കശ്മീരിലെ ഇരുട്ടും ചോരയും
text_fieldsബി.ജെ.പിയും പി.ഡി.പിയും സഖ്യം അവസാനിപ്പിച്ചതിൽ ജമ്മുകശ്മീരിലുള്ളവർക്കോ, പുറത്തുള്ളവർക്കോ ദുഃഖമില്ല. ഇന്ന് അല്ലെങ്കിൽ നാളെ അത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്ത രണ്ടു പാർട്ടികൾ മൂന്നു വർഷം ഒന്നിച്ചു നീങ്ങിയതിലാണ് അത്ഭുതം. കശ്മീരിന്റെ അശാന്തിക്ക് ബി.ജെ.പിയുടെ പക്കലുള്ള ഉത്തരം, ഉരുക്കുമുഷ്ടി പ്രയോഗമാണ്. എന്നാൽ സാന്ത്വന സ്പർശമാണ് പി.ഡി.പി പിറന്നത് മുതൽ മുന്നോട്ടുവെച്ച ആശയം. എന്നിട്ടും രണ്ടു കൂട്ടരും ഒന്നിപ്പിച്ചത് അവരുടെ അവസരവാദ രാഷ്ട്രീയമാണ്.
2015ൽ പി.ഡി.പിയേക്കാൾ സഖ്യത്തിന് കൊതിച്ചത് ബി.ജെ.പിയാണ്. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് സഖ്യകക്ഷി സമ്പ്രദായത്തിലൂടെയാണെങ്കിലും കാവിരാഷ്ട്രീയം അധികാരത്തിൽ പങ്കാളിയാകുന്നത് മറ്റാരേക്കാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അത്യാഗ്രഹം കൂടിയായിരുന്നു. കശ്മീർ വിഷയത്തിൽ വാജ്പേയിയെ കടത്തിവെട്ടുന്ന വിജയം ചരിത്രത്തിൽ രേഖപ്പെടുത്താനുള്ള ത്വര അതിൽ തെളിഞ്ഞുകിടന്നു. ബി.ജെ.പിയെങ്കിൽ ബി.ജെ.പിയെന്ന് പി.ഡി.പി ചിന്തിച്ചത്, അധികാരക്കൊതിയല്ലാതെ മറ്റൊന്നും കൊണ്ടല്ല. അങ്ങനെയെല്ലാമാണ് ബി.ജെ.പിയുടെ അതിദേശീയതയും പി.ഡി.പിയുടെ മൃദുതീവ്രതയും അധികാരത്തിെൻറ പല്ലക്കിൽക്കയറി മൂന്നു വർഷം ഒന്നിച്ചു മുന്നോട്ടു നീങ്ങിയത്. അധികാരത്തിൽ പങ്കാളിയാകാൻ പി.ഡി.പിയെ കപട ലാളനയുടെ കെണിയിൽ വീഴ്ത്തിയ ബി.ജെ.പി, 2019ൽ വീണ്ടും കേന്ദ്രാധികാരം പിടിക്കാനുള്ള വെമ്പലിൽ സഖ്യകക്ഷിയെ വീണ്ടുമൊരിക്കൽ കൂടി കെണിയിൽ ചാടിക്കുകയോ ചതിക്കുകയോ ചെയ്തു. സഖ്യം അവസാനിപ്പിക്കുന്നുവെന്ന് നാടകീയമായി ആദ്യം പ്രഖ്യാപിച്ചപ്പോൾ അതാണ് സംഭവിച്ചത്.
പി.ഡി.പിയുടെ മൃദുതീവ്രതയുമായി ഒത്തുപോകാൻ കഴിയില്ലെന്ന് ജമ്മുവിലെയും പുറത്തെയും ഹിന്ദു ജനസാമാന്യത്തോട് വിളിച്ചു പറയുക എന്നതാണ് അതിലൂടെ ബി.ജെ.പി ഉദ്ദേശിച്ചത്. ആർ.എസ്.എസ് എടുത്ത സുചിന്തിതമായ തീരുമാനമാണ് പുറത്തുവന്നത്. പി.ഡി.പിയുമായി അധികാരം പങ്കിട്ടതും കശ്മീരിൽ ചുരുങ്ങിയ കാലം വെടിനിർത്തൽ പ്രഖ്യാപിച്ചതുമൊക്കെ ഇഷ്ടപ്പെടാത്ത ജമ്മുവിലെയും മറ്റും തങ്ങളുടെ വോട്ടുബാങ്കിനെ മാനസികമായി തൃപ്തിപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തത്. അത് 2019ൽ ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടൽ. കശ്മീരിൽ മയമുള്ള നിലപാട് വേണമെന്ന് ബി.ജെ.പിയോട് വാദിച്ചു തോൽക്കാനാണ് ഇത്രകാലം പി.ഡി.പിക്ക് കഴിഞ്ഞതെങ്കിൽ, ഇനിയങ്ങോട്ട് ഉരുക്കുമുഷ്ടി പ്രയോഗത്തോട് പ്രതിഷേധിക്കേണ്ട ചുറ്റുപാടാണ് മെഹ്ബൂബ മുഫ്തിക്കും മറ്റും വന്നുചേരുക.
ബി.ജെ.പിയുമായി സന്ധി ചെയ്തതു മുതൽ സ്വന്തം സ്വാധീന മേഖലയായ തെക്കൻ കശ്മീരിൽ പി.ഡി.പിയിൽ നിന്ന് അകന്നുമാറി നിൽക്കുന്നവരോട് പ്രായശ്ചിത്ത രൂപേണ പെരുമാറാനും സ്വാധീനം ഒരളവിൽ തിരിച്ചു പിടിക്കാനും അതുവഴി കഴിയുമെന്ന കണക്കു കൂട്ടലും മെഹ്ബൂബക്ക് ഉണ്ടായിരിക്കണം. വഴിപിരിഞ്ഞ സഖ്യകക്ഷികൾ അങ്ങനെ വീണ്ടും കപട രാഷ്ട്രീയത്തിലേക്ക് തിരിയുേമ്പാൾ കശ്മീരിലെ ചോരച്ചാലുകൾക്ക് ശക്തി കൂടുമെന്നു വേണം കരുതാൻ. കശ്മീരിൽ സാന്ത്വന സ്പർശനമില്ല, അതിനുവേണ്ടിയുള്ള വേണ്ടിയുള്ള നിലവിളികൾ മാത്രമാണുള്ളത്. ഉരുക്കുമുഷ്ടി പ്രയോഗത്തിെൻറ കരുത്ത് കൂടിക്കൂടി വരുകയുമാണ്. ബി.ജെ.പി നടത്തുന്ന ഗവർണർഭരണത്തിനു കീഴിൽ സൈന്യവും പൊലീസും നടത്തുന്ന തീവ്രവാദ വേട്ട, ഇന്നത്തേക്കാൾ ഭീകരമായിരിക്കുമെന്ന് തീർച്ച.
നക്സൽ വേട്ടക്ക് കുപ്രസിദ്ധി നേടിയ ഛത്തിസ്ഗഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട െഎ.എ.എസുകാരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചു കഴിഞ്ഞു. നക്സൽവേട്ടയുടെ വിദഗ്ധനായ കെ. വിജയകുമാറും അവിടേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു. അതിദേശീയതയുടെ കശ്മീർ ഗീർവാണങ്ങൾ ഇനി ഉയർന്നു കേൾക്കാം. അതിനിടയിൽ ജനാധിപത്യവും മനുഷ്യാവകാശവും അലമുറയിടുന്നത് കേൾക്കാതെ പോയെന്നും വരും. പി.ഡി.പി-ബി.ജെ.പി സഖ്യം വീണ്ടും മുന്നോട്ടുപോയിരുന്നെങ്കിൽ കശ്മീരികളുടെ കഷ്ടതക്ക് ചില ഇളവുകൾ കിട്ടിയേനെ എന്ന് അതിനർഥമില്ല. മൃദുതീവ്രതയുടെ ആശയങ്ങളാണ് പി.ഡി.പിക്കെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവരുടെ തണൽപറ്റി മുന്നോട്ടു നീങ്ങിയ ബി.ജെ.പി, കശ്മീരിൽ സാന്ത്വനത്തിെൻറ നയതന്ത്രം പരീക്ഷിക്കണമെന്ന് ഉദ്ദേശിച്ചിേട്ടയില്ല. ഉദ്ദേശിച്ചിരുന്നെങ്കിൽ, മൂന്നു വർഷത്തിനിടയിൽ കേന്ദ്രസർക്കാറിന് ആ നയതന്ത്രം പുറത്തെടുക്കാൻ അവസരമുണ്ടായിരുന്നു. മുദുതീവ്രതക്കാരായ സഖ്യകക്ഷിയുടെ േതാളത്ത് ചവിട്ടി നിന്ന് കശ്മീരിൽ ‘തീവ്രവാദ വേട്ട’ നടത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തുവന്നത്.
തീവ്രവാദ വേട്ടയുടെ പേരിൽ കശ്മീരിൽ അടിച്ചമർത്തൽ ശക്തമാക്കുകയാണ് ചെയ്തത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കശ്മീരികൾക്കിടയിൽ വർധിച്ച അവിശ്വാസം യുവരോഷവും കല്ലേറുമൊക്കെയായി അലയടിക്കുകയും ചെയ്തു. അതിനെ ബൂട്ടും പെല്ലറ്റും കൊണ്ട് സുരക്ഷാ സേന നേരിട്ടു. വിട്ടുവീഴ്ചക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നിലവിളി ഉയർന്നു. സമാശ്വാസത്തിെൻറ സർവകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കാൻ പോലും കേന്ദ്രസർക്കാറിന് മേൽ അത്രമേൽ സമ്മർദം വേണ്ടിവന്നു എന്നതാണ് യാഥാർഥ്യം. സർവകക്ഷി സംഘത്തിൽ പെട്ടവർ ഹുർരിയത് കോൺഫറൻസ് അടക്കമുള്ള വിമത നേതാക്കളെ കാണുന്നതിന് കേന്ദ്രത്തിെൻറ അനുമതി ഉണ്ടായിരുന്നില്ല. എല്ലാ വിഭാഗത്തിൽ പെട്ടവരെയും വിശ്വാസത്തിലെടുക്കുന്ന സംഭാഷണ പ്രക്രിയയാണ് കശ്മീരിൽ വേണ്ടതെന്ന് ചൂണ്ടിക്കാണിക്കെപ്പട്ടതാണ്. അക്രമം അവസാനിപ്പിച്ചു വരുന്നവരോട് ചർച്ചയാകാമെന്ന നിലപാടിലായിരുന്നു കേന്ദ്രം. കശ്മീരിൽ വേണ്ടത് രാഷ്്ട്രീയ പരിഹാരമാണെന്ന യാഥാർഥ്യം വിലപ്പോയില്ല. ഇതെല്ലാം പി.ഡി.പിയുടെ മുഖ്യമന്ത്രി അധികാരത്തിൽ തുടരുേമ്പാൾ തന്നെയായിരുന്നു. മധ്യസ്ഥനെ വെച്ചതും ഒരു മാസം വെടിനിർത്തൽ പ്രഖ്യാപിച്ചതുമൊക്കെ അവരുടെ സമ്മർദം കൊണ്ടു തന്നെ. എന്നാൽ അവിശ്വസിക്കുന്ന സർക്കാറിെൻറ ആത്മാർഥതയില്ലാത്ത നാട്യങ്ങൾ ഒരു പ്രയോജനവും ചെയ്തില്ല. കശ്മീരിൽ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നതു തന്നെയാണ് തങ്ങൾക്ക് യോജിച്ച രാഷ്ട്രീയ നിലപാടെന്ന തീരുമാനത്തിലേക്ക് ബി.ജെ.പി അതിനിടയിൽ എത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വെടിനിർത്തൽ നീേട്ടണ്ടതില്ലെന്നു തീരുമാനിച്ചു. സംഭാഷണ പ്രക്രിയക്ക് നിയോഗിച്ച മധ്യസ്ഥൻ ഒരു പരിഹാസ രൂപം മാത്രമായി മാറി.
നേരത്തെ പറഞ്ഞപോലെ, അതിദേശീയതയുടെയും ഹിന്ദുത്വ അഭിമാനത്തിെൻറയും ഗീർവാണങ്ങൾ ഇനി ശക്തമാകും. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയണമെന്ന മുറവിളിയുടെ, പാക് അതിർത്തിയിലെ വെടിയൊച്ചകളുടെയും കശ്മീരിൽ ഞെരിയുന്ന ബൂട്ടുകളുടെയും അടമ്പടിയോടെ, 2019 കടന്നുപോകും. പത്തു വർഷത്തിനിടയിൽ നാലാംവട്ടം ഗവർണർ ഭരണമേർപ്പെടുത്തിയ ജമ്മുകശ്മീരിൽ മെഹ്ബൂബ മുഫ്തിക്കു ശേഷം, 51ാമത്തെ മുഖ്യമന്ത്രി വരാൻ എത്രകാലം ജനാധിപത്യ ഇന്ത്യ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്ക നിറഞ്ഞ ചോദ്യം ബാക്കിയാവുകയാണ്. ജമ്മുകശ്മീർ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തിലേക്ക് വിരൽചൂണ്ടി, ജനാധിപത്യ പ്രക്രിയയുടെ വിജയത്തിൽ ആഹ്ലാദിച്ചവർ ഉന്നയിക്കുന്ന വലിയ ചോദ്യവും അതുതന്നെ. കല്ലേറുകളും വെടിയൊച്ചകളും നിലക്കാത്ത നാടായി മാറിയ ജമ്മുകശ്മീരിൽ ഏറ്റവുമൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏഴു ശതമാനം മാത്രമായിരുന്നു പോളിങ്. അനന്തനാഗ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിട്ടില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കും ഇൗ ആശങ്കകേളാടെയാണ് കണ്ണയക്കേണ്ടത്. അതെ: കശ്മീരിൽ നിന്ന് ഒരു മന്ത്രിസഭ വീണതിെൻറ നിലവിളിയല്ല, ഇരുട്ടും ചോരയും വീണ ഭാവിയുടെ നിലവിളിയാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.