''അറസ്റ്റിലായത് നാടിനുവേണ്ടി; രക്തസാക്ഷിയായാലും ഭയമില്ല''-ജഹാംഗീർപുരി നിവാസികൾ
text_fields''എന്റെ ഭർത്താവ് സുജിത് അറസ്റ്റിലായതിൽ പേടിയൊന്നുമില്ല. അദ്ദേഹം എവിടെയോ ഉണ്ടെന്ന് കരുതി മുന്നോട്ടുപോകുന്നു. നല്ലകാര്യത്തിന് പോയിട്ടല്ലേ അറസ്റ്റിലായത്. കൊല്ലാനും കവർച്ച ചെയ്യാനും പോയതല്ലല്ലോ. രാജ്യത്തിനായുള്ള പ്രവർത്തനത്തിൽ ഇതുപോലുള്ള ലക്ഷക്കണക്കിനാളുകൾ രക്തസാക്ഷികളായതാണ്. ഇനി ഹനുമാൻ ജയന്തി ഘോഷയാത്രയുടെ പേരിൽ അദ്ദേഹം രക്തസാക്ഷിയായാലും എന്തു ശിക്ഷ ലഭിച്ചാലും ഒരു ഭയവുമില്ല. പക്ഷേ, ശിക്ഷ ലഭിക്കില്ലെന്നാണ് കരുതുന്നത്. ഭഗവാൻ കുടെയുണ്ട്. ഇത്രയും വലിയ സംഘർഷത്തിൽനിന്ന് രക്ഷിച്ച് ഭഗവാൻ ഇവിടെ എത്തിച്ചല്ലോ. കല്ലുകൾക്കും വാളുകൾക്കും ഇടയിൽനിന്നാണല്ലോ രക്ഷപ്പെട്ടു വന്നത്. അത് തന്നെ ഞങ്ങൾക്ക് വലുതാണ്.''
സംഘർഷത്തിൽ കലാശിച്ച ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചതിനും അക്രമം നടത്തിയതിനും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജഹാംഗീർ പുരി ജി ബ്ലോക്കിലെ സുജിത് ഹൽദാറിന്റെ ഭാര്യ മീനു ഹൽദാറിന്റേതാണ് വാക്കുകൾ. ഭർത്താവ് വിശ്വ ഹിന്ദുപരിഷത്തിൽ അംഗമല്ലെങ്കിലും അവർ പരിപാടികൾക്ക് വിളിക്കുമ്പോഴെല്ലാം പോകുമെന്ന് മീനു പറഞ്ഞു.
സുജിത്തിനെ പൊലീസ് കൊണ്ടുപോയിട്ട് അഞ്ചുദിവസം കഴിഞ്ഞു. ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. എവിടെയാണെന്നറിയില്ല. മൂന്ന് മക്കളുള്ളതിനാൽ കുടുംബം പോറ്റാൻ പതിവായി പണിക്കു പോയിരുന്നയാളാണ് സുജിത് ഹൽദാർ. ഡ്രൈവറായിരുന്നുവെങ്കിലും ഏത് പണിക്കും പോകും. രണ്ടു മാസമായി കൈയൊടിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു. പരിക്കുള്ള കൈയും വെച്ചാണ് ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പോയതും.
അന്ന് രാത്രി വീട്ടിൽ വന്നപ്പോൾതന്നെ നിങ്ങളും പ്രശ്നമുണ്ടാക്കാൻ പോയോ എന്ന് ചോദിച്ചു. താൻ പ്രശ്നങ്ങളുണ്ടാക്കാൻ പോയില്ലെന്നും ഘോഷയാത്രയുടെ പിറകിൽനിന്ന് സംഘർഷം തുടങ്ങിയെന്നു കേട്ടപ്പോൾ മാറിനിന്നുവെന്നുമാണ് സുജിത് പറഞ്ഞത്. പള്ളിയുടെ മുന്നിൽ നിന്ന ആറേഴു പേർ വന്ന് ജയ്ശ്രീറാം മുദ്രാവാക്യവും ഡീജെ മ്യൂസിക്കും നിർത്തണമെന്നും ലൗഡ്സ്പീക്കർ ഓഫ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പള്ളിയുടെ റൂട്ട് ഒഴിവാക്കി മറ്റൊരു റൂട്ടിലൂടെ പോകണമെന്നും അവർ പറഞ്ഞു. ഘോഷയാത്രയിലുണ്ടായിരുന്നവർ അത് സമ്മതിച്ചില്ല. തങ്ങൾക്ക് അനുവദിച്ച റൂട്ട് ഇതാണെന്നും ഇതിലൂടെതന്നെ പോകുമെന്നും പറഞ്ഞു.
ഘോഷയാത്രയിൽ പങ്കെടുത്തവരുടെ കൈകളിൽ വാളുകളുണ്ടായിരുന്നുവെന്ന് മീനു പറഞ്ഞു. ഘോഷയാത്രയിൽ പുറത്തുനിന്നുള്ള ആളുകളുമുണ്ടായിരുന്നു. ആര് വരുന്നതും ഭഗവാൻ തടയുന്നില്ലല്ലോ. പലരും വാളുകളുമായി ഘോഷയാത്രയിൽ പങ്കെടുത്തത് ആരെയെങ്കിലും കൊല്ലാനായിരുന്നില്ല എന്നും എന്നാൽ മറുഭാഗത്തുനിന്നുള്ളവർ വാളുകളും മറ്റു ആയുധങ്ങളുമായി അക്രമം നടത്തിയെന്നും പൊലീസുകാരെ വരെ വെടിവെച്ചെന്നും മീനു കുറ്റപ്പെടുത്തുന്നു. തന്റെ ഭർത്താവ് ആയുധങ്ങൾ ഒന്നും കൊണ്ടുപോയിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. സംഘർഷത്തിൽ കലാശിച്ച ഹനുമാൻ ജയന്തി ഘോഷയാത്രയിൽ ഉണ്ടായിരുന്നോ എന്ന് പൊലീസ് വീട്ടിൽ വന്ന് ഭർത്താവിനോട് ചോദിച്ചു. ഉവ്വെന്ന് പറഞ്ഞപ്പോൾ ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വിട്ടയക്കാം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പിന്നീട് ഒരു വിവരവുമില്ലാതായപ്പോൾ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും അവർ ഒന്നും പറഞ്ഞില്ല.
എന്നോട് മാത്രമല്ല, അറസ്റ്റിലായ മറ്റുള്ളവരുടെ കുടുംബങ്ങളോടും പൊലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് വൈകീട്ട് നാലിന് കൂട്ടിക്കൊണ്ടുപോയത്. രാത്രി പത്തിനാണ് കേസായെന്ന് അറിഞ്ഞത്. അതിനുശേഷം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാക്കൾ വീട്ടിൽ വന്നു സംസാരിച്ചു. തങ്ങൾ കുടെയുണ്ടെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നുണ്ടെന്നും അവർ പറഞ്ഞു. എത്രദിവസംകൊണ്ട് കേസ് തീരുമെന്ന് ഒരു ധാരണയുമില്ല.
കേസ് ആര് നടത്തുന്നുവെന്നോ ഏത് വക്കീലിനെ വെച്ചുവെന്നോ എന്നൊന്നും എനിക്കറിയില്ല. എന്റെ കാര്യം മാത്രമല്ല. അടുത്ത വീട്ടിൽനിന്ന് അറസ്റ്റിലായ മൂന്നുപേരുടെ കേസുകളുടെ കാര്യവും വീട്ടുകാർക്ക് അറിയില്ല. അതൊന്നും ഞങ്ങളുടെ കൈകളിലല്ല. വി.എച്ച്.പി സഹായിക്കാമെന്നേറ്റിട്ടുണ്ട്. ഭാരതീയർ മുഴുവൻ ഞങ്ങൾക്കൊപ്പമുണ്ട് -നിറഞ്ഞവിശ്വാസത്തോടെ മീനു പറയുന്നു.
ഓടകൾ മുറ്റമായ ഒറ്റമുറി വീടുകൾ
പ്രതിപക്ഷ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും പ്രവേശനം അനുവദിക്കാതെ ബാരിക്കേഡ് വെച്ച് അടച്ച് പൊലീസ് വലയത്തിലാക്കിയ ജഹാംഗീർപുരി സി ബ്ലോക്കിന്റെ തൊട്ടപ്പുറത്താണ് ജി ബ്ലോക്ക്. ബംഗാളി ഹിന്ദുക്കളും മുസ്ലിംകളും ഇടകലർന്നു ജീവിക്കുന്ന ഇവിടെ 100ഉം 200ഉം മീറ്ററുകൾ നീളമുള്ളതാണ് ഓരോ ഗലിയും. ഓരോന്നിലും എഴുപതും എൺപതും ഒറ്റമുറി വീടുകൾ. ഓരോ ഒറ്റമുറിക്കു പുറത്തും ഗൃഹനാഥന്മാരുടെ നെയിംപ്ലേറ്റുകൾ പതിച്ചിട്ടുണ്ട്. ഗലികൾക്കിടയിലൂടെ ഒഴുകുന്ന ഓടകൾക്ക് മുകളിൽ പാകിയ ഫുട്പാത്തുകളാണ് അവിടേക്കുള്ള വഴികൾ.
മാതാപിതാക്കളും മുതിർന്ന മക്കളുമെല്ലാം ജീവിക്കുന്നത് ആ ഒറ്റമുറി വീട്ടിലാണ്. സംഘർഷത്തിൽ കലാശിച്ച ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചതിനും അക്രമം നടത്തിയതിനും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഹിന്ദു സമുദായത്തിൽനിന്നുള്ള ആറു പേരും ഈ ഗലിയിൽനിന്നാണ്. 200 മീറ്റർ നീളത്തിലുള്ള ഇവരുടെ കോളനിയിൽ ഒറ്റമുറിവീടുകളിൽ കഴിയുന്നത് 70 ബംഗാളി ഹിന്ദു കുടുംബങ്ങൾ. അതിൽ വി.എച്ച്.പി-ബജ്റംഗ് ദൾ പ്രവർത്തകരുമുണ്ട്. ഘോഷയാത്രക്ക് എഴുന്നള്ളിച്ച ഹനുമാൻ പ്രതിമ സ്ഥാപിച്ച ജി ബ്ലോക്കിലെ ക്ഷേത്രത്തിന് അടുത്തുനിന്നാണ് സംഘാടകർ സംസാരിച്ചത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.