ജിതിൻ പ്രസാദയുടെ കൂടുമാറ്റം യു.പിയിലെ ബി.ജെ.പിക്ക് തുണയാകുമോ?
text_fieldsപശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത അടിയിൽ പലതും മറന്നുപോയ ഭാരതീയ ജനത പാർട്ടി എല്ലാം വീണ്ടെടുത്തുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് യു.പിയിൽ കോൺഗ്രസ് നേതാവിെൻറ പാർട്ടി പ്രവേശം. ധൗരാഹ മണ്ഡലത്തിൽനിന്ന് നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തുകയും ഗ്ലാമർ വകുപ്പുകളുമായി കേന്ദ്രമന്ത്രിയാകുകയും െചയ്ത ജിതിൻ പ്രസാദയാണ് ബുധനാഴ്ച കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബ്രാഹ്മണനായ ഒരു നേതാവ് പാളയത്തിൽ എത്തുേമ്പാൾ ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. കോവിഡിലും മറ്റുമായി അത്രക്ക് പരിക്കേറ്റു കിടക്കുകയാണ് യു.പിയിൽ യോഗി സർക്കാർ.
90കളിൽ സംസ്ഥാനത്ത് ദളിത് രാഷ്ട്രീയം ശക്തിയാർജിച്ച ശേഷം ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കാണ് ബ്രാഹ്മണർ. ബി.എസ്.പിയുടെ 'തിലക്, തറാസു ഓർ തൽവാർ' എന്ന മുദ്രാവാക്യം കൃത്യമായി ലക്ഷ്യമിട്ടിരുന്നത് ഉയർന്ന ജാതികളെയായിരുന്നു. അഭയമെന്ന് കരുതി അന്ന് ബി.ജെ.പിക്കൊപ്പം ചേർന്നവർ പക്ഷേ, അടുത്തിടെ യോഗിയുടെ ഭരണത്തിൽ കടുത്ത അമർഷത്തിലാണ്. ഇത് തണുപ്പിക്കാൻ ജിതിൻ പ്രസാദക്കാകുമെന്നാണ് പ്രതീക്ഷ.
രാഹുൽ ഗാന്ധിയുടെ ഇഷ്ടക്കാരനും മൻമോഹൻ മന്ത്രിസഭയിൽ രണ്ടുവട്ടം മന്ത്രിപദവി അലങ്കരിച്ചയാളുമായ പ്രസാദക്ക് പക്ഷേ, സമീപകാലത്ത് മോശം കാലാവസ്ഥയാണ്. 2014 മുതൽ ധൗരാഹ മണ്ഡലത്തിൽനിന്ന് ജയിക്കാനായിട്ടില്ല. പുറമെ, സോണിയക്ക് കത്തയച്ച കോൺഗ്രസ് റിബലുകളിൽ പ്രധാനിയും. ഏപ്രിലിൽ അവസാനിച്ച പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ലഭിച്ച പ്രസാദ 'ഭംഗിയായി' അത് പൂർത്തിയാക്കിയപ്പോൾ പാർട്ടിക്ക് ലഭിച്ചത് പൂജ്യം സീറ്റ്. തൊട്ടുമുമ്പ് 44 സീറ്റുണ്ടായിരുന്നതാണ് സംപൂജ്യമായത്.
കൽരാജ് മിശ്രക്കു ശേഷം യു.പിയിൽ ബ്രാഹ്മണ മുഖം തെരയുന്ന ബി.ജെ.പിക്ക് പ്രസാദ വീണുകിട്ടിയ അവസരമാണ്. 2016ൽ കോൺഗ്രസിലെ മറ്റൊരു ബ്രാഹ്മണ മുഖമായ റിത ബഹുഗുണ ജോഷിയെ എടുത്ത് പരീക്ഷണം നടത്തിയിരുന്നുവെങ്കിലും അത് പാളിയതാണ്. ഈ കോൺഗ്രസുകാരൻ എല്ലാ ക്ഷീണവും മാറ്റുമെന്നാണ് ബി.ജെ.പിയുടെ സുന്ദര സ്വപ്നങ്ങൾ.
്പ്രസാദ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുേമ്പാൾ ആദ്യമായി സ്വീകരിക്കാനുണ്ടായിരുന്നത് മധ്യപ്രദേശിൽ ഒരു വർഷം മുമ്പ് സമാന പാർട്ടി മാറ്റം നടത്തി കാവിപ്പടക്കൊപ്പം ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. കോൺഗ്രസ് ഇപ്പോഴും പ്രമുഖ മണ്ഡലങ്ങളിൽ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ സൂചനയായി ഇത്. മധ്യപ്രദേശിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് സിന്ധി 22 എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയുടെ ഭാഗമായതും കോൺഗ്രസ് സർക്കാറിനെ വീഴ്ത്തിയതും. കമൽനാഥുമായി തുടർന്ന പോരാണ് അവസാനം ഭരണം ബി.ജെ.പിക്ക് തളികയിൽ വെച്ചുനൽകുന്നതിലെത്തിച്ചത്.
യു.പിയിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇതോടെ നെടുംതൂൺ നഷ്ടമായ ആധിയിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.