കുഷ്നറുടെ പശ്ചിമേഷ്യൻ പദ്ധതിയും ട്രംപിെൻറ സ്വപ്നങ്ങളും
text_fieldsഅടുത്തെങ്ങും അവസാനിക്കുമെന്ന് പ്രതീക്ഷയില്ലാത്ത ഫലസ്തീൻ പ്രശ്നം അടിയന്തരമായി പരിഹരിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചുറച്ച് വൈറ്റ്ഹൗസ് ഉപദേശകനും സർവോപരി യു.എസ് പ്രസിഡൻറ് ട്രംപിെൻറ മരുമകനുമായ ജാരെദ് കുഷ ്നർ തയാറാക്കിയ 136 പേജ് വരുന്ന ‘മിഡിലീസ്റ്റ് പ്ലാൻ ഒന്നാം പർവ’മായിരുന്നു മനാമയിൽ ബുധനാഴ്ച സമാപിച്ച അന്താ രാഷ്ട്ര സമ്മേളനത്തിെൻറ പ്രമേയം. യു.എസും ബഹ്റൈനും ചേർന്ന് ആഘോഷപൂർവം ഒരുക്കിയ സമ്മേളനത്തിൽ സൗദിയും യു. എ.ഇയും കഴിഞ്ഞാൽ പങ്കാളികളുടെ സാന്നിധ്യത്തേക്കാൾ അസാന്നിധ്യമായിരുന്നു ലോകമറിഞ്ഞത്. വിഷയം ഫലസ്തീനും ഇസ്രാ യേലുമായിട്ടും ഇവരിൽ ഒരാൾ ബഹിഷ്കരിച്ചും മറ്റൊരാൾ വിളിക്കപ്പെടാതെയും വിട്ടുനിന്നു. ജോർദാൻ പോലെ ചില രാജ്യങ ്ങൾ പാവം ഗുമസ്തരെ വിട്ട് കടപ്പാട് തീർത്തു. അങ്ങനെ, നിസ്സഹകരണം പറയാതെ പറഞ്ഞു. എന്നിട്ടും, രണ്ടു ദിവസത്തെ പരിപ ാടിയുടെ തുടക്കത്തിൽ കുഷ്നർ പറഞ്ഞത്, ഇത് നൂറ്റാണ്ടിെൻറ പദ്ധതിയെന്നായിരുന്നു. സത്യത്തിൽ എന്താണാവോ അദ്ദ േഹം ഉദ്ദേശിച്ചത്?
വാഗ്ദാനം മോഹനം; യാഥാർഥ്യം ഭീതിദം
പതിറ്റാണ്ടുകളായി ഭീതിദമായ നീതിനിഷേധത്തിെൻറ ഇരകളാണ് ഫലസ്തീ നികൾ. യു.എസിെൻറ നിർലോഭ പിന്തുണയോടെ ഇസ്രയേൽ ഇടവിട്ട് നടത്തിയ അധിനിവേശങ്ങൾ വഴി അവന് നഷ്ടപ്പെട്ടത് വില പ്പെട്ട അനേകായിരം ജീവനുകൾ മാത്രമല്ല, കാലങ്ങളായി കൈവശം വെച്ച മണ്ണുകൂടിയാണ്. ഒാരോ ദിനവും പ്രഖ്യാപിക്കപ്പെടുന ്ന പുതിയ ജൂത പാർപ്പിടങ്ങൾ കൊണ്ടുപോയത് അവൻ പിറന്ന, ജീവിച്ച ഭൂമിയാണ്. ആശുപത്രികളിൽ അവശ്യ മരുന്നുകൾ പോലും നി ഷേധിക്കപ്പെട്ടവർ. ഏതുസമയവും ആകാശത്തുനിന്ന് പതിക്കാവുന്ന മിസൈലുകളും നിരത്തുഭരിക്കുന്ന പട്ടാളവും നീട്ടിനൽക ുന്ന ആയുസ്സിെൻറ ബലത്തിൽ കഴിയുന്നവർ. രാജ്യമായി അംഗീകരിക്കപ്പെട്ടിട്ടും സ്വന്തമായി സുരക്ഷാ സേന ഫലസ്തീനിക ്ക് ആർഭാടമാണ്. വിമാനത്താവളം പേരിന് പോലും ഇസ്രായേൽ അനുവദിച്ചിട്ടില്ല. സാമ്പത്തിക സ്രോതസ്സുകൾ എന്നേ തകർ ന്നു തരിപ്പണമായ നാടിന് പുറത്തുനിന്ന് എത്തുന്ന ഫണ്ട് ഇസ്രായേൽ കൊണ്ടുപോകുക കൂടി ചെയ്യുന്നതോടെ എന്താകും അവസ്ഥയെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ജറൂസലം ആസ്ഥാനമായി ജൂത രാഷ്ട്രം ഉഗ്രപ്രതാപത്തോടെ വാഴുന്നത് കാണാൻ വഴിയൊരുക്കി തലസ്ഥാനമാറ്റത്തിന് ട്രംപ് പച്ചക്കൊടി കാട്ടിയിട്ട് ഏറെയായില്ല. എന്നു വെച്ചാൽ, ഫലസ്തീൻ പ്രശ്നത്തിെൻറ ഭീകരത ട്രംപിനോ പുന്നാര മരുമകനോ അറിയാഞ്ഞല്ല.
ലോകത്തെ ഏറ്റവും വലിയ ‘ഘെറ്റോകളി’ൽ രാപ്പാർക്കുന്നവർക്ക് തുല്യതയില്ലാത്ത സൗകര്യങ്ങളും സംവിധാനങ്ങളും അടിസ്ഥാന മേഖലയിൽ വാഗ്ദാനം ചെയ്താണ് ജൂൺ 22ന് കുഷ്നർ ‘മിഡിലീസ്റ്റ് പ്ലാൻ’ അവതരിപ്പിക്കുന്നത്. സ്വകാര്യ മേഖലയെ പ്രോൽസാഹിപ്പിക്കുക (മഹാദാരിദ്ര്യം വേട്ടയാടുന്ന നാട്ടിൽ ഉള്ളത് കൂടി ഉൗറ്റിയെടുക്കാൻ ഇസ്രായേലി ദല്ലാളുമാരെ ഇറക്കുമതി െചയ്യാൻ പുത്തൻ വഴികൾ തേടുകയാകണം), 5ജി, എൽ.ടി.ഇ സൗകര്യങ്ങൾ െമാൈബൽ സേവനങ്ങൾക്ക് നടപ്പാക്കുക (3ജി സേവനം പോലും 2018ലാണ് ഇസ്രായേൽ അനുവദിച്ചത്), ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും ദുബൈ, സിംഗപ്പൂർ നഗരങ്ങൾ പോലെ ആഗോള ടൂറിസം ആസ്ഥാനങ്ങളായി വികസിപ്പിക്കുക (അവിടങ്ങളിൽ എയർപോർട്ടുകൾ ഒന്നിലേറെയുണ്ട്^ ഇവിടെ അടുത്തെങ്ങും ഒരു ചെറുത് പോലും ഉണ്ടാകാനിടയില്ല), വിദ്യാഭ്യാസ രംഗം നവീകരിക്കാൻ ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രോൽസാഹിപ്പിക്കുക (ഉള്ള വിദ്യാലയങ്ങളിലേറെയും അഭയാർഥി ക്യാമ്പുകളാണിവിടം), ആരോഗ്യ രംഗം ആധുനികവത്കരിക്കുക (ആശുപത്രികളിലേറെയും തകർത്ത ഇസ്രായേലീ ബോംബുകളിൽ ചിലത് യൂറോപും അമേരിക്കയും ദാനം ചെയ്തവയാണ്), സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങുക.... എണ്ണമറ്റ നിർദേശങ്ങളിൽ പലതും ചിരിയും ചിന്തയും ഒന്നിച്ച് നൽകുന്നവ.
5000 കോടി ഡോളർ ചെലവിട്ട് 10 കൊല്ലം കൊണ്ട് ഗസ്സയുടെയും വെസ്റ്റ് ബാങ്കിെൻറയും എല്ലാ പ്രശ്നങ്ങളും ഞാൻ തീർത്തുതരാമെന്നാണ് കുഷ്നറുടെ അവകാശവാദം. അസ്തിത്വപരമായി ഒരു സമൂഹം പതിറ്റാണ്ടുകളായി എരിതീയിൽ ഉരുകുന്നതല്ല പ്രശ്നം, മറിച്ച്, ലോകത്തെ ഏതു ദരിദ്ര രാജ്യവും അനുഭവിക്കുന്ന വികസന രാഹിത്യം മാത്രമാണെന്ന കാഴ്ചപ്പാട് എങ്ങനെയുണ്ടായെന്നറിയണമെങ്കിൽ ട്രംപും വൈറ്റ്ഹൗസും അടുത്തിടെ സ്വീകരിച്ച ചില നടപടികൾ കൂടി ചേർത്തുവായിക്കണം.
എല്ലാം രാഷ്ട്രീയമാണ്, പക്ഷേ, രാഷ്ട്രീയം മിണ്ടരുത്
അമേരിക്ക പുതിയൊരു പ്രസിഡൻറ് തെരഞ്ഞെടുപ്പിനരികെയാണ്. രണ്ടാമൂഴത്തിന് ട്രംപ് മൽസര രംഗത്തുണ്ട് താനും. നാട്ടുകാർക്കും അയൽക്കാർക്കും ചെയ്തുകൊടുക്കാത്തതാണ് ചുരുങ്ങിയ കാലയളവിൽ ഇസ്രായേലിനായി ട്രംപ് ഭരണകൂടം ചെയ്തുകൊടുത്തത്. ഭരണമേറി 18 മാസം തികയും മുമ്പ് അവിഭക്ത ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി യു.എസ് അംഗീകരിച്ചു, യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കി എംബസി മാറ്റവും പൂർത്തിയാക്കി. മറുവശത്ത്, ഇസ്രായേലിെൻറ താൽപര്യാർഥം ഗസ്സയിലും റാമല്ലയിലുമുണ്ടായിരുന്ന യു.എസ് നയതന്ത്രകാര്യാലയങ്ങൾ അടച്ചുപൂട്ടി. യു.എസ് കാലങ്ങളായി ഫലസ്തീനികൾക്ക് നൽകിവന്ന സാമ്പത്തിക സഹായവും നിർത്തലാക്കി. അധിനിവിഷ്ട ഭൂമിയായ ജൂലാൻ കുന്നുകളിൽ (52 വർഷം മുമ്പ് സിറിയയിൽനിന്ന് പിടിച്ചെടുത്തത്) പുതിയതായി ബിൻയമിൻ നെതന്യാഹു ഉദ്ഘാടനം ചെയ്ത കുടിയേറ്റ ഭവന പദ്ധതികളിലൊന്നിന് ട്രംപിെൻറ പേര് (ട്രംപ് ഹൈറ്റ്സ്) കിട്ടിയത് ഉപകാര സ്മരണയെന്ന നിലക്കാണ്. ഇസ്രായേലിലെ തീവ്ര വലതുപക്ഷം സ്വപ്നം കാണുന്നതെന്തും നടപ്പാക്കുമെന്ന സന്ദേശമാണ് ട്രംപ് ഭരിക്കുന്ന വൈറ്റ്ഹൗസ് നൽകിക്കൊണ്ടിരിക്കുന്നതെന്ന് ചുരുക്കം.
അതിനിടെയാണ് പശ്ചിമേഷ്യയിൽ സമാധാനത്തിെൻറ പൂക്കാലം പുലരുമെന്ന വാഗ്ദാനത്തോടെ മരുമകൻ എത്തുന്നത്. ഫലസ്തീനി കാലങ്ങളായി മുന്നോട്ടുവെക്കുന്ന ‘ഭൂമി വിട്ടുനൽകി സമാധാനം’ എന്ന ആശയത്തിനു പകരം ‘വികസനം വഴി സമാധാന’ത്തിലേക്ക് മാറണമെന്ന് അദ്ദേഹത്തിെൻറ പുതിയ തിട്ടൂരം. ഇതുകൂടി സ്വീകരിക്കാനില്ലെങ്കിൽ ഇനിയൊരു സമാധാനമില്ലെന്ന ഭീഷണി കൂടി ഇതിലുണ്ടോ എന്ന ആശങ്കയുമുണ്ട്.
സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടമേ ആയുള്ളൂവെന്നും രാഷ്ട്രീയ പരിഹാരം രണ്ടാം പർവമായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. അതാകെട്ട, വൈകുമെന്നുറപ്പാണ്. ഇസ്രായേലിൽ നെതന്യാഹു തെരഞ്ഞെടുപ്പ് ജയിച്ചിട്ടും ഇനിയും സർക്കാർ രൂപവത്കരണം സാധ്യമായിട്ടില്ല. സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ സർക്കാർ അധികാരമേറണം. അതും കഴിഞ്ഞ് ആ സർക്കാറിെൻറ അനുഗ്രഹാശിസ്സുകൾ നേടിയ ശേഷമേ കുഷ്നർ രാഷ്ട്രീയം മിണ്ടുന്ന രണ്ടാം ഭാഗം ഉണ്ടാകൂ എന്ന് ചുരുക്കം.
പശ്ചിമേഷ്യയിൽ ഏതുതരം പദ്ധതികളും യു.എസ് അവതരിപ്പിച്ചത് ആവശ്യക്കാർ പണം മുടക്കണം എന്ന നിലക്കാണ്. പുതിയ സമാധാന കരാറിനും പണം മുടക്കേണ്ടത് മറ്റാരുമാകില്ല. ശതകോടികളുടെ പദ്ധതി പ്രഖ്യാപിച്ച് സമയക്രമം പറഞ്ഞുകൊടുത്ത് കുഷ്നർ പോകുമെന്നുറപ്പാണ്. ഇത്രയും ഭീമമായ തുക കലാപത്തീയൊടുങ്ങാത്ത ഫലസ്തീനിലും അയൽമേഖലകളിലും മുടക്കാൻ ആരുണ്ടാകുമെന്നതാണ് ചോദ്യം. ചില അറബ് രാജ്യങ്ങളും അത്യപൂർവം ചില വ്യവസായികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത് മുന്നോട്ടുപോകുമോ എന്ന ആശങ്ക സ്വാഭാവികം.
ഫലസ്തീൻ പ്രശ്നത്തിന് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 1948 വരെ. അന്നും പിറകെയുമായി പുറത്താക്കപ്പെട്ട അരക്കോടിയോളം ഫലസ്തീനികൾ അടുത്തും അകലെയുമായി വിവിധ രാജ്യങ്ങളിൽ അഭയാർഥികളായുണ്ട്. മറുവശത്ത്, വാഗ്ദത്ത ഭൂമിയെന്നു മോഹിപ്പിച്ച് ഇരട്ടപൗരത്വം നൽകി ഇസ്രായേൽ ഇപ്പോഴും ഫലസ്തീൻ മണ്ണിൽ അന്യനാട്ടുകാരെ വിളിച്ചുവരുത്തി പാർപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 1967നു ശേഷമുള്ള എല്ലാ അധിനിവിഷ്ട ഭൂമികളും തിരിച്ചുനൽകണമെന്ന് യു.എസ് ഒഴികെ അന്താരാഷ്ട്ര സമൂഹം നിരന്തരം ഇസ്രായേലിനോട് ആഹ്വാനം നടത്തുന്നുണ്ടെങ്കിലും അവർ ചെവികൊള്ളുമെന്ന് തോന്നുന്നില്ല.
‘അധിനിവേശത്തിന് പരിഹാരം പണമല്ല’
‘ഇസ്രായേൽ അധിനിവേശമെന്ന മുറിയിലെ ആനയെ കണ്ടില്ലെന്നു നടിക്കുന്ന പദ്ധതിയാണിതെന്ന് പി.എൽ.ഒ വക്താവ് ഹനാൻ അഷ്റാവി പറയുന്നത് കൂടുതൽ വിശദീകരണം തേടുന്നുണ്ട്. 1948ൽ യു.എൻ അംഗീകാരത്തോടെ ഇസ്രായേൽ നിലവിൽവന്ന ശേഷം അതിവേഗമാണ് ഇസ്രായേൽ ഭൂമി വളർന്നുകൊണ്ടിരുന്നത്. ഭൂമിശാസ്ത്രപരമായ അതിർത്തി സംബന്ധിച്ച് ലോകത്തിന് ചട്ടങ്ങളുണ്ട്. അനുദിനം ഭൂമി വളച്ചെടുക്കാൻ ഒരു നിയമവും ഒരു രാജ്യത്തെയും അനുവദിക്കുന്നില്ല. എന്നിട്ടും, 160 ലേറെ കുടിേയറ്റ മേഖലകളാണ് 1967നു ശേഷം ഇസ്രായേലിനോട് ചേർക്കപ്പെട്ടത്. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള മുന്തിയ ഭവന സമുച്ചയങ്ങൾ. പൂർണമായോ ഭാഗികമായോ ഫലസ്തീനികൾക്ക് അവകാശപ്പെട്ട ഭൂമികളിലായിരുന്നു ഇവ പണിതത്. ഇവിടങ്ങളിൽ മാത്രം ഏഴു ലക്ഷത്തോളം അധിക താസമക്കാരെത്തി. വെസ്റ്റ് ബാങ്കിലെ ‘മുദീൻ ഇല്ലിറ്റി’ൽ മാത്രം 64,000 ഒാളം പേരുണ്ട്. സ്വന്തമായി യൂനിവേഴ്സിറ്റികളുള്ള കുടിയേറ്റ മേഖലകൾ വരെ ഇതിലുണ്ട്. ഫലസ്തീനിക്ക് വിട്ടുനൽകിയ വെസ്റ്റ് ബാങ്കിെൻറ 42 ശതമാനവും ആർക്കും അധികാരം നൽകാത്ത ജറൂസലമിെൻറ 86 ശതമാനവും കൈവശം വെക്കുന്നതും ഇസ്രായേലാണ്.
അൽപം പഴങ്കഥ കൂടി കേട്ടാലേ, ഇൗ ചിത്രം പൂർത്തിയാകൂ. 1880കളിൽ ഫലസ്തീനിലുണ്ടായ ‘യിഷുവ്’ എന്ന ജൂത സമൂഹം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമായിരുന്നു. സയണിസ്റ്റ് പ്രസ്ഥാനത്തിെൻറ ബലത്തിൽ കുടിയേറ്റം തുടങ്ങിയതോടെ പണം കൊടുത്തും നയത്തിലും അറബ് മണ്ണ് വാരിക്കൂട്ടുന്നത് തുടർന്നതിന് ആനുപാതികമായി ജനസംഖ്യയും ഉയർന്നുകൊണ്ടിരുന്നു. 1948ൽ ഫലസ്തീനികളെ ‘നഖ്ബ’യുടെ നാളിലും തുടർന്നും ആട്ടിപ്പായിക്കും മുമ്പ് ആറു ശതമാനം മാത്രമായിരുന്നു അവരുടെ ഭൂമി. പക്ഷേ, യു.എൻ ഭൂമി നൽകിയപ്പോൾ മൊത്തം ഫലസ്തീെൻറ 55 ശതമാനം അവർക്കും അവശേഷിച്ച 45 ശതമാനം ഫലസ്തീനികൾക്കുമായി. പരമാവധി 27 ശതമാനം മാത്രമായിരുന്ന ജൂതർക്ക് അവർ അർഹിച്ചതിെൻറ ഇരട്ടിയും നാലിൽ മൂന്ന് ജനസംഖ്യയുള്ള ഫലസ്തീനികൾക്ക് പകുതിയിൽ താഴെയും.
എന്നു മാത്രമല്ല, ഹൈഫ മുതൽ ജാഫ വരെ തീരപ്രദേശങ്ങളിലേറെയും പ്രധാന അറബ് പട്ടണങ്ങളും ഇസ്രായേലിനു പതിച്ചുനൽകി. കാർഷിക ഭൂമിയും തുറമുഖങ്ങളും നഷ്ടമായ ഫലസ്തീനികൾക്ക് ഒരു വർഷം കഴിഞ്ഞ് 1949 അവസാനമാകുേമ്പാഴേക്ക് മൊത്തം ഭൂമിയുടെ 78 ശതമാനവും വിനഷ്ടമായിരുന്നു. അന്ന് തുടങ്ങിയ അനീതിയാണ് ആരുടെയൊക്കെയോ മൗനാനുമതിേയാടെ ഇസ്രായേൽ പിന്നെയും യുദ്ധങ്ങളെന്നു പേരുനൽകി വെട്ടിപ്പിടിക്കൽ യജ്ഞമായി ഇന്നും തുടരുന്നത്. 1967ലെ രണ്ടാം യുദ്ധത്തിൽ വെസ്റ്റ് ബാങ്ക്, ഗസ്സ, പടിഞ്ഞാറൻ ജറൂസലം എന്നിവയും പിടിച്ചടക്കിയവർ ഏറെ വൈകാതെ കിഴക്കൻ ജറൂസലമും വരുതിയിലാക്കി അവിഭക്ത ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചു.
അതിനിടെ, 2004ൽ കൂറ്റൻ മതിൽ കെട്ടി ഇരു മേഖലകളെയും രണ്ടായി പകുത്തവർ വളച്ചുകെട്ടലിന് ഇതുകൂടി ഒരവസരമായി ഉപയോഗപ്പെടുത്തി. അതിർത്തിയിൽനിന്ന് ഏറെ മാറി നിർമിക്കുന്ന മതിലുകൾ വന്നതോടെ ഇടക്കുള്ള ഭൂമിയൊക്കെയും ഇസ്രായേൽ പിന്നെയും സ്വന്തമാക്കി.
സൗകര്യപൂർവം തരിശിട്ടുകിടന്ന ഗസ്സയും വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങളും ഫലസ്തീനികൾക്ക് നൽകിയിട്ടുണ്ടെങ്കിലും രാജ്യത്തെ മൊത്തം ജല വിഭവത്തിെൻറ 90 ശതമാനവും കൈവശം വെക്കുന്നത് ഇസ്രായേലാണ്. ഇതെല്ലാം ചരിത്രത്തിെൻറ ഒരു വശം മാത്രം....
ഇവയെല്ലാം മാറ്റിനിർത്തിയിട്ടുവേണം കുഷ്നറുടെ പുതിയ പദ്ധതി പ്രയോഗത്തിൽ വരുത്താൻ. ഒാസ്ലോ കരാർ അംഗീകരിച്ച ദ്വിരാഷ്ട്ര സമീപനം പോലും ഇതുവരെ ഇസ്രായേൽ അംഗീകരിച്ചിട്ടില്ല, യു.എസും. എന്നല്ല, അക്ഷരാർഥത്തിൽ അടിമകളെ പോലെ കഴിയുന്ന രണ്ടാം തരം പൗരൻമാരായി അറബികൾ തുടരണമെന്നാണ് ഇസ്രായേലിെൻറ മോഹം. അവർക്ക് ഏതുതരം സൗകര്യവും അനുവദിക്കുന്നത് ഇസ്രായേലിെൻറ ഒൗദാര്യം പോലെയാണ്. എത്രയെത്ര ഫലസ്തീനി ഭവനങ്ങളാണ് വർഷങ്ങൾക്കിടെ പൊളിച്ചുനീക്കപ്പെട്ടത്, നാട്ടിലും മറുനാട്ടിലും അവരുടെ എത്രയെത്ര നേതാക്കളെ അരും കൊല ചെയ്തത്.. വിശദീകരണമർഹിക്കാത്ത ഇൗ ക്രൂരതകളെ വെള്ള പൂശിയും വികസനം നടക്കാത്തത് നാടിെൻറ ശാപമായെന്ന് വരുത്തിയും അവതരിപ്പിച്ച ഇൗ പദ്ധതി ഒട്ടും നീതീകരണമർഹിക്കുന്നില്ല.
അതുകൊണ്ടു തന്നെയാകണം, ഫലസ്തീനികൾ ഇത് സമ്പൂർണമായി തള്ളിക്കളഞ്ഞത്. മറുവശത്ത്, ഇറാനുമായി ഒരു യുദ്ധത്തിെൻറ വക്കിലാണ് യു.എസും സഖ്യകക്ഷികളും. നേരിട്ട് പങ്കാളികളല്ലെങ്കിലും പശ്ചിമേഷ്യയിൽ നടക്കുന്ന ഒാരോ വലിയ തീരുമാനത്തിനും പിന്നിൽ എന്നും വിധാതാവായി നിലയുറപ്പിക്കുന്ന ഇസ്രായേലിനും ചില അർഥത്തിൽ ഫലസ്തീനിൽ സമാധാനം പുലരണമായിരിക്കും. അത് കുഷ്നറുടെ ചെലവിൽ നടന്നുകിട്ടിയാൽ ആർക്കാണ് നഷ്ടം? എന്നുവെച്ചാൽ, ഇൗ പദ്ധതിയുടെ ഗുണഭോക്താക്കൾ ഫലസ്തീനികളല്ല, ഇസ്രായേലും യു.എസും തന്നെ. പണം പിന്നെ, സ്വാഭാവികമായും ഗൾഫ് രാജ്യങ്ങളുടെ ഖജനാവുകളിൽനിന്ന് ഒഴുകിയെത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.