കെ െറയിൽ എന്ന കൊല െറയിൽ
text_fieldsനിർദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്തെ 11 ജില്ലകളിൽ ജനകീയ പ്രക്ഷോഭം തുടരുകയാണ്. 2017 ജനുവരിയിൽ കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ സ്ഥാപിച്ചുകൊണ്ട് പിണറായി സർക്കാർ തുടക്കമിട്ട പദ്ധതിക്കെതിരെ ഇത്രമേൽ ജനകീയ രോഷം ഉയരുന്നതിെൻറ കാരണെമന്താണ്? കെ റെയിൽ സമരഭൂമിയിലൂടെ സഞ്ചരിച്ച് മാധ്യമം പ്രതിനിധി തയാറാക്കിയ റിപ്പോർട്ട്
കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലെ കടലൂർ ദേശം. പേര്പോലെ തന്നെ അറബിക്കടലിലേക്ക് ഇറങ്ങി നിൽക്കുകയാണ് ഈ കടലോര ഗ്രാമം. ഈ നാട് ഒന്നാകെ ഇെന്നാരു ആധിയിലാണ്. വീടുകളിൽ അമ്മമാർക്ക് ഉറക്കമില്ലാത്ത രാത്രികൾ. മണലാരണ്യത്തിൽ ചോര നീരാക്കിയും തിരമാലകളോട് മല്ലിട്ടും കെട്ടിപ്പടുത്ത വീടുകൾ അന്യാധീനപ്പെടുമോ എന്ന ആശങ്ക.
റോഡും റെയിലും കടലും ചേർന്ന് എപ്പോഴും വികസിച്ചുകൊണ്ടിരിക്കുേമ്പാൾ ഞെങ്ങിഞെരുങ്ങി പുകയിലത്തണ്ടുപോലെ ചുരുങ്ങിക്കൊണ്ടേയിരിക്കുകയാണ് ഈ ദേശം. ദേശീയ പാതക്കും അറബിക്കടലിനുമിടയിൽ ഒരുകിലോമീറ്റർ മാത്രം വീതിയിലാണെങ്കിലും ഇവിടേക്ക് ഒന്നിനു പിന്നാലെ ഒന്നായി 'വികസനപദ്ധതികൾ' തേടിയെത്തും. വീതികൂടി വികസിക്കാൻ പോകുന്ന ദേശീയ പാത, ഇന്നല്ലെങ്കിൽ നാളെ എന്ന് പറഞ്ഞ് കാത്തിരിക്കുന്ന ചെങ്ങോട്ട്കാവ് - നന്തി ബൈപ്പാസ്, കേരളത്തിെൻറ തെക്ക് വടക്ക് റോഡ്ഗതാഗതം എളുപ്പമാക്കാനുള്ള തീരദേശ പാത... കേരളം സ്വപ്നംകാണുന്ന ഭാവി പദ്ധതികൾക്കായി വീടിെൻറ മുറ്റങ്ങളിൽ സ്ഥാപിച്ച സർവേ കല്ല് നോക്കി, സർക്കാർ അധീനത്തിലായിപോയ ഭൂമി ഏറ്റെടുത്താൽ കിട്ടുന്ന നഷ്ടപരിഹാരത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട് ഈ പ്രദേശങ്ങളിൽ. ഇതുവഴി കടന്നുപോവുന്ന റെയിൽ പാതയുടെ ഡബ്ളിങ്ങിനായി വർഷങ്ങൾക്ക് മുമ്പ് ഭൂമി വിട്ടുനൽകിയവരുമുണ്ടിവിടെ.
ഇന്നിവർ കേരള സർക്കാറിെൻറ മറ്റൊരു വികസന പദ്ധതി കൂകിപ്പാഞ്ഞ് വരുന്നത്കണ്ട് അങ്കലാപ്പിലാണ്. വികസനം വീട്ടുപടിക്കൽ എത്തുമെന്ന ജനപ്രിയ രാഷ്ട്രീയ മുദ്രാവാക്യത്തിന് മുന്നിൽ ജീവിതം വീണ്ടും വഴിമുട്ടുകയാണിവിടെ. കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനമൊന്നാകെ നിരോധനാജ്ഞ പ്രഖ്യാപിച്ച്, മനുഷ്യരെല്ലാം രോഗവ്യാപനത്തിെൻറ ഭീതിയിൽ വീട്ടിൽ അടച്ചിരിക്കുന്ന സെപ്റ്റംബറിലെ ഒരു നട്ടുച്ചവെയിലിൽ ഈ ഗ്രാമീണമണ്ണിൽ 'വികസനം' ഒളിഞ്ഞെത്തി.
ഇടവഴികൾ നിറഞ്ഞ, റോഡ് സൗകര്യമില്ലാത്ത നാരങ്ങോളികുളത്തെ ഒരു വീട്ടുപറമ്പിലായിരുന്നു ഏതാനും ഇതരസംസ്ഥാന തൊഴിലാളികൾ 'വികസനത്തിെൻറ' കുറ്റിയടിക്കാനെത്തിയത്. കോൺക്രീറ്റ് മിശ്രിതവും കമ്പികളും തൂമ്പയുമായി മതിൽചാടികടന്നെത്തിയവർ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ കുഴിയെടുപ്പും മറ്റുമായി പണിതുടങ്ങി. വീട്ടുപറമ്പിൽ അപരിചിതരെ കണ്ട സ്ത്രീകളാണ് രഹസ്യമായെത്തിയ 'വികസനം' ആദ്യമറിഞ്ഞത്. അവർ വിളിച്ചുപറഞ്ഞതറിഞ്ഞ് ക്ഷണനേരത്തിൽ നാട്ടുകാരും സംഘടിച്ചു. അപ്പോഴാണ് പുതുവികസനത്തിെൻറ കുറ്റിയടിയെ കുറിച്ച് ആ നാട്ടുകാരറിയുന്നത്.
തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് നാല് മണിക്കൂറിലെത്താനുള്ള കേരള സർക്കാറിെൻറ സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിെൻറ (കെ റെയിൽ) കുറ്റിയടിയായിരുന്നു അത്. ലിഡാർ സർവേയും ടോപോഗ്രഫിക്കൽ സർവേയും കഴിഞ്ഞ് കല്ലിട്ട് അതിർത്തി ഉറപ്പിക്കാനായിരുന്നു ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ തൊഴിലാളികളുടെ വരവ്. അവർ കല്ലിടും മുേമ്പ നാട്ടുകർ ഇടപെട്ടു. അതേ ദിവസങ്ങളിൽ പ്രദേശത്തെ മറ്റു ഭാഗങ്ങളിൽ സ്ഥാപിച്ച കല്ലുകൾ, കമ്പനിയുടെ തൊഴിലാളികളെക്കൊണ്ടുതന്നെ ഇളക്കി എറിയിച്ച നാട്ടുകാർ ഇവരെയുംകൊണ്ട് പഞ്ചായത്ത് ഓഫിസിലെത്തി. പഞ്ചായത്ത് അധികൃതരോ റവന്യൂ ഉദ്യോഗസ്ഥരോ അറിയാതെയായിരുന്നു സ്വകാര്യ ഭൂമിയിൽ കടന്നുകയറിയുള്ള കല്ലിടൽ കർമങ്ങളെല്ലാം.
ഇതൊരു തീപ്പൊരിയായിരുന്നു. ആ തീപ്പൊരി ആളിപ്പടർന്നു പിടിക്കുകയാണിപ്പോൾ. കെ െറയിൽ കടന്നുപോവുന്ന 11 ജില്ലകളിലും കക്ഷിരാഷ്ട്രീയഭേദമന്യേ ജനകീയ പ്രതിരോധ സമിതികൾ ഉയർന്നുതുടങ്ങി. തുടർദിവസങ്ങളിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർവേക്കെത്തിയ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടഞ്ഞു തിരിച്ചയച്ചു. കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ 8000-10,000 വരെ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ മൂർധന്യാവസ്ഥയിലും രോഗഭീതിയെല്ലാം മറന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തെരുവിലേക്കിറങ്ങാൻ തുടങ്ങി.
കോഴിക്കോട് ജില്ലയിലെ കാട്ടിൽപ്പീടികയും നന്തിയും വടകര ചേറോടും പത്തനംതിട്ടയിലെ ഇരവിപേരൂരും കോട്ടയത്തെ കടുത്തുരുത്തിയും തിരുവനന്തപുരത്തെ പലകേന്ദ്രങ്ങളും പ്രതിഷേധവഴികളിലേക്ക് നീങ്ങി തുടങ്ങി. 2021 ജനുവരി ഒമ്പതിന് അനിശ്ചിതകാല സമരം 100 ദിനം പിന്നിട്ടുകഴിഞ്ഞ കാട്ടിൽപ്പീടികയിലെ സത്യഗ്രഹ പന്തൽ കെ െറയിൽ വിരുദ്ധ സമരങ്ങളുടെ ഊർജകേന്ദ്രമായി മാറുകയാണ്. സർവേ നടപടികൾ 95 ശതമാനവും പൂർത്തിയാക്കിയ സർക്കാർ, ഭൂമി അടയാളപ്പെടുത്തൽ നടപടികളുമായി രംഗത്തിറങ്ങുേമ്പാൾ എന്ത് വിലകൊടുത്തും തടയാനും പദ്ധതി ഉപേക്ഷിക്കുംവരെ സമരപോരാട്ടങ്ങൾ തുടരാനുമുള്ള അഗ്നിപടരുകയാണ് ഇവിടെനിന്ന്.
ഹൈസ്പീഡിൽനിന്ന് സെമി ഹൈസ്പീഡിലേക്ക്
കേരളത്തിന് പുതുമയുള്ള കാര്യമല്ല അതിവേഗ റെയിൽ. മാറിമാറി വരുന്ന സർക്കാറുകൾ മുന്നോട്ട്വെക്കുകയും ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാവുേമ്പാൾ പ്രായോഗികമല്ലെന്ന് മനസ്സിലാക്കി പിൻവലിക്കുകയും ചെയ്യുന്ന വികസനനാടകം. 2009ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിെൻറ അതിവേഗ സ്വപ്നങ്ങൾ തളിരിടുന്നത്. ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതി പക്ഷേ, പ്രാഥമിക ആസൂത്രണത്തിനപ്പുറം മുന്നോട്ട് പോയില്ല. പദ്ധതിക്കു പിന്നിലെ കച്ചവടക്കണ്ണും പരിസ്ഥിതി ആഘാതവും അഴിമതി സാധ്യതയും മനസ്സിലാക്കിയ മുഖ്യമന്ത്രി താൽപര്യമെടുത്തില്ലെന്നതായിരുന്നു യാഥാർഥ്യം.
പിന്നീട് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുകയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ വേഗറെയിൽ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്കായിരുന്നു ആ പാത. 571 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂർ വേഗത്തിലെത്തുമെന്ന വാഗ്ദാനം. മെട്രോമാൻ ഇ. ശ്രീധരെൻറ നേതൃത്വത്തിൽ ഡി.എം.ആർ.സി വിശദമായ പഠനം നടത്തി പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിക്കുകയും ചെയ്തു. കേരളത്തിെൻറ ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നത്തിന് 1.27 ലക്ഷം കോടിയായിരുന്നു ചെലവ് കണക്കാക്കിയത്. പിന്നാലെ, പാതയുടെ അലൈൻമെൻറ് പൂർത്തിയാക്കുകയും സർവേ നടപടികളും ഭൂമി അടയാളപ്പെടുത്തലുമായി സർക്കാർ അതിവേഗം തന്നെ മുന്നോട്ട് പോയി. പിന്നീടാണ് നാടൊന്നാകെ പ്രക്ഷോഭം ആരംഭിക്കുന്നത്. ഇടതുപക്ഷ യുവജനസംഘടനകളും പരിസ്ഥിതി പ്രവർത്തകരും ഇരകളുടെ ചെറുത്തുനിൽപിന് മുന്നിൽ നിന്നു. പ്രശാന്ത് ഭൂഷൺ, കിരൺ ബേദി, മേധാപട്കർ, മഹാേശ്വതാ ദേവി തുടങ്ങിയ ദേശീയ പ്രമുഖർ സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി വിവിധ വേദികളിലെത്തി. പൊതുജനവികാരം എതിരായതോടെ ഗത്യന്തരമില്ലാതെ 2014 മാർച്ചിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.
രണ്ടു വർഷം അതിവേഗത്തിെൻറ ബഹളങ്ങളൊന്നുമില്ലായിരുന്നു. കേരളത്തിൽ ഭരണം മാറി. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതോടെ അതിവേഗം വീണ്ടും പൊടിതട്ടിയെടുത്തു. ഇക്കുറി അതിവേഗത്തിൽനിന്നും അർധഅതിവേഗത്തിലായി പദ്ധതി. കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിനു പകരം, 2017 ജനുവരിയിൽ കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) സ്ഥാപിച്ചായിരുന്നു പദ്ധതികളുടെ തുടക്കം. രണ്ടു വർഷങ്ങൾ ഡി.പി.ആർ പഠനവും മറ്റുമായി ഇഴഞ്ഞു നീങ്ങിയ പദ്ധതി 2019ലാണ് കൂടുതൽ കരുത്താർജിക്കുന്നത്.
എന്താണ് കെ െറയിൽ?
റോഡ് മാർഗവും റെയിൽ മാർഗവും ഓടിയെത്താൻ 14 മണിക്കൂർ വേണ്ട ദൂരം വെറും നാല് മണിക്കൂറിൽ (3 മണിക്കൂർ 52മിനിറ്റ്) ചീറിപ്പാഞ്ഞ് എത്തുക. സ്വപ്ന സുന്ദരമാണ് പദ്ധതി. തിരുവനന്തപുരം കൊച്ചുവേളിയിൽനിന്ന് കാസർകോട് വരെ 531.45 കി.മീ. ദൂരം. 11 ജില്ലകളിലൂടെ കടന്നുപോവുന്ന അർധ അതിവേഗ റെയിലിന് 11 സ്റ്റോപ്പുകൾ (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്). 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനിന് ഒമ്പത് കോച്ചുകൾ.
ഡി.പി.ആർ പ്രകാരം 2025-26 ഓടെ പൂർത്തിയാക്കുന്ന പദ്ധതിക്ക് 66,079 കോടി രൂപ ചെലവ്. ഓരോ ദിവസവും ഈ ഗതാഗത സംവിധാനം ഉപയോഗിച്ച് 79,934 പേർ യാത്രചെയ്യുമെന്ന് അവകാശവാദം. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് 1383 ഹെക്ടർ. 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. ഇതിൽ 145 ഹെക്ടർ നെൽപാടങ്ങൾ. റെയിൽവേയുടെ അധീനതയിലുള്ള 185 ഹെക്ടർ കൂടി ചേരുന്നതോടെ സ്വപ്ന പദ്ധതിക്കുള്ള ഭൂമിയായി. തിരുവനന്തപുരം മുതൽ തിരൂർ തിരുനാവായവരെ ജനവാസമേഖലകളും നെൽവയലുകളും നഗരങ്ങളുമായി പുതിയ വഴികളിലൂടെയും, തുടർന്ന് കാസർകോട് വരെ റെയിൽവേയോട് ഓരം ചേർന്നുമാണ് സംസ്ഥാന മന്ത്രിസഭ ഭരണാനുമതി നൽകിയ അലൈൻമെൻറ് പ്രകാരം കെ െറയിലിെൻറ സഞ്ചാരപാത.
പദ്ധതിയുടെ ഉടമസ്ഥരായ കെ െറയിൽ വികസന കോർപറേഷൻ വ്യക്തമാക്കുന്നത് പ്രകാരം അടങ്കൽ തുകയായ 66,079 കോടിയിൽ 28 ശതമാനം സംസ്ഥാന സർക്കാറിെൻറയും (18,760 കോടി), 20 ശതമാനം കേന്ദ്ര സർക്കാറും റെയിൽവേയും (13,400 കോടി) ബാക്കി 52 ശതമാനം (34,320 കോടി) വിവിധ വിദേശ ധനകാര്യ ഏജൻസികളിൽനിന്നും വായ്പയായും സമാഹരിക്കാനാണ് നീക്കം. എന്നാൽ, അടങ്കൽ തുക ഇരട്ടിയോളം വരുമെന്ന് (1.33 ലക്ഷം കോടി രൂപ) വെളിപ്പെടുത്തുന്നത് കേന്ദ്ര സർക്കാറിനു കീഴിലെ 'നിതി ആയോഗ്' ആണ്. ചുരുക്കത്തിൽ ആരുടെയൊക്കെയോ കൈകളിലെ കോടികളിൽ മനക്കോട്ടകെട്ടിയാണ് സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിക്ക് പാളമിടാൻ ഒരുങ്ങുന്നത്.
മോഹന വാഗ്ദാനങ്ങൾ
വികസനത്തിെൻറ കേരള മോഡൽ എന്ന് കൊട്ടിഗ്ഘോഷിച്ചാണ് സംസ്ഥാന സർക്കാർ കെ െറയിൽ പദ്ധതിയെ അവതരിപ്പിക്കുന്നത്. തെക്ക് മുതൽ വടക്കേ അറ്റംവരെ പശ്ചിമഘട്ടത്തിന് പടിഞ്ഞാറായി നീണ്ടുകിടക്കുന്ന സംസ്ഥാനത്തിെൻറ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുമെന്നും, തലസ്ഥാന നഗരിയും വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയും തമ്മിലെ 'അകലം' കുറയുമെന്നുമെല്ലാം വാഗ്ദാനം തുടരുന്നു. ടൂറിസത്തിൽ കുതിച്ചുചാട്ടം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളുടെ രാജ്യാന്തര നിലവാരത്തിലേക്കുള്ള വളർച്ച, വ്യവസായ വാണിജ്യ രംഗത്തേക്ക് കുതിച്ചുചാട്ടം, അഞ്ച് പുതിയ ടൗൺഷിപ്പുകൾ, സ്റ്റേഷനുകൾതോറും ചെറു സ്മാർട്ട്സിറ്റികൾ... എന്നിങ്ങനെ നീളുന്നു മോഹന വാഗ്ദാനങ്ങൾ.
പൂർണമായും സൗരോർജത്തിൽ ഓടുന്ന ട്രെയിനുകൾ. 11 സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങൾ സൗരോർജത്തിൽ. റെയിൽ കടന്നു പോവുന്ന വഴികളിൽ ഓരോ അര കിലോമീറ്ററിലും ഓവർ ബ്രിഡ്ജുകളോ അണ്ടർ പാസുകളോ. 531 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഇങ്ങെന ആയിരത്തോളം പാലങ്ങൾ. പാതയുടെ ഇരുവശവും സർവിസ് റോഡുകൾ. മോഹനവാഗ്ദാനങ്ങൾ അഞ്ചുവർഷംകൊണ്ട് യാഥാർഥ്യമാവുേമ്പാൾ കേരളമൊരു പറുദീസയായി തീരും.
കെ െറയിൽ കോർപറേഷൻ അധികൃതരുടെ വാദങ്ങൾ മാത്രമല്ല ഇത്. ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുതുടങ്ങുേമ്പാൾ ഭരണപക്ഷ നേതാക്കൾ മുതൽ എം.എൽ.എ മാർവരെ കേരളത്തിെൻറ അതിവേഗ സ്വപ്നങ്ങളുടെ വിളമ്പുകാരായി മാറുന്നു. ഏഴ് വർഷം മുമ്പ് ഹൈസ്പീഡ് റെയിലിനെതിരെ നഗരങ്ങളായ നഗരങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലുമെല്ലാം പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളുയർത്തി ജനകീയ പ്രേക്ഷാഭങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കളാണ് ഇപ്പോൾ, അർധ അതിവേഗ റെയിലിെൻറ പ്രചാരകരായി മാറിയിരിക്കുന്നത്.
കാത്തിരിക്കുന്നത് മഹാകുടിയിറക്കം
രണ്ടോ മൂന്നോ ദിവസം ഇടതടവില്ലാതെ മഴപെയ്താൽ പ്രളയത്തിലാവുന്നതാണ് കേരളത്തിെൻറ സമീപകാല കാഴ്ചകൾ. വെള്ളപ്പൊക്കം ഇത്രമാത്രം ജനങ്ങളെ ബാധിക്കാൻ കാരണങ്ങളിലൊന്നായി ചൂണ്ടികാണിക്കുന്നത് കുറഞ്ഞ സ്ഥലത്ത് കൂടുതൽ പേർ അധിവസിക്കുന്ന സാഹചര്യം കൂടിയാണ്. 2011ലെ സെൻസസ് പ്രകാരം ഒരു സ്ക്വയർ കിലോമീറ്ററിൽ 859 പേരാണ് കേരളത്തിെൻറ ജനസാന്ദ്രത. ദേശീയ ശരാശരിയെക്കാൾ രണ്ടുമടങ്ങുവരുമിത് (ഇന്ത്യ: ചതുരശ്ര കിലോമീറ്ററിൽ 382). ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രതയിൽ ബിഹാറിനും പശ്ചിമബംഗാളിനും പിന്നിൽ മൂന്നാമതാണ് കേരളം. അങ്ങനെ തിങ്ങിഞെരുങ്ങി കഴിയുന്ന നാട്ടിലേക്കാണ് പ്രത്യാഘാതങ്ങളെ കുറിച്ച് ഒട്ടും ബോധ്യമില്ലാതെ മഹാകുടിയിറക്കത്തിന് കെ െറയിലിലൂടെ സർക്കാർ കോപ്പുകൂട്ടുന്നത്.
രാജ്യത്തിലെ തന്നെ ഏറ്റവും ഭയാനകമായ കുടിയിറക്കമായിരിക്കും അത്. ആറായിരം വരെ കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടേണ്ടിവരുമെന്നാണ് അധികൃതർ അവകാശപ്പെടുന്നതെങ്കിലും വസ്തുതകൾ അതിനപ്പുറമാണ്. കാത്തിരിക്കുന്ന മഹാദുരന്തത്തിെൻറ സത്യാവസ്ഥ ഒളിപ്പിച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ഉദ്യോഗസ്ഥരും സർക്കാറും. കൃത്യമായ കണക്കുകളോ മറ്റോ അവർ ആരോടും വെളിപ്പെടുത്തുന്നില്ല. കേന്ദ്രവുമായുള്ള എഴുത്തുകുത്തുകളിലും മറ്റും പരാമർശിക്കുന്നതിനപ്പുറത്ത് വിവരങ്ങൾ നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കോ ഇരകൾക്കുപോലുമോ ലഭ്യമാവുന്നില്ല.
പദ്ധതിക്കുവേണ്ടി 2800 ഏക്കർ സ്വകാര്യ ഭൂമിയെങ്കിലും ഏറ്റെടുക്കേണ്ടി വരും. കടന്നുപോവുന്ന റെയിലും സർവിസ് റോഡും ഉൾപ്പെടെ ആവശ്യമായ ഭൂമിയുടെ അളവ് പരിഗണിച്ചാൽ ഇനിയും കൂടാേന വഴിയുള്ളൂ. 20 സെൻറിൽ ഒരു വീട് എന്ന നിലയിൽ കണക്ക് കൂട്ടിയാൽപോലും 15,000ത്തോളം വീടുകളെങ്കിലും ഭാഗികമായോ പൂർണമായോ പൊളിച്ചുനീക്കേണ്ടി വരും. എന്നുവെച്ചാൽ, 80,000ത്തിലേറെ മനുഷ്യർ വീടും കിടപ്പാടവും കൃഷിയും നഷ്ടമായി കുടിയിറക്കപ്പെടും.
ഏറ്റെടുക്കുന്ന ഭൂമിക്ക് രണ്ട് മുതൽ നാലിരട്ടിവരെ നഷ്ടപരിഹാരം നൽകുമെന്നാണ് റെയിൽ കോർപറേഷൻ എം.ഡി അജിത്കുമാർ ജനങ്ങളോട് പറയുന്നത്. എന്നാൽ, കേരളത്തിെൻറ ഭൂമിഏറ്റെടുക്കലിെൻറ ചരിത്രം പരിശോധിച്ചാൽ തന്നെയുണ്ട് അവക്കുള്ള ഉത്തരങ്ങൾ. എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കലിനായി റെയിൽവേ ഏറ്റെടുത്ത സ്ഥലത്തിന് നഗരപ്രദേശങ്ങളിൽ പോലും ലഭിച്ചത് വിപണിവിലയുടെ 15-20 ശതമാനമായിരുന്നു. സെൻറിന് മൂന്ന് ലക്ഷത്തിലേറെ വിപണിവിലയുള്ള ഭൂമിക്ക് ലഭിച്ചത് 50,000 രൂപവരെ.
കൊച്ചി വല്ലാർപാടം പദ്ധതിക്കായി മൂലമ്പിള്ളിയിലെ ഏഴ് ഗ്രാമങ്ങളിൽനിന്നും കുടിയിറക്കപ്പെട്ട 316ൽ 46 കുടുംബങ്ങൾക്കാണ് വർഷം 12 കഴിഞ്ഞിട്ടും പുനരധിവാസം ഉറപ്പായത്. സമരവും കണ്ണീരുമായി വേഴാമ്പലിനെപോലെ അവരുടെ കാത്തിരിപ്പ് തുടരുേമ്പാഴാണ് 15,000ത്തോളം കുടുംബങ്ങൾക്ക് മുകളിൽ ചുവപ്പു വരയിടാൻ ഒരുങ്ങുന്നത്.
അതിവേഗ റെയിൽ കേരള സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വിദഗ്ധർ ആവർത്തിക്കുേമ്പാഴും പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് സർക്കാറിെൻറ അനുമതി തേടിയിരിക്കുകയാണ് കോർപറേഷൻ. നീതി ആയോഗും കേന്ദ്ര റെയിൽവേ മന്ത്രാലയവും ധനകാര്യമന്ത്രാലയും ഇനിയും അനുമതി നൽകിയിട്ടിെല്ലന്നിരിക്കെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുള്ള ധൃതിപിടിച്ച നീക്കം. നവംബർ 20ന് ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥ തല യോഗം ഇതിന് അംഗീകാരം തേടി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നു.
കേന്ദ്രാനുമതി ലഭിക്കുംവരെ നടപടികൾ പാടില്ലെന്ന് നീതി ആയോഗും, ഭൂമിഏറ്റെടുക്കൽ നടപടി തങ്ങളുടെ പരിധിയിലാണെന്ന് റവന്യൂ വകുപ്പും നിർദേശിക്കുേമ്പാഴാണ് സ്വകാര്യ ഏജൻസിയെ (ഔട്ട് സോഴ്സിങ്) കൊണ്ട് ഭൂമിഏറ്റെടുപ്പിക്കാനുള്ള പദ്ധതികൾക്ക് ഉദ്യോഗസ്ഥ വൃന്ദങ്ങൾ തിരക്ക് കൂട്ടുന്നത്. ബഹുജന പ്രക്ഷോഭമുയർന്നു തുടങ്ങിയതോടെ, തിരക്കിട്ട നടപടികൾക്ക് സഡൻ ബ്രേക്കിട്ട സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്നതായി ഭയപ്പെടുന്നുവെന്ന് കോഴിക്കോട് ജില്ലാ കെ െറയിൽ വിരുദ്ധ സമര സമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ പറയുന്നു.
ദേശീയ പാത, തീരദേശ പാത, വിവിധ ബൈപ്പാസുകൾ തുടങ്ങി ഒട്ടനവധി പദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ട് പതിറ്റാണ്ടിലേറെ ആയി. ഇന്നും അതിൽ കാര്യമായ പുരോഗതിയില്ല. ഇതെന്തു കൊണ്ടാണെന്നു വിലയിരുത്താതെയാണ് 15,000ത്തോളം കുടുംബങ്ങളെ കുടിയിറക്കാൻ തിരക്കുപിടിച്ച് തീരുമാനമെടുക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ നഷ്ടപ്പെട്ട വീടുകളിൽ പാതിപോലും ഇനിയും നിർമിച്ച് നൽകിയിട്ടില്ല.
കോടികളുടെ കടക്കെണി
അടിമുടി ദൂരുഹമാണ് കെ െറയിലുമായി ബന്ധപ്പെട്ട് കോർപറേഷെൻറയും സംസ്ഥാന സർക്കാറിെൻറയും നടപടികൾ. അതിനുള്ള ഏറ്റവും പുതിയ തെളിവാണ് സംസ്ഥാന സർക്കാർ അടങ്കൽ തുകയായി നിശ്ചയിച്ച 66,000 കോടി തെറ്റാണെന്നും, പദ്ധതി പൂർത്തിയാക്കാൻ 1.33 ലക്ഷം കോടിയാവുമെന്നും വ്യക്തമാക്കിക്കൊണ്ട് സ്ഥിതിവിവരണ കണക്കുകളോടെ നീതി ആയോഗ് സംസ്ഥാന സർക്കാറിന് നൽകിയ മറുപടി കത്ത്.
ഭൂമി ഏറ്റെടുക്കാൻ ചെലവാകുന്ന തുകയിലുമുണ്ട് കോർപറേഷെൻറ തട്ടിപ്പ് കണക്കുകൾ. ഏറ്റെടുക്കേണ്ട 1383 ഹെക്ടർ ഭൂമിക്ക് 13,000 കോടി ചെലവാകുമെന്നാണ് ഡി.പി.ആർ. ആകെ ചെലവിെൻറ 20 ശതമാനം. സ്ഥലമേറ്റെടുക്കാൻ 6100 കോടിയും, പൊളിച്ചുമാറ്റേണ്ടിവരുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരമായി 4460 കോടിയും പുനരധിവാസത്തിനുള്ള 1730 കോടിയും കൂട്ടിച്ചേർത്താണ് സ്ഥലമേറ്റെടുപ്പിനുള്ള ചെലവ് കണക്കാക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം രണ്ട് മുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം, വീട്-കെട്ടിടങ്ങൾ, മരങ്ങൾ എന്നിവക്കും വില കണക്കാക്കും എന്നെല്ലാമാണ് വാഗ്ദാനങ്ങൾ. ഇതെല്ലാം അടിസ്ഥാനമാക്കി ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കുന്നതിെൻറ ചെലവിനെ കുറിച്ച് ബോധ്യമുള്ള പാതയുടെ സഞ്ചാരവഴിയിലെ ഭൂമി വില പരിശോധിച്ചാണ് കോർപറേഷെൻറ എസ്റ്റിമേറ്റിനെ തിരുത്തിയത്. ഇതുപ്രകാരം 22,000 കോടി രൂപയാവും ഭൂമി ഏറ്റെടുക്കാൻ മാത്രം.
കിലോമീറ്ററിന് 120 കോടി രൂപ എന്നാണ് കെ െറയിൽ കോർപറേഷെൻറ രൂപരേഖയിലെ അനുമാനം. എന്നാൽ, രാജ്യത്തെ മറ്റ് പദ്ധതികളുമായി താരതമ്യംചെയ്ത് പഠിച്ച നീതി ആയോഗ് ഈ കണക്കിൽ വിശ്വസിക്കുന്നില്ല. സമാനമായ ഡൽഹി -മീററ്റ് റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് കിലോമീറ്ററിന് 370 കോടി രൂപയാണ് ചിലവ്. മെട്രോ പദ്ധതികൾക്ക് ശരാശരി 269 കോടി രൂപയും. സിൽവർ ലൈനിെൻറ പ്രായോഗികതയിൽതന്നെ സംശയമുന്നയിച്ചാണ് നീതി ആയോഗിെൻറ നിർണായക ഇടപെടലുകൾ. ഇതുപ്രകാരം കിലോമീറ്ററിന് 238 കോടിയെങ്കിലും ഇവർ ചെലവ് കണക്കാക്കുന്നു.
ചുരുക്കത്തിൽ ഒരു പദ്ധതിയുടെ മർമപ്രധാനമായ കാര്യങ്ങളിൽപോലും മനസ്സിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമാണ് ഇതെന്ന് നീതി ആയോഗ് അടിവരയിടുന്നു.
ഇതൊക്കെയാണ് ഡി.പി.ആർ റിപ്പോർട്ടും പദ്ധതി വക്താക്കളുടെ വാദങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളിെല പൊള്ളത്തരങ്ങൾ. കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവരുന്ന പദ്ധതി ബാക്കിയാക്കുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് മനസ്സിലാക്കാം. ഇപ്പോൾ തന്നെ കടക്കെണിയിൽ മുങ്ങിയ ഒരു സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിെൻറ പൊതു ബാധ്യത 2.5 ലക്ഷം കോടി. ഇതിനു പുറമെയാണ് കിഫ്ബി ഉൾപ്പെടെയുള്ള കാണാക്കടങ്ങൾ. എന്നാൽ, അതിനോടൊപ്പം കെ െറയിൽ പദ്ധതിക്കായി വിദേശ വായ്പയും മറ്റുമായി പുതിയ ബാധ്യതകൾ ഏറ്റെടുക്കുേമ്പാൾ കേരളത്തിെൻറ റവന്യൂ വരുമാനത്തിെൻറ സിംഹഭാഗവും കടം (പലിശയും മുതലും) തിരിച്ചടയ്ക്കാനായി ഉപയോഗിക്കേണ്ടിവരും. അതിനായി വേറെ കടം എടുക്കേണ്ടിയും വരും. ഇതിൽനിന്നും കാര്യമായ വരുമാനമൊന്നും കിട്ടില്ല. ഒരു സാഹചര്യത്തിലും ലാഭകരമാവാത്ത പദ്ധതിക്കുവേണ്ടിയാണ് അറ്റമില്ലാത്ത കടങ്ങളിലേക്ക് സംസ്ഥാനത്തെ വലിച്ചിടുന്നതെന്നാണ് യാഥാർഥ്യം. 6000 കോടി ചെലവഴിച്ച് നിർമിച്ച കൊച്ചി മെട്രോ വർഷങ്ങൾ കഴിഞ്ഞിട്ടും ലാഭകരമാവുന്നില്ലെന്നും അതൊരു അലങ്കാരവാഹനമായി തുടരുകയാണെന്നും അറിഞ്ഞാലെ മലയാളിയുടെ മുതുകിലേക്ക് വലിച്ചിടാൻ പോവുന്ന മാരകവിപത്തിെൻറ വ്യാപ്തിയറിയൂ.
ചുരുക്കത്തിൽ, സഞ്ചാരപാതയിൽ ഭൂമി നഷ്ടപ്പെടുന്നവനെക്കാൾ ഗുരുതരമാണ്, ഭാവിയിൽ തലമുറകളായി ഇതിെൻറ സാമ്പത്തിക ബാധ്യത പേറേണ്ടിവരുന്ന മുഴുവൻ മലയാളികളുടെയും അവസ്ഥയെന്നത് അറിയാതെപോവരുത്.
അർധ അതിവേഗ റെയിൽ ഒരിക്കലും ലാഭകരമാകില്ലെന്നു പറയുന്നവരിൽ മെട്രോമാൻ ഇ. ശ്രീധരനും ഉണ്ട്. യാത്രക്കാർക്ക് പുറമെ, റോ-റോ ചരക്കു ഗതാഗതത്തിലൂടെ വരുമാനമുണ്ടാക്കാമെന്നാണ് അധികൃതരുടെ മറ്റൊരു വാദം. എന്നാൽ, ഇപ്പോഴത്തെ പാതയുടെ ആക്സിൽ ലോഡ് ശേഷി 17 ടൺ മാത്രമാണ്. യാത്രക്കാരെ കൊണ്ടുപോകാൻ മാത്രമേ ഈ പാതക്ക് ശേഷിയുള്ളൂ. ചരക്കുനീക്കം വേണമെങ്കിൽ പാതയുടെ ശേഷി 25 ടൺ ആക്സിൽ ലോഡ് ആയി ഉയർത്തണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. പക്ഷേ, ഇതെല്ലാം തള്ളിയാണ് കോർപറേഷെൻറ നീക്കങ്ങൾ.
പ്രളയംകൊണ്ടും പാഠംപഠിക്കാത്ത കേരളം
എട്ട് വർഷം മുമ്പ് പ്രഖ്യാപിച്ച്, പിൻവലിച്ച ഹൈ സ്പീഡ് റെയിലിനായി അലൈൻമെൻറും സർവേയും നടത്തിയ സാഹചര്യമല്ല കേരളത്തിലിപ്പോൾ. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും ദുരിതം വിതച്ച രണ്ട് പ്രളയംകൊണ്ട് നാടിെൻറ തലവരമാറിയിരിക്കുന്നു. മഴയൊന്ന് കനത്താൽ, ആകാശം ഇരുണ്ടാൽ, ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ... കേരളം ആധിയിലാണ്. 2018ൽ നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തിന് നാട് ഇരയായപ്പോൾ, ജനസംഖ്യയുടെ ആറിൽ ഒരാൾ അതിെൻറ ദുരിതം അനുഭവിച്ചു. 480 പേർ മരണപ്പെടുകയും 140 പേരെ കാണാതാവുകയും ചെയ്തു. ദശലക്ഷം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വന്നു. 14 ജില്ലകളും ആഴ്ചയോളം റെഡ് അലർട്ടിെൻറ ഭീഷണിമുനമ്പിലായി.
ആദ്യ പ്രളയത്തിെൻറ ആവർത്തനമായിരുന്നു 2019ൽ. മുൻവർഷത്തെ അനുഭവം പാഠമായപ്പോൾ മനുഷ്യ-വിഭവ നഷ്ടങ്ങൾ കുറഞ്ഞുവെന്ന ആശ്വാസം മാത്രം. എങ്കിലും കേരളത്തിെൻറ വലിയൊരു പങ്ക് ഭൂമിയും പ്രളയത്തിെൻറ ദുരിതം അനുഭവിച്ചു. പരിസ്ഥിതി ദുരന്തങ്ങളിൽനിന്ന് അധികാരികൾ പാഠമുൾക്കൊള്ളണമെന്ന മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗിൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. എന്നാൽ, ഇതൊന്നും തങ്ങൾ അറിഞ്ഞില്ലെന്ന മട്ടിലാണ് നാടാകെ ഉഴുതുമറിക്കുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുന്നത്.
132 കിലോമീറ്റർ ദൂരത്തിൽ നെൽപാടങ്ങളും തണ്ണീർത്തടങ്ങളും ഇടനാടൻ കുന്നുകളും ഉൾപ്പെടുന്ന പരിസ്ഥിതിലോലമേഖലകളിലൂടെയാണ് പദ്ധതി കടന്നുപോവുന്നത്. വലിയ തോതിൽ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും ഇടനാടൻ കുന്നുകളും ഇതിനായി നശിപ്പിക്കേണ്ടി വരും. ഈ ഭൂമി മണ്ണും കല്ലുമിട്ട് നികത്തിയാൽ ജലനിർഗമന മാർഗങ്ങൾ അടയും. പ്രളയങ്ങൾ ഒരു സാധാരണ സംഭവമാകും. ഒരു നെൽപാടത്തിനോ തണ്ണീർതടങ്ങൾക്കോ നടുവിലൂടെ ഈ പാത കടന്നുപോകുന്നതോടെ ശേഷിക്കുന്ന കൃഷിഭൂമികൂടി നശിക്കും. ഒാരോ കാലവർഷത്തിലും ഉരുൾപൊട്ടലിൽ നൂറോളം പേർ കൊല്ലപ്പെടുകയും കോടികളുടെ സാമ്പത്തിക ബാധ്യതയും നേരിടുന്ന നാട്ടിലാണ് കാടും കുന്നും മലയുമിടിച്ച് പാത തീർക്കുന്നത്. നഗരങ്ങളിൽ ഭൂഗർഭപാതയിലൂടെയും നെൽപാടങ്ങൾ ഉൾപ്പെടെയുള്ള ഭൂമിയിൽ ആകാശപാതയായും കടന്നു പോവുമെന്നാണ് ഡി.പി.ആറിൽ വ്യക്തമാക്കുന്നത്. ജനവാസമേഖലകളിൽ ഭൂമിതുരന്നുള്ള നിർമാണങ്ങളും തണ്ണീർതടങ്ങളിലെ കൂറ്റൻ കോൺക്രീറ്റ് പില്ലറുകളും സ്വാഭാവിക പ്രകൃതിയെ നശിപ്പിക്കാൻ ശേഷിയുള്ളതാണ്.
531 കിലോമീറ്റർ നീളത്തിലുള്ള നിർമാണങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കാനുള്ള വഴികളാണ് മറ്റൊരു ആശങ്ക. ഇപ്പോൾ തന്നെ മരണാസന്നമായ പശ്ചിമഘട്ട മലനിരകൾക്ക് ദയാവധം വിധിക്കുന്നതാവും വരാനിരിക്കുന്ന പദ്ധതിയെന്നതിൽ സംശയമില്ല. തെക്ക്വടക്ക് നീണ്ടുകിടക്കുന്ന പാതയൊരുക്കാനായി ദശലക്ഷം ലോഡ് കരിങ്കല്ലുകളെങ്കിലും വേണ്ടിവരും. സർക്കാർ പദ്ധതിക്കായി ക്വാറികളുടെയും മറ്റും പ്രവർത്തനങ്ങൾ വീണ്ടും സജീവമാവുന്നതോടെ, കേരളമെന്നത് തുരന്നുതീർത്ത മണ്ണായി മാറാൻ അധികസമയംവേണ്ടിവരില്ല. കവളപ്പാറയും പുത്തുമലയുംപോലുള്ള മണ്ണിടിച്ചിലുകൾക്കു ഖനനം ഒരു കാരണമാണെന്ന് നിയമസഭാസമിതിതന്നെ വിലയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം അടക്കം നിരവധി നിർമാണപദ്ധതികൾ പൂർത്തിയാക്കാൻപോലും കരിങ്കൽ ക്ഷാമം നേരിടുേമ്പാഴാണ് മറ്റൊരു സ്വപ്നവുമായി രംഗത്തിറങ്ങുന്നത്.
ഇതിന് പുറമെയാണ് ഭൂനിരപ്പിലൂടെ പാത കടന്നുപോവുന്നതുമൂലമുള്ള ആഘാതങ്ങൾ. 200 കി.മീ. വേഗത്തിലോടാൻ റെയിൽ ഭൂനിരപ്പിൽനിന്ന് 10-20 അടി ഉയരത്തിലായിരിക്കും വിരിച്ചിരിക്കുക. നിലവിലെ റെയിൽവേ ലൈൻപോലെ തുറന്നിടുന്നതിനു പകരം, ഇരുവശങ്ങളിലും വേലിക്കെട്ടുകൾ ഉയരുന്നതോടെ, പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങൾ വേറെയും തലയുയർത്തുന്നു. ഭൂഗർഭ ജലവിതാനം, കുടിവെള്ളം, സമീപപ്രദേശങ്ങളിലെ മനുഷ്യരുടെ സഞ്ചാര സ്വതന്ത്ര്യം, ആവാസ വ്യവസ്ഥ തുടങ്ങി നാനാവിധ പ്രശ്നങ്ങളുടെ ആഘാതങ്ങൾ മനസ്സിലാക്കാൻ 'സോഷ്യൽ ഇംപാക്ട് അസസ്മെൻറ്' പോലും നടത്താതെയാണ് പദ്ധതിയുമായി തിരക്കു പിടിച്ച് രംഗത്തിറങ്ങുന്നത്.
ആർക്കുവേണ്ടിയാണീ അതിവേഗം
സമയവും ദൂരവും പരിഹരിക്കപ്പെടേണ്ട വിഷയംതന്നെ. പക്ഷേ, അതിനേക്കാൾ വലിയ സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹിക ആഘാതം തീർക്കുന്ന പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കൾ ആരായിരിക്കുമെന്നാണ് കേരളം ഉയർത്തേണ്ട കനപ്പെട്ട ചോദ്യം. ഭൂമിക്കച്ചവടം സ്വപ്നംകാണുന്ന മാഫിയ, അടഞ്ഞുകിടക്കുന്ന ക്വാറികളെ നോക്കി ദിവാസ്വപ്നം കാണുന്ന ക്വാറി മാഫിയ, ശതകോടി പദ്ധതികളിൽ കമീഷൻ സ്വപ്നംകാണുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ, കൺസൾട്ടൻസി കേന്ദ്രങ്ങൾ എന്നിവർക്കപ്പുറം സാധാരണ മലയാളിക്ക് ഇന്നും സ്വപ്നങ്ങൾക്കപ്പുറമാണ് ഇൗ അതിവേഗപാച്ചിലുകൾ.
ചെറിയ ഭൂപ്രദേശത്ത് നാല് രാജ്യാന്തര വിമാനത്താവളങ്ങൾ ഉള്ള മണ്ണിൽ അത്യാവശ്യക്കാർക്ക് യാത്രഎളുപ്പമാക്കാൻ ആഭ്യന്തര സർവിസുകൾക്ക് ശ്രമിച്ചാൽ പോരെയെന്ന ചോദ്യമുയരുന്നു. 150 കി.മീ. പരിധിക്കുള്ളിൽ വിമാനത്താവളം ലഭ്യമാണെന്നതാണ് യാഥാർഥ്യം.
കിലോമീറ്ററിന് 2.75 രൂപ യാത്രാചെലവായാണ് കെ െറയിൽ കോർപറേഷൻ കണക്കാക്കുന്നത്. കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് 441 കി.മീ. ദൂരം യാത്രചെയ്യാൻ 1300 രൂപ ടിക്കറ്റ് നിരക്ക്. ദിവസവും 66,000 പേർ യാത്രചെയ്യുമെന്നും മനക്കോട്ടകെട്ടി കണക്കുകൾ തള്ളിവിടുന്നു. ശരാശരി 300 രൂപ മുടക്കി എക്സ്പ്രസ് ടെയ്നിൽ യാത്രചെയ്യുന്ന മലയാളിയിൽ എത്രശതമാനം പേർ ഇൗ തുകക്ക് നിത്യേന തിരുവനന്തപുരത്തേക്ക് യാത്രചെയ്യാനുണ്ടാവും. തുടക്കത്തിലേ കൗതുകം എന്നതിനപ്പുറം ടിക്കറ്റ് വരുമാനത്തിലൂടെ മുടക്കുമുതലിെൻറ ഒരംശമെങ്കിലും തിരിച്ചുപിടിക്കാനാവുമെന്ന് വിശ്വസിക്കുന്നത് എത്ര മൗഢ്യമാണ്.
നമ്മുടെ സംസ്ഥാനത്തെ റെയിൽപാതകൾ ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും സിഗ്നൽ സംവിധാനം പരിഷ്കരിക്കുകയും പാതകളും പാലങ്ങളും ശക്തിപ്പെടുത്തുകയും പുതിയ തരം (എൽ.എച്ച്.ബി) കോച്ചുകൾ ഉപയോഗിക്കുകയും ചെയ്താൽതന്നെ ഇപ്പോഴുള്ള പാതയിൽ 110 കിലോമീറ്ററിൽ അധികം വേഗതയിൽ വണ്ടി ഒാടിക്കാമെന്ന് ഡി.എം.ആർ.സി നിർദേശിക്കുന്നു. ഏറ്റവും പ്രായോഗിക പദ്ധതിയായി ഉയർത്തിക്കാട്ടുന്ന സബർബൻ ട്രെയിൻ സംവിധാനത്തിെൻറ സാധ്യതകളും ആലോചിക്കാവുന്നത്. നിലവിലെ പദ്ധതിയുടെ അടങ്കൽ തുകയുടെ പത്ത് ശതമാനംേപാലും വേണ്ടെന്നാണ് ഇതുസംബന്ധിച്ച് ഉമ്മൻചാണ്ടി സർക്കാർകാലത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജനകീയ പ്രക്ഷോഭമുയരുന്നു
കോവിഡ് കാലത്തും സർവേയും സ്ഥലമെടുപ്പിനുള്ള കളമൊരുക്കലുമായി കെ െറയിൽ കോർപറേഷനും സർക്കാറും മുന്നോട്ട് പോവുേമ്പാൾ പദ്ധതി പ്രദേശങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനധീതമായി ജനങ്ങൾ സംഘടിച്ചുതുടങ്ങിക്കഴിഞ്ഞു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ചെറു ജനകീയ കൂട്ടായ്മകൾ രൂപവത്കരിച്ച് ആരംഭിച്ച ചെറുത്തുനിൽപ്പുകൾ ഇപ്പോൾ പരസ്പരം കൈകോർത്ത് ഒന്നിക്കുകയാണ്. വിവിധ സമിതികളെ ചേർത്ത് രൂപവത്കരിച്ച കെ െറയിൽ വിരുദ്ധ ജനകീയ സമിതി സെക്രേട്ടറിയറ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ പദ്ധതി കടന്നുപോവുന്ന പ്രദേശങ്ങളിൽ 150ഒാളം ക്ഷേത്രങ്ങളും കാവുകളും, 32 മുസ്ലിം പള്ളികൾ, ഒമ്പത് ക്രിസ്ത്യൻ പള്ളികൾ എന്നിവ ഭാഗികമായോ പൂർണമായോ പൊളിച്ചുമാറ്റപ്പെടേണ്ടിവരും. സാംസ്കാരിക കേന്ദ്രങ്ങളും ഇവയിൽ വരുമെന്ന് പത്തനംതിട്ട കേന്ദ്രമായ സാംസ്കാരിക പൈതൃക സംരക്ഷണ സമിതിയുടെ സർവേയിൽ വിശദമാക്കുന്നു. 'കാൽലക്ഷത്തോളം പേരുടെ കുടിയിറക്കും പാരിസ്ഥിതിക ഉന്മൂലനവും മാത്രമല്ല, കേരളത്തിെൻറ സാംസ്കാരിക പൈതൃകങ്ങളുടെ അടിവേരറുക്കുന്ന പ്രാകൃതനടപടികൂടിയാണ് കെ െറയിൽ പദ്ധതിയുടെ അന്തിമഫലമെന്ന് സാംസ്കാരിക പൈതൃക സംരക്ഷണ സമിതി സെക്രട്ടറി പ്രമോദ് തിരുവല്ല പറയുന്നു.
തീരദേശപാതയും ഹൈവേ വികസനവുമായി കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളുടെ തീര മേഖലക്കാണ് കെ െറയിൽ കൂടുതൽ ദുരിതമുണ്ടാക്കുന്നത്. എട്ടുമാസത്തിലേറെയായി ശക്തിപ്രാപിച്ച ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തികഴിഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ തുടങ്ങിയവർ സമരമുഖങ്ങളിലെത്തി ജനങ്ങൾക്ക് പിന്തുണയും നൽകി. കോഴിക്കാട് ജില്ലയിൽ എം.പിമാരായ എം.കെ. രാഘവൻ, കെ. മുരളീധരൻ, എം.എൽ.എമാരായ എം.കെ. മുനീർ, പാറക്കൽ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ സമരകേന്ദ്രങ്ങളിൽ പര്യടനം നടത്തിയാണ് പിന്തുണ അറിയിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി. രമേശ്, യുവമോർച്ച അധ്യക്ഷൻ പ്രഫുൽകൃഷ്ണ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയ നേതാക്കളും സമരരംഗത്തിറങ്ങി കഴിഞ്ഞു.
കെ റയിൽ കടന്നുപോവുന്ന പഞ്ചായത്ത്- മുൻസിപ്പാലിറ്റികളിൽ തെരഞ്ഞെടുപ്പിലും ഇതൊരു ചർച്ചയായിരുന്നു. പ്രാദേശികമായി ചിലയിടങ്ങളിൽ സീറ്റുകളുടെ വിധി നിർണയിക്കാനും കെ. റയിൽ ജനകീയ സമരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി നേടിയ വിജയം വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി വിലയിരുത്തുന്ന സർക്കാർ അർധ അതിവേഗ റയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വാർത്താ സമ്മേളനത്തിൽ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഏറ്റവും ഒടുവിൽ നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിലും സംസ്ഥാന സർക്കാറിെൻറ അഭിമാന പദ്ധതിയായി സിൽവർലൈനിനെ വിശേഷിപ്പിക്കുന്നു.
ജനകീയ പ്രക്ഷോഭങ്ങൾ ഒരു വശത്ത് ശക്തിപ്രാപിക്കുേമ്പാൾ, എന്ത് വിലകൊടുത്തും ബലം പ്രയോഗിച്ചും കെ റെയിലിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് സർക്കാർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.