Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right'ഉന്നതവിദ്യാഭ്യാസവും...

'ഉന്നതവിദ്യാഭ്യാസവും നേതൃപാടവവുമുള്ള പെൺകുട്ടികൾ'; മുസ്​ലിംലീഗ്​ സ്ഥാനാർഥിപ്പട്ടികയിലെ 'ഹരിത വിപ്ലവം'

text_fields
bookmark_border
ഉന്നതവിദ്യാഭ്യാസവും നേതൃപാടവവുമുള്ള പെൺകുട്ടികൾ; മുസ്​ലിംലീഗ്​ സ്ഥാനാർഥിപ്പട്ടികയിലെ ഹരിത വിപ്ലവം
cancel

ലപ്പുറം ജില്ലാ ആസ്ഥാനത്തെ നഗരസഭയിൽ സംഭവിച്ചതാണ്. കൗൺസിൽ യോഗങ്ങളിലോ പൊതുപരിപാടികളിലോ ഒരു വാക്ക് പോലും സംസാരിക്കാതെ രണ്ട് സ്ഥിരംസമിതി അധ്യക്ഷർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി. പഞ്ചായത്ത് മെംബർ ആവാൻ പോലും കഴിവും യോഗ്യതയുമുള്ളവർ തമ്മിൽ കനത്ത മത്സരം നടക്കുന്ന കാലത്താണിതെന്നോർക്കണം. 50 ശതമാനം സംവരണമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ വനിതാമുന്നേറ്റത്തിനിടയിലും സ്ഥാനാർഥിക്ഷാമമോ ഭർത്താക്കന്മാരുടെ നിർബന്ധമോ കാരണം മത്സരിക്കാൻ നിർബന്ധിതരാവുന്നവരാണ് അഞ്ച് കൊല്ലം മൗനികളായി തള്ളിനീക്കുന്നവരിൽ അധികവും. ഭരണപക്ഷ നിരയിൽത്തന്നെ കരുത്തുറ്റ സ്ത്രീകൾ ചുമതലകളൊന്നും ഏൽപ്പിക്കപ്പെടാതെ ഇരിക്കുന്നുമുണ്ടാവും. ജനപ്രതിനിധികളുടെ എണ്ണത്തിൽ കേരളത്തിലെ മൂന്നാമത്തെ പാർട്ടിയായ മുസ്​ലിംലീഗാണ് വനിത സ്ഥാനാർഥികളെ കിട്ടാൻ ഏറെ പ്രയാസപ്പെട്ടതെങ്കിൽ കാര്യങ്ങൾ മാറുകയാണ്.

കേരളത്തിൻറെ ചരിത്രത്തിലിന്നോളം ഒരു സ്ത്രീയെപ്പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലാത്ത ലീഗ് ഇത്തവണ ത്രിതല പഞ്ചായത്ത് രംഗത്തിറക്കിയിരിക്കുന്നവരിൽ അധികവും ഉന്നതവിദ്യാഭ്യാസവും നേതൃപാഠവവുമുള്ള പെൺകുട്ടികളെ. ഭർത്താക്കന്മാരുടെ ഫോട്ടോ വെച്ച് ഭാര്യക്ക് വോട്ട് തേടുന്ന ഗതികേടിനോട് സലാം പറയാൻ നേരമായിരിക്കുന്നു. ന്യൂസിലൻഡിലെ ജസീന്ത ആർഡനെയും യു.എസിലെ കമലാഹാരിസിനെയും അഭിനന്ദിച്ച് ഫേസ് ബുക്കിൽ പോസ്റ്റിടുന്ന ലീഗ് നേതാക്കളുടെ പുതിയ തലമുറയിലെ പെൺകുട്ടികൾ തിരിച്ച് ചോദിക്കുന്നുണ്ട്. ഐക്യ കേരളത്തിൽ നടന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എത്ര സ്ത്രീകളെ ലീഗ് മത്സരിപ്പിച്ചുവെന്ന അന്വേഷണത്തിന് ഒന്ന് എന്നാണ് ഉത്തരം. 1996ൽ കോഴിക്കോട് രണ്ടിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഖമറുന്നീസ അൻവർ മാത്രമേ ലിസ്റ്റിലുള്ളൂ.

എം.എസ്.എഫ് വനിത നേതാവ് മുഫീദ തെസ്നി 'വൈരുദ്ധ്യാത്മ കഥ' എന്ന തലക്കെട്ടിൽ ഇയ്യിടെ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ: ''ആയിഷയെയും ശ്രീധന്യയെയും അഭിനന്ദിച്ചവർ സ്വന്തം മക്കളുടെ വിദ്യാഭ്യാസം വിവാഹം വരെയുള്ള ഇടത്താവളമായി കാണിച്ചു കൊടുത്തു. ജസീന്ത ആർഡൻ ഭരണാധികാരിയായതിൽ അഭിമാനം കൊണ്ട പാർട്ടിക്കാർ കുറെ കാലമായി കുപ്പായം തയ്ച്ചു വെച്ചവരായിരുന്നു. ഇന്ദിര ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടു ആവേശം കൊള്ളുന്നവർ അവരങ്ങനെ അങ്ങനെയായി എന്നോർത്തില്ല. പാർവ്വതിക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിപ്പിച്ചവർ വീട്ടിലെ പെങ്ങളെ നിലപാടുകളെ അടിച്ചമർത്തി. ബിൽക്കീസ് ദാദിക്ക് വേണ്ടി പോസ്റ്റിട്ടവർ സ്വന്തം മുത്തശ്ശിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. സഫൂറ സർഗാറിന് വേണ്ടി മുറവിളി കൂട്ടിയിട്ടവർ പെണ്മക്കളെ തെരുവിലിറക്കുന്നതിനെ കുറിച്ചാലോചിച്ചത് പോലുമില്ല. നിദയും സഫയും ചങ്കൂറ്റമുള്ള പെൺകുട്ടികളെന്നു പറഞ്ഞപ്പോഴും തന്റെ 14 വയസ്സുള്ള മകൾ വീട്ടിൽ തന്നെയുണ്ടായിരുന്നു. പി.വി സിന്ധു ഇന്ത്യയുടെ അന്തസ്സുയർത്തിയതിൽ അഭിമാനം കൊണ്ടവർ വീട്ടിൽ നിന്നുമൊരു സിന്ധുവിനെ സ്വപ്നം കണ്ടില്ല. പ്രതീക്ഷയോടെ.....''

വിദ്യാർഥി വിഭാഗമായ എം.എസ്.എഫിൽ തുടങ്ങുന്നു തിരുത്തൽ ചരിത്രം. ഏതാനും വർഷം മുമ്പ് കാമ്പസുകളിൽ പ്രവർത്തിക്കാൻ പെൺകുട്ടികൾക്ക് വേണ്ടി 'ഹരിത' എന്ന പേരിൽ സംഘടന രൂപീകരിച്ചത് വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. അത് വരെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും വനിത സംവരണ പോസ്റ്റുകളിലേക്ക് മത്സരിപ്പിക്കാനും മാത്രമായിരുന്നു പെൺകുട്ടികളെ വേണ്ടിയിരുന്നതെങ്കിൽ അവർ എം.എസ്.എഫ് പതാകക്ക് കീഴിൽ സംഘടിക്കാൻ തുടങ്ങി. എതിരാളികളുടെ ഭീഷണിക്ക് മുന്നിൽ ആൺകുട്ടികൾ പിന്മാറിയ കാമ്പസുകളിൽപ്പോലും പെൺകുട്ടികൾ രംഗത്ത് വരികയും യൂനിറ്റുകളും കൊടിമരങ്ങളും സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുകയും ചെയ്തു. കേന്ദ്ര സർവകലാശാലകളിൽ വരെ എം.എസ്.എഫ് പ്രവർത്തനം വ്യാപിപ്പിച്ചു. ഹരിത എം.എസ്.എഫിനെ തുടക്കം മുതൽ നയിച്ച ഫാത്തിമ തഹ് ലിയ രാജ്യത്തെ വിദ്യാർഥികൾക്കിടയിൽ സ്വാധീനമുള്ള പത്ത് വനിത നേതാക്കളെ തെരഞ്ഞെടുത്തപ്പോൾ ഒന്നാമതായി.

ലീഗിൻറെയോ പോഷക സംഘടനകളുടെയോ തലപ്പത്തും സ്ത്രീകളുണ്ടായിരുന്നില്ല. നാല് വർഷം മുമ്പ് എം.എസ്.എഫിൻറെ പ്രഥമ ദേശീയ കമ്മിറ്റിയിൽ ഉപാധ്യക്ഷ സ്ഥാനം ഫാത്തിമ തഹ്ലിയക്ക് നൽകിയതിൻറെ അലയൊലികൾ മറ്റു പോഷക സംഘടനകളുടെ നേതൃത്വത്തിലും കാണാൻ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ഫാറൂഖ് കോളജിൻറെ 70 വർഷത്തെ ചരിത്രത്തിലാദ്യമായി മിന ഫർസാന എന്ന പെൺകുട്ടിയെ യൂനിയൻ ചെയർപേഴ്സനാക്കി എം.എസ്.എഫ്. ഹരിത ഉണ്ടായിരിക്കെത്തന്നെ കോളജുകളിൽ എം.എസ്.എഫ് ഭാരവാഹിത്വത്തിലേക്ക് പെൺകുട്ടികളെത്തി. ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന ലീഗ് സ്ഥാനാർഥികളുടെ പട്ടികയെടുത്താൽ തലമുറ മാറ്റം വ്യക്തമാവും. യുവ^വിദ്യാർഥി നിരക്ക് മുന്തിയ പ്രാതിനിധ്യം. സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ പലരും മത്സരരംഗത്തുണ്ട്.

ഹരിത സംസ്ഥാന പ്രസിഡൻറും ഗവേഷണ ബിരുദദാരിയുമായ മുഫീദ തസ്നി പനമരം ഡിവിഷനിൽ നിന്ന് വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. ജനറൽ സെക്രട്ടറിയും എൽ.എൽ.എം വിദ്യാർഥിനിയുമായ നജ്മ തബ്ഷീറ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ തിരൂർക്കാട് ഡിവിഷനിലാണ്. ഹരിത സംസ്ഥാന സെക്രട്ടറി അനഘ നരിക്കുനി ജനവിധി തേടുന്നത് കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ അത്തോളി ഡിവിഷനിലേക്ക്. കണ്ണൂർ സർവകലാശാല സെനറ്റ് മെംബർ കൂടിയായ അസ്മിന അഷ്റഫ് പരിയാരം ഡിവിഷനിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കുന്നു. സംവരണം വഴിയാണെങ്കിലും കേരളത്തിലെ ആദ്യ വനിത ജില്ലാ പഞ്ചായത്ത് പ്രസിഡൻറാ‍യിട്ടുണ്ട് 1996ൽ മലപ്പുറത്ത് കെ.പി മറിയുമ്മ. ഏതാനും മാസം മുമ്പ് സി. സീനത്ത് കണ്ണൂർ കോർപറേഷൻ മേയറായി. ലീഗിൻറെ ആദ്യ വനിത മേയർ എന്ന ഖ്യാതിയാണ് അന്ന് സീനത്തിനെ തേടിെയത്തിയത്. ഹരിത തുടക്കമിട്ട വിപ്ലവം കാമ്പസുകൾക്ക് പുറത്തേക്ക് വ്യാപിക്കുകയാണ്. ഈ 'ഹരിത വിപ്ലവ'ത്തിന് നേരെ അധികകാലം കണ്ണടക്കാൻ ലീഗ് നേതൃത്വത്തിന് കഴിയില്ല. കേരള നിയമസഭയിൽ ലീഗിൻറെ സ്ത്രീ ശബ്ദം മുഴങ്ങുന്ന നാൾ അതിവിദൂരത്തല്ല എന്നർഥം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlmsfvanitha leaguepanchayat election 2020
Next Story