'ഞാനൊരു ഇറ്റലിക്കാരിയാണ്, ക്രിസ്ത്യാനിയും'; മുസോളിനിയെ വെല്ലുമോ ജോർജിയ മെലോണി
text_fieldsബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ നടുക്കുന്ന ഓർമകൾ ഇറ്റലിയുടെ തെരുവുകളെ ഇനിയും വിട്ടുമാറിയിട്ടില്ല. അതിന്റെ പ്രേതങ്ങൾക്ക് ഇപ്പോൾ വീണ്ടും ജീവൻ വെച്ചിരിക്കുന്നു. അതിതീവ്ര വലതുപക്ഷ-ക്രിസ്ത്യൻ-ദേശീയവാദിയായ ഒരു വനിത ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നു. 2019ലെ ശൈത്യകാലത്ത്, ഇറ്റലിയിലെ തെരുവുകളിൽ ഒരു വനിതയുടെ ഉറച്ച ശബ്ദം ഉയർന്നുകേട്ടു. അത് ആ രാജ്യത്തിന്റെ ഭാവിയെ തന്നെ നിർണയിച്ചിരിക്കുന്നു. ഒപ്പം ആശങ്കകളെയും. ''ഞാൻ ജോർജിയയാണ്. ഞാൻ ഒരു സ്ത്രീയാണ്. ഞാൻ ഒരു അമ്മയാണ്. ഞാൻ ഇറ്റലിക്കാരിയും ക്രിസ്ത്യാനിയുമാണ്''. രാജ്യത്തെ താരതമ്യേന ചെറിയ തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രാറ്റെല്ലി ഡി ഇറ്റാലിയയുടെ (ബ്രദേഴ്‌സ് ഓഫ് ഇറ്റലി) നേതാവ് ജോർജിയ മെലോണി ആ വർഷം ഒക്ടോബറിൽ നടത്തിയ ഒരു പ്രസംഗത്തിൽ ശ്രദ്ധേയമായ ഒരു വരിയായിരുന്നു ഇത്.
45 കാരിയും അതിതീവ്ര ദേശീയവാദിയുമായ ഈ സ്ത്രീയുടെ കൈകളിലാണ് ഇനി ഇറ്റലി. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ അധികാരത്തിലെത്തും എന്ന് ഏകദേശം ഉറപ്പായി. 2018 ലെ നാല് ശതാമനം പിന്തുണയിൽനിന്ന് 25 ശതമാനത്തിലേക്ക് തന്റെ പാർട്ടിയെ എത്തിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു. പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ സ്ഥാനമൊഴിയുന്ന സർക്കാരിനെ പിന്തുണക്കാൻ വിസമ്മതിച്ചുകൊണ്ട് പ്രതിപക്ഷത്ത് ഉറച്ചുനിൽക്കാനുള്ള അവരുടെ തീരുമാനം ആണ് ഇത്രയും വലിയ ജനപിന്തുണ നേടിക്കൊടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. വലതുപക്ഷ തീവ്രവാദിയായ മാറ്റെയോ സാൽവിനി, രാഷ്ട്രീയ അതികായൻ സിൽവിയോ ബെർലുസ്കോണി എന്നിവരുൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിലപാടുകളിൽ ഉറച്ചുനിന്നതാണ് ജോർജിയയെ വിജയത്തിലേക്ക് നയിച്ചത്.
എന്നാൽ കുടിയേറ്റത്തെയും "ക്രിസ്ത്യൻ കുടുംബ"ത്തിന്റെ സംരക്ഷണത്തെയും കുറിച്ചുള്ള അവരുടെ കടുത്ത വീക്ഷണങ്ങൾ വിവാദ നയങ്ങളിലേക്കുള്ള തിരിച്ചുവരവിന്റെ ഭയം ഉയർത്തിയിട്ടുണ്ട്. അവരുടെ വാചകക്കസറത്തുകൾ പൗരാവകാശങ്ങൾക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരത്തിൽ തീവ്രവലതുപക്ഷ വീക്ഷണങ്ങൾ കേന്ദ്രീകരിക്കാൻ വഴിയൊരുക്കുമെന്നും വിമർശകർ പറയുന്നു. ജോർജിയയുടെ പാർട്ടിയായ ഫ്രാറ്റെല്ലി ഡി ഇറ്റാലിയുടെ ഫാസിസ്റ്റ് ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും നിരീക്ഷകർ ഉയർത്തുന്നുണ്ട്. യൂറോപ്യൻ യൂനിയന്റെ കടുത്ത വിമർശക കൂടിയാണ് മെലോണി.
ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലെ ഗൃഹാതുരത്വമുള്ള മുൻ അംഗങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്ഥാപിച്ച പാർട്ടിയായ മൊവിമെന്റോ സോഷ്യലി ഇറ്റാലിയാനോയുടെ (എം.എസ്.ഐ) യുവജന വിഭാഗത്തിൽ ചേരുമ്പോൾ 1977-ൽ ജനിച്ച മെലോണിക്ക് 15 വയസ്സായിരുന്നു. ആദ്യത്തെ മകളായ അരിയാനയെ പ്രസവിച്ച് ഒന്നര വർഷത്തിനുശേഷമാണ് മെലോണിയയെ അമ്മ പ്രസവിക്കുന്നത്. അന്ന് അമ്മക്ക് കേവലം 23 വയസ്സായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അമ്മ നിരവധി ജോലികൾ ചെയ്തു.കൗമാരപ്രായത്തിൽ മെലോണിയും ജോലിക്ക് പോയിത്തുടങ്ങി. പ്രശസ്ത പൈപ്പർ ക്ലബ്ബിലെ ബാർട്ടിംഗ് മുതൽ ബേബി സിറ്റിംഗ് വരെ.
വടക്കൻ റോമിലെ ഒരു സമ്പന്ന പ്രദേശത്ത് നിന്നുള്ള അക്കൗണ്ടന്റായിരുന്നു പിതാവ്. വലിയ ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത പിതാവ് അലഞ്ഞുതിരിഞ്ഞുനടന്നു. മെലോണി തന്റെ 11ാം വയസിൽ ഇനി പിതാവിനെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് സംബന്ധിച്ച് അവർ ആത്മകഥയിൽ വിശദമായി എഴുതിയിട്ടുണ്ട്. "കാര്യങ്ങൾ നേടിയെടുക്കാൻ എങ്ങനെ പോരാടണമെന്ന് അവൾക്ക് നന്നായി അറിയാം'' -അബ്രുസോയുടെ റീജിയണൽ ഗവർണർ മാർക്കോ മാർസിലിയോ പറഞ്ഞു. വിദ്യാർത്ഥി സംഘടനകളെ അണിനിരത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും മെലോണി മികവ് പുലർത്തി. 1995ൽ എം.എസ്.ഐ നാഷനൽ അലയൻസ്
ആയി രൂപാന്തരപ്പെട്ടു. പാർട്ടി അതിന്റെ ഫാസിസ്റ്റ് വേരുകൾ ഉപേക്ഷിച്ച് യാഥാസ്ഥിതിക വലതുപക്ഷ ദേശീയ പാർട്ടിയായി സ്വയം പുനർനാമകരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു പേരുമാറ്റം. ഏതാനും വർഷങ്ങൾക്കുള്ളിൽ, മെലോണി എ.എന്നിന്റെ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി. 29 വയസ്സായപ്പോൾ അവർ പാർലമെന്റിലും എത്തി. ഫോർസ ഇറ്റാലിയയുമായി സഖ്യമുണ്ടാക്കിയ എ.എൻ, പിന്നീട് അധികാരം നേടിയ സഖ്യത്തിൽ ലയിച്ചു. 2008ൽ മെലോണിയെ യുവജന വകുപ്പിന്റെ ചുമതലയുള്ള ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പ്രധാനമന്ത്രി ബെർലുസ്കോണി നിയമിച്ചു.
മുസ്‍ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്ന മെലോണി വലിയ വേദികളിലൊക്കെ തന്റെ തീവ്രവാദ അഭിപ്രായങ്ങൾ തുറന്നുപറയാറുണ്ട്. ദൈവം, കുടുംബം, മാതൃരാജ്യം എന്നിവയിൽ മാത്രം ഊന്നിയാകും അവരുടെ പ്രവർത്തനങ്ങൾ എന്ന് ഇറ്റലിയിലെ സോഷ്യോളജിസ്റ്റും സർവകലാശാല അധ്യാപകനുമായ എദോർദോ നോവല്ലി പറയുന്നു. അവരുടെ ഭരണം രാജ്യത്തെ ജനങ്ങളെ രണ്ടുതട്ടായി വിഭജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.