് സ്വായത്തമായി. കൗണ്ട്ഡൗണ്‍ സീറോയിലത്തെുമ്പോള്‍ റോക്കറ്റിന് കുതിച്ചുയരാനുള്ള ജ്വലനശേഷി  പതിന്മടങ്ങായി വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതികത ആവശ്യമാണ്. മുമ്പ് ഇത്തരം ടെക്നോളജികളുടെ ലഭ്യതക്കുറവ് ഇന്ത്യയുടെ പരീക്ഷണ വിക്ഷേപണങ്ങള്‍ക്ക് കൂടുതല്‍ കാലതാമസം സൃഷ്ടിച്ചിരുന്നു. എം.ടി.സി.ആര്‍ അംഗത്വത്തിലൂടെ നവീന സാങ്കേതികതയും ഉപകരണങ്ങളും എളുപ്പത്തില്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ രണ്ട് വിക്ഷേപണങ്ങള്‍ക്കിടയിലുള്ള കാലയളവ് ഗണ്യമായി കുറഞ്ഞു. വിക്ഷേപണങ്ങളുടെ എണ്ണം കൂടുന്തോറും കൂടുതല്‍ പേടകങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യക്ക് കഴിയും. നിലവില്‍ ബഹിരാകാശ വിപണി 20 ലക്ഷം കോടിയുടേതാണ്. ഭാവിയില്‍ അതിന്‍െറ വലിയൊരു പങ്ക് ഇതിലൂടെ ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 


കുറഞ്ഞ ചെലവ്, വിശ്വസ്യത
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെലവു കുറഞ്ഞ ബഹിരാകാശ വിക്ഷേപണമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു പി.എസ്.എല്‍.വി വിക്ഷേപണത്തിന് 90-100 കോടിയാണ് ചെലവ് കണക്കാക്കുന്നത്.  അതേസമയം, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയാന്‍-5ല്‍നിന്നുള്ള ബഹിരാകാശ വിക്ഷേപണത്തിന് 721 കോടിയും അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സില്‍നിന്നുള്ള ഫാല്‍ക്കണ്‍-9 റോക്കറ്റ് വിക്ഷേപണത്തിന് 500 കോടിയും ചെലവു വരും. ഇന്ത്യക്ക് മംഗള്‍യാന്‍ ദൗത്യത്തിന് 74 ദശലക്ഷം ഡോളര്‍ ചെലവുവന്നപ്പോള്‍ അമേരിക്കയുടെ ചൊവ്വ ദൗത്യത്തിന് ചെലവായത് 671 ദശലക്ഷം ഡോളറാണ്. അടുത്തമാസം നടക്കുന്ന  സാര്‍ക് ഉപഗ്രഹ വിക്ഷേപണത്തിന് 236 കോടിയാണ്  ഇന്ത്യ ചെലവ് കണക്കാക്കിയിരിക്കുന്നത്.


18 വര്‍ഷത്തിനിടെ 22 വിദേശരാജ്യങ്ങളില്‍നിന്നുള്ള 180 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചു കഴിഞ്ഞു. 1999 മേയ് 26ന് കൊറിയയുടെ കിറ്റ്സാറ്റ് -3, ജര്‍മനിയുടെ ഡി.എല്‍.ആര്‍-ടാബ്സാറ്റ് എന്നിവയാണ് ഇന്ത്യ ആദ്യമായി ഭ്രമണപഥത്തിലത്തെിച്ച വിദേശ ഉപഗ്രഹങ്ങള്‍. പി.എസ്.എല്‍.വി -സി 2 റോക്കറ്റില്‍ ഇന്ത്യന്‍ ഉപഗ്രഹമായ ഓഷ്യന്‍സാറ്റിനൊപ്പമായിരുന്നു വിക്ഷേപണം. യു.എസ്.എ, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്,  ഇറ്റലി, ഇസ്രായേല്‍, ഡെന്മാര്‍ക്, അര്‍ജന്‍റീന, ജപ്പാന്‍,  നെതര്‍ലാന്‍ഡ്സ്, തുര്‍ക്കി, ലക്സംബര്‍ഗ്, സിംഗപ്പൂര്‍, കസാഖ്സ്താന്‍, യു.എ.ഇ, ഓസ്ട്രിയ, അള്‍ജീരിയ, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റുകളില്‍ ബഹിരാകാശത്തത്തെിയത്.
ബഹിരാകാശ സാങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയെന്ന ഐ.എസ്.ആര്‍.ഒ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ബംഗളൂരു ആസ്ഥാനമായി 1992 സെപ്റ്റംബര്‍ 28ന് പ്രവര്‍ത്തനമാരംഭിച്ച ആന്‍ട്രിക്സ് കോര്‍പറേഷന്‍ ആണ്. പുതിയ പരീക്ഷണ വിജയങ്ങളോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ ആശ്രയിക്കുകയും കൃത്രിമോപഗ്രഹ വിക്ഷേപണത്തിന്‍െറ ഹബ്ബായി ഇന്ത്യ മാറുകയും ചെയ്യും. 


വീണ്ടും കുതിപ്പിന്
സാധാരണയായി എട്ടു മുതല്‍ 12 വരെ വലിയ സാറ്റലൈറ്റുകളാണ് ഐ.എസ്.ആര്‍.ഒ ഒരു വര്‍ഷം വിക്ഷേപിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് 18 മുതല്‍ 24 വരെയാക്കാനാണ് ലക്ഷ്യം. അടുത്ത പി.എസ്.എല്‍.വി വിക്ഷേപണത്തില്‍ 5,000 കിലോവരെ ഭാരമുള്ള ഉപഗ്രഹം അയക്കാനാണ് ഐ.എസ്.ആര്‍.ഒ തീരുമാനിച്ചിരിക്കുന്നത്. അതിന്‍െറ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ പി.എസ്.എല്‍.വിക്ക് 1,500 കിലോ വരെ ഭാരമുള്ള പേടകങ്ങള്‍ വഹിക്കാനുള്ള ശേഷിയാണുള്ളത്. ഐ.എസ്.ആര്‍.ഒ വഴി ഉപഗ്രഹങ്ങള്‍ ബാഹ്യാകാശത്തത്തെിക്കാന്‍ രാജ്യങ്ങള്‍ ക്യൂവിലാണെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസ്യതയില്‍ പി.എസ്.എല്‍.വി റോക്കറ്റ് കൈവരിച്ച കീര്‍ത്തിയാണ് മറ്റ് രാജ്യങ്ങളെ പേടകവിക്ഷേപണത്തിന് ഇന്ത്യയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം. സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ പുത്തന്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന കാലഘട്ടത്തില്‍ ഐ.എസ്.ആര്‍.ഒക്ക് മുന്നില്‍ മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് തുറക്കുന്നത്. ബുധനാഴ്ച വിക്ഷേപിച്ച 104 കൃത്രിമോപഗ്രഹങ്ങളില്‍ ഭൂരിപക്ഷവും അഞ്ച് കിലോയില്‍ താഴെ ഭാരം വരുന്നവയാണ്. ഇതില്‍ 96ഉം അമേരിക്കന്‍ കമ്പനിയുടേതായിരുന്നു എന്നത് ഐ.എസ്.ആര്‍ഒക്ക് മാറ്റേകുന്ന ഘടകമാണ്. 
 

ഇലോണ്‍ റീവ് മസ്ക്ക്
 


മസ്ക്കിന്‍െറ വെല്ലുവിളി
104 ഉപഗ്രഹങ്ങളെ ഇന്ത്യ ഒറ്റദൗത്യത്തില്‍ ബാഹ്യാകാശത്തത്തെിച്ചപ്പോള്‍ അഭിനന്ദനം ചൊരിഞ്ഞവരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇലോണ്‍ റീവ് മസ്ക്ക്. അമേരിക്കയില്‍ സ്വകാര്യമേഖലയിലെ  വന്‍കിട ബാഹ്യാകാശ വിക്ഷേപണ-പര്യവേക്ഷണ കമ്പനിയായ സ്പേസ് എക്സിന്‍െറ സ്ഥാപക സി.ഇ.ഒ. ബഹിരാകാശ വ്യാപാരത്തിന്‍െറ പുത്തന്‍ സാധ്യതകള്‍ തേടുന്ന ഒറ്റയാന്‍ ടെക്നോക്രാറ്റെന്ന് പേരെടുത്ത മസ്ക്ക്  ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്ന ‘രാജ്യ’മല്ല വ്യക്തിയാണെന്നും  വിശേഷിപ്പിക്കപ്പെടുന്നു. 

2012ല്‍ അവരുടെ ഡ്രാഗണ്‍ പേടകം  അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍(ഐ.എസ്.എസ്) എത്തുകയും തിരിച്ചിറങ്ങുകയും ചെയ്തു. ആ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച മസ്ക്കാണ് ഐ.എസ്.ആര്‍.ഒയുടെ ‘സെഞ്ച്വറി’നേട്ടത്തെ വാനോളം പുകഴ്ത്തി വ്യാഴാഴ്ച ട്വിറ്റര്‍ സന്ദേശമയച്ചത്. എന്നാല്‍, അതിന് പിന്നാലെ വെള്ളിയാഴ്ച മസ്ക്കിന്‍െറ മറ്റൊരു ട്വീറ്റ് എത്തി. അതില്‍ മറഞ്ഞിരിക്കുന്നത് ഒരു വെല്ലുവിളിയാണ്. ഇന്ത്യുടെ കുറഞ്ഞചെലവിലുള്ള റോക്കറ്റ് വിക്ഷേപണത്തിനെതിരായ വെല്ലുവിളി. ‘‘അടുത്തയാഴ്ച സ്പേസ് എക്സിന്‍െറ ഒരു റോക്കറ്റ് അപ്പോളൊ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് കുതിച്ചുയരും.  അതേ റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറക്കും’’ മസ്ക്കിന്‍െറ സന്ദേശത്തില്‍ പറയുന്നു. റോക്കറ്റ് വിക്ഷേപണ സാങ്കേതിക വിദ്യയിലെ വന്‍ കുതിച്ചുചാട്ടമായാണ് പുനരുപയോഗിക്കാവുന്ന റോക്കറ്റിനെ കാണുന്നത്. വിക്ഷേപണച്ചെലവ് പതിന്മടങ്ങ് കുറക്കുന്നതുമാണ് ഈ സാങ്കേതിക വിദ്യ. അത് സ്വന്തമായാല്‍ ലോകരാജ്യങ്ങള്‍ വിക്ഷേപണത്തിന് സ്പേസ് എക്സിലേക്കാണ് തിരിയുക. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഇന്ത്യയുടെ പുനരുപയോഗ റോക്കറ്റ് സാങ്കേതികവിദ്യയായ ‘അവതാര്‍’ പൂര്‍ത്തിയാകാന്‍ ഇനിയും ഒമ്പതുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. അപ്പോഴേക്കും സ്പേസ് എക്സ് ബഹിരാകാശ വിപണിയില്‍ മറ്റുള്ളവരെ പിന്തള്ളി കുതിപ്പ് തുടങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroelon muskpslv last launchpslv rocket
News Summary - ISRO launches 104 satellites in one go, creates history
Next Story