ജറൂസലം: ട്രംപിന്‍റേത് യുദ്ധ പ്രഖ്യാപനം
text_fieldsതന്‍റെ ഭ്രാന്തന്‍ നയങ്ങളുമായി ലോകത്തെ വെല്ലുവിളിക്കുകയാണ് യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. സകല അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയാണ് അധിനിവേശ ജറൂസലമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം യു.എസ് എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ജറൂസമലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയെന്നാല്‍ സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ ചട്ടമ്പിത്തരത്തിനും അധിനിവേശത്തിനും അംഗീകാരം നല്‍കുക എന്നു തന്നെയാണര്‍ഥം. അമേരിക്കയുടെ സഖ്യത്തില്‍ ഉള്‍പ്പെട്ട മുസ്‌ലിം രാജ്യങ്ങളുടെയും വിവിധ യൂറോപ്യന്‍ നേതാക്കളുടെയും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്‍റെയും ശക്തമായ പ്രതിഷേധങ്ങള്‍ വകവെക്കാതെ യു.എസ് പ്രസിഡന്‍റ് നടത്തിയ ഈ പ്രഖ്യാപനം ലോക സമാധാനത്തിന് വെല്ലുവിളിയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ലോക മുസ്‌ലിംകളുടെ പുണ്യഗേഹങ്ങളില്‍ ഒന്നായ മസ്ജിദുല്‍ അഖ്‌സ സ്ഥിതിചെയ്യുന്ന ജറൂസലം നഗരം പലവിധത്തിലുള്ള അധിനിവേശങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും നൂറ്റാണ്ടുകളായി മുസ്‌ലിം ലോകത്തിന്‍റെ ഭാഗമായാണ് നിലകൊണ്ടത്. കൊളോണിയല്‍ അധിനിവേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി ഇസ്രാേയല്‍ നിലവില്‍ വന്നത് 1948-ലാണ്. അതിനു ഒരു വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണത്തിലുള്ള ഫലസ്തീനെ ജൂതന്മാര്‍ക്കും ഫലസ്തീനികള്‍ക്കുമായി വിഭജിച്ചുകൊണ്ടുള്ള പ്ലാന്‍ യു.എന്‍ പ്രഖ്യാപിച്ചു. അമ്പത്തഞ്ച് ശതമാനം ഭൂമി ജൂതന്മാര്‍ക്കും 45 ശതമാനം ഫലസ്തീന്‍ രാഷ്ട്രത്തിനും പകുത്തുനല്‍കുന്നതായിരുന്നു പ്രസ്തുത പദ്ധതി. തര്‍ക്ക പ്രദേശമായതിനാല്‍ ജറൂസലം യു.എന്‍ ഭരണത്തിനു കീഴില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഭാഗമായി നിലനിര്‍ത്താനായിരുന്നു തീരുമാനം. മൂന്ന് സെമിറ്റിക് മതങ്ങള്‍ക്കും പ്രാധാന്യമുള്ള പ്രദേശമായതിനാല്‍ ഭാവിയില്‍ തര്‍ക്കം ഒഴിവാക്കാനായിരുന്നു ഈ നടപടി. എന്നാല്‍, രാഷ്്ട്ര പ്രഖ്യാപനത്തിനു പിന്നാലെ 1948ല്‍ ഉണ്ടായ അറബ്^-ഇസ്രായേല്‍ യുദ്ധത്തില്‍ ജറൂസലം ഉള്‍പ്പെടെ 78 ശതമാനം ഭൂമി ഇസ്രായേല്‍ അധീനപ്പെടുത്തി. വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഗസയും മാത്രമായി ഫലസ്തീന്‍ പ്രദേശം ചുരുങ്ങി. ജോര്‍ദാനും ഈജിപ്തിനുമായിരുന്നു ഇവയുടെ നിയന്ത്രണം.
1967-ല്‍ അറബികളുമായുള്ള ആറു ദിന യുദ്ധത്തില്‍ വെസ്റ്റ്ബാങ്കും അതിന്‍റെ ഭാഗമായ കിഴക്കന്‍ ജറൂസലം നഗരവും ജോര്‍ദാനില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്തു. അര നൂറ്റാണ്ടായി തുടരുന്ന ഈ അധിനിവേശം മുസ്‌ലിം രാജ്യങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചിട്ടില്ല. അധിനിവേശ ജറൂസലമിൽ നിന്ന് പിന്മാറാന്‍ 1967-ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസാക്കിയ 242-ാം നമ്പര്‍ പ്രമേയം ഇസ്രായേൽ പാലിച്ചില്ലെന്നു മാത്രമല്ല, മുസ്‌ലിം ലോകത്തിന്‍റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980-ല്‍ നിയമം പാസ്സാക്കി. പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സയണിസ്റ്റ് ഭരണകൂടം വഴങ്ങിയില്ല. രക്ഷാസമിതി പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച ഇസ്രായേല്‍ ഭരണസിരാ കേന്ദ്രങ്ങള്‍ ഒന്നൊന്നായി ജറൂസലമിലേക്ക് മാറ്റാന്‍ തുടങ്ങി. പാര്‍ലമെന്‍റ് (നെസറ്റ്) മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍റെയും ഭവനവുമൊക്കെ അവിടെ പണിത് ജറൂസലം എക്കാലവും ജൂതരാഷ്ട്രത്തിന്‍റെ അവിഭാജ്യഘടകമാണെന്ന് പഖ്യാപിക്കുകയായിരുന്നു. 1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് ഇസ്രായേല്‍ പിന്മാറുകയും കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപംകൊള്ളുകയും ചെയ്യുന്ന ഒരു ദിനം ഫലസ്തീനികള്‍ ഏറെക്കാലമായി സ്വപ്നം കാണുന്നു. എന്നാല്‍ ജറൂസലം ഇസ്രായിലിന്‍റെ അവിഭാജ്യ ഭാഗമാണെും അതേക്കുറിച്ച ചര്‍ച്ച പോലുമില്ലെന്നാണ് സയണിസ്റ്റുകളുടെ നിലപാട്. അമേരിക്കയുടെ ഉറച്ച പിന്തുണയാണ് അവര്‍ക്കുണ്ട്.
ഫലസ്തീന്‍ പ്രശ്‌നം ഒരിക്കലും പരിഹാരമാകരുതെന്നും സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകരുതെന്നുമുള്ള ഗൂഢ പദ്ധതിയാണ് ട്രംപിന്‍റെ പ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാന്‍ സമ്മതം നല്‍കുന്ന പ്രമേയം സയണിസ്റ്റ് താല്‍പര്യപ്രകാരം അമേരിക്കന്‍ കോണ്‍ഗ്രസ് 1995ല്‍ പാസാക്കിയിരുന്നെങ്കിലും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാലും ദേശീയ താല്‍പര്യം പരിഗണിച്ചും ആറു മാസം കൂടുമ്പോള്‍ പ്രസ്തുത തീരുമാനം നീട്ടിവെക്കാന്‍ പ്രസിഡന്‍റിനുള്ള അധികാരം ബില്‍ ക്ലിന്റന്‍ പ്രയോഗിച്ചതിനാല്‍ അത് നടന്നില്ല. എംബസി ജറൂസലമിലേക്ക് മാറ്റണണമെന്ന നിലപാടുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ലിയു ബുഷും ലോകത്തിന്‍റെ പ്രതിഷേധം ഭയന്ന്് അവിവേകത്തിന് മുതിര്‍ന്നില്ല. തന്‍റെ മുന്‍ഗാമികള്‍ നടപ്പാക്കാന്‍ ഭയന്ന ഒരു കാര്യം താന്‍ നടപ്പിലാക്കുകയാണെന്ന് മേനിപറയുന്ന ട്രംപ്, കത്തുന്ന വിറകുപുരക്ക് എണ്ണയൊഴിക്കുകയാണ് ചെയ്തിരിക്കുന്നത്.
ജറൂസലമില്‍ ഒരുരാജ്യത്തിന്‍റെയും എംബസികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ എല്‍സാല്‍വഡോറും കോസ്റ്ററിക്കയും കാര്യാലയങ്ങള്‍ തെല്‍ അവീവില്‍നിന്ന് പറിച്ചുനട്ടെങ്കിലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായതിനാല്‍ തിരുമാനം മാറ്റുകയായിരുന്നു. ജൂത മത വിശ്വാസിയായ മരുമകന്‍ കുഷ്‌നറെ പ്രത്യേക ഉപദേശകനാക്കി ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കുകയും മറുഭാഗത്ത് ഫലസ്തീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കുകയുമെന്ന കൊടും വഞ്ചനയാണ് വിവാദ പ്രഖ്യാപനത്തിലൂടെ ട്രംപ് ചെയ്തിരിക്കുന്നത്.
നാലു ലക്ഷത്തോളമാണ് ജറൂസലമിലെ ഫലസ്തീന്‍ ജനസംഖ്യ. ഇവര്‍ക്ക് ഇസ്രായേല്‍ പൗരത്വം നല്‍കിയിട്ടില്ല. പകരം സ്ഥിരവാസത്തിനുള്ള പെര്‍മിറ്റ് മാത്രമാണുള്ളത്. മാത്രമല്ല. കിഴക്കന്‍ ജറൂസലമില്‍ ജൂതന്മാര്‍ക്ക് മാത്രമായി 12 കുടിയേറ്റ കേന്ദ്രങ്ങളും പണിതിട്ടുണ്ട്. ഇവയില്‍ രണ്ടു ലക്ഷത്തിലേറെ ജൂതന്മാരാണ് വസിക്കുന്നത്. ജറൂസലമിലെ അറബ് ജനസംഖ്യ 22 ശതമാനത്തില്‍ കൂടരുതെന്ന കര്‍ശന നിലപാടാണ് ഇതപര്യന്തം ഇസ്രായേല്‍ കൈക്കൊണ്ടത്. അതിനായി ജറൂസലമില്‍ കുടിയേറ്റം നടത്തുന്ന ജൂതന്മാരെ അഞ്ചു വര്‍ഷത്തേക്ക് മുനിസിപ്പല്‍ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ഫലസ്തീനികള്‍ അടക്കേണ്ട നികുതി അഞ്ച് മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്തു. മൊത്തം ജറൂസലം നഗരത്തിലെ ജനങ്ങളില്‍ 58 ശതമാനവും (4,10,000) മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ നഗരത്തിലാണ് വസിക്കുന്നത്. ഇവിടെ മുസ്‌ലിംകള്‍ രണ്ടേകാല്‍ ലക്ഷത്തിലേറെയും (55 ശതമാനം) ജൂതന്മാര്‍ രണ്ടു ലക്ഷത്തോളവുമാണ് (45 ശതമാനം).. അതിനാല്‍ മുസ്‌ലിം സാന്നിധ്യം കുറക്കാന്‍ ഭരണകൂടം പലവിധത്തിലുള്ള നടപടികളും തുടര്‍ന്നുകൊണ്ടിരുന്നു.
ട്രംപിന്‍റെ നടപടിയോട് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനും അതൃപ്തിയുണ്ട്. ട്രംപിന്‍റെ പല വിദേശ നയങ്ങളോടും വിയോജിപ്പുള്ള ടില്ലേഴ്‌സനെ ഏതു സമയവും പുറത്താക്കിയേക്കാമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും കടുത്ത സയണിസ്റ്റ് പക്ഷപാതിയായ ഇസ്രായേല്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനുമാണ് ട്രംപിന്‍റെ വികല നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്.
പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് സഖ്യകക്ഷികളായ ചില മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധിപന്മാരെ ട്രംപ് വിളിച്ച് വിവരം അറിയിച്ചെങ്കിലും അവരൊക്കെ ഈ അപകടകരമായ ഉദ്യമത്തില്‍നിന്ന് പിന്മാറണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് തന്‍റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മണ്ടത്തരമാണ്. ജറൂസലമിനെ ഇസ്രായേലിന് തീറെഴുതിക്കൊടുത്ത് സീനായിലും വെസ്റ്റ്ബാങ്കിലും ഗസ്സയിലുമായി ഫലസ്തീന്‍ രാഷ്ട്രത്തെ ഒതുക്കാമെന്നാണ് ട്രംപ് കരുതുന്നത്. ലോകത്തിലെ 160 കോടി വരുന്ന മുസ്ലിംകളോടുള്ള യുദ്ധ പ്രഖ്യാപനമാണ് പ്രസിഡന്‍റിന്‍റെ ബുദ്ധിശൂന്യമായ തീരുമാനം. ഫലസ്തീന്‍ വിഷയത്തില്‍ നാളിതുവരെ ഒരു അമേരിക്കന്‍ പ്രസിഡന്‍റും ചെയ്യാത്ത വിഡ്ഢിത്തം ചെയ്തതിന് കനത്ത വില തന്നെ ട്രംപും കൂട്ടാളികളും നല്‍കേണ്ടി വരും. ഫലസ്തീനികള്‍ മൂന്നാം ഇന്‍തിഫാദ പ്രഖ്യാപിച്ചു കഴിഞ്ഞു. മുസ്‌ലിം രാഷ്ട്രങ്ങള്‍ ഈ വിഷയത്തിലെങ്കിലും ഒരേ നിലപാടിലെത്തിയിരിക്കുന്നു എന്നതും ലോകം ട്രംപിനൊപ്പം ഇല്ലെന്നതും നിസ്സാരമായി കാണേണ്ടതല്ല..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.