ഇത് വിളിച്ചുവരുത്തിയ ദുരന്തം
text_fieldsകേരളത്തിൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ പ്രളയവും ദുരന്തവും സർക്കാർ ഇതുവരെ നല്ലരീതിയിൽതന്നെയാണ് കൈകാര്യം ചെയ്തത്. പേമാരിയെ നമുക്ക് പിടിച്ചുനിർത്താനാവില്ല. എന്തുകൊണ്ടിത് സംഭവിച്ചു എന്നതാണ് ഏറ്റവും പ്രധാനം. ഭയങ്കര മഴയും വരൾച്ചയും കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രധാന ലക്ഷണങ്ങളാണ്. വികസിത രാജ്യങ്ങളുടെ തെറ്റായ ചെയ്തികൾ നിമിത്തമാണ് കാലാവസ്ഥ വ്യതിയാനമുണ്ടാകുന്നത്. പ്രകൃതിയെ നശിപ്പിച്ചുള്ള വികസനത്തിെൻറ പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ സഹിക്കുകയാണ്. നമ്മുടെ കാടുകളും മലകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ചില്ല എന്നതാണ് ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണം. 2007ൽ കേരളത്തിൽ 7,66,066 ഹെക്ടർ തണ്ണീർത്തടങ്ങളുണ്ടായിരുന്നത് ഇപ്പോൾ 1,65,486 ഹെക്ടറായി കുറഞ്ഞു. 3,48,111 ഹെക്ടർ ഉണ്ടായിരുന്ന കായൽ വിസ്തൃതി ഇന്ന് വെറും 40,826 ആണ്. 1977ൽ ഒമ്പത് ലക്ഷത്തോളം ഹെക്ടർ നെൽവയൽ ഉണ്ടായിരുന്നത് ഇന്ന് ഒന്നര ലക്ഷത്തോളമായി ചുരുങ്ങി. 40 ലക്ഷം ടൺ അരി വേണ്ടിടത്ത് നമ്മൾ ഉൽപാദിപ്പിക്കുന്നത് കഷ്ടി ഒരു ലക്ഷം ടൺ. നെൽവയലുകളും തണ്ണീർത്തടങ്ങളും കാടുകളും എങ്ങനെ വീണ്ടെടുക്കാമെന്നാണ് സർക്കാറുകൾ ഇനി ചിന്തിക്കേണ്ടത്. മനുഷ്യെൻറ ഏറ്റവും വലിയ ആവശ്യമായ ഭക്ഷണത്തിെൻറ ഉൽപാദനത്തിന് നാം ഒരു പ്രാധാന്യവും നൽകുന്നില്ല. കുറെ പോരായ്മകൾ ഉണ്ടായിരുന്നുവെങ്കിലും ഭേദപ്പെട്ട തണ്ണീർത്തട നിയമമാണ് ഉണ്ടായിരുന്നത്. അത് ഭേദഗതി ചെയ്തതുമൂലം നികത്തലുകൾ കൂടിവരുന്നു.
അമിതമായി പെയ്യുന്ന മഴയുടെ വെള്ളം പിടിച്ചുനിർത്തുന്നത് തണ്ണീർത്തടങ്ങളാണ്. പ്രളയമുണ്ടാകുമ്പോൾ പ്രകൃതിതന്നെ അതിനെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനത്തെയാണ് നാം നശിപ്പിക്കുന്നത്. തണ്ണീർത്തടങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്ര വലിയ ദുരന്തം ഉണ്ടാകുമായിരുന്നില്ല. കാടുകൾ ഉണ്ടായിരുെന്നങ്കിൽ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ ഭൂരിഭാഗവും പിടിച്ചുനിർത്താമായിരുന്നു. പശ്ചിമഘട്ടത്തിൽ പെയ്യുന്ന മഴ മുഴുവൻ താഴേക്ക് കുത്തിയൊലിച്ചു വരുന്നതിെൻറ കാരണം കാടുകൾ നശിപ്പിച്ചതാണ്. അങ്ങനെയാണ് ഡാമിന് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വെള്ളം അവിടെയെത്തുന്നത്. ഡാമുണ്ടാക്കിയത് തെറ്റാണോ ശരിയാണോ എന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. ഡാമുകൾ ഉണ്ടാക്കിക്കഴിഞ്ഞ സ്ഥിതിക്ക് അതെങ്ങനെ ബുദ്ധിപൂർവം ഉപയോഗിക്കാമെന്നു മാത്രമേ ചർച്ച ചെയ്യാൻ കഴിയൂ. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴവെള്ളം പിടിച്ചുനിർത്താൻ ആവശ്യമായ രീതിയിൽ ഇക്കോ സിസ്റ്റത്തെ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം. മറ്റൊരു പ്രശ്നം പാറമടകളാണ്. ഇടുക്കി ഭാഗത്ത് കുറവാണെങ്കിലും സംസ്ഥാനത്തൊട്ടാകെ നിരവധി പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. മരം വെട്ടിമാറ്റുന്നതും മലയുടെ ചരിവുകളിൽ വീട് വെക്കുന്നതും കൃഷി ചെയ്യുന്നതും മൂലം അപകടം ക്ഷണിച്ചുവരുത്തുകയാണ്.
വികസനവും പ്രകൃതി സംരക്ഷണവും വേണം എന്നാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പറയുന്നത്. പ്രകൃതി സംരക്ഷിക്കാതെ വികസനം കൊണ്ടുവരാൻ കഴിയില്ല. ഏറ്റവും കൂടുതൽ പരിസ്ഥിതി ആഘാതം സംഭവിച്ച പ്രദേശങ്ങളെ ഗാഡ്ഗിൽ റിപ്പോർട്ടിൽ സോൺ വൺ ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞ ആഘാതം സംഭവിച്ച പ്രദേശത്തെ സോൺ രണ്ടും വലിയ നാശം സംഭവിക്കാത്ത ഭാഗത്തെ സോൺ മൂന്നും ആയുമാണ് തിരിച്ചിട്ടുള്ളത്. ജൈവവൈവിധ്യം, പ്രദേശത്തിെൻറ ചരിവ് (30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങൾ സോൺ ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്) എന്നിവയെല്ലാം കണക്കിലെടുത്ത് ശാസ്ത്രീയമായാണ് സോണുകൾ തിരിച്ചിട്ടുള്ളത്. വളരെയധികം ചരിവുള്ള പ്രദേശങ്ങളിൽ ആൾത്താമസം പാടിെല്ലന്നും കൃഷി ചെയ്യരുതെന്നും മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. അതൊന്നും ഭരണാധികാരികൾ ശ്രദ്ധിച്ചില്ല എന്നതാണ് പ്രശ്നം. ജനങ്ങൾക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതെങ്ങനെ എന്ന് പ്രതിപാദിക്കുന്നതായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായി വലിയ ഉരുൾപൊട്ടലും മഴയും ഉണ്ടാകുമെന്നറിയാവുന്നതുകൊണ്ടാണ് ഉരുൾപൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം സോൺ ഒന്നിൽ ഉൾപ്പെടുത്തിയത്.
റിപ്പോർട്ടിൽ പരാമർശിക്കുന്നതുപോലെ സോൺ ഒന്ന് അല്ലെങ്കിൽ രണ്ടിൽ പെട്ട പ്രദേശത്താണ് ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായത് എന്നു കാണാം. സോൺ ഒന്നിൽ പാറമടകൾ ഉണ്ടെങ്കിൽ ഉടനെ അടച്ചുപൂട്ടണമെന്നും പുതിയതായി അനുമതി കൊടുക്കരുതെന്നും റിപ്പോർട്ടിൽ കർശനമായി പറയുന്നുണ്ട്. സോൺ രണ്ടിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തുകയും അതിെൻറ റിപ്പോർട്ട് പ്രകാരം മാത്രം ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നുമാണ് നിർദേശം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഒരു നിർമാണ പ്രവർത്തനവും അനുവദിക്കരുത് എന്ന് റിപ്പോർട്ടിൽ പറയുന്നില്ല; എങ്ങനെ ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്. സോൺ ഒന്നിൽ മാത്രമാണ് പ്രവർത്തനങ്ങളെല്ലാം നിർത്തണമെന്ന് നിർദേശിച്ചിട്ടുള്ളത്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ ദുരന്തം സംഭവിക്കുമായിരുന്നില്ല എന്നല്ല, ദുരന്തത്തിെൻറ പ്രത്യാഘാതങ്ങൾ കുറക്കാമായിരുന്നു എന്നും വരുന്ന വർഷങ്ങളിൽ വീണ്ടും കുറയുമായിരുന്നു എന്നുമാണ് പറയുന്നത്. റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസക്തമായിരുന്നുവെന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുകയാണ്.
ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരായി നിന്ന നേതാക്കൾക്കൊന്നും ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. ഫാ. സെബാസ്റ്റ്യൻ, ജോയ്സ് ജോർജ് എം.പി തുടങ്ങിയവർ റിപ്പോർട്ടിനെതിരായ സമരത്തിൽ മുൻപന്തിയിൽ നിന്നവരാണ്. സാധാരണക്കാർക്കെതിരായി ഒരു വരിയെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിലുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയാറാണെന്നും പൊതുപ്രവർത്തനംതന്നെ നിർത്താമെന്നും ഫാ. സെബാസ്റ്റ്യനോട് ഞാൻ പറഞ്ഞിരുന്നു. റിപ്പോർട്ട് പാവങ്ങൾക്കെതിരാണ്, കൃഷി ചെയ്യാൻ കഴിയില്ല, പശുവിനെ വളർത്താൻ കഴിയില്ല എന്നൊക്കെയായിരുന്നു എതിർക്കുന്നവരുടെ വാദങ്ങൾ. വായിച്ചുനോക്കിയപ്പോൾ ഞങ്ങൾക്ക് മനസ്സിലായത് ഇങ്ങനെയാണ് എന്നാണ് അദ്ദേഹത്തിെൻറ വാദം. യഥാർഥത്തിൽ ഇതെല്ലാം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ചരിവുകളിൽ കൃഷി ചെയ്യുന്നവരെ അവിടെനിന്ന് മാറ്റി മറ്റൊരിടത്ത് കൃഷി ചെയ്യാനുള്ള ധനസഹായം നൽകണമെന്നും കർഷകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം ആരെയും പേരെടുത്തു പറയാതെ വിമർശിക്കുകയായിരുന്നു എെൻറ പതിവ്. പക്ഷേ, ഇന്ന് ഉണ്ടായ ദുരന്തത്തിലും ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിലും എനിക്ക് വളരെയധികം വേദന തോന്നുന്നു.
ഇടുക്കിയിലെ ഒരു ബിഷപ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഇടയലേഖനമെഴുതി. അപ്പോഴാണ് വൈദികർ നുണ പറയുമെന്ന് ആദ്യമായി മനസ്സിലായത്. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളല്ല, ജനങ്ങളെ പ്രകോപിതരാക്കാൻ പറ്റുന്ന തരത്തിലുള്ള കാര്യങ്ങളാണ് അതിൽ എഴുതിവെച്ചിരിക്കുന്നത്. ജനം റിപ്പോർട്ടിനെതിരെ തിരിഞ്ഞു, ആദ്യം റിപ്പോർട്ട് കത്തിച്ചു, പിന്നെ കോലം കത്തിച്ചു, എനിക്കങ്ങോട്ട് പോകാൻ പോലും പറ്റാതായി. ഗാഡ്ഗിൽ റിപ്പോർട്ടിെൻറ പ്രസക്തിയെന്താണ് എന്ന് 175ഓളം യോഗങ്ങളിൽ പ്രസംഗിച്ച എനിക്ക് ഒന്നും ചെയ്യാൻ കഴിയാതായി. എല്ലാ രാഷ്ട്രീയ പാർട്ടികളും അതിന് കൂട്ടുനിന്നു. നേതാക്കൾക്കോ പാർട്ടികൾക്കോ ഒന്നും സംഭവിച്ചില്ല.
എല്ലാം സംഭവിച്ചുകഴിഞ്ഞു. എല്ലാ പരിമിതികൾക്കും അകത്തുനിന്നുകൊണ്ട് ഇനി നമുക്കെന്താണ് ചെയ്യാൻ പറ്റുക എന്നു ചിന്തിക്കാം. ചിലപ്പോൾ ഇതിനെക്കാൾ വലിയ മഴയും പ്രളയവും വരുംവർഷങ്ങളിലും ഉണ്ടായേക്കാം. അപ്പോൾ നമുക്കെന്താണ് ചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ച് ഒരു രൂപരേഖ വേണം. ഒരു ഇക്കോളജിസ്റ്റ് എന്ന നിലയിൽ എനിക്ക് പറയാനുള്ള ഒരു പ്രധാനകാര്യം പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്നതുതന്നെയാണ്.
എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. അത് ജനങ്ങളുടെ മുന്നിൽ വെക്കുക. റിപ്പോർട്ടിലെ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രം പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്ത് ബാധിക്കുന്ന പ്രദേശങ്ങളിലെ എല്ലാ പഞ്ചായത്തിലും ഗ്രാമസഭകളിലും എത്തിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ. ഭരണഘടന ഭേദഗതി വഴി അതിനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കരടുരേഖ മാത്രമാണ്. ഇത് അന്തിമമാക്കണമെങ്കിൽ ഓരോ പഞ്ചായത്തിെൻറയും അഭിപ്രായം അറിയണമെന്നാണ് റിപ്പോർട്ടിൽ എഴുതിവെച്ചിരിക്കുന്നത്.
കുറെ പേജുകളുള്ള റിപ്പോർട്ട് സ്വന്തം ചെലവിൽ ചെറുതാക്കിക്കൊടുത്ത ശേഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് എല്ലായിടത്തും എത്തിക്കണമെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു. ഒന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കി, പിന്നീട് സാലിം അലി ഫൗണ്ടേഷൻ പൈസ മുടക്കി എല്ലാ പഞ്ചായത്തിലും ലഘുലേഖ എത്തിച്ചു. അതിെൻറ ഇംഗ്ലീഷ് പരിഭാഷ ഗോവയിലും കർണാടകയിലുമുള്ള എം.പിമാർക്ക് കൊടുത്തു. വായിച്ചു മനസ്സിലാക്കി നടപ്പിൽവരുത്തേണ്ട ഭരണാധികാരികൾ അതിനോട് മുഖംതിരിച്ചാൽ ഒന്നും ചെയ്യാനാവില്ലെന്ന് മനസ്സിലായി. ഇത് ബാധിക്കുന്ന ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് ഗാഡ്ഗിൽ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് തയാറാക്കേണ്ടത്. ഭരണാധികാരികൾ ഇനിയും അതിന് തയാറാകാത്തതെന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.
(സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാനും ഗാഡ്ഗിൽ കമ്മിറ്റി അംഗവുമായിരുന്നു ഡോ. വി.എസ്. വിജയൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.